അരനൂറ്റാണ്ടു മുൻപാണ്. അന്നു ഞാൻ ഒന്നാംക്ലാസ്സിൽ. ടീച്ചർ ക്ലാസ്സിൽ വന്നാലുടൻ, "stand, sit" രണ്ടുമൂന്നുതവണ പറയും. ക്ലാസ്സ് ഒന്നു ചൂടുപിടിപ്പിക്കാനാണത്. പിന്നെ "stand up, left turn, front, right turn, front, sit down". അന്നൊക്കെ കേട്ടെഴുത്തെന്നൊരു പരിപാടിയുണ്ട് പരീക്ഷയ്ക്ക്. മലയാളം, കണക്ക് എന്നിവ കൂടാതെ 'മറ്റുവിഷയം' എന്നൊന്നുണ്ട്. അതിനാണ് കേട്ടെഴുത്തുപരീക്ഷ പതിവ്. അതിന് സ്പെഷൽ "stand-up, face-to-face" ഉണ്ട്. സ്ലേറ്റുമെടുത്ത് ഈരണ്ടുകുട്ടികൾ മുഖത്തോടുമുഖം നോക്കി നിൽക്കണം. ടീച്ചറുടെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. പിന്നെ ഓരോരുത്തരെയായി മേശക്കരുകിൽ വിളിച്ച് ഉത്തരം നോക്കും. അവസാനം മാർക്കിടുന്നതിനു മുൻപ് ഒരു 'മുഖാമുഖ'വും ഉണ്ടാകും.
എന്നോടു ചോദിച്ചത്, "കാലത്തെഴുന്നേറ്റാൽ ആദ്യം എന്തു ചെയ്യണം?" എന്നായിരുന്നു. 'മൂത്രമൊഴിക്കണം' എന്നു പറയാൻ ഭാവിച്ചെങ്കിലും, തിരുത്തി 'പല്ലുതേക്കണം' എന്നു പറഞ്ഞു. കാരണം, ടീച്ചർ അങ്ങനെയായിരുന്നു ക്ലാസ്സിൽ പഠിപ്പിച്ചിരുന്നത്.
"അതിനെന്തെല്ലാം വേണം?", അടുത്ത ചോദ്യം.
ഉത്തരം എനിക്കു പുല്ലായിരുന്നു. "ഉമിക്കരി, ഈർക്കിൽ, മാവില."
"അതു കഴിഞ്ഞ്?"
അതു പഠിപ്പിച്ചിട്ടില്ലായിരുന്നു. എങ്കിലും പറഞ്ഞു, "കാപ്പി കുടിക്കണം."
ടീച്ചറൊരു ചിരി. "ഉമിക്കരിയും വായിൽ വച്ചോ?"
"വെള്ളം!", ഞാനലറി. വൈകിവന്ന വിവേകം.
ഇന്ന് ഉമിക്കരിയുമില്ല, ഈർക്കിലുമില്ല. ബഹിരാകാശപേടകത്തിലാണെങ്കിൽ വെള്ളവും വേണ്ട!
ഉമി നീറ്റി കരിയുണ്ടാക്കുന്നതും ചാണകം കത്തിച്ചു ഭസ്മമുണ്ടാക്കുന്ന്തും നല്ലെണ്ണ (എള്ളെണ്ണ) പുകച്ച് കണ്മഷി ഉണ്ടാക്കുന്നതും ഇന്നും ഓർക്കുന്നു.
അൽപം മുതിർന്നപ്പോൾ കമലവിലാസ് പൽപ്പൊടിയും നമ്പൂതിരീസ് ദന്തധാവനചൂർണവുമൊക്കെയായി. പിന്നെ ടൂത്ത്പേസ്റ്റിന്റെ കാലം (അന്ന് അതിനു നാട്ടുപേര് 'സായിപ്പു തീട്ടം' എന്നായിരുന്നു!)
അന്നൊരു പൂതി തോന്നി. പല്ലുതേക്കുന്ന ഉമിക്കരിയെ ഒന്നു പരിഷ്ക്കരിച്ചെടുക്കണം. കണ്ടതും കേട്ടതുമെല്ലാം ചേർത്ത്, എന്റെ 'ഫോർമുല' ഇതായിരുന്നു. ഉമിക്കരി, ഉപ്പ്, കുരുമുളക്, നിഴലിൽ ഉണക്കിയ മാവില, വേപ്പില എന്നിവ, പച്ച കർപ്പൂരം എല്ലാംകൂടി പൊടിച്ചെടുക്കുക! ഉമി വായും പല്ലും വൃത്തിയാക്കും. കരി ദുർഗ്ഗന്ധം അകറ്റും. ഉപ്പ് അണുക്കളെ നശിപ്പിക്കും. കുരുമുളക് നീരുവലിക്കും. മാവില പല്ലുറപ്പിനും ഉമിനീർ ശുദ്ധിക്കും. വേപ്പിലയും അണുനാശകം. കർപ്പൂരം സുഗന്ധത്തിനും നീർപ്പിടിത്തത്തിനും. പോരേ?
പിന്നെ കുറേക്കാലം ജീവിതം മാവുപോയിട്ട്, ഇലകൂടിയില്ലാത്ത നഗരത്തിലായിരുന്നല്ലോ. ഇന്ന് പേസ്റ്റില്ലെങ്കിൽ പല്ലുതേച്ചതായി തോന്നില്ല! ബ്രഷ് ഇട്ടുരച്ചതിന്റെ പാടുകളും പോടുകളും പല്ലിലെമ്പാടും!
ആദ്യകാലത്ത് എല്ലുപൊടിയായിരുന്നത്രെ ടൂത്ത്പേസ്റ്റിന്റെ പ്രധാനചേരുവ. പിന്നെ 'കടൽനാക്ക്' എന്ന 'sepia bone'. അതുകഴിഞ്ഞ് ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റിന്റെ വരവായി. കാലം തിരിഞ്ഞപ്പോൾ വീണ്ടും 'വെജിറ്റേറിയൻ' പേസ്റ്റുകൾ. വേപ്പില, കരയാമ്പൂ, ഇരട്ടിമധുരം, എന്തിനേറെ ഉപ്പുവരെ ചേർത്ത ടൂത്ത്പേസ്റ്റുകളാണ് നാട്ടിലെമ്പാടും!
ഉമിക്കരിമാത്രം തിരിച്ചുവന്നിട്ടില്ല.
അടുത്തിടെ വയസ്സായ ആരോ ടെലിവിഷനിൽ പറഞ്ഞു, താൻ ഉമിക്കരികൊണ്ടേ ഇപ്പോഴും പല്ലുതേക്കൂ എന്ന്.
ആ സ്ത്രീയുടെ പല്ലുകണ്ട് കൊതി തോന്നി. നമുക്ക് പല്ലുള്ളതേ മഹാഭാഗ്യം!
Published in Nattupacha fortnightly web magazine (17 August 2009)
Friday, 21 August 2009
Subscribe to:
Post Comments (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
ഭാഷ പരസ്പരം സംവദിക്കാനാണ് ; മനുഷ്യനെ ഒന്നിപ്പിക്കാനാണ്. അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല. നല്ലൊരുകാര്യം നാറ്റിച്ചൊര...
No comments:
Post a Comment