Saturday, 17 December 2011
കാവലാള്‍
പോലീസിന് തമിഴില്‍ 'കാവല്‍' എന്നാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ടൊരു വാക്കാണത്. മുലായംസിംഗ് യാദവ് 'ഡിഫന്‍സ് മിനിസ്റ്റ'റെ 'രക്ഷ മന്ത്രി' ആക്കി. എന്നിട്ടതു ഇംഗ്ളീഷിലെഴുതുന്നതു പോട്ടെ, അതിനു തീര്‍ച്ചയും മൂര്‍ച്ചയും കമ്മി. പക്ഷെ 'കാവല്‍' അങ്ങനെയല്ല. ഒരു പോലീസ് എന്താകണോ അതാണു 'കാവല്‍'. പോലീസുകാരെ 'കാവലാള്‍' എന്നുവിളിക്കാന്‍ തോന്നിപ്പോകുന്നു. അതിനൊരു ശാലീനതയുണ്ട്, ഗൌരവവുമുണ്ട്. ആണ്‍പെണ്‍ ഭേദമില്ല, ആര്ഭാടത്തിനും കുറവില്ല. നല്ല സ്നേഹവും സൌഹൃദവും അനുഭവപ്പെടും. വിക്റ്റോറിയന്‍രീതിയില്‍, 'ദൈവഭയം' ആണ്; 'ഫിയര്‍ ഓഫ് ഗോഡ്'. സക്കറിയ ഒരിക്കല്‍ ചോദിച്ചതുപോലെ, ദൈവത്തെ എന്തിനു ഭയക്കണം? അല്പം കളിയും ചിരിയും സൌഹൃദവും ഗൌരവവുമെല്ലാമുള്ള ഒരു കൂട്ടുകാരനായിരുന്നാലേ ദൈവത്തിന് ഒരു ഭംഗിയും രസവുമെല്ലാമുള്ളൂ. അതുപോലെയാകണം പോലീസും. നാട്ടില്‍ ജനമൈത്രിപോലീസെല്ലാം വരുന്നത് അടുത്തകാലത്താണല്ലോ. അതിനെല്ലാം പതിറ്റാണ്ടുകള്‍മുന്‍പ് ഗോവയില്‍ പോലീസെന്നാല്‍ അങ്ങനെയെല്ലാമായിരുന്നു (ഇന്നും അത്രവലിയ മാറ്റമൊന്നുമില്ല). ഞാന്‍ താമസിച്ചിരുന്നിടത്തൊരു പോലീസ് ഔട്ട്-പോസ്റ്റുണ്ടായിരുന്നു. നാല്ക്കവലയില്. ഒരുവശത്തെ റോഡില്‍ എണ്റ്റെ പണിസ്ഥലവും, രാജ്ഭവനും മറ്റും. എതിറ്‍വശത്തെ റോഡില്‍ വീടുകള്‍. മറ്റൊരു റോഡുപോയി കടലില്‍ അവസാനിക്കും. നാലാമത്തേത് തലസ്ഥാനനഗരത്തിലേക്കും. വൈകുന്നേരമായാല്‍ ഞങ്ങള്‍ കുടുംബസമേതം നടക്കാനിറങ്ങും. നടന്നുക്ഷീണിച്ചാല്‍ ആ പോലീസ്-ഔട്ട്പോസ്റ്റില്‍ വന്നിരിക്കും. അന്നവിടെ ഒരു കൂറ്റന്‍കൊടിമരത്തിനുകീഴെ ചുറ്റും അരമതില്‍പണിതുവച്ചിട്ടുണ്ടായിരുന്നു. അതിലങ്ങനെ കാറ്റുംകൊണ്ടിരിക്കും. അപ്പോഴേക്കും അവിടത്തെ പോലീസുകാരും ഇറങ്ങിവരും. കുറെ നേരം വര്‍ത്തമാനം പറയും. കുട്ടികള്‍ പോലീസ്സ്റ്റേഷനകത്തും പുറത്തുമായി ഓടിയും ഒളിഞ്ഞും കളിക്കും. സന്ധ്യമയങ്ങിയാല്‍ തിരിച്ചുപോരും. അതൊരു കാലമായിരുന്നു. ഇന്നത് പുതുക്കിപ്പണിഞ്ഞ് വലിയ ക്രൈം-ബ്റാഞ്ച് ഓഫീസായി. കവലയിലെല്ലാം തിരക്കായി. ആരുംപോയിരിക്കാതെയുമായി. ഇന്നും ഞാന്‍ ഏതുനാട്ടിലായാലും വഴിചോദിക്കാനുംമറ്റും പോലീസുകാരുടെയടുത്തേ ആദ്യം പോകാറുള്ളൂ. അവരെ എന്തിനു പേടിക്കണം? പരസ്പരബഹുമാനം വിടാതെയുള്ള പെരുമാറ്റം എനിക്കെല്ലായിടത്തും ലഭിച്ചിട്ടുമുണ്ട്, കേരളത്തിലടക്കം. ഖാലിസ്ഥാന്‍പ്രശ്നം കത്തിപ്പടര്‍ന്നുകൊണ്ടിരുന്നകാലം. രാവേറെച്ചെന്നു ദില്ലിയില്‍ എത്തിപ്പറ്റിയപ്പോള്‍. ആഹാരത്തിനു പുറത്തിറങ്ങിയതാണ്. പെട്ടെന്നു നിരത്താകെ ബഹളവും പോലീസ്പാച്ചിലും. ഒരു പോലീസുകാരന്‍വന്ന് എന്നെ വലിച്ചു മണ്‍ചാക്കുകള്‍ക്കുപിറകിലാക്കി. ബഹളമവസാനിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥന് എണ്റ്റെ വിവരങ്ങള്‍ തിരക്കി. എന്തിനവിടെ എത്തിയെന്നും, പേരും മേല്‍വിലാസവും എല്ലാം. കയ്യില്‍ തിരിച്ചറിയല്‍കാര്‍ഡ് ഉണ്ടായിരുന്നതിനാല്‍ അവരായിട്ടുതന്നെ എന്നെ പോലീസ്പരിരക്ഷയില്‍ താമസസ്ഥലത്തുകൊണ്ടാക്കിത്തന്നു. പിന്നീടൊരിക്കല്‍ ദില്ലി വിമാനത്താവളത്തില്‍വച്ച് വളരെ വിലയേറിയ ഒരു ശാസ്ത്രീയോപകരണം എണ്റ്റെ പെട്ടിയുടെകൂടെ നഷ്ടപ്പെട്ടപ്പോഴും പോലീസുകാര്‍ അത്യധികം ഉത്തരവാദിത്വത്തോടുകൂടിയേ പെരുമാറിയുള്ളൂ; സാധനം തിരിച്ചുകിട്ടിയില്ലെങ്കിലും. രസം പക്ഷെ ഉത്തര്‍പ്രദേശിലായിരുന്നു. അന്നൊക്കെ സ്റ്റേറ്റ്-ബാങ്കിണ്റ്റെ ട്രാവലേര്‍സ് ചെക്കുമായാണു യാത്ര ചെയ്യുക. നൂറുരൂപയുടെ ചെക്കുകള്‍. ഓഫീസ് ചെലവിനുള്ള സര്‍ക്കാര്‍ പണം. ചമ്പല്‍ പ്രദേശത്തെ ഒരു ബാങ്കില്‍ ചെന്നപ്പോള്‍ ബാങ്കുകാര് പറയുന്നു ഒരു സമയം നൂറുരൂപയില്‍ കൂടുതല്‍ കാശാക്കിയെടുക്കേണ്ടെന്ന്. കാരണം ബാങ്കില്‍നിന്നു പുറത്തിറങ്ങേണ്ട താമസം അതു കൊള്ളക്കാര്‍ കൈക്കലാക്കിയേക്കും. ഒറ്റുകാരൊക്കെ ബാങ്കുകാരും പോലീസുകാരുമാണത്രെ. ഞാന്‍ ചുറ്റും നോക്കി. പേരിനു പോലീസുകാരൊക്കെയുണ്ട്. അവരുടെ കയ്യില്‍ വാരിക്കുന്തമാണായുധം. തോക്കെങ്ങാനുമാണെകില്‍ അതും ചമ്പല്‍കൊള്ളക്കാര്‍ തട്ടിയെടുത്തോടുമത്രെ. കേട്ടിടത്തോളം ഇന്നും വലിയ മാറ്റമുണ്ടാകാനിടയില്ല അവിടങ്ങളില്‍. 'പുല്ലീസ്' എന്നവര്‍ പറയുന്നപോലെത്തന്നെ അശ്രീകരമാണ് അവരുടെ പ്രവൃത്തികളും. കൊല്‍ക്കത്തപോലീസ് തോക്കിണ്റ്ററ്റം അരയില്‍ ചങ്ങലയ്ക്കിട്ടുറപ്പിച്ചു നടക്കുന്നതു കണ്ടിട്ടുണ്ട്. ജീവന്‍പോയാലും തോക്കുനഷ്ടപ്പെടരുത്. നിരത്തായ നിരത്തെല്ലാം സ്വര്‍ണവ്യാപാരം ഇരുമ്പഴികള്‍ക്കുപിന്നിലിരുന്നാണ്. കൊള്ളചെയ്യപ്പെട്ടാലും പരമാവധി ഒരു സാധനമേ നഷ്ടപ്പെടുകയുള്ളൂ എന്നു ന്യായം. ദരിദ്രനഗരത്തില്‍ ഇത്രമാത്രം സ്വര്‍ണക്കടകളുടെ സാംഗത്യം മാത്രം മനസ്സിലായില്ല. കര്‍ണാടക പോലീസ് (അന്നത്തെ) പത്തുപൈസക്ക് എല്ലാം 'അഡ്ജസ്റ്റ് മാഡി'ക്കൊള്ളും. ദേശം മുഴുവന്‍ ചുറ്റിയടിക്കുന്ന എണ്റ്റെ ഒരു സുഹൃത്തു പറഞ്ഞുകേട്ടിട്ടുണ്ട്, കര്‍ണാടകപോലീസാണ് 'ചെല'വേറ്റവും കുറഞ്ഞ പോലീസെന്ന്. യാതൊരു അച്ചടക്കവുമില്ലാതെ, നിലാവത്തഴിച്ചുവിട്ട കോഴിക്കുഞ്ഞുങ്ങളെപ്പോലെ അവര്‍ പെരുമാറുന്നതുകണ്ടാല്‍ സങ്കടം തോന്നും. മഹാരാഷ്ട്രപോലീസ്, 'പാണ്ടു ഹവല്‍ദാര്‍' എന്ന പരിഹാസപ്പേരില്‍ ചിരംജീവികളാക്കപ്പെട്ടവരാണ്. മുറുക്കിയും തുപ്പിയും കുടവയര്‍ തലോടിയും ലാത്തിവിറപ്പിച്ചും ഉറക്കംതൂങ്ങുന്ന അവര്‍ ബോംബെ ഭീകരാക്രമണസമയത്ത് പ്ളാസ്റ്റിക് കസേരകളും മറ്റും വലിച്ചെറിഞ്ഞോടിയ ചിത്രങ്ങള്‍ നാം കണ്ടു. പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ കറകളഞ്ഞ കര്‍മശേഷി അവര്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്. ക്രൂരതയ്ക്കും ഒട്ടും പിറകിലല്ല എന്നുമാത്രം. ഗുജറാത്ത് പോലീസ് പെട്ടെന്നൊന്നും കണ്ണില്‍പെടുകയില്ല. കച്ചവടസംസ്ക്കാരത്തില്‍ പോലീസിനെന്തു പ്രത്യേകപ്രസക്തി? കൊള്ളലും കൊടുക്കലുമെല്ലാം കമ്പോളന്യായത്തില്‍ നടന്നുകൊള്ളും. കാശു കാശിനോടു സംസാരിച്ചുകൊള്ളും. പിന്നെ പണിയൊന്നുമില്ലാത്തവര് മതത്തിണ്റ്റെപേരില്‍ അഴിച്ചുവിടുന്ന തൊന്തരവുകള്‍ തുടച്ചുമാറ്റാന്‍ പേരിനൊരു പോലീസ്. അതൊക്കെ മതി അവിടെ. കിനിയന്‍പോലീസുമായി അല്‍പമൊന്നുരസി നൈറോബിയില്‍ ഒരിക്കല്‍. പെട്ടിയെല്ലാമൊതുക്കി യാത്രയ്ക്കൊരുങ്ങിയിരിക്കുമ്പോള്‍ പെട്ടൊന്നൊരു ചെക്കിംഗ്. സഹയാത്രക്കാരെയെല്ലാം വിരട്ടുകയാണു പോലീസ്. മിക്കവരും വൈരവില്‍പനക്കാരായ ഗുജറാത്തി പണച്ചാക്കുകളാണ്. അവരുടെ ഓരോ സാധനങ്ങളും അഴിച്ചഴിച്ചുനോക്കുന്നു, പണം കൈമാറുന്നു, അങ്ങനെയങ്ങനെ. എണ്റ്റെയും പെട്ടി തുറക്കാന്‍ പറഞ്ഞു. തുറന്നുകാട്ടി. എല്ലാ സാമാനങ്ങളും വലിച്ചുപുറത്തിടാന്‍ പറഞ്ഞു. ഞാന്‍ എണ്റ്റെ തിരിച്ചറിയല്‍കാര്‍ഡു കാട്ടി; പിന്നെ ഔദ്യോഗിക പാസ്സ് പോറ്‍ട്ടും. അതിനൊന്നും കാര്യമായ വിലയില്ലാത്ത സന്ദര്‍ഭമാണെന്നറിയാം, എങ്കിലും. അല്പം ചപ്പടാച്ചികാട്ടാന്‍തന്നെ തീരുമാനിച്ചു; കാരണം കള്ളക്കടത്തൊന്നും കയ്യിലില്ല, കൈക്കൂലിക്കു കയ്യില്‍ കാശുമില്ല. ഭാരതസര്‍ക്കാര്‍ എന്ന ലേബല്‍ നന്നായേശി. ആയുധമൊന്നുമില്ലെങ്കില്‍ പെട്ടിയടച്ചുകൊള്ളാന്‍ അനുമതി കിട്ടി. തോക്കുപോയിട്ട് ഒരു പേനാക്കത്തിപോലുമില്ലാത്ത എനിക്ക് ഒരു സല്യൂട്ടും കിട്ടി. അവര്‍ക്കും തീര്‍ച്ചയുണ്ടായിരുന്നില്ല, ഞാന്‍ ആരാണെന്ന്. വെറുതെ കൈ പൊള്ളിക്കണ്ടെന്നു കരുതിക്കാണും. കുരയ്ക്കാത്ത പട്ടിക്കും പേയുണ്ടാകാമല്ലോ. എന്തുപറഞ്ഞാലും ഏറ്റവും മര്യാദ ലണ്ടന്‍ പോലീസിനാണ്. കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കും, വിശദമായി മറുപടിയും തരും. കൂടുതല്‍ കൊഞ്ചാന്‍ നിന്നാല്‍ 'സോറി' പറഞ്ഞൊഴിയുകയും ചെയ്യും! ഫ്രെഞ്ച്-പോലീസും വലിയ കുഴപ്പമില്ല. കാണാന്‍ പക്ഷെ ജെര്‍മന്‍ പോലീസാണ് മെച്ചം. കുടവയറുള്ള ഒരു ജെര്‍മന്‍പോലീസിനെയും ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല, ഒരുമാതിരിപ്പെട്ടവരെല്ലാം ഒരുപോലെയുമിരിക്കും. ഒരൊറ്റ അച്ചില്‍ വാര്‍ത്തെടുത്തതുപോലെ. പക്ഷെ കാര്‍ക്കശ്യക്കാരാണ്. പറയുന്നതൊന്നും വിശ്വസിക്കുന്ന കൂട്ടത്തിലല്ല. എല്ലാത്തിനും തെളിവുകൊടുത്താലേ അടങ്ങൂ. എണ്റ്റെ പേരിനെച്ചൊല്ലിയാണ് ഒരിക്കല്‍ പ്രശ്നമുണ്ടായത്. മൂന്നിടങ്ങളില്‍ എണ്റ്റെ പേരുരേഖപ്പെടുത്തിയിരുന്നത് മൂന്നുതരത്തിലായിരുന്നു -- ഇന്ത്യന്‍, യൂറോപ്യന്‍, സ്കാണ്റ്റിനേവിയന്‍. കുറച്ചധികം വിശദീകരിക്കേണ്ടിവന്നു. നോറ്‍വേപോലീസിനെക്കണ്ടാല്‍ പോലീസാണെന്നേ തോന്നില്ല. തികച്ചും 'കാവലാള്‍'. വിദേശിയെന്ന നിലയ്ക്ക് പോലീസ്-സ്റ്റേഷനില്‍ച്ചെന്ന് രേഖകള്‍ കാണിക്കേണ്ടിയിരുന്നു. കൊടും തണുപ്പില്‍നിന്ന് സ്റ്റേഷനകത്തേക്കുകടന്നപ്പോഴേ ബഹുസുഖം. പരിപാടിയെല്ലാം പെട്ടെന്നു കഴിഞ്ഞു. ഒരു കാപ്പിയും കിട്ടി. അപ്പോഴാണ് എനിക്കു കലശലായ മൂത്രശങ്ക. പിടിച്ചിട്ടു കിട്ടുന്നില്ല. മടിച്ചുമടിച്ചാണ് ടോയ്ലറ്റ് എവിടെയെന്നു തിരക്കിയത്. പോലീസ് ഓഫീസര്‍ ഉടനെ ഒരു സ്ത്രീവേഷത്തെ വിളിച്ചുവരുത്തി. അവര്‍ താക്കോലുമായി മുന്‍പേ നടന്നു. കതകുതുറന്നുതന്നു. 'ഇരട്ടപെറ്റ സുഖ'ത്തില്‍ പുറത്തിറങ്ങുമ്പോള്‍ അവര്‍ കാവലായി പുറത്തുതന്നെയുണ്ട്. 'തുസേന്‍ തക്ക്' (ആയിരം നന്ദി) പറഞ്ഞു പിരിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നമ്മുടെതരം 'പുല്ലീ'സുതന്നെ. മയവും മാര്‍ദവവുമൊന്നുമില്ല. കണ്ടാല്‍ 'ദൈവഭയം' തീര്‍ച്ചയായും വരും. വെസ്റ്റ് ഇണ്റ്റീസിലെ പോലീസുകാര്‍ ദക്ഷിണാഫ്രിക്കക്കാരെപ്പോലെയാണെങ്കിലും രസികന്മാരാണ്. ഡ്യൂട്ടിക്കിടയില്‍ അല്പം പാട്ടും നൃത്തവുമെല്ലാം കാണും; വായിലെന്തെങ്കിലും ചവയ്ക്കാനും. അല്പസ്വല്പം പ്റണയവും കിളിക്കൊഞ്ചലുമെല്ലാമുണ്ട്. ആകപ്പാടെ ബഹുരസം. കടുക്കേണ്ടിടത്ത് കടുപ്പിക്കാനും അവര്‍ക്കറിയാം. നമ്മള് ഇന്ത്യക്കാരെ അതിബഹുമാനമാണ്. ചിലി ('ചിലെ' എന്നാണു ലോക്കല്‍ ഭാഷ്യം) പോലീസും അസ്സല് 'കാവലാള്‍' തന്നെ. യൂണിഫോമിട്ട പോലീസ് നായ്ക്കളെയും കൊണ്ടാണ് മിക്കപ്പോഴും അവരുടെ നടത്തം. ആളുകൂടുന്നിടത്തെല്ലാം അവരെയും കാണാം. കൊച്ചുകുട്ടികള്‍ വരെ നായകളെ തലോടും; പോലീസുകാരനു കൈകൊടുക്കും. മൌറീഷ്യസ്സിലും പോലീസ് അത്ര ഗംഭീരന്‍മാരൊന്നുമല്ല. നാട്ടുകാരെപ്പോലെതന്നെ ശാന്തസ്വരൂപികളാണ്. പല ഇടത്തേക്കും പോകുന്ന സര്‍ക്കാര്‍വണ്ടികള്‍ രാത്രി അടുത്തുള്ള പോലീസ് സ്റ്റേഷനിലാണു സൂക്ഷിക്കുക. ഡ്രൈവര്‍ക്കു തിരിച്ച് ഓഫീസിലേയ്ക്കു വണ്ടിയോടിക്കേണ്ട. പിറ്റെ ദിവസം എടുത്തുകൊണ്ടുപോയാല്‍ മതി. അധ്വാനലാഭവും ഇന്ധനലാഭവും കണക്കാക്കിയാല്‍ നല്ലൊരു ചിട്ടയായി ഇതെനിക്കു തോന്നിയിട്ടുണ്ട്. ഇറ്റലിപ്പോലീസിനെപ്പറ്റി ആരും ഇതേവരെ നല്ലതുപറഞ്ഞുകേട്ടിട്ടില്ല. കൌണ്ടറില്‍ നില്ക്കുമ്പോള് വശത്തുനിന്നും കാലിനിടയില്‍നിന്നുമെല്ലാം പെട്ടികള്‍ പറന്നുപോയിട്ടുള്ള കഥകള്‍ ധാരാളം. അഴിച്ചുവച്ചാല്‍ ഷൂ വരെ അടിച്ചുമാറ്റുമത്രേ ഇറ്റലിപ്പോലീസുകാര്‍. കേരളപോലീസുമായി ഒന്നുരണ്ടുതവണയേ ഉരസേണ്ടിവന്നിട്ടുള്ളൂ. തലശ്ശേരിക്കോ കണ്ണൂരിനോ അടുത്തെവിടെയോ റോഡുവക്കില്‍ ലോറികള്‍ നിരന്നുകിടക്കുന്നു. ദേശീയനിരത്തില്‍ ഇതു പതിവുകാഴ്ചയാണല്ലോ. അവയെക്കടന്ന് ഞാന്‍ ബഹുദൂരം മുന്നോട്ടുനീങ്ങി. അപ്പോഴാണറിയുന്നത് അതൊരു ലെവല്‍ ക്റോസ്സിംഗാണെന്നും വണ്ടികള്‍ കാത്തുകിടക്കുകയാണെന്നും വശത്തേക്കുമാറാന്‍ സ്ഥലമില്ലെന്നും. അപ്പോഴതാ ഒരു പോലീസുകാരന് ഓടിക്കിതച്ചെത്തുന്നു. വന്നവഴിമുഴുവന്‍ പിറകോട്ടെടുക്കണമത്റെ. ഞാന്‍ വിശദീകരിക്കാന്‍ നോക്കി, വണ്ടികള്‍ മറച്ചതിനാല്‍ ബോര്‍ഡൊന്നും കണ്ടില്ലെന്നും ഇനി തിരിച്ചോടിക്കാന്‍ കഴിയില്ലെന്നും. പറ്റില്ലെന്ന് അയാള്‍ക്കു വാശി. അതിനിടെ ഗേറ്റുതുറന്നു. അരികിലെ ഒരു നല്ല മനുഷ്യണ്റ്റെ ഔദാര്യത്താല്‍ ഞാന്‍ വരിയില്‍ കയറി. പോലീസുകാരനോടു വേറെ പണിനോക്കാന്‍ പറഞ്ഞു ഞാന്‍ വണ്ടിയോടിച്ചുപോയി. കുഴപ്പത്തില്‍ ചാടിക്കാനല്ല പോലീസ്, കുഴപ്പത്തില്‍നിന്നു രക്ഷിക്കാനാണെന്ന കാര്യം അയാള്‍ പഠിച്ചിട്ടില്ലായിരിക്കാം. മറ്റൊരു സംഭവം പഴയ കൊച്ചി വിമാനത്താവളത്തിലാണ്. എല്ലാം സ്ത്രീപോലീസ്. ഒതുങ്ങാത്ത യൂണിഫോംസാരിയും മുടിയുമെല്ലാം ഒതുക്കിയൊതുക്കി മടുത്ത്, വഴങ്ങാത്ത ശരീരം വടിപോലെ നിര്‍ത്തി ക്ഷീണിച്ച്, ഇടതുകയ്യിലെ സ്വറ്‍ണവളകളും വലതുകയ്യിലെ സ്വര്‍ണവാച്ചുംകിലുക്കി, യാത്രക്കാരുടെ പെട്ടിയെല്ലാം പരതലോടു പരതല്‍. (വിനയക്കുമുന്‍പുള്ള സ്ത്രീപോലീസാണ്.) ഓരോ പെട്ടിയും തുറന്ന് ഓരോ സാധനവും കയ്യിലെടുക്കുമ്പോള്‍ എന്തെന്നുപറയണം. കൂട്ടത്തില്‍ ഇംഗ്ളീഷുസംസാരിക്കുന്നവരുടെയും കാണാന്‍ കൊള്ളാവുന്നവരുടെയും പെട്ടികള്‍, നാണം സഹിക്കവയ്യാതെ, തുറക്കാതെതന്നെ പരിശോധിച്ചയക്കുന്നു. എണ്റ്റെ ഊഴമെത്തിയപ്പോള്‍ പരിശോധന ഊര്‍ജിതമായി. ഓരോ സാധനവും എടുത്തുതുറന്ന് എന്തെന്നു പറയണം, എന്തിനാണെന്നു പറയണം. തുണി, ചെരുപ്പ്, പല്ലുതേപ്പുസാമഗ്രികള്‍, ഉപ്പേരിപ്പാക്കറ്റ്, കൊണ്ടാട്ട മുളക്, പപ്പടം, ഭാര്യക്കുള്ള നാരായണതൈലം, വില്വാദിലേഹ്യം..... എനിക്കു മടുത്തു. ധാന്വന്തരം ഗുളികയുടെ ഊഴമായപ്പോള്‍ ഞാന്‍ പറഞ്ഞു -- "കോണ്ടം". ടപ്പ് -- പരിശോധന അവിടെ നിന്നു. പെട്ടിയുമെടുത്ത് ഞാന്‍ സ്ഥലംവിട്ടു. യാത്രക്കിടയില്‍ യാദൃച്ഛികമായി കേട്ടതാണ്, ഒരു പഴയ എമ്മെല്ലെയുടെ വീരവാദം. എങ്ങനെ തണ്റ്റെ എതിരാളിയെ പോലീസുകാരനെക്കൊണ്ടു തല്ലിച്ചതെന്ന്. ഇങ്ങനെയുള്ളവര്‍ മന്ത്രിമാരൊക്കെ ആയാല്‍ (ആയി, അയാള്‍ അതൊക്കെ ആയി, അടുത്തിടെ മരിച്ചുംപോയി) കാവലാളുകള്‍ ചാവേറുകളാവാന്‍ എത്രനേരം വേണം?
Published in the fortnightly webmagazine www.nattupacha.com
Subscribe to:
Post Comments (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...
No comments:
Post a Comment