Wednesday, 22 June 2011
വിഷുവിണ്റ്റന്നൊരു വിഷമം
മതപരമായ കാര്യങ്ങളില്‍ എനിക്ക് താല്പര്യമില്ല. മതങ്ങള്‍ മനുഷ്യനെ നന്നാക്കുന്നതില്‍കൂടുതല്‍ ചീത്തയാക്കിയിട്ടേയുള്ളൂ. എങ്കിലും മതഭേദങ്ങളെയും മതചിഹ്നങ്ങളെയും നോക്കിക്കാണാറുണ്ടു ഞാന്‍, അല്പം താല്പര്യത്തോടെ തന്നെ. കാരണം മതം മനുഷ്യനെ മറ്റെന്തോ ആക്കി മാറ്റുന്നു. ഒറ്റയ്ക്കുള്ളപ്പോഴുള്ള പെരുമാറ്റരീതികളല്ല മനുഷ്യന് സമൂഹത്തില്‍ കൂട്ടംകൂടുമ്പോള്‍. വ്യക്തി വ്യക്തിയല്ലാതായി ഒരു കൂട്ടായ്മയുടെ അടയാളമായി മാറുന്നു. ആ പകര്‍ന്നാട്ടം മതാചാരങ്ങളുടെയും മതചിഹ്നങ്ങളുടെയും മറവില്‍ സാധുവല്‍ക്കരിക്കപ്പെടുന്നു എത്ര നീചമായാലും നിഷേധാത്മകമായാലും. മതവും സംസ്ക്കാരവും ഒന്നല്ലെങ്കില്‍തന്നെ അവയുടെ പരസ്പരവിനിമയത്തില്‍ വിഭജനരേഖ അദൃശ്യമായിത്തീരുന്നു. പല സംസ്ക്കാരങ്ങളും ധനാത്മകമായി മതഭേദങ്ങളെ തുടച്ചുമാറ്റുമ്പോള്‍ പല മതങ്ങളും ഋണാത്മകമായി സംസ്ക്കാരത്തെ ദുഷിപ്പിക്കുന്നുമുണ്ട്. മതഭേദങ്ങളും സംസ്ക്കാരവിശേഷങ്ങളും കയ്യാങ്കളിക്കുന്ന കേരളത്തില്‍ ഓണവും വിഷുവും ക്രിസ്മസ്സും റംസാനുമെല്ലാം മതത്തിണ്റ്റെ വക്കുമടക്കി സംസ്ക്കാരത്തിണ്റ്റെ ചിഹ്നങ്ങളായാല്‍ ആശങ്കയേക്കാള്‍ ആഹ്ളാദമായിരിക്കും നമുക്കു പകരുക. ഓണം ഒരു വന്‍കാര്യമാകുമ്പോള്‍ വിഷു ഒരു കൊച്ചുവിശേഷമാണ്. ലാളിത്യവും സൌന്ദര്യവും തികഞ്ഞ, തികച്ചും വ്യക്ത്യാസ്പദമായ ഒരു സങ്കല്‍പനമാണല്ലോ വിഷു. കണ്ണാടിയില്‍ തന്നെത്തന്നെ കണികണ്ട് അകക്കണ്ണുതുറപ്പിക്കാന്‍ ഉത്തേജിപ്പിക്കുന്ന മറ്റൊരു വിശേഷം എനിക്കറിവില്ല. തെറ്റയ്ക്കുള്ളതിനേക്കാള്‍ ഒറ്റയ്ക്കുള്ളതിനെയാണ് വിഷു പ്രതിനിധാനംചെയ്യുന്നത്. മറ്റാഘോഷങ്ങളൊന്നും അങ്ങനെയല്ലല്ലോ. വീട്ടിനകത്തും പരിസരത്തുമുള്ള നിത്യവസ്തുക്കളാണ് വിഷുക്കണിക്ക്. പുതുതായി ഒന്നും വാങ്ങാനില്ല. നാട്ടുഭേദമനുസരിച്ച് ഒരു ഉരുളിയും വിളക്കും സ്വര്‍ണത്തുണ്ടും വെള്ളിപ്പണവും അരിയും തേങ്ങാമുറിയും പഴവും വെള്ളരിക്കയും കൊന്നയും മുല്ലപ്പൂവും കണ്ണാടിയും എന്തെങ്കിലുമെല്ലാംചേര്‍ത്ത് ഒരു കൊച്ചുകുഞ്ഞിനുകൂടി കണിയൊരുക്കാനാകും. ഭ്രമാത്മകമായ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പൊന്‍രാശിയേലുന്ന വിളക്കുവെട്ടത്തില്‍ കണ്ണാടിയിലെ തന്നെത്തന്നെയറിഞ്ഞ്, ഒരൊറ്റക്കാശിണ്റ്റെ എളിമയില്‍ പഞ്ചേന്ദ്രിയങ്ങളും ഉദ്ദീപ്തമാകുന്ന ഓര്‍മയില്‍ ഒരു കൊല്ലത്തിനു തുടക്കമിടുന്നു വിഷുവിണ്റ്റന്ന്. സമൂഹത്തില്‍നിന്ന് വ്യക്തിയിലേക്കു പകരുന്നതല്ല വിഷു. വ്യക്തിയില്‍നീന് സമൂഹത്തിലേക്കു പടരുന്നതാണ് വിഷുവിണ്റ്റെ ദീപ്തി. വയറ്റുപിഴപ്പിനായി പരദേശങ്ങളിലായതിനുശേഷം വിഷുക്കണിയൊന്നും ഉണ്ടായിട്ടില്ല എനിക്ക്. എങ്കിലും വിഷുക്കാലത്ത്, പല്ലുതേയ്ക്കുമ്പോഴോ മുടിചീകുമ്പോഴോ കണ്ണാടിനോക്കുമ്പോള്‍ പ്രതിബിംബം കാതോടുകാതോരം തേനൂറും ആ മന്ത്രം ഈണത്തില്‍ ചൊല്ലാറുണ്ട്, 'നീ നിന്നെ അറിയൂ' എന്ന്. (എന്നിട്ടുമതി ആരാണ്റ്റെ കാര്യത്തില്‍ തലയിടാന്‍ എന്നായിരിക്കും!) അതോടൊപ്പം ഒരു കൊച്ചുനൊമ്പരവും എന്നെത്തേടിയെത്താറുണ്ട്. അമ്മ എന്നെ എട്ടുമാസം ഗര്‍ഭംധരിച്ചിരിക്കുകയായിരുന്നു. അച്ഛണ്റ്റെ കൊച്ചുവ്യവസായസ്ഥാപനത്തിലെ പണിക്കാരെല്ലാം വിഷുദിവസം സന്ധ്യക്ക് എണ്റ്റെ വീട്ടുമുറ്റത്തിലാണ് പടക്കംപൊട്ടിച്ചാഘോഷിക്കുക. അമ്മയും അച്ഛനും മുത്തശ്ശിയും ചേച്ചിയും വീട്ടിനുമുന്നിലെ തിണ്ണയില്‍ അതുകണ്ടിരിക്കും. ചേട്ടന് പടക്കംപൊട്ടിക്കാന്‍ കൂടും. ഒരാഴ്ച്ചമുന്നേ പടക്കമുണ്ടാക്കുന്ന പണിതുടങ്ങിയിരിക്കും. കരിമരുന്ന് ഉണക്കത്തെങ്ങോലയില്‍ തിരിയിട്ടു പൊതിഞ്ഞ് വെയിലത്തിട്ടുണക്കി സമോസപോലുള്ള കൊച്ചുകൊച്ച് ഓലപ്പടക്കം. വെള്ളാരങ്കല്ലുകള്‍ വെടിമരുന്നില്‍ കലര്‍ത്തി കടലാസ്സില്‍പൊതിഞ്ഞുണ്ടാക്കുന്ന ഏറുപടക്കം. കമ്പിത്തിരിയും പൂത്തിരിയും ലാത്തിരിയും അമിട്ടും മത്താപ്പുമെല്ലാം അപൂര്‍വം. കയ്യില്‍ കാശുണ്ടായിട്ടുവേണ്ടേ? വെളിച്ചത്തേക്കാള്‍ ഒച്ചയും അതിലേറെ ബഹളവുമാണ്. ആരോ അത്തവണ ഒരു 'ഗുണ്ട്' സംഘടിപ്പിച്ചു. അതു കത്തിച്ചതും പൊട്ടിയതും ഒന്നിച്ച്. ചീളുകള്‍ വന്നുതറച്ചത് എണ്റ്റെ അമ്മയുടെ വലത്തെ കണ്ണില്‍. അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്നവര്‍ക്കോ മറ്റാര്‍ക്കുമോ ഒരപകടവും പറ്റിയില്ല. അമ്മയുടെ കണ്ണില്‍നിന്നോ ചോരയൊഴുകുന്നു. പണിക്കാരെല്ലാം പേടിച്ചോടി. രാത്റിമുഴുവന്‍ അച്ഛണ്റ്റെയും മുത്തശ്ശിയുടെയും നാട്ടുശുശ്റൂഷയില്‍ വേദനതിന്നുകഴിച്ചു അമ്മ. രാവിലെയല്ലേ സര്‍ക്കാര്‍ കണ്ണാശുപത്രി തുറക്കൂ. അവിടത്തെ ഡോ. പുത്തൂരാന്‍ ഒരു വിദഗ്ധനേത്രചികിത്സകനായിരുന്നു. ശസ്ത്രക്രിയ കൂടിയേ തീരൂ. പക്ഷെ വയറ്റിനകത്തെ കുഞ്ഞ് വല്ലാതെ ഇളക്കംതുടങ്ങിയിരിക്കുന്നതിനാല്‍ ക്ളോറോഫോം കൊടുത്തുമയക്കി കണ്ണുകീറാന്‍ വയ്യ. 'ലോക്കല്‍' കൊടുത്ത് ഓപ്പറേഷന് ചെയ്യാന്‍ തീരുമാനമായി. എന്തോ അപാകതകൊണ്ട് ലോക്കല്‍മരുന്നു കുത്തിവച്ചത് ശരിയായില്ല. ഓപ്പറേഷനു കത്തിവച്ചതും അമ്മ പിടഞ്ഞു. ഡോക്ടര്‍ക്കു കാര്യം മനസ്സിലായി. ഒന്നുകില്‍ കണ്ണ്, അല്ലെങ്കില്‍ കുഞ്ഞ്. അതിലൊന്ന് നഷ്ടപ്പെടുമെന്നുറപ്പായി. വേഗത്തില്‍ കണ്ണിലെ ചീളുകള്‍ പറിച്ചെറിഞ്ഞ് തുന്നിക്കെട്ടി അമ്മയെ വാര്‍ഡില്‍ കൊണ്ടുപോയിക്കിടത്തി. ആസ്പത്രിയില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയപാതി പേറ്റുനോവായി. കാലാവധിക്കു കാത്തിരിക്കാതെ ഞാന്‍ ഭൂജാതനുമായി. നല്ല നീലവര്‍ണത്തില്‍ മീനക്കാറ്റിലെ ഉണക്കക്കമ്പുപോലത്തെ ഒരു സത്വമായിരുന്നത്രെ ഞാന്‍. കണ്ടവര്‍കണ്ടവര്‍ മൂക്കത്തുവിരല്‍വച്ചുപോയത്രെ. അമ്മതന്നെ പറഞ്ഞുതന്ന കഥയാണ്. പുറമേക്ക് ഒരു വെളുത്ത കല മാത്രമായിരുന്നെങ്കിലും, വലത്തെ കണ്ണിണ്റ്റെ കാഴ്ചയാകമാനം നഷ്ടപ്പെട്ടിരുന്നു അമ്മയ്ക്ക്. സ്വാഭാവികമായും ത്രിമാനവീക്ഷണം (സ്റ്റീറിയോസ്കോപ്പിക് വിഷന്‍) സാധ്യമായിരുന്നില്ല പിന്നെ. എന്നിട്ടും ഈ തൊണ്ണൂറാം വയസ്സിലും, അത്യാവശ്യം സൂചിയില്‍ നൂലുകോര്‍ക്കാനും അയലത്തെ പ്ളാവില്‍ എത്ര ചക്ക പൊട്ടിയിട്ടുണ്ടെന്ന് എണ്ണിപ്പറയാനും ഭൂതക്കണ്ണാടിയില്ലാതെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പു വായിക്കാനും ടീവീസുന്ദരികളുടെ മുടിയിലെ നിറംതേക്കല്‍ കണ്ടുപിടിക്കാനും അമ്മയ്ക്കു പറ്റും. ഒരു കണ്ണടയുണ്ട്; അതു വെറും മനസ്സമാധാനത്തിനുമാത്രം. ഈ വര്‍ഷംവരെ, ചെറിയതോതിലാണെങ്കിലും, വിഷുക്കണി മുടക്കിയില്ല അമ്മ. ഫോണ്ചെയ്തപ്പോള് പറഞ്ഞതാണ്. വിഷുവിനെച്ചൊല്ലി ഒരു 'സീരിയല്‍'കണ്ണീരും ഇതേവരെ കണ്ടിട്ടില്ല അമ്മയുടെ കണ്ണില്‍. കണ്ണുപോയതിന് കണ്ണാടിയെ എന്തിനു പഴിക്കണം എന്നാവാം. പട്ടൌഡി ജീവിതകാലംമുഴുവന്‍ പന്തുകളിച്ചുനടന്നത് ഒറ്റക്കണ്ണുവച്ചല്ലേ. എങ്കിലും ആ കൊച്ചുവിഷമം വിഷുക്കാലത്തെനിക്കുണ്ട്. ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ അടുത്തെവിടെയെങ്കിലും ഒന്നുരണ്ടാത്മാക്കള്‍ നീറിപ്പിടയുന്നുണ്ടാവണം എന്നോര്‍ക്കാന്‍ നാം മിനക്കെടാറില്ല. വെടിക്കെട്ടിനു തീകൊടുത്തും ഉച്ചഭാഷിണിയുടെ ഒച്ചകൂട്ടിവച്ചും നിരത്തുനിറഞ്ഞു നിരങ്ങിനീങ്ങിയും കുടിച്ചു കൂത്താടിയും രസിക്കുന്നവര്‍ ഒരിക്കലെങ്കിലും കാര്യമായി സ്വയമൊന്നു കണ്ണാടിനോക്കിയാല്‍ നന്നായിരുന്നേനേ.
ഇല തളിര്‍ത്തു, പൂ വിരിഞ്ഞു
വിജ്ഞാനത്തിണ്റ്റെ വിത്തുവിതയ്ക്കുന്നത് സ്കൂളിലാണെങ്കിലും അതു മുളയായ് മാറുന്നത് കോളേജിലെ ആദ്യവര്‍ഷങ്ങളിലാണല്ലോ. പിന്നെയാണ്, തനിക്കിഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഉപരിപഠനത്തിനുപോകുമ്പോഴാണ്, ഇല തളിര്‍ക്കുന്നതും പൂ വിരിയുന്നതും..... എന്നൊക്കെ പറയാം സാമാന്യമായി. പഠിച്ചതിനാല്‍ അറിവുപെറ്റോര്‍ ആയിരമുണ്ടെന്നും പഠിക്കാത്ത മേധകളും പാരിലുണ്ടെന്നും, ഒരു പഴയ തമിഴ്പാട്ട്..... പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ അന്നത്തെ നാട്ടുനടപ്പനുസരിച്ച് എഞ്ചിനിയറിംഗിനുപോകാമെന്നൊരു തോന്നല്‍. അന്നൊന്നും ഇന്നത്തെപ്പോലെയല്ല. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ -- ഈ മൂന്നു വിഭാഗങ്ങളേയുള്ളൂ എഞ്ചിനിയറിംഗിന്. മാര്‍ക്കനുസരിച്ച് യഥാക്രമം ഈ വിഭാഗങ്ങളില്‍ സീറ്റുകിട്ടിയാലായി അപേക്ഷിക്കുന്ന കോളേജില്‍. ഞാന്‍ വാറംഗല്‍, ഗിണ്ടി, കോഴിക്കോട്, പാലക്കാട് എന്നീ എഞ്ചിനിയറിംഗ്കോളേജുകളില്‍ അപേക്ഷ നല്കി. ആദ്യത്തേതുരണ്ടും ഒരു സ്റ്റൈലിന്, ബാക്കിരണ്ടും ഒരു സമാധാനത്തിന്. അത്രവലിയ മാര്‍ക്കൊന്നുമില്ലാത്തതിനാല്‍ പ്രതീക്ഷയൊന്നുമില്ലായിരുന്നു. അതിനാല്‍ എറണാകുളത്തെ മഹാരാജാസ് കോളേജിലും ആലുവയിലെ യു സി കോളേജിലും പാലക്കാട്ടെ വിക്റ്റോറിയ കോളേജിലും ഫിസിക്സ് ബിരുദപഠനത്തിനുള്ള അപേക്ഷയും നല്കി. അപേക്ഷ കൊടുക്കുമ്പോഴേ യു സി കോളേജിലെ ക്ളാര്‍ക്ക് പറഞ്ഞു സീറ്റുകിട്ടില്ലെന്ന്. പാലക്കാട്ടുനിന്ന് ഒരു അറിയിപ്പും വന്നില്ല. മഹാരാജാസില്‍നിന്ന് പ്രവേശനമനുവദിച്ചതായി കുറിപ്പു വന്നു. കോളേജിണ്റ്റെ ചുറ്റുവട്ടത്തെ പ്രജകള്‍ക്ക് അധികമാര്‍ക്കുനല്‍കി അഡ്മിഷന് കൊടുക്കുന്ന സംവിധാനം അന്നുണ്ട്. അതിണ്റ്റെ ബലത്തിലായിരിക്കണം എനിക്കു സീറ്റുകിട്ടിയത്. അപ്പോഴാണ് കോഴിക്കോട്ടെ (അന്നത്തെ) റീജ്യണല്‍ എഞ്ചിനിയറിംഗ് കോളേജില്‍നിന്ന് സിവില്‍വിഭാഗത്തില്‍ പ്രവേശനം തന്നതായി കത്തുവരുന്നത്. വിശ്വസിക്കാനായില്ല. ചോദിച്ചവരെല്ലാംപറഞ്ഞു എഞ്ചിനിയറാവാനുള്ള 'ഭാഗ്യം' കളഞ്ഞുകുളിക്കരുതെന്ന്. സംഗതി അല്പം കഠിനമായ പഠനമാണെന്നറിയാമായിരുന്നു. അതുപോലെ പണച്ചെലവുള്ളതും. ഇഷ്ടമാണെങ്കില്‍ പൊയ്ക്കൊള്ളാനും ഇഷ്ടമായില്ലെങ്കില്‍ തിരിച്ചുവന്നോളാനും അച്ഛന് അനുവാദം നല്കി. പിന്നെ പണച്ചെലവിണ്റ്റെ കാര്യം. മക്കള്‍ക്കുപഠിക്കാന്‍ എത്ര ചെലവാക്കാനും അച്ഛനു മടിയുണ്ടായിരുന്നില്ല. ആ ഒറ്റൊരു സമ്പത്തേ അച്ഛനു തരാനുണ്ടായിരുന്നുമുള്ളൂ. അഡ്മിഷന് തിയതിയൊപ്പിച്ച് ചേട്ടനുമൊത്ത് മലബാര്‍എക്സ്പ്രസ്സില്‍ കയറി കോഴിക്കോട്ടിറങ്ങി. ശക്തിയായ മഴയും തണുപ്പും. സ്റ്റേഷനിലെ പോര്‍ട്ടര്‍ ചാത്തമംഗലത്തേക്കുള്ള വഴി പറഞ്ഞുതന്നു. നേരംപുലരണം ബസ്സുകിട്ടാന്‍. "അതുവരെ കുത്തീരിക്കീ. ഒരു ചായ കുടിക്കീനും". മലബാര്‍ഭാഷ പതുക്കെ മനസ്സിലിറങ്ങിത്തുടങ്ങി. സ്റ്റേഷനിലെ ബെഞ്ചിലിരുന്ന് ഞങ്ങളൊന്നു മയങ്ങി. എഴുന്നേല്ക്കുമ്പോള് ചേട്ടന് നിലത്തഴിച്ചുവച്ച ചെരിപ്പുകള്‍ കാണാനില്ല. നക്കാപ്പിച്ചക്കള്ളനെ പഴിച്ചുകൊണ്ട് ചേട്ടന് അടുത്തകടയില്‍നിന്ന് വള്ളിച്ചപ്പല്‍ വാങ്ങിയണിഞ്ഞു. അടുത്ത ഏതാനും വണ്ടികളിലായി വേനലവധിക്കുപോയ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍ വന്നിറങ്ങി. അവരോടൊപ്പം ആര്.ഇ.സി.യിലെത്തി. അന്ന് ഹോസ്റ്റല്‍ജീവനക്കാര്‍ പണിമുടക്കിലായിരുന്നത്രേ. ആരൊക്കെയോ പറഞ്ഞ് ഹോസ്റ്റലിലെ ഒരു പൊതുമുറിയില്‍ പെട്ടിയിറക്കി. കുളിമുറിയിലെ തണുത്ത വെള്ളത്തില്‍ കുളികൂടി കഴിഞ്ഞപ്പോള്‍ നേരെ കട്ടിലിലേക്ക്. കടുത്ത പനി. ആകെ നരച്ച അന്തരീക്ഷം. അകലെ വയനാടന്‍മലകള്‍ മഞ്ഞണിഞ്ഞു നില്ക്കുന്നു. ഇടക്കിടെ നാടോടിക്കാറ്റിണ്റ്റെ സീല്‍ക്കാരം. നിമിഷംവച്ച് ഗൃഹാതുരത്വം മുറുകുന്നു. എന്തൊക്കെയോ ഉപേക്ഷിച്ച് എന്തിനെയോ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നപോലെ. എന്നിട്ടെവിടെയും എത്തിപ്പെടാത്ത അവസ്ഥ. കാമ്പസ് എല്ലാം ഒന്നു ചുറ്റിയടിച്ചുവന്ന ചേട്ടന് എണ്റ്റെ പരുവം കണ്ട് പരിഭ്രമിച്ചു. രാത്രി വൈകുംവരെ മയങ്ങിക്കിടന്ന ഞാന്‍ ഉണര്‍ന്നത് ചുറ്റും ബഹളംകേട്ടാണ്. ഒരുപറ്റംതടിമാടന്‍പിള്ളേറ്‍ ഒന്നുരണ്ടു വിദ്യാറ്‍ഥികളെ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. റാഗിങ്ങിനാണത്റേ. പ്റായത്തിലും പഠിത്തത്തിലും ഉദ്യോഗസ്ഥാനത്തിലും മുതിറ്ന്ന ചേട്ടന് അവരെ പറഞ്ഞുവിലക്കാന്‍നോക്കി. മലയാളത്തിലും ഇംഗ്ളീഷിലും ഹിന്ദിയിലും തമിഴിലുമെല്ലാം. അവറ് കേട്ടഭാവം നടിച്ചില്ല. എന്നിട്ടൊരു ഭീഷണിയും. "നാളെത്തൊട്ട് ഈ പയ്യന് ഞങ്ങളുടെ കയ്യിലല്ലേ, നോക്കിക്കോളാം. " പിറകെ രണ്ടുമൂന്നു വാറ്‍ഡന്‍മാരുടെ വരവായി. ബഹളംകേട്ടുവന്നതാണ്. ചേട്ടന് അവരോടു സംസാരിച്ചു. അവര്‍ നിസ്സഹായരായിരുന്നു. ഇതൊക്കെത്തന്നെയാണ് ഇവിടത്തെ സ്ഥിതി. പൊരുത്തപ്പെടാമെങ്കില്‍ കഴിഞ്ഞുകൂടാം. പ്രൊഫ. അച്യുതനും പ്രൊഫ. ദാമോദരനും പ്രൊഫ. ജുസ്സേയുമായിരുന്നു ആ വാറ്‍ഡന്‍മാറ്‍. പ്റിന്‍സിപ്പലിണ്റ്റടുത്തു പരാതിപറയാന്‍ അവറ് ഉപദേശിച്ചു. അന്നു രാത്രിമുഴുവന്‍ അലറ്‍ച്ചകളും കരച്ചിലുകളും കേട്ടുകൊണ്ട് ഉറങ്ങാതെ ഉറങ്ങി. ചേട്ടനാകട്ടെ കൂട്ടിലടച്ച വെരുകിനെപ്പോലെ രാവാകെ നടന്നുതീറ്‍ത്തു. പിറ്റേന്നു കാലത്തുതന്നെ ഞങ്ങള്‍ പ്റിന്‍സിപ്പലിനെ വീട്ടില്‍ചെന്നു കണ്ടു. ഒരു പ്രൊഫ. റാവു ആയിരുന്നു പ്റിന്‍സിപ്പല്‍. അദ്ദേഹവും കൈമലറ്ത്തി. കുറെനാള്‍ ഇങ്ങനെയൊക്കെത്തന്നെയാവും സ്ഥിതി. ഇന്നുതന്നെ തീരുമാനിക്കുക തുടരണമോ വേണ്ടയോ എന്ന്. കാരണം, ഫീസടച്ചുകഴിഞ്ഞാല്‍ തിരികെകിട്ടാന്‍ ബുദ്ധിമുട്ടാകും. ഞങ്ങള്‍ തീരുമാനിച്ചു തിരിച്ചുപോരാന്‍. ഉടന്‍ പെട്ടിയുമെടുത്ത് കോഴിക്കോട് സ്റ്റേഷനിലെത്തി. ടിക്കറ്റെടുത്ത് ബെഞ്ചിലിരിക്കേണ്ട താമസം തലേന്നത്തെ പോറ്‍ട്ടറ്‍ ഓടിവരുന്നു, കയ്യില്‍ കടലാസ്സില്‍പൊതിഞ്ഞ രണ്ടു ചെരിപ്പുകളുമായി. തലേദിവസം ചേട്ടന് മയങ്ങുമ്പോള്‍ ബെഞ്ചിനടിയിലായിപ്പോയ ചെരിപ്പുകള്‍ കണ്ടെത്തിയപ്പോള്‍ ആ പോറ്‍ട്ടറ്‍ സൂക്ഷിച്ചുവച്ചതായിരുന്നു. പിറ്റേന്ന് ആളെ തിരിച്ചറിഞ്ഞ് തിരിച്ചേല്‍പ്പിച്ചു. ഒരു ചായക്കാശുകൂടി വാങ്ങാന്‍ വിസമ്മതിച്ച് അയാള്‍ പോയി. അതാണ് ഞങ്ങള്‍ ഇന്നുമോറ്‍ക്കുന്ന മലബാറ് സത്യസന്ധത. കോഴിക്കോട്ടുനിന്ന് എറണാകുളത്തു തിരിച്ചെത്തിയ ദിവസം തന്നെയായിരുന്നു മഹാരാജാസ് കോളേജിലെ അഡ്മിഷന് ഇണ്റ്ററ്‍വ്യൂ. വീട്ടിലത്തി കുളിയുംകഴിഞ്ഞ് കോളേജിലെത്തി. തെളിഞ്ഞ പ്രഭാതം. ആറ്ത്തിരമ്പുന്ന ആള്‍ക്കൂട്ടം. ചുമരായ ചുമരുകളിലെല്ലാം സാഹിത്യം, സാമൂഹ്യം, രാഷ്ട്റീയം. വകതിരിച്ചുള്ള വിളികളും കെട്ടിക്കൈകഴുകുമ്പോലുള്ള അഭിമുഖവും പെട്ടെന്നു കഴിഞ്ഞു. ഫിസിക്സിന് കണക്കും അതോടൊപ്പം കെമിസ്റ്റ്റിയോ സ്റ്റാറ്റിസ്റ്റിക്സോ ഐച്ഛികവിഷയങ്ങള്‍. എനിക്ക് എന്തുകൊണ്ടോ സ്റ്റാറ്റിസ്റ്റിക്സ് വേണ്ടായിരുന്നു (ഒരു പ്റതികാരമെന്നപോലെ, പിന്നീട് എനിക്ക് ആ വിഷയം പഠിക്കാതെ മുന്നേറാന്‍വയ്യെന്നായി ഉദ്യോഗംകിട്ടിയപ്പോള്‍!). കെമിസ്റ്റ്റി തരാന്‍ പറ്റുമോ എന്ന് പിന്നെ നോക്കാം എന്നു പറഞ്ഞ് പ്റിന്‍സിപ്പല്‍ ശിവരാമകൃഷ്ണയ്യറ്‍ പേരുചേറ്‍ത്തു. ഫീസുകൂടി അടച്ചതോടെ പുതിയൊരു ലോകത്തായി ഞാന്‍. വീട്ടില്‍ കടന്നതോടെ തലേന്നത്തെ സംഭവങ്ങള്‍ ഒന്നൊന്നായി തികട്ടിവരാന്‍ തുടങ്ങി. ആരോടും ഒന്നും ഉരിയാടാതെ പോയിക്കിടന്നു ഞാന്‍. ആരെയും കാണണ്ട. എല്ലാവരെയും പേടി. അന്വേഷണങ്ങള്‍ക്കു മറുപടിപറയാന്‍ വയ്യ. ഒരൊച്ചയും കേള്‍ക്കാന്‍ വയ്യ. അകത്തളങ്ങളില്‍ പതുങ്ങിപ്പതുങ്ങി മൂന്നാലുനാള്‍ കഴിഞ്ഞപ്പോള്‍ അമ്മയ്ക്കാധിയായി. അച്ഛനറിഞ്ഞപ്പോള്‍ അന്നു വൈകുന്നേരം കൊടും മഴയത്ത് ഒന്ന് ഊരുചുറ്റിവരാന്‍ വെറുതെ കൂടെ കൂട്ടി. പേടിയെപ്പറ്റിയോ പഠിത്തത്തെപ്പറ്റിയോ ഒരക്ഷരം മിണ്ടിയില്ല അച്ഛന്. കാറ്റടിച്ചപ്പോഴും ഇടിവെട്ടിയപ്പോഴും ഞാന്‍ പേടിച്ചുവിറച്ചു. അച്ഛന് ഒന്നും കൂസാക്കാതെ തോളില്‍ കയ്യിട്ടു നടത്തിച്ചു. ക്ഷീണിച്ചു തിരിച്ചുവന്ന് ഊണുംകഴിച്ചു ഞാന്‍ സുഖമായി ഉറങ്ങി. പിറ്റേന്നെല്ലാം മനോഹരമായിത്തോന്നി. നാലഞ്ചുവറ്‍ഷംകഴിഞ്ഞ്, അതേ കോഴിക്കോട് ആറ്.ഇ.സി.യില്‍ പോകേണ്ടിവന്നത് മറ്റൊരു നിയോഗം. കേരളശാസ്ത്റസാഹിത്യപരിഷത്തിണ്റ്റെ 'വിവറ്‍ത്തന ശില്പശാല'യില്‍ പങ്കെടുക്കുവാനായിരുന്നു അത്. അന്ന് അതേ പ്രൊഫ. അച്യുതനെയും പ്രൊഫ. വി.കെ. ദാമോദരനെയും കണ്ടുമുട്ടി. താമസമോ, അന്നേക്കു അതിഥിമന്ദിരമായിക്കഴിഞ്ഞിരുന്ന പഴയ പ്റിന്‍സിപ്പലിണ്റ്റെ വീട്ടിലും! ഡോ. .കെ. മാധവന്കുട്ടിയെയും ഡോ. എം.പി. പരമേശ്വരനെയും ശ്രീ രഘുനാഥനെയും (അദ്ദേഹം എണ്റ്റെ തായ്വഴിബന്ധുവുമാണെന്ന് അന്നാണറിയുന്നത്) എല്ലാം പരിചയപ്പെടുന്നതും അവിടെ വച്ചാണ്. അവസാനദിവസം എം.ടി.യും വന്നു. ഞാന്‍ റാഗിങ്ങ് നടന്ന പഴയഹോസ്റ്റലെല്ലാം ഒന്നുകൂടെ പോയിക്കണ്ടു. വറ്ഷങ്ങള്ക്കുശേഷം കുറെ മറൈന്‍ സിവില്‍ എഞ്ചിനിയറിംഗ് പഠിക്കാനായതും മറ്റൊരു നിയോഗമാവാം. അതുംപോരാഞ്ഞ്, പ്രൊഫ. ദാമോദരണ്റ്റെ അതേ മുഖ:ഛായ ആണത്റെ എനിക്കും. പത്തിരുപതു വറ്ഷങ്ങള് കഴിഞ്ഞ് അദ്ദേഹത്തിണ്റ്റെ ഒരു വിദ്യാറ്ഥിനി പറഞ്ഞതാണ്! അങ്ങനെ ആര്.ഇ.സി.ഭൂതം എന്നെ വിട്ടുപോകുന്നില്ല! എന്തായാലും റാഗിങ്ങിനെതിരെയുള്ള എണ്റ്റെ അരിശം ഈ അറുപതാംവയസ്സിലും കുറഞ്ഞിട്ടില്ല. അത്യുത്സാഹത്തോടെയാണ് ആദ്യദിവസം എറണാകുളത്തെ മഹാരാജാസിലെ ഫിസിക്സ് ക്ളാസ്സിലിരുന്നത്. പ്രൊഫ. ഹരിഹരന് എന്ന കുറിയ വലിയ മനുഷ്യന് ഞങ്ങളെ മുതിറ്ന്നവരെ എന്നവണ്ണം സ്വീകരിച്ചാനയിച്ചു. ആദ്യപ്റാക്റ്റിക്കല്‍ ക്ളാസ്സ് വെറുതെ ഓറ്‍മപുതുക്കാനായിരുന്നു. എനിക്കുതന്നിരുന്ന പരീക്ഷണത്തിണ്റ്റെ ഭാഗമായി ഞാന്‍ പെണ്റ്റുലാന്തോളനം എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ പിറകില്‍ കാല്പെരുമാറ്റം. തിരിഞ്ഞുനോക്കാതെ കാത്തിരിക്കാന്‍ കയ്യാംഗ്യംകാട്ടി ഞാന്‍ എണ്ണല്‍ തുടറ്ന്നു. പിന്നെ അതങ്ങു മറന്നുംപോയി. റിസള്‍ട്ടുകാട്ടാന്‍ ഹരിഹരന്‍സാറിണ്റ്റടുത്തുപോയപ്പോള്‍ അദ്ദേഹം ഒരു ചിരി. "ശ്റദ്ധ കൊള്ളാം, പക്ഷെ ഓറ്മ പോര. ശ്രമംകൊള്ളാം, പക്ഷെ റിസള്‍ട്ടുപോര". എണ്റ്റെ പുറകില്‍ വന്നു നോക്കിയത് സാറായിരുന്നു. എനിക്കും വേറെ മൂന്നുപേറ്‍ക്കും സ്റ്റാറ്റിസ്റ്റിക്സിനുപകരം കെമിസ്റ്റ്റി ഐച്ഛികം തന്നതായി അറിയിക്കാനായിരുന്നു അത്. പിന്നെ, മലയാളമാണ് രണ്ടാംഭാഷയായി ഞാന്‍ എടുത്തിരുന്നെതെങ്കിലും എന്തോ പിശകുപറ്റിയതുകോണ്ട് ഹിന്ദിയിലാണ് എണ്റ്റെ പേരെന്നും ഹിന്ദിക്ളാസ്സില്‍ പോകാത്തതിന് ഹിന്ദിപ്രൊഫസറ്‍ ഈച്ചരവാര്യരുടെ (അതെ, ആറ്.ഇ.സി.യില്‍നിന്നു കാണാതായി കൊല്ലപ്പെട്ട രാജണ്റ്റെ അച്ഛന്‍തന്നെ -- എന്തൊരു വിധിവൈപരീത്യം!) പരാതി ഉണ്ടെന്ന് അറിയിക്കാന്‍കൂടിയായിരുന്നു. പിന്നത്തെ മൂന്നുവറ്‍ഷക്കാലം അദ്ദേഹത്തിണ്റ്റെ വാത്സല്യത്തിലും വിശ്വാസത്തിലും വിജ്ഞാനത്തിലും ഞങ്ങള്‍ പത്തുമുപ്പതു കുട്ടികള്‍ നീന്തിത്തുടിച്ചു. സെയ്ണ്റ്റ് ആല്‍ബെറ്‍ട്സിലെ പ്റീഡിഗ്രി പരീക്ഷയ്ക്ക് മാറ്‍ക്കിടാന്‍വന്ന ഡോ. തുളസി ടീച്ചറ് കണ്ട ഉടന്‍ തിരിച്ചറിഞ്ഞു. ബോറ്‍ഡിലെഴുതുമ്പോള്‍ തെറ്റിപ്പോയതായഭിനയിച്ച് വിദ്യാറ്‍ഥികളെക്കൊണ്ടു തിരുത്തിച്ചു പഠിപ്പിക്കുന്നതായിരുന്നു അവരുടെ രീതി. അവരുടെ ഭറ്ത്താവ്, അതേ ഫിസിക്സ്വിഭാഗത്തിലെ രാഘവന്‍മാസ്റ്ററ്‍ കടുകട്ടിക്കാരനായിരുന്നു. പ്റായോഗികപരിശീലനത്തിനാണ് സാറ് മിക്കപ്പോഴും വരിക. എന്തെങ്കിലും അശ്രദ്ധ കാണിച്ചാല്‍ ആണെന്നോ പെണ്ണെന്നോ നോക്കാതെ മുഖമടച്ചു ശകാരിച്ചുകളയും. ഒരിക്കല്‍, ഒരറ്റം ബലമായുറപ്പിച്ച ഒരു ലോഹദണ്ഡിണ്റ്റെ മറ്റേ അറ്റത്തു മാറിമാറി ഭാരം കെട്ടിത്തൂക്കിയുള്ള ബലതന്ത്റപരീക്ഷണം ചെയ്യുകയായിരുന്നു ഞാന്‍. ഭാരം കുറെ കൂടിയപ്പോള്‍ ഞാന്‍ നിറ്ത്തി. സാറ് നോക്കിനില്ക്കുകയായിരുന്നു. ഇനിയും ഭാരംകൂട്ടാന്‍ രാഘവന്മാഷ് പറഞ്ഞു. ഭാരം നിലത്തു വഴുതിവീണാലോ എന്നു ഞാന്‍. "വീണാലെന്താ; ഇനി വീണില്ലെങ്കിലോ", എന്നു മാഷ്. "വീണാല്‍ ഒരു ചുക്കുമില്ല. വീണില്ലെങ്കിലോ, എത്റത്തോളം അധികഭാരംകേറ്റാമെന്നറിയാം. എപ്പോള്‍ വീഴുമെന്നുമറിയാം. പരിധിക്കുള്ളില്‍ പരുങ്ങരുത്; പരിധിക്കപ്പുറത്തും പരതിനോക്കണം". ആ പാഠം മറക്കാനാവില്ല. ശാന്തകുമാരി, സീതമ്മ, ഭാമിനി, പ്രഭാകരന് എന്നിങ്ങനെ ഒട്ടനവധി ടീച്ചറ്‍മാറ്‍ ഞങ്ങളെ ഭൌതികശാസ്ത്റത്തില്‍ വഴിനടത്തിച്ചു. അതിപ്റഗത്ഭരും അറുമടിയന്‍മാരും ഞങ്ങള്‍ വിദ്യാറ്‍ഥികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ, ഉന്നതനെന്നോ അധ:കൃതനെന്നോ വിവേചനമില്ലാതെ, ആരെയും മോശമെന്ന് എഴുതിത്തള്ളാതെ എല്ലാവറ്ക്കും ഒരേ സൌകര്യവും ഒരേ സ്വാതന്ത്റ്യവും ഒരേ അവസരവും ഒരേ അവകാശവും തന്നിരുന്നതാണ് എറണാകുളം മഹാരാജാസ് കോളേജിണ്റ്റെ മുഖമുദ്ര. അക്കാലങ്ങളില്‍ വിദ്യാറ്‍ഥിനികളായ തൃപ്പൂണിത്തുറക്കോവിലകത്തെ തമ്പുരാട്ടിമാറ്‍ക്ക് (അവരെ 'തമ്പുരാന്' എന്നുതന്നെയാണു പറയുക; കൊച്ചിരാജകുടുംബത്തില്‍ 'തമ്പുരാ'ക്കന്‍മാരേയുള്ളൂ, ആണായാലും പെണ്ണായാലും) മഹാരാജാസ്കോളേജില്‍ പ്റത്യേകം ഒരു വിശ്രമമുറി ഉണ്ടായിരുന്നു (ആണ്‍തമ്പുരാക്കന്‍മാറ്‍ക്ക് അങ്ങനത്തെ സൌകര്യങ്ങളൊന്നും ഇല്ലായിരുന്നു). പെണ്‍തമ്പുരാക്കന്‍മാറ്‍ കോളേജില്‍ വന്നുപോയിരുന്നത് അവരുടെതന്നെ ഒരു പഴയ വാനിലായിരുന്നു. അതിനു 'പഞ്ചാരവണ്ടി' എന്നു വിളിപ്പേരുവീണപ്പോള്‍, അവരുടെ വിശ്രമമുറി 'തീണ്ടാരിമുറി' ആയി. എന്തായാലും അടുത്ത വേനലവധിക്കാലത്ത് കോളേജിലെ മരാമത്തുപണിക്കുള്ള സിമണ്റ്റും മറ്റു സാധനങ്ങളും ആ മുറിക്കുള്ളില്‍ ശേഖരിക്കപ്പെട്ടു. കോളേജ് തുറന്നിട്ടും അതവിടെനിന്നു മാറ്റിക്കണ്ടില്ല. അങ്ങനെ ആ പ്റത്യേകപരിഗണനയും തീപ്പെട്ടുപോയി. രാഷ്ട്റീയ വേറ്തിരിവ് അതിശക്തമായിരുന്നു അന്ന് ആ കോളേജില്‍. കെ.എസ്.യു.വും എസ്െഫ്.ഐ.യും തമ്മിലുള്ള മത്സരം അടിപിടിയിലേ കലാശിക്കാറുള്ളൂ. ഒരു വശത്ത് സമരം നടക്കും. മറുവശത്ത് പഠിക്കാന്‍വന്നവറ്‍ പഠിക്കും. അടിയും കുത്തുംകൊണ്ട് ചോരയൊലിപ്പിച്ചുനടക്കുന്നവറ്‍ മറ്റു വിദ്യാറ്‍ഥികളെ വെറുതെ വിട്ടിരുന്നു. കോളേജിലും ഹോസ്റ്റലിലുമെല്ലാം അന്നു നിറഞ്ഞുനിന്നത് പുറത്തുനിന്നുള്ള രാഷ്ട്റീയക്കാരായിരുന്നു. പാവം വിദ്യാറ്ഥികള് തല്ലുകൊള്ളാന്‍മാത്റം. ഇരുചേരികളുടെയും അംഗത്വലിസ്റ്റില്‍ ഞങ്ങളറിയാതെ ഞങ്ങളുടെ പേരുകാണാമായിരുന്നു! ക്ളാസ്സില്‍ പഠിക്കാന്‍ മിടുക്കന്‍മാറ്‍ മോഹനശങ്കറും രാധാകൃഷ്ണനും രംഗനാഥനും ഹരിഹരനും സുന്ദരമൂറ്‍ത്തിയും എല്ലാമായിരുന്നു. മിടുക്കികള്‍ ഗീതയും മുത്തുലക്ഷ്മിയും വിനോദിനിയും റീത്തപ്റഭുവും മറ്റും. മോഹനശങ്കറ്‍ അമേരിക്കയില്‍ ഫിസിക്സ് പ്രൊഫസറായി. രാധാകൃഷ്ണന് എറണാകുളത്ത് പ്റശസ്തമായരീതിയില്‍ അക്കൌണ്ടന്‍സി നടത്തുന്നു; കൂടെ സാഹിത്യാസ്വാദനവും. (രാധാകൃഷ്ണണ്റ്റെ പ്റേരണ മാനിച്ചാണ് ഈ ലേഖനമെഴുതുന്നതുതന്നെ.) ഹരിഹരനും ഗീതയും ഭാഭ അറ്റോമിക് റിസെറ്ച്ച് സെണ്റ്ററില്‍ ശാസ്ത്റജ്ഞരായി. സുന്ദരമൂറ്‍ത്തിയും മുത്തുലക്ഷ്മിയും സത്യത്തമ്പുരാനും ആന്ഡ്റൂസും എല്ലാം വിവിധ ബാങ്കുകളില്‍ ചേറ്ന്നു. രാമാനന്ദ പൈ മികച്ച ഹോമിയോപ്പതി വൈദ്യനാണ്. മാത്യു ഒരു ഔഷധനിറ്‍മാണക്കമ്പനിയിലാണെന്നറിഞ്ഞു. റീത്ത പ്റഭുവും മാത്യുവുമായിരുന്നു ഇംഗ്ളീഷിനു കടുകട്ടി ആയിരുന്നവറ്‍. ആ റീത്ത തന്നെയാണോ കൈരളി ചാനലില്‍ 'കുങ്കുമം'പരിപാടിയിലെ 'മധുരമാം മറുഭാഷ' എന്ന പരിപാടി നടത്തുന്നത് എന്നു നിശ്ചയംപോര. രങ്കനാഥന്, വിനോദിനി, ഗ്ളാഡിസ്, സെറീന, പൌലോസ്, മുഹമ്മദ് അന്വാറ് സേഠ് എന്നിവരെല്ലാം എവിടെയാണാവോ. വാസു എന്ന ചോപ്പന് സഖാവ് ഗള്‍ഫില്‍ പോയെന്നുമറിഞ്ഞു. രണ്ടു കന്യാസ്ത്റീകളും ക്ളാസ്സിലുണ്ടായിരുന്നു, സിസ്റ്ററ് ആനിയും സിസ്റ്ററ് ത്റേസ്യാമ്മയും. എണ്റ്റെകൂടെ സെയ്ണ്റ്റ് ആല്‍ബെറ്‍ട്സ് കോളേജിലുണ്ടായിരുന്ന ബ്രദറ് ഐന്‍സ്റ്റൈനെപ്പോലെ, അവറ് പോയ വഴിയും അജ്ഞാതമായി. കണക്കിന് വെങ്കടേശ്വരയ്യരും രാജേശ്വരിത്തമ്പുരാനും വഴിതെളിച്ചു. കെമിസ്റ്റ്റിക്കാകട്ടെ പൌലോസ് സാറും രാധത്തമ്പുരാനും ഗംഗാദേവിത്തമ്പുരാനും. ഹിന്ദിവിഭാഗത്തിലും അധ്യാപികയായി ഒരു ഹൈമവതിത്തമ്പുരാന്‍ ഉണ്ടായിരുന്നു. 'തമ്പുരാക്കന്‍'മാരുടെ എണ്ണം കുറെ കൂടുതലാണല്ലേ? 'മഹാരാജാസ്', അല്ലേ. ഒട്ടും കുറയ്ക്കണ്ട എന്നുവച്ചാകണം! ഇംഗ്ളീഷിനു പി. ബാലകൃഷ്ണന്, ശാന്ത, ജെമ്മ ഫിലോമിന എന്നിവറ് കരുത്തുതന്നു. മലയാളത്തിന് അതിപ്റശസ്തരുടെ അനുഗ്രഹം കിട്ടി: സി.എല്‍. ആണ്റ്റണി, ആനന്ദക്കുട്ടന്, ഗുപ്തന്‍നായറ്‍, ലീലാവതി, കുഞ്ഞികൃഷ്ണമേനോന്‍, എം.കെ.സാനു., ഒ.കെ. വാസുദേവപ്പണിക്കറ്‍, എം. അച്യുതന്, ഭാരതി..... വറ്ഷത്തില് രണ്ടുതവണ മാഗസീന് ഇറക്കല്‍ മഹാരാജാസ് കോളേജിണ്റ്റെ പ്റത്യേകതയായിരുന്നു. അതിലൊന്നില്‍ ഞാന്‍ ഒരു ലേഖനമെഴുതി: "വസന്തറ്‍ത്തുവില്‍ നാമ്പുനീട്ടുന്ന മാന്തളിറ്‍ തിന്ന്, മാദകമായ മാസ്മരശക്തിയാലെന്നപോലെ ലഹരി പിടിക്കുമ്പോഴത്റെ കുയില്‍ അമൃതുവഴിയുന്ന നാദവീചികള്‍ പുറപ്പെടുവിച്ചുപോകുന്നത്" എന്നു തുടങ്ങുന്ന ആ ലേഖനത്തിണ്റ്റെ തലക്കെട്ട് മറന്നുപോയി. സറ്‍ഗാത്മകതയുടെ പേറ്റുനോവായിരുന്നു വിഷയം. പലറ്ക്കും അതിഷ്ടമായി. ഞങ്ങള്‍ തൃപ്പൂണിത്തുറക്കാറ്‍ക്ക് ഒരു പ്റത്യേക വാമൊഴിശൈലിയുണ്ടായിരുന്നു (ദേ, ദ്, ട്ടോ, കുട്ടി, താന്‍, ശ്ശി, -ണ്ട്); പൊതുവെ ശാന്തസ്വഭാവികളാണെന്നും കോളേജിലൊരു മതിപ്പുണ്ടായിരുന്നു. (ഇന്നതെല്ലാം പോയീ, ട്ടോ!) അതുപോലെ എസ്.എന്‍. കോളേജിലെ വിദ്യാറ്‍ഥികളെയും ടീച്ചറ്‍മാറ്‍ വേഗത്തില്‍ തിരിച്ചറിഞ്ഞിരുന്നു, അതു കൊല്ലമായാലും ചേറ്‍ത്തലയായാലും! മലയാളംക്ളാസ്സിലെ സഹപാഠി ജോണ്‍പോള്‍ അതിപ്റശസ്തനായ തിരക്കഥാകൃത്തായി. സുബ്രഹ്മണ്യന് കുടുംബിസമുദായത്തിലെ നിറ്‍ണായകനേതാവായി. കെമിസ്റ്റ്റിക്ളാസ്സിലെ നളിനിച്ചേച്ചിയും (ഭറ്‍ത്താവിണ്റ്റെ മരണത്തെ തുടറ്ന്ന് അവറ് വീണ്ടും കോളേജിലെത്തിയതായിരുന്നു) ഗോപാലകൃഷ്ണനും ഞാനും സമുദ്രശാസ്ത്രമേഖലയില്‍ വീണ്ടും ഒന്നിച്ചായി. ശാരദ ഗൈനെക്കോളജിസ്റ്റ് ആയി മാറി. ഇവരെല്ലാം എന്നെ ഓറ്‍ക്കുന്നുണ്ടാകുമോ ആവോ. പ്റീഡിഗ്റിക്കു കൂടെയുണ്ടായിരുന്ന നാരായണണ്റ്റെ ചേച്ചി ഗൌരി, ഡിഗ്രിക്ക് എണ്റ്റെ സഹപാഠിയായി. പിന്നീട് ബിരുദാനന്തരപഠനക്കാലത്ത് അവരുടെ രണ്ടുപേരുടെയും ചേച്ചി വിഷ്ണുദത്ത എണ്റ്റെ ക്ളാസ്സിലായി. സാധാരണമായി ഒരേവീട്ടിലെ കീഴോട്ടുള്ളവരാണ് തോറ്റുതോറ്റുപഠിക്കുന്നവരുടെ കൂടെയാവുക. ഇതു മറിച്ചായി. എന്തോ കാരണവശാല്‍ ഗൌരിക്ക് ഒന്നുരണ്ടുവറ്‍ഷം നഷ്ടപ്പെട്ടിരുന്നു. വിഷ്ണുദത്തയ്ക്കാകട്ടെ വലിയൊരു ഹൃദയശസ്ത്റക്റിയമൂലം നാലഞ്ചുകൊല്ലം വെറുതെ പോയി. അങ്ങനെ ഒരേവീട്ടിലെ മൂന്നുപേരുടെകൂടെ, കീഴെനിന്നു മേല്‍പ്പോട്ടേക്ക്, എനിക്കുപഠിക്കാനായി. കൂട്ടത്തില്‍ ഒരുകാര്യം കൂടി. വിഷ്ണുദത്ത എണ്റ്റെ ചേച്ചിയുടെയും സഹപാഠിയായിരുന്നു! ഡിഗ്രിക്ളാസ്സില്‍ ഒന്നാം വറ്ഷം മധുവിധുപോലെയായിരുന്നു. രണ്ടാംവറ്‍ഷം രണ്ടു ഭാഷകള്‍ക്കും രണ്ട് ഐച്ഛികവിഷയങ്ങള്‍ക്കും പരീക്ഷയെഴുതണം. ആ വറ്ഷമാണ് എണ്റ്റെ അച്ഛന് അതികഠിനമായ പ്റമേഹംമൂലം കിടപ്പിലായത്. കോളേജിണ്റ്റെ വശത്തുതന്നെയുള്ള ജനറല്‍ ആസ്പത്റിയിലാണ് അച്ഛനെ പ്റവേശിപ്പിച്ചിരുന്നത്. രാത്റിയെല്ലാം ചേട്ടന് കൂട്ടുനില്‍ക്കും. പകല്‍ കോളേജില്‍നിന്ന് സമയമുണ്ടാക്കി ഞാന്‍ അച്ഛണ്റ്റെ അടുത്തുചെല്ലും. ശാരീരികമെന്നതിലേറെ മാനസികമായ ക്ഷീണത്തിലായിരുന്നു അന്നു ഞാന്‍. ഒരുവിധം പരീക്ഷകളെല്ലാം എഴുതി പാസ്സായി. മലയാളത്തിന് എനിക്കു റാങ്കുണ്ടെന്ന് വാറ്ത്ത പരന്നു; പക്ഷെ ഒരു രണ്ടാംക്ളാസ്സുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഒരുപാടു മാറ്‍ക്കുകിട്ടിയവറ്‍ക്കെല്ലാം എന്തോ മോഡറേഷന് കാരണം മാറ്ക്കു കുറച്ചതായറിഞ്ഞു. ആ വേനലവധിക്ക് അച്ഛന് മരിച്ചു. ഡിഗ്രിയുടെ അവസാനവറ്‍ഷം എനിക്കങ്ങനെ നിറ്‍ണായകമായി. കഷ്ടപ്പെട്ടു പഠിച്ചതുകൊണ്ട് സാമാന്യം നല്ലവിധത്തില്‍ പാസ്സാകാനായി. ബിരുദകാലം, പക്ഷെ വസന്തം മാത്രം. പൂ കായ്ക്കാന്‍ വേനല്‍ച്ചൂടുവേണം. പൂ കായായ് മാറുന്നത് ബിരുദാനന്തരം. ഒരു വിഷയം ഐച്ഛികമായെടുത്ത് കുത്തിയിരുന്നു പഠിച്ചേ മതിയാകൂ. ഒരു സ്വാഭാവികതെരഞ്ഞെടുപ്പിനുമാത്രംപോന്ന മാറ്‍ക്കൊന്നും എനിക്കില്ലായിരുന്നു. വരുന്നതു വഴിക്കുവച്ചുകാണാം എന്നുറച്ചു.
പട്ടണപ്രവേശം
മെട്രിക്കുലേഷന്‍കഴിഞ്ഞ് കോളേജില്‍ചേരുന്നത്, ഒരുകാലത്ത് വലിയകാര്യമായിരുന്നു. സ്കൂളുകള്‍ ഗ്രാമപ്രദേശങ്ങളിലും കോളേജുകള്‍ പട്ടണങ്ങളിലും എന്നായിരുന്നല്ലോ പൊതുവെ അവസ്ഥ. ഇന്നാണല്ലോ വലിയ സ്കൂളുകളും കോളേജുകളും മലമ്പ്രദേശങ്ങളിലും പുഴയോരങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍. അറുപത്-എഴുപതുകള്‍വരെ ഞങ്ങള്‍ക്കെല്ലാം ഉപരിപഠനമെന്നാല്‍ പട്ടണപ്രവേശംകൂടിയായിരുന്നു. ഗ്രാമീണതവിട്ട് നാനാവിധത്തിലുള്ള നാലുപേരെക്കണ്ട് പരിഷ്കരിക്കപ്പെടുന്ന സംഭവം. സ്കൂളില്‍ കളിച്ചും പഠിച്ചും വളര്‍ന്നത് ചുറ്റുവട്ടത്തെയും അടുത്ത കുഗ്രാമങ്ങളിലെയും പിള്ളേരോടൊത്താണ്. വാമൊഴിശൈലിയും ഉടുത്തുകെട്ടും ഉച്ചയൂണ്‍ചിട്ടയുമെല്ലാം ഒരുപോലെ. അല്പം ജാതിഭേദവും മതദ്വേഷവും സാമ്പത്തിക-സാംസ്കാരികവ്യത്യാസങ്ങളും ഇല്ലാതിരുന്നുമില്ല. എങ്കില്‍പോലും അവയൊന്നുംതന്നെ കൂട്ടിന്നോ കൂട്ടായ്മയ്ക്കോ കുന്നായ്മയ്ക്കോ കൂച്ചുവിലങ്ങിട്ടില്ല. ബാല്യകൌമാരങ്ങള്‍ അല്ലെങ്കിലും അങ്ങനെയല്ലേ. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ഹൈസ്കൂളില്‍നിന്നും ഞാന്‍പോയത് എറണാകുളംപട്ടണത്തെ സെയ്ണ്റ്റ് ആല്‍ബെര്‍ട്ട്സ് കോളേജിലേക്കാണ്. കാരണം, പ്രശസ്തിയില്‍ മുന്തിയതും പ്രതാപത്തില്‍ പഴയതും പണച്ചെലവില്‍ കുറഞ്ഞതുമായ എറണാകുളത്തെ ഗവണ്‍മണ്റ്റ് മഹാരാജാസ്കോളേജില്‍ സീറ്റുകിട്ടാനുള്ള മാര്‍ക്ക് എനിക്കില്ലായിരുന്നു. അങ്ങനെ, പണ്ട് എണ്റ്റെ അമ്മാവനും (ഇംഗ്ളീഷ്) പിന്നെ ജ്യേഷ്ഠനും (കെമിസ്റ്റ്രി) പഠിപ്പിച്ചിരുന്ന ആല്‍ബെര്‍ട്സ് ആയി എണ്റ്റെ ആദ്യത്തെ കലാലയം. പത്താംക്ളാസ്സുവരെ ക്ളാസ്സില്‍ ഒന്നാംനിരയിലെന്നഹങ്കരിച്ചിരുന്ന ഞാന്‍ സംസ്ഥാനതലത്തിലെ പൊതുപരീക്ഷയുടെ മാനദണ്ഡത്തില്‍ വളരെ പിന്നിലായിരുന്നു. ആ തിരിച്ചറിവ് പഠനത്തില്‍മാത്രമൊതുങ്ങിയില്ല. മറ്റു പലതിലുമുള്ള എണ്റ്റെ പിന്നാക്കാവസ്ഥ ഞാനറിഞ്ഞതു പട്ടണപ്രവേശത്തോടെ. പിന്നെ കാലങ്ങള്‍ കഴിഞ്ഞുള്ള പരദേശയാത്രയിലൂടെയും. എണ്റ്റെ ആദ്യത്തെ തനിച്ചുള്ള ബസ്യാത്രയും കോളേജിലേക്കുള്ളതായിരുന്നു. സ്കൂളില്‍ മുറിട്രൌസറിട്ടുനടന്നിരുന്ന ഞാന്‍ കൊച്ചുശരീരപ്രകൃതികൊണ്ട് കോളേജിലെ ഒന്നാംവര്ഷവും അങ്ങനെതന്നെ നടന്നു. ക്ളാസ്സിലെ മുതിര്‍ന്നവര്‍, മുണ്ടും പാണ്റ്റുമെല്ലാമണിഞ്ഞു വരുന്നവര്‍, എന്നെ 'പ്രീഡിഗ്രി-പീക്കിരി' എന്നുവിളിച്ചു. കഷ്ടപ്പെട്ട് വെള്ളമുണ്ടുചുറ്റി വെള്ളഷര്‍ട്ടുമിട്ടുപോയപ്പോള്‍ 'പാതിരി' എന്നുവിളിച്ചു കളിയാക്കി. (അന്ന് ആ കത്തോലിക്കകോളേജില്‍ ഒരുപാടു വൈദികവിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. അവരുടെ വേഷമായിരുന്നു വെള്ളഷര്‍ട്ടും വെള്ളമുണ്ടും. എണ്റ്റെ അച്ഛന് - അച്ചനല്ല! - നിത്യവെള്ളക്കാരനായിരുന്നതിനാലാവണം എനിക്കന്നും ഇന്നും വെള്ളത്തുണി പ്രിയമാണ്. ) എണ്റ്റെ അടുത്തിരുന്നിരുന്ന സഹപാഠി അത്തരം ഒരു 'ബ്രദര്‍' ആയിരുന്നു, പേര് ഐന്സ്റ്റൈന്! സത്യംപറഞ്ഞാല്‍ മലയാളംമാധ്യമത്തില്‍നിന്ന് ഇംഗ്ളീഷ്മീഡിയത്തിലേക്കെത്തിയപ്പോള്‍, മനസ്സിലാവാത്തതു മനസ്സിലായെന്നുപറഞ്ഞ് മനസ്സിലായതുകൂടി മനസ്സിലാവാതായി. സ്കൂളില്‍ കൊച്ചുകൊച്ചുക്ളാസ്സുമുറികളിലിരുന്നു പരിചയിച്ച എനിക്ക്, എണ്‍പതും നൂറുംവിദ്യാര്‍ഥികള്‍ക്കായുള്ള ലെക്ചര്‍-ഹാളുകളിലെ ബോര്‍ഡിലെഴുതുന്നത് തെളിഞ്ഞുകാണുന്നുണ്ടായിരുന്നില്ല. കണ്ണിനാകെ നീറ്റലും കടച്ചിലും. അച്ഛനു സംശയംതോന്നി കണ്ണു പരിശോധിപ്പിച്ചു. അങ്ങനെ കട്ടിക്കണ്ണടയ്ക്കുടമയായി. 'അടിമയായി' എന്നതാവും ശരി. അതോടെ 'നാല്‍ക്കണ്ണ'നെന്നായി ക്ളാസ്സിലെ പേര്. മുണ്ടുടുത്തതോടെ, കണ്ണടവച്ചതോടെ, തുള്ളിനടക്കാനുള്ള സ്വാതന്ത്ര്യവും പോയി. എന്നേക്കാളേറെ എണ്റ്റെ മുണ്ടിനെയും കണ്ണടയെയും ശ്രദ്ധിക്കേണ്ടിവന്നു എനിക്ക്, വീട്ടിലും വളപ്പിലും വെളിയിലും ബസ്സിലും ക്ളാസ്സിലുമെല്ലാം. ആണ്‍കുട്ടികള്‍ മാത്രമുള്ള കോളേജ്. അച്ചന്മാരുടെ അമിതമായ അച്ചടക്കനിയമങ്ങള്‍. ഉച്ചക്കൂണ് പൊതിച്ചോറഴിച്ച് ക്ളാസ്സിലിരുന്നുണ്ണുന്നവരും ബഹുനിലപ്പാത്രംതുറന്ന് സ്വന്തംകാറിലിരുന്നുണ്ണുന്നവരും. പല ഭാഷാശൈലികള്‍. പിള്ളേരുടെ പൂളുവച്ച പദപ്രയോഗങ്ങള്‍. അന്നുവരെ ശാസ്ത്രമെന്നും ഗണിതമെന്നും സാമൂഹ്യമെന്നുംമാത്രമറിഞ്ഞിരുന്ന പൊതുവിഷയങ്ങള്‍, ഒറ്റക്കൊറ്റക്കായി ഇഴപിരിഞ്ഞ് ഇളിച്ചുകാട്ടി. ഹിന്ദിയും മലയാളവും ഐച്ഛികമായിരുന്നതില്‍ മലയാളമെടുത്തു ഞാന്‍. പ്രൊഫ. എം. എം. മാണിയുടെയും പി. കെ. അലക്സ് ബേസിലിണ്റ്റെയും ശൈലീവിശേഷങ്ങള്‍ അങ്കലാപ്പിലാക്കി. പത്താംക്ളാസ്സില്‍ പഠിക്കാനുണ്ടായിരുന്ന 'സിന്ധു അവളുടെ കഥ പറയുന്നു' എന്ന രസികന്‍പുസ്തകമെഴുതിയ അലക്സ് ബേസില്‍തന്നെയോ അത് എന്നുവരെ സംശയമായി. എങ്കിലും സാറിനെന്നെ ഇഷ്ടമായിരുന്നു. ഇടക്കിടെ ചോദ്യംചോദിച്ച് 'സ്വാമി പറയണം' എന്നു നിര്‍ബന്ധിക്കും. ഇംഗ്ളീഷിനാണെങ്കില്‍ ഒരു ജേര്സണ് സാറുണ്ടായിരുന്നു. കോളേജ്-മാനേജുമെണ്റ്റിനോടുണ്ടായിരുന്ന പകയെല്ലാം ഷേക്സ്പിയറുടെ കഥാപാത്രങ്ങളിലൂടെ പറഞ്ഞുതീര്‍ക്കും. പുളിക്കന്‍മാഷ് ഇംഗ്ളീഷ്ഭാഷാപ്രയോഗത്തില്‍ പതിയെ പ്രാവീണ്യമുണ്ടാക്കിത്തന്നു. എങ്കിലും എണ്റ്റെ ശാസ്ത്രവിഷയങ്ങള്‍ ഇംഗ്ളീഷില്‍ പഠിച്ചെഴുതാനുള്ള കഴിവ് കഷ്ടിയായി തുടര്‍ന്നു. തലയില്‍കയറുംവരെ വീണ്ടുംവീണ്ടും വിഷയമോതിത്തന്നിരുന്ന സ്കൂള്‍-അധ്യാപകരെപ്പോലല്ലാതെ, ക്ളാസ്സില്‍വന്ന് വെറും 'ലെക്ചര്‍' നടത്തിപ്പോകുന്ന കോളേജ്-അധ്യാപകര്‍. കൊത്തേണ്ടതു കൊത്താനും കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനും വശമാക്കാന്‍ നന്നേ കഷ്ടപ്പെടേണ്ടിവന്നു. വെറുതെയല്ല പറയുന്നത്, "Lectures lecture, Professors profess, Teachers only teach" എന്ന്! അന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. കണിയാംപുറമായിരുന്നു. ഗൌരവവും രസികത്തവും ഒന്നിച്ചുകൊണ്ടുനടക്കാന്‍ കഴിയുമായിരുന്നു അദ്ദേഹത്തിന്. കോളേജില്‍ ചേരാന്‍പോയ ദിവസംതന്നെ എണ്റ്റെ പേരും വീട്ടുപേരും നോക്കിപ്പറഞ്ഞു, "You are Swamy, I am 'swami'. You are 'Kaniyamparambil', I am 'Kaniyampuram'". കൂടാതെ, കണക്കുക്ളാസ്സെടുത്തിരുന്ന പ്രസിദ്ധഗണിതജ്ഞന്‍ ഫാ. കോന്നുള്ളി ഒഴികെ മറ്റൊരു വൈദികനും അന്ന് എനിക്കു പ്രിയപ്പെട്ടവരായില്ല. കാരണം മറ്റുള്ളവര്‍ ഒന്നുകില്‍ ദൈവികംപറഞ്ഞു മടുപ്പിക്കുമായിരുന്നു. അല്ലെങ്കില്‍ അപഥസഞ്ചാരംകൊണ്ടു കുപ്രസിദ്ധരായിരുന്നു. അതിലൊരാള്‍ 'വിഷവടി'യെന്നുവരെ പേരുകേട്ടിരുന്നു. ഇന്നും പല അച്ചന്മാരും സുഹൃത്തുക്കളായുണ്ട്, നല്ലതും പേട്ടയും. ഇംഗ്ളീഷ്ഭാഷാവൈകല്യം മറികടക്കാന്‍ ഞാന്‍ ഒരു എളുപ്പവിദ്യ കണ്ടെത്തി. ആര്‍ക്കും വായിച്ചെടുക്കാനാവാത്തതരത്തില്‍ കുനുകുനെ കുത്തിക്കുറിച്ചെഴുതുക, ഡോക്ടര്‍മാരുടെ കുറിമാനംപോലെ; അക്ഷരത്തെറ്റൊന്നും കണ്ടുപിടിക്കാനാവാത്തവിധം. മാത്തമാറ്റിക്സിന് കാര്യമായ ഭാഷാനൈപുണ്യം ആവശ്യമില്ല. ഫിസിക്സിനും കെമിസ്റ്റ്രിക്കും നീട്ടിപ്പിടിച്ചൊന്നും എഴുതാനുമില്ല. ഇംഗ്ളീഷധ്യാപകര്‍ക്ക് എല്ലാവരുടെയും ഉത്തരക്കടലാസ്സുകള്‍ ഒരുപോലെ ചവറ്. കാര്യവും കാരണവും ഒരുപോലെ നീട്ടിപ്പിടിച്ചെഴുതേണ്ടിയിരുന്നത് സോഷ്യല്‍ സ്റ്റഡീസ് എന്ന അവിയല്‍വിഷയത്തിനായിരുന്നു. എനിക്കാണെങ്കില്‍ തലയും വാലുമില്ലാത്ത ചരിത്രാവബോധമേയുള്ളൂ. ഗുപ്തനാണോ മുഗളനാണോ ആദ്യം, അക്ബറാണോ ഔറംഗസേബാണോ മഹാന്, പാനിപ്പത്തെവിടെ കൊളച്ചല്‍ എവിടെ എന്നൊന്നും അറിയില്ല. കാരണം, മാറിമാറിവരുന്ന സര്‍ക്കാര്‍അധ്യാപകര്‍ അവര്‍ക്കുതോന്നുന്ന രീതിയില്‍ തോന്നുന്ന കാലക്രമത്തിലാണ് സ്കൂളില്‍ ചരിത്രം പഠിപ്പിച്ചിട്ടുള്ളത്; ആദ്യം സ്വാതന്ത്ര്യ സമരം, പിന്നെ ടിപ്പുസുല്‍ത്താന്‍, പിന്നെ കുഞ്ഞാലിമരക്കാര്‍, പിന്നെ ഇംഗ്ളീഷുകാര്, എന്നിങ്ങനെ..... രണ്ടാംമഹായുദ്ധം കഴിഞ്ഞ് ഒന്നാമത്തേത്. ഹിറ്റ്ലര്‍ കഴിഞ്ഞ് അലക്സാണ്ടര്‍. പൌരധര്‍മമെന്ന സിവിക്സോ രാഷ്ട്രീയമീമാംസയെന്ന പൊളിറ്റിക്കല്‍ സയന്‍സോ പഠിക്കാനുണ്ടായിട്ടും പഠിപ്പിച്ചിട്ടില്ല. ആ പശ്ചാത്തലത്തിലാണ് കോളേജിലെ സോഷ്യല്‍ സ്റ്റഡീസിലെ ലോകത്തിലെ വിപ്ളവങ്ങളും നവോത്ഥാനങ്ങളൂം ഏകീകരണങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും പഠിച്ച് പരീക്ഷയെഴുതേണ്ടത്. ആദ്യപരീക്ഷക്ക് ഉള്ളതുവച്ച് കാക്കക്കുറിമാനമെഴുതി. മാത്യു പൈലി എന്ന ചെറുപ്പക്കാരനായിരുന്നു സോഷ്യല്‍ സ്റ്റഡീസ് അധ്യാപകന്. സുമുഖന്‍. കാലുറയിട്ട് മോടിയില്‍ ഒരു 'ലാംബ്രട്ട'യില്‍ വരും. അന്ന് അതിവിരളമാണ് സ്കൂട്ടര്‍. ആനച്ചന്തത്തില് ക്ളാസ്സില്‍ കയറിയാല്‍ പിന്ബെഞ്ചിലെ പൂച്ചകരച്ചിലും കാക്കകരച്ചിലുമെല്ലാം അടങ്ങിക്കൊള്ളും. കാരണം കൂടെക്കൂവാനും കൂവിജയിക്കാനും കൂസാത്ത പ്രകൃതമായിരുന്നു ആ യുവ അധ്യാപകണ്റ്റേത്. പരിശോധനകഴിഞ്ഞ് മാര്‍ക്കിട്ട് ഉത്തരക്കടലാസ്സുകള്‍ തിരിച്ചുതരുമ്പോള്‍ എണ്റ്റെ ഊഴമായി. പൈലിസാര്‍, മാര്‍ക്കിടാത്ത എണ്റ്റെ പേപ്പര്‍ എണ്റ്റെ മുന്നിലേക്കെറിഞ്ഞു. "ഇതു താന്‍ തന്നെ വായിച്ചു മാര്‍ക്കിട്ടോ" എന്നൊരു ശാസനയും. "അടുത്ത തവണയും ഇതാണു കയ്യക്ഷരമെങ്കില്‍ വട്ടപ്പൂജ്യം തരും. വരുന്ന അവധിക്കാലത്ത് നാല്‍വരിപ്പുസ്തകത്തില്‍ കോപ്പിയെഴുതി കയ്യക്ഷരം നന്നാക്കുന്നതാവും നല്ലത്". ഞാനത് അക്ഷരാര്‍ഥത്തില്‍ തന്നെ നടപ്പാക്കി. അഞ്ചാംക്ളാസ്സില്‍ ചെയ്തതുമാതിരി, A,B,C,D-യില്‍തുടങ്ങി, കൂട്ടെഴുത്തും കൂട്ടക്ഷരവും വരിയും വാചകവുമെല്ലാമായി ഒന്നുരണ്ടു പുസ്തകം തീരുംവരെ കോപ്പിയെഴുതി കൈയക്ഷരം നന്നാക്കി. ഇംഗ്ളീഷിലെ എണ്റ്റെ കൈയക്ഷരം പക്ഷെ അന്നേക്ക് ഉറച്ചുപോയ എണ്റ്റെ മലയാളം കൈയക്ഷരംമാതിരിത്തന്നെ, ചക്കക്കുരുപോലെ മുഴുത്തുമുഴുത്തതായി. എന്നാലുമെന്താ, അടുത്ത പരീക്ഷക്ക് എണ്റ്റെ ഉത്തരക്കടലാസ്സുകണ്ട് പൈലിസാര്‍ പറഞ്ഞു തനിക്ക് പേപ്പര്‍ വായിക്കേണ്ടിവന്നില്ലെന്ന്, പേപ്പര്‍ തന്നെ തുറിച്ചുനോക്കിയെന്ന്. ആകപ്പാടെ എനിക്കു കഷ്ടപ്പെട്ടു മനസ്സിലാക്കാന്‍ സാധിച്ച Unification of Germany, Unification of Italy, Malthusian Theory of Population എന്നീ മൂന്നു കാര്യങ്ങള്‍കൊണ്ടു പരീക്ഷയെഴുതി മാന്യമായി പാസ്സായി. ഇന്ന് എണ്റ്റെ അക്ഷരം ആരെങ്കിലും നന്നെന്നുപറയുമ്പോള്‍ ഞാന്‍ മാത്യു പൈലി സാറിനെയാണൂ മനസ്സില്‍ കുമ്പിടുക. ഞാന്‍ ഇംഗ്ളീഷും മലയാളവും ഹിന്ദിയും ഇടകലര്‍ത്തിയെഴുതിയാല്‍ അത്രപെട്ടൊന്നൊന്നും വടിവില്‍നിന്നതു കണ്ടുപിടിക്കാനാവില്ല. ഈ മൂന്നുഭാഷകളിലുള്ള എണ്റ്റെ കയ്യൊപ്പും പരസ്പരം പകരംവയ്ക്കാം. അദ്ദേഹം പിന്നെ രാഷ്ട്റീയത്തില്‍ കടന്നു. ഒരിക്കല്‍ അസംബ്ളിയിലേക്കു മത്സരിച്ചുതോറ്റെന്നു കേട്ടു. പിന്നീട് പ്രൊഫ. മാത്യു പൈലി കൊച്ചി മേയറായി. ഒരിക്കല്‍ എറണാകുളം റെയില്‍വേസ്റ്റേഷനില്‍ പ്രൊഫ. എം. കെ. പ്രസാദിനോടൊത്തുവരുമ്പോള്‍ അദ്ദേഹം കാലങ്ങള്‍ക്കുശേഷം എന്നെ തിരിച്ചറിഞ്ഞത് എനിക്കാഹ്ളാദമായി. അക്ഷരം നന്നാക്കിയതോടെ ഭാഷ നന്നാക്കുന്നതിനായി ശ്രമം. അതുവരെ ഞാന്‍ കാര്യമായി ഇംഗ്ളീഷുപുസ്തകങ്ങളൊന്നും വായിച്ചിരുന്നില്ല. എന്തിന്, മലയാളപുസ്തകങ്ങള്‍ കൂടി വളരെക്കുറച്ചേ വായിക്കാന്‍ കിട്ടിയിരുന്നുള്ളൂ. കോളേജ് ലൈബ്രറിയാണെങ്കില്‍ വിദ്യാര്‍ഥികളെ ബോധപുര്‍വം അകറ്റിനിര്‍ത്താനുള്ളതരത്തിലായിരുന്നു. കീറിപ്പറിഞ്ഞ കാറ്റലോഗുനോക്കിവേണം പുസ്തകം തെരെഞ്ഞെടുക്കാന്‍. എന്നിട്ടത് ഒരു ഫോമിലെഴുതി ലൈബ്രേറിയനെ ഏല്‍പ്പിക്കണം. മൂന്നുപുസ്തകങ്ങളുടെ പേരും നമ്പറുമെല്ലാം എഴുതിക്കൊടുത്താലേ ഒന്നെങ്കിലും തരമാകൂ. ക്യൂനിന്ന് കൂപ്പണ്‍കൊടുത്ത് പുസ്തകം കയ്യില്‍കിട്ടുമ്പോഴേക്കും ക്ളാസ്സുതുടങ്ങിയിരിക്കും. കൂപ്പണിനെല്ലാം കാശു വേറെ കൊടുക്കണം. പുസ്തകം തിരിച്ചേല്പ്പിക്കുമ്പോള് സമയം വൈകിയാല്‍ ഫൈന്‍. പുസ്തകത്തിണ്റ്റെ ഓരോതാളും ലൈബ്രേറിയന്‍ മറിച്ചുനോക്കും. ഏതെങ്കിലും പേജ് കീറിയിട്ടുണ്ടെങ്കില്‍, ഏതെങ്കിലും താളില്‍ എന്തെങ്കിലും വരച്ചിട്ടുണ്ടെങ്കില്‍ അതിനും ഫൈന്‍. പഴയ കീറലിലും വരപ്പുകളിലും ലൈബ്റേറിയന്‍ ഒപ്പുവച്ചിട്ടുണ്ടാകും. ഒപ്പില്ലാത്തതെല്ലാം പുതിയ ആളുടെ തലയില്‍ കെട്ടിവയ്ക്കും. അതിണ്റ്റെ കൂടെ അല്പം അസഭ്യവും കേള്‍ക്കണം. വായനയുടെ കൂമ്പടയാന്‍ വേറെ വഴി വേണ്ടായിരുന്നു. എന്നിട്ടും കുറെ പുസ്തകങ്ങള്‍ എടുത്തുവായിച്ചു. തോമസ് ഹാര്‍ഡിയുടെ 'The Woodlanders' ആദ്യപേജ് ഒന്നുവായിച്ചതോടെ ക്ഷീണിച്ചു. എന്നിട്ടും വിട്ടില്ല. തുടര്‍ന്ന് നാലഞ്ചു നോവലുകള്‍ കഴിഞ്ഞപ്പോഴേക്കും ഇംഗ്ളീഷില്‍ ഒന്നു പയറ്റാമെന്നായി. കൂടെ കുറ്റിപ്പുഴയുടെയും കോവൂരിണ്റ്റെയും തകഴിയുടെയും എംടിയുടെയും കൃതികള്‍കൂടിയായപ്പോള്‍ മലയാളത്തിലും പിടിച്ചുനില്‍ക്കാമെന്നായി. ക്ളാസ്സിലെ പഠനത്തേക്കാള്‍ ലബോറട്ടറിയിലെ പ്രായോഗികപരിശീലനമായിരുന്നു എനിക്കു രസകരമായി തോന്നിയത്. അവിടെയും ഒരുപാടു നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പഞ്ചേന്ദ്രിയങ്ങള്‍ക്കു പരിശീലനമേകാന്‍പോന്നതായിരുന്നു അവിടത്തെ പഠനപരീക്ഷണങ്ങള്‍. ഫിസിക്സില്‍ ശ്രീനിവാസന്‍സാറും കെമിസ്റ്റ്രിയില്‍ ഡോ. ബെഞ്ചമിനും കണക്കില്‍ ഇളയതുമാഷും എനിക്കു വഴികാട്ടിയായി. എണ്റ്റെ ജ്യേഷ്ഠണ്റ്റെ വിദ്യാര്‍ഥിയായിരുന്ന ജോസാണ്റ്റോ, എണ്റ്റെ അധ്യാപകനായി. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം വേറൊരിടത്ത് ഞങ്ങള്‍ സഹപ്രവര്‍ത്തകരുമായി! സഹപാഠികള്‍ പൊതുവെ വിമുഖരായിരുന്നു പരസ്പരം. ഒരു കൂട്ടായ്മയും ഉരുത്തിരിഞ്ഞില്ല അക്കാലത്ത്. ഒരു പക്ഷെ അന്നത്തെ സാമ്പത്തിക-സാമൂഹ്യപരിസ്ഥിതി ആയിരുന്നിരിക്കാം കാരണം. ഭക്ഷണക്ഷാമവും 'കോഴിറേഷ'നും ആഭ്യന്തരസമരവും അതിര്‍ത്തിയുദ്ധവും തീപ്പിടിച്ചിരുന്ന സമയമായിരുന്നല്ലോ അറുപതിണ്റ്റെ അവസാനവര്‍ഷങ്ങള്‍. ആദ്യമായി ലാത്തിചാര്‍ജ് കണ്ടതന്നാണ്. കോളേജിനടുത്തെത്തിയപ്പോള്‍ ബസ്സുനിര്‍ത്തി ആളെയിറക്കി. ഇറങ്ങിയതോ ഒരാള്‍ക്കൂട്ടത്തിനിടയിലേക്ക്. പോലീസുകാര്‍ പാഞ്ഞുവരുന്നു. കണ്ണില്‍കണ്ടവരെയെല്ലാം തല്ലിച്ചതയ്ക്കുന്നു. ഞാനോടി. മാര്‍ക്കറ്റ്റോഡിലെ ഊടുവഴികള്‍കടന്ന് 'മേനക'യിലെത്തിയപ്പോള്‍ അവിടെയും പോലീസ്. അവിടന്നും ഓടി ബോട്ട്ജെട്ടിയിലെത്തി ഒരു ബസ്സില്‍കയറി വീട്ടില്‍ തിരിച്ചുകയറിയപ്പോഴേ ശ്വാസം നേരെയായുള്ളൂ. ഒരു 'യുദ്ധം'കണ്ടതും അക്കാലത്താണ്. പാകിസ്താനുമായി സംഘര്‍ഷമുള്ള കാലം. രാവേറെച്ചെന്നപ്പോള്‍ സൈറണ്‍ മുഴങ്ങി. സൈറണ്‍കേട്ടാല്‍ വീട്ടിലെ വിളക്കെല്ലാമണച്ച് 'ബ്ളാക്-ഔട്ട്'ആക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു പരക്കെ. വിമാനങ്ങളുടെ ഇരമ്പല്‍. ഇടിമുഴക്കംപോലെ വിമാനവേധത്തോക്കുകളുടെ ശബ്ദം. പടിഞ്ഞാറന്മാനത്ത് പൂരപ്പടക്കംപോലെ വാണപ്പാച്ചില്‍. അല്പസമയത്തിനുള്ളില് എല്ലാം ശാന്തമായി. 'ഓള് ക്ളിയര്‍' സൈറന്‍കിട്ടി. പിറ്റേന്നറിഞ്ഞു, പാകിസ്താന്‍വിമാനങ്ങള്‍ കൊച്ചിതുറമുഖം ആക്രമിക്കാനെത്തിയെന്നും തിരിച്ചോടുമ്പോള്‍ ഒരു ബോംബ് വഴിതെറ്റിവീണ് വല്ലാര്‍പാടത്തെ ചതുപ്പില്‍ പുതഞ്ഞുപോയെന്നും. ബോംബെ ആയിരുന്നത്രെ അവര്‍ ലക്ഷ്യമിട്ടിരുന്നത്. അവിടത്തെ സന്നാഹങ്ങള്‍ മുറിച്ചുകടക്കാനാവാതെവന്നപ്പോഴത്രെ കൊച്ചിയെത്തേടിവന്നത്. അതിനായി ശ്രീലങ്കയാണ് ഇടത്താവളമൊരുക്കിക്കൊടുത്തതെന്നും സംസാരമുണ്ടായിരുന്നു. 'ബ്രദര്‍' ഐന്‍സ്റ്റൈനെക്കൂടാതെ റോയ്, സ്റ്റാന്‍ലി റിച്ചാറ്‍ഡ്സ്, നസീര്‍, നാരായണന്, നാരായണന് നമ്പൂതിരി, ആര്യന്‍നമ്പൂതിരി, ശ്റീരാം, രാമസ്വാമി, മറ്റൊരു നാരായണസ്വാമി, സുഭാഷ് എന്നിവരെയൊക്കയേ ഇന്ന് ഓര്‍മയിലുള്ളൂ. ശ്രീരാമും ഞാനും പ്രൈമറിക്ളാസ്സുതൊട്ടേ സഹപാഠികളായിരുന്നൂ. അടുത്തടുത്ത വീടുകളിലായിരുന്നതിനാല്‍ ഞങ്ങള്‍ മൂന്നാലു കുട്ടികള്‍ ഒന്നിച്ചാണ് പള്ളിക്കൂടത്തില്‍നിന്നു മടങ്ങുക. പിരിയുമ്പോള്‍ അന്നൊരു പതിവുണ്ട്, 'ഈയടി നാളെ'. കൂട്ടത്തിലുള്ള ഒരാളെ അടിച്ചിട്ടോടുന്നതിലാണു മിടുക്ക്. തിരിച്ചടിക്കാന്‍കഴിഞ്ഞാല്‍ അതിലുംമിടുക്ക്. ഒരുദിവസം കൂട്ടത്തിലാരുടെയോ അടികൊണ്ട് ഒരുകുട്ടി കരഞ്ഞു. എന്തോ തെറ്റിദ്ധരിച്ചതുകൊണ്ടാകണം, അടിച്ചതു ഞാനാണെന്ന് ശ്രീരാം ആ കുട്ടിയുടെ വീട്ടില്‍ പറഞ്ഞു. അതറിഞ്ഞ് അമ്മ എന്നെ ഒരുപാടു വഴക്കുപറഞ്ഞു. അടിച്ചതു ഞാനല്ലെന്നു പറഞ്ഞിട്ട്` വിശ്വസിക്കാന്‍ ആരുമില്ലായിരുന്നു, കാരണം ശ്രീരാം നല്ല കുട്ടിയായിരുന്നു. പിറ്റേന്നുതൊട്ട് എനിക്കു വാശിയായി, വൈരാഗ്യമായി. ഏഴെട്ടുവര്‍ഷം ഞാന്‍ ശ്രീരാമിനോട് മിണ്ടാതെ നടന്നു. മുന്നിലോ നാലിലോ പഠിക്കുമ്പോഴായിരുന്നു അത്. സെയ്ണ്റ്റ് ആല്‍ബെര്‍ട്സിലെ ആദ്യദിവസത്തെ ക്ളാസ്സില്‍ എണ്റ്റെ അടുത്ത ബെഞ്ചിലിരിക്കുന്നു ശ്രീരാം! ഞങ്ങളുടെ കണ്ണുകളിടഞ്ഞു. കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ ഒരു പൊട്ടിച്ചിരിയായി. പഴയ പിണക്കം അതോടെ മറന്നു ഞങ്ങള്‍. ബാലിശത്തിനു ബലം അത്രക്കൊക്കെയേ ഉള്ളൂ! രണ്ടാംവര്‍ഷമായപ്പോഴേക്കും അല്പമെല്ലാം മുതിര്‍ന്നെന്നായി; അല്പം ആത്മവിശ്വാസവുമായി. 'യീസ്റ്റ്' എന്ന തലക്കെട്ടില്‍ മലയാളത്തില്‍ ഞാനാദ്യമായെഴുതിയ ശാസ്ത്രലേഖനം കോളേജ് മാഗസീനില്‍ അച്ചടിച്ചുവന്നത് അതിസന്തോഷമായി. മാഗസീന് കവറിന് ഞാനൊരു ഡിസൈനും വരച്ചുകൊടുത്തിരുന്നു. പെന്‍സിലില്‍ സ്കെച്ചുചെയ്തിരുന്ന അത് ഇന്ത്യന്‍-ഇങ്കില്‍ ആക്കാന്‍ എഡിറ്റര്‍ ആവശ്യപ്പെട്ടു. എനിക്കുണ്ടോ അറിയുന്നൂ ഇന്ത്യന്‍ഇങ്ക് എന്താണെന്നും അച്ചടിക്കാന്‍പാകത്തിന് ചിത്രമെങ്ങിനെ പാകപ്പെടുത്തണമെന്നും! ആ ശ്രമം ചാപിള്ളയായി. അടുത്തുണ്ടായിരുന്ന 'കേരളടൈംസ്' പ്രസ്സില്‍ ഇടയ്ക്കെല്ലാം ഒളിഞ്ഞുനോക്കി അച്ചടിക്കാര്യങ്ങള്‍ പഠിക്കാന്‍ശ്രമിച്ചതും ഫലവത്തായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീ ജോണ്‍ പോളിണ്റ്റെ ഉത്സാഹത്തില്‍ അവരുടെ പത്രങ്ങളില്‍ കവിതകളുംമറ്റും പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞതു ഭാഗ്യമായിക്കരുതുന്നു. അന്ന് അതിണ്റ്റെ എഡിറ്റര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ('മാധ്യമവിചാരം') ആയിരുന്നെന്ന് എനിക്കറിവില്ലായിരുന്നു. കോളേജില്‍ അന്നത്തെ വിദ്യാര്‍ഥിനേതാക്കളിലെ ഡൊമിനിക് പ്റസെണ്റ്റേഷന്‍ എം. എല്‍ എ. ആയി, മന്ത്രിയായി. വര്‍ഷാവസാനം, മലയാളത്തിന് ഏറ്റവുംകൂടുതല്‍ മാര്‍ക്കുവാങ്ങിയതിന് സമ്മാനംകിട്ടിയതും ഒരു പ്രോത്സാഹനമായി. ഫിസിക്സിലെ പ്രാക്റ്റിക്കല്‍പരീക്ഷക്ക് മഹാരാജാസ്കോളേജിലെ പ്രൊഫ. തുളസിയായിരുന്നു പരീക്ഷക. എല്ലാവരുംപറഞ്ഞു സര്‍ക്കാര്‍അധ്യാപകര്‍ പ്രൈവറ്റ്കോളേജില്‍ പരീക്ഷക്കുവരുമ്പോള്‍ കുട്ടികളെ കഷ്ടപ്പെടുത്തി മാര്‍ക്കുകുറയ്ക്കുമെന്ന്. എനിക്ക് അവര്‍ മാര്‍ക്ക് വാരിക്കോരിത്തന്നു (പിറ്റേവര്‍ഷം ഫിസിക്സ് ഡിഗ്രിക്ളാസ്സില്‍ അവരെണ്റ്റെ അധ്യാപികയായി മഹാരാജാസില്‍. ആല്‍ബെര്‍ട്സിലെ എണ്റ്റെ കെമിസ്റ്റ്രി അധ്യാപകന് ഡോ. ബെഞ്ചമിന്‍, മഹാരാജാസില്‍ എണ്റ്റെ പരീക്ഷകനുമായിവന്നു. അദ്ദേഹവും എനിക്ക് വാരിക്കോരിത്തന്നു മാര്‍ക്ക്). എങ്കിലും വാര്‍ഷികപ്പരീക്ഷക്ക് വലിയ പ്രകടനമൊന്നും എനിക്കു കാഴ്ചവയ്ക്കാനായില്ല. പട്ടണത്തിലെ മിടുക്കന്മാര് ബഹുദൂരം മുന്നിലായിരുന്നു. അതിവേഗം നടക്കാനുറച്ചായിരുന്നു അടുത്തപടി എണ്റ്റേത്.
അബദ്ധങ്ങള്‍ സുബദ്ധങ്ങള്‍
വിഡ്ഢിത്തത്തിനൊരു വീരചക്രമുണ്ടെങ്കില്‍ അതെനിക്കാകുന്നതില്‍ തെറ്റില്ല. വീടെന്നോ വിദേശമെന്നോ വിഡ്ഢ്യാസുരന്മാര്ക്ക് വ്യത്യാസമില്ല. അടുക്കളയും അരങ്ങും ഒരുപോലെ. പലപ്പോഴും അബദ്ധങ്ങള്‍ സുബദ്ധങ്ങളാകുന്നതും എണ്റ്റെ വിഡ്ഢിത്തത്തിണ്റ്റെ പലതില്‍ ഒരു രീതി. യാത്രകളും വിഭിന്നവ്യക്തികളും ജനസഞ്ചയങ്ങളുമായുള്ള ഇടപെടലുകളും അനുഭവങ്ങളേക്കാളേറെ അറിവുകളാണ്. തന്നെ തന്നില്‍നിന്നുമാറ്റിനിര്‍ത്തി, മനസ്സിനെ തുണിയുരിച്ചുകാണാന്‍ അവ വഴിയൊരുക്കുന്നു. സംസ്കാരങ്ങളുടെ കൈവഴികള്‍ പലതാണ്. താന്‍ ശീലിച്ചുപോന്ന താവഴിയില്‍നിന്നുവേറിട്ട്, മറ്റൊന്നുമായി ഇടപഴകുമ്പോള്‍ അബദ്ധങ്ങളൂണ്ടാകാം. തിരിഞ്ഞുനിന്ന് അവ സുബദ്ധങ്ങളായിക്കണ്ടാല്‍ അറിവിണ്റ്റെ അറകള്‍ നിറപറയാകും. ദര്‍ശനംതൊട്ട് സ്പര്‍ശനംവരെയും മണംതൊട്ട് മദംവരെയും രസനതൊട്ട് രസികത്തംവരെയും ലൌകികതതൊട്ട് ലൈംഗികതവരെയും സംഗമംതൊട്ട് സര്‍ഗാത്മകതവരെയും കുസൃതിതൊട്ട് ക്രൂരതവരെയും കരുണതൊട്ട് കൂടോത്രംവരെയും വ്യത്യസ്തമാണ് ജനഗണമനം ഈ ഉലകില്. ഒരുവ്യക്തിയുടെ ഒറ്റപ്പെട്ട പെരുമാറ്റം ആ സമൂഹത്തിണ്റ്റെ പൊതുസ്വഭാവമാണെന്നു പറഞ്ഞുകൂടാ. എങ്കിലും ഒരു സമൂഹത്തിണ്റ്റെ പെരുമാറ്റരീതികള്‍ വ്യക്തികളില്‍നിന്നു മനസ്സിലാക്കാനായേക്കും ഒരു പരിധിവരെ. കാക്കയെ അനുകരിച്ച് ചെരിഞ്ഞു ചെരിഞ്ഞുനോക്കി ജനലഴികള്‍ക്കിടയില്‍ തലകുരുങ്ങുന്നതും ഉണ്ണിക്കണ്ണന്‍കളിച്ച് അടുക്കളയിലെ ഉറിയില്‍ മൂക്കുടക്കുന്നതും കറിക്കു താളിക്കുമ്പോള്‍ കടുകുമണികള്‍ മുടിക്കുള്ളില്‍ കൃത്യമായി പറന്നിറങ്ങുന്നതും പൊട്ടിയ വൈദ്യുതവയര്‍ കെട്ടിശരിയാക്കുമ്പോള്‍ കറണ്ടുപോയിരുന്നതൊന്നുകൊണ്ടുമാത്രം ചാവാതെ രക്ഷപ്പെടുന്നതും കടിക്കുന്നതെന്തെന്നതറിയാതെ അടിക്കുപ്പായത്തില്‍ ഒരു പകല്‍മുഴുവന്‍ പഴുതാരയെ കൊണ്ടുനടക്കുന്നതും പശുക്കള്‍ സ്വാദോടെ പച്ചപ്പുല്ലുതിന്നുന്നതു കണ്ടു കൊതിച്ച് അവയെപ്പോലെ നാലുകാലില്‍നിന്ന് പുല്ലുതിന്ന് തൊണ്ടയില്‍കുരുങ്ങി ശ്വാസംമുട്ടി കണ്ണുതള്ളുന്നതും വെറും കടലാസ്കൊണ്ട് കൈമുറിയുന്നതും ജീവിതത്തില്‍ ആദ്യവും അവസാനവുമായി ക്രിക്കറ്റ്കളിക്കുമ്പോള്‍ പാഞ്ഞുവന്നപന്ത് അരക്കടിയിലും വീശിയടിച്ച ബാറ്റ് സ്വന്തം പുറത്തും പതിക്കുന്നതും -- ഒരു പുരുഷായുസ്സില്‍ വീരകൃത്യങ്ങള്‍ ഇത്രയൊക്കെ പോരേ? പോരെങ്കില്‍ -- ജീര്‍ണിച്ച മതില്‍പ്പുറത്തുവലിഞ്ഞുകയറി അതിനോടൊപ്പം മറിഞ്ഞുവീഴുമ്പോള്‍ നെഞ്ചിന്‍പുറത്തെ വെട്ടുകല്ലെടുത്തുമാറ്റി യേശുവിനെപ്പോലെ ഉയിര്ത്തെഴുന്നേല്ക്കുന്നതും ചുറ്റുമുള്ളവരെ വെറുതെവിട്ട് എന്നെമാത്രം വട്ടമിടുന്ന കൊതുക് ഞാന്‍ പോകുന്നിടത്തെല്ലാം എനിക്കുമുമ്പേ പറന്നുകയറുന്നതും മൂന്നാംദിവസം അതിനെ വകവരുത്താനാകുന്നതും! ഒരിക്കല്‍ ഗോവയ്ക്കുപോകുംവഴി മംഗലാപുരംട്റെയിന്‍ കണ്ണൂരിനടുത്തുവച്ച് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു. തലയ്ക്കുപിന്നില്‍ ക്ഷതമേറ്റ ഞാനും കൂട്ടരും നാട്ടുകാര്‍തന്ന കരിങ്കല്ലുകൊണ്ടു കതകിടിച്ചുതുറന്നു പുറത്തുചാടി. അഗ്നിശമനസേന ഞങ്ങളെ കണ്ണുരുവരെ കൊണ്ടുചെന്നാക്കി. അവിടന്ന് ഒരുവിധം ബസ്സില്‍കയറി മംഗലാപുരത്തെത്തിയ ഞാന്‍, ഒരു ഹോട്ടലില്‍ മുറിയെടുത്തു വിശ്രമത്തിനായി. ഹോട്ടല്‍ക്കാരോടുപറഞ്ഞ് ഒരു ഫോണോഗ്രാം (ടെലിഫോണ്‍വഴി ബുക്കുചെയ്യുന്ന ടെലഗ്രാം -- അന്നതിന് വലിയ ചെലവാണ്. നാട്ടിലും വീട്ടിലുമൊന്നും ടെലിഫോണ്‍ വ്യാപകമല്ലാത്ത കാലവും) -- നാട്ടിലെ അമ്മയ്ക്കയപ്പിച്ചു: 'REACHED SAFELY'. കാരണം, പിറ്റേദിവസത്തെ പത്രത്തില്‍ അപകടത്തെപ്പറ്റി അറിയുമ്പോള്‍ അമ്മയാകെ ബേജാറാകും. സംഭവിച്ചതു മറിച്ച്. അന്നേദിവസം വടക്കെ ഇന്ത്യയിലുണ്ടായ ഒര് വന്‍തീവണ്ടിയപകടത്തിണ്റ്റെ നിഴലില്‍, നിറവില്‍, ഈ ന്യൂസ് അത്ര കാര്യമായില്ല. പൊതുവെ നാട്ടിലേക്കു പതിവായി കത്തയക്കാത്ത (അമ്മ അതിനെപ്പറ്റി പരിഭവിച്ചിരുന്നു; പിന്നെ അമ്മമാര്‍ക്ക് മക്കളില്‍നിന്ന് എത്ര എഴുത്തുകിട്ടിയാലും മതിയാവുകയുമില്ലല്ലോ) എണ്റ്റെ കമ്പിസന്ദേശം കിട്ടിയപ്പോള്‍ അമ്മയുടെ കമണ്റ്റ്: 'കത്തെഴുതാത്തതിനു പരാതിപറഞ്ഞപ്പോള്‍ കമ്പിയടിച്ചിരിക്കുന്നു. അവന് ഗോവയില്‍ എത്തിയിട്ടുപോലുമില്ല. നോക്കൂ മംഗലാപുരത്തുനിന്നാണിത്. സ്വതേ ഉത്തരവാദിത്വമില്ലാത്തവന്‍ ഇപ്പോള്‍ നുണയും പറഞ്ഞുതുടങ്ങിയിരിക്കുന്നു.' അമ്മമാരുടെ കാകദൃഷ്ടിയില്‍നിന്നു രക്ഷപ്പെടാന്‍ നമുക്കാവില്ല. എണ്റ്റെ പ്രിയപ്പെട്ട വിഡ്ഢിത്തങ്ങളിലൊന്ന്, എറണാകുളത്ത് പഴയ ശൈലിയില്‍ പരവതാനിയിലിരുന്ന് തുണിനോക്കിവാങ്ങേണ്ടിയിരുന്ന ഒരു തമിഴ് ജൌളിക്കടയില്‍ 'ഞായര്‍ വിടുമുറൈ' (ഞായറാഴ്ച്ച മുടക്കം) എന്ന് തമിഴിലെഴുതിവച്ചിരുന്നത് 'നായര്‍ വീടുമുറൈ' (നായര്‍തറവാട്ടുചിട്ട) എന്നു ഞാന്‍ മനസ്സിലാക്കിയതാണ്. അതിനടുത്തസ്ഥാനമാണ് എണ്റ്റെ ഭാര്യ, 'ഓട്ടോഗ്രാഫ്' എന്ന സിനിമയിലെ 'ന്യാപകം വരുതേ' (ഓര്‍മകള്‍ വരവായ്) എന്ന പാട്ടിലെ 'കിരാമത്തു വീട്' (ഗ്രാമത്തെ വീട്) എന്നതു കേട്ട് അത് 'കാമത്തു വീട്' ആണെന്നു ധരിച്ച കഥയ്ക്ക് -- ആലപ്പുഴയില്‍ കൊങ്ങിണി-കാമത്തുമാര്‍ ഏറെയുണ്ടെന്ന ഭാര്യയുടെ 'മുന്നറിവ്' പശ്ചാത്തലത്തില്‍. ബോംബെയില്‍ 'ബഹുരംഗിസ്പര്‍ധ' (വിവിധകലാമത്സരങ്ങള്‍) എന്തോ ജാതിലഹളയാണെന്നു ഞാന്‍ മനസ്സിലാക്കിയതും മോശമില്ലാത്തതാണ്. ഹിന്ദിയിലെ കാല്-മുക്കാല്‍-ഒന്നര-രണ്ടരയും മറാഠിയിലെ കച്ചറപ്പെട്ടിയും തെലുങ്കണ്റ്റെ '-അണ്ടി'യും കന്നഡക്കാരണ്റ്റെ 'സ്വാമി'യും ഗുജറാത്തിയുടെ 'ഛേ'യും പഞ്ചാബിയുടെ 'അകടം പകട'വും ബംഗാളിയുടെ 'കൊഥാ'യും എന്നെ വേണ്ടുവോളം കുഴക്കിയിട്ടുണ്ട്. പൂണെയിലെ ഒരു അതിഥിമന്ദിരത്തിലെ ഇലക്ട്രിക് ഗീസര്‍ ഞാന്‍ സ്വിച്ചിട്ടപ്പോള്‍ പൊട്ടിത്തെറിച്ചത് ആകസ്മികമാകാം. കാര്‍വാറിലെ ലോഡ്ജൊന്നില്‍ സ്വിച്ചിട്ടപ്പോള്‍ ബള്‍ബു പൊട്ടിത്തെറിച്ചതും ആകസ്മികമാകാം. ദില്ലിയിലെ ഐ.ഐ.ടി. അതിഥിമന്ദിരത്തിലെ പൈപ്പുവെള്ളത്തില്‍ കൈകഴുകിയപ്പോള്‍ കൂടുതല്‍ കൂടുതല്‍ കൈനാറിയത് ശുദ്ധജലത്തിനുപകരം ഓടവെള്ളം വന്നതുകൊണ്ടായിരിക്കാം. ശാന്തമായിക്കിടന്ന അറബിക്കടലും കരയാല്‍ ചുറ്റപ്പെട്ട റിഹാന്ത് കൃത്രിമത്തടാകവും കലങ്ങിമറിഞ്ഞ് ബോട്ടിനെ നിയന്ത്രണാതീതമായി ആട്ടിയുലച്ചത് ഞാനുണ്ടായിരുന്നതൊന്നുകൊണ്ടാണെന്നത് സഹപ്രവര്‍ത്തകരുടെ പരദൂഷണമാകാം. ദുബൈ വിമാനത്താവളത്തിലെ ടൈല്സിട്ടു മോടിപിടിപ്പിച്ച പ്രാര്‍ഥനാമുറി, ടോയ്ലറ്റാണെന്നു തെറ്റിദ്ധരിച്ച് അകത്തുകയറി അതേ വേഗത്തില്‍ തിരിച്ചുചാടിയ വെള്ളക്കാരണ്റ്റെ ഇളിഭ്യച്ചിരിയുടെ മുന്നില്‍ ഇവ ഒന്നുമല്ലെന്നും എനിക്കറിയാം. നോര്‍വേയില്‍ വിലപിടിച്ച അത്യാധുനിക കോഫി-മെഷീനില്‍, വെള്ളമൊഴിക്കേണ്ടിടത്ത് കാപ്പിപ്പൊടിയും പൊടിയിടേണ്ടിടത്ത് പച്ചവെള്ളവും നിറച്ചത് ഞാനുമല്ല. ബോംബെയിലേക്കു തിരിച്ചുപോകാനാവാതെവന്ന പരിത:സ്ഥിതിയില്‍ അവിചാരിതമായി ആലിബാഗിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഒരു ബ്രിട്ടീഷുകാരന്‍സായിപ്പിനൊത്ത് രാത്തങ്ങേണ്ടിവന്നപ്പോള്‍, അയാള്‍ ഉറങ്ങാന്‍ നേരം തുണിയെല്ലാമൂരി പുതപ്പുംവലിച്ചിട്ടു കിടന്ന കാഴ്ചയും മറന്നിട്ടില്ല. ഉടുതുണിക്കു മറുതുണിയില്ലാതായിപ്പോയ ആ ദിവസം മുഴുവന്‍ പാണ്റ്റും ഷര്‍ട്ടുമെല്ലാമിട്ട് ഉണ്ടും ഉറങ്ങിയും കഷ്ടപ്പെട്ടത് ഞാന്‍ മാത്രം. സന്മാര്ഗം സമൂഹത്തിനൊത്ത് മാറിമാറിയിരിക്കും. തലേന്ന് നോര്‍വെ സര്‍വകലാശാലയില്‍ കണ്ടപ്പോള്‍ ഒരു സുഹൃത്ത് കൂടെയുള്ളവളെ ഭാര്യയെന്നു പരിചയപ്പെടുത്തി. പിറ്റേന്നൊരു വിരുന്നില്‍ അയാളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ കൂടെയുള്ളവളെ പിന്നെയും പരിചയപ്പെടുത്തി. തലേന്നു പരിചയപ്പെട്ടതാണല്ലോ എന്നു ഞാന്‍ പറഞ്ഞു, പറഞ്ഞില്ല; അതവളായിരുന്നില്ല. നോര്‍വെയില്‍തന്നെ ഒരു സഹപ്രവര്ത്തകന് എണ്റ്റെ പഠനംതീര്‍ത്തു തിരിച്ചുവരുംമുന്‍പ് കുറെ കടലാസ്സുകള്‍ കൈമാറാനുണ്ടായിരുന്നു. മുടക്കദിവസമായിരുന്നതിനാല്‍, നടന്നെത്താവുന്ന ദൂരത്തുള്ള അയാളുടെ ഒറ്റമുറിവീട്ടിലേക്ക് അയാള്‍ ക്ഷണിച്ചു. ഞാന്‍പോയി പകുതിതുറന്നിരുന്ന കതകില്‍ മുട്ടിയപ്പോള്‍ അകത്തുനിന്ന് 'കം ഇന്‍' കേട്ടു. അകത്തു ഞാന്‍കണ്ടതു വിവരിക്കുന്നില്ല. കട്ടിലില്‍ പൊത്തിപ്പിടിച്ചുകിടന്നിരുന്ന അയാള്‍ തലപൊക്കിപ്പറഞ്ഞു, കടലാസ്സുകള്‍ മേശപ്പുറത്തുവച്ചേക്കാന്‍. രസികനായ അയാള്‍ക്കുവേണ്ടി ഞാന്‍വരച്ച ഒന്നുരണ്ടു രേഖാചിത്രങ്ങളും കൂടെവച്ച് കതകടച്ച് ഞാന്‍ പുറത്തിറങ്ങി. അയാളുടെ സ്നേഹിതയ്ക്ക് എണ്റ്റെ ചിത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടെന്നും അതപ്പോള്‍ കണ്ടിരുന്നെങ്കില്‍ അവള് എന്നെ വലിച്ചു കട്ടിലില്‍ കയറ്റുമായിരുന്നെന്നും പിന്നീടയാള്‍ പറയുകയും ചെയ്തു! വിടവാങ്ങല്‍ദിവസം, സ്വന്തംവീട്ടില്‍ പ്രൊഫസറൊരുക്കിയ അത്താഴവിരുന്നിനു അയാളോടൊപ്പം പ്രൊഫസറുടെ ഭാര്യയായിരുന്നു കൂട്ടിന്. ആഹാരത്തിനുശേഷം നമ്മുടെ ചിട്ടയില്‍ യാത്രപറയാന്‍ പ്രൊഫസറെ അന്വേഷിച്ചപ്പോള്‍ ഭാര്യ പറഞ്ഞത് പ്രൊഫസര്‍ ബെഡ്റൂമിലാണെന്നാണ്; ഒരു വിദ്യാര്‍ഥിനിയെ കൂട്ടത്തില്‍നിന്നു കാണാനുമില്ലായിരുന്നു. ഞാന്‍ 'കാമുക'നായി മാറിയത് ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണില്‍വച്ചാണ്. താമസസ്ഥലത്തെ അടുത്ത മുറിയില്‍ ഒരു അമേരിക്കക്കാരന്. ഞങ്ങളുടെ മുറികള്‍ക്കുപുറത്തെഴുതിയിരുന്ന നമ്പറുകളും താക്കോലുകളും ശരിയായിരുന്നെങ്കിലും എന്തോ കാരണവശാല്‍ റൂം-നമ്പര്‍ അന്യോന്യം മാറിപ്പോയിരുന്നു ഹോട്ടല്‍റെജിസ്റ്ററില്‍. ഞാന്‍ മുറിയില്‍കയറിയമുതല്‍ ഫോണ്‍ വിളികളോടു വിളികള്‍. എല്ലാം അയാള്‍ക്കുള്ളത്. മറുപടിപറഞ്ഞുമടുത്തു. ഹോട്ടല്‍ക്കാരോടു പരാതിയും പറഞ്ഞു. എന്നിട്ടും രാവേറെച്ചെന്നപ്പോള്‍ വീണ്ടും ഒരു വിളി. സ്ത്രീശബ്ദം. അത് ആ അമേരിക്കക്കാരണ്റ്റെ ഭാര്യയായിരുന്നു. ഞാന്‍ കാര്യംപറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. അവളൊരു ചിരി. 'സാരമില്ല, അയാള്‍ എവിടെയോ പോയിത്തുലയട്ടെ. നമുക്കല്പം സംസാരിച്ചിരിക്കാം. ആട്ടെ, പറയൂ. എവിടെയാ നാട്, എന്താ പേര്?' -- പെമ്പിറന്നോരുടെ ശൃംഗാരം കൂടിയപ്പോള്‍ ഞാന്‍ ഫോണ്‍ മെല്ലെ താഴെ വച്ചു. കാശിണ്റ്റെ കാര്യത്തില്‍ ഞാന്‍ ഏറ്റവുംവലിയ അബദ്ധത്തില്‍ പെട്ടുപോയത് ദക്ഷിണാഫ്രിക്കയിലെ ഒരു ഇന്‍ഡ്യന്‍വംശജന്‍കാരണമാണ്. പ്റിട്ടോറിയയില്‍ ഔദ്യോഗികമീറ്റിംഗ് കഴിഞ്ഞ ഉടന്‍ യാത്രച്ചെലവിനും താമസച്ചെലവിനുമെല്ലാമായി പണം കയ്യില്‍കിട്ടി. പിറ്റേന്ന് അതിരാവിലെയാണ് എനിക്ക് ഹോട്ടല്‍വിട്ട് വിമാനത്താവളത്തിലേക്കുപോകേണ്ടത്. കണക്കുതീര്‍ക്കന്‍ കൌണ്ടറില്‍ ചെന്നപ്പോള്‍, ചെലവെല്ലാം ആതിഥേയരുടെ വകയാണെന്നും ഞാനൊന്നും കൊടുക്കേണ്ടതില്ലെന്നും കണക്കുനോക്കി ഹോട്ടല്ജീവനക്കാരന്. അതല്ല, ഹോട്ടല്‍ചെലവ് യോഗത്തില്‍പങ്കെടുത്തവര്‍ നേരിട്ടുനല്‍കാന്‍വേണ്ടി പണംതന്നിട്ടുണ്ടെന്നു ഞാനും. നല്ലൊരു സംഖ്യയാണത്. സംശയംതീര്‍ക്കാന്‍ ഹോട്ടല്‍മാനേജരെയോ യോഗസംഘാടകരെയോ വിളിച്ചുണര്‍ത്തി സംശയം തീര്‍ക്കാന്‍പറ്റിയ സമയമല്ലല്ലോ കാലത്തു നാലുമണി. നാട്ടില്‍തിരിച്ചെത്തിയ ഉടനെ ഞാന്‍ സംഘാടകരുമായി ബന്ധപ്പെട്ടു. അഡ്വാന്‍സ്കൊടുത്ത് ഹോട്ടല്‍ ബുക്കുചെയ്തതിലുണ്ടായ ഒരു തെറ്റിദ്ധാരണയായിരുന്നു അതെന്നും പണം ഹോട്ടലില്‍ കൊടുക്കേണ്ടതുതന്നെയാണെന്നും ഉടനെ കാശയക്കാന്‍ നടപടി എടുക്കണമെന്നും അവര്‍ അറിയിച്ചു. അപ്പോഴാണ് മറ്റൊരു പ്രശ്നം തലപൊക്കിയത്. ഇന്ത്യയില്‍നിന്നു വിദേശത്തേക്ക് വിദേശനാണയത്തില്‍ പണമയക്കാന്‍ (അന്ന്) ഒരുപാടു ബുദ്ധിമുട്ടുകളുണ്ട്. ഭാരതീയ റിസര്‍വ് ബാങ്കിണ്റ്റെ സ്പെഷല്‍അനുമതിയെല്ലാം വേണം. സ്ഥലത്തെ ബാങ്ക്ശാഖയിലെ ഉദ്യോഗസ്ഥര്‍ വഴികാണിക്കുന്നതിനുപകരം വഴിയടയ്ക്കുകയാണു ചെയ്തത്. അങ്ങിനെയിരിക്കെയാണ് ദക്ഷിണാഫ്രിക്കയില്‍നിന്ന് ഒരു ഗവേഷണവിദ്യാര്‍ഥി ഞാന്‍ പണിയെടുക്കുന്ന സ്ഥലത്ത് വന്നെത്തിയത്. ഇന്ത്യന്വംശജന്. സുമുഖന്‍, സൌമ്യശീലന്‍. മറ്റാരോവഴി എണ്റ്റെ പ്രശ്നമറിഞ്ഞപ്പോള്‍ അയാള്‍ എന്നോടുവന്നു പറഞ്ഞു, ആഫ്രിക്കയിലെ സംഘാടകര്‍ക്ക് പണമെത്തിക്കാമെന്നും പക്ഷെ ആഫ്രിക്കന്‍നാണയത്തിനുപകരം അമേരിക്കന്‍ഡോളറിലാക്കിത്തരണമെന്നും. നമുക്കുമുണ്ട് വിദേശത്തേക്കുപോകുമ്പോള്‍ ഇന്ത്യന്‍നാണയം പരിധിയില്‍കൂടുതല്‍ കയ്യില്‍വയ്ക്കരുതെന്ന്. അതുകൊണ്ട്, കുറെ ധനനഷ്ടംവന്നാലും മാനനഷ്ടം വരാതിരിക്കാന്‍ ഞാനതിനുസമ്മതിച്ചു പണം അയാളെ ഏല്‍പ്പിച്ചു. വേണ്ടപ്പെട്ടവരെ അറിയിക്കുകയുംചെയ്തു. ആഫ്രിക്കന്‍സംഘാടകരില്‍നിന്നും മാസങ്ങള്‍കഴിഞ്ഞിട്ടും പണമിനിയും കിട്ടിയില്ലല്ലോ എന്ന പരാതി ലഭിച്ചപ്പോഴാണ് ഞാന്‍ പകച്ചത്. ആ വിദ്യാര്‍ഥിതന്ന ഇ-മെയില്വിലാസത്തില് ആരാഞ്ഞപ്പോള്‍ മറുപടിയില്ല. പിന്നെപ്പിന്നെ ഇ-മെയില്‍ പോകാതെയുമായി. അയാളുടെ സര്‍വകലാശാലയുമായി ബന്ധപ്പെട്ടപ്പോള്‍ ആ വിദ്യാര്‍ഥി വേറെങ്ങോട്ടോ മാറിപ്പോയെന്നു മറുപടികിട്ടി; അയാളുടെ ഇത്തരം പണമിടപാടുകളെപ്പറ്റി വേറെ പരാതികളുമുണ്ടെന്നും. മാനം രക്ഷിക്കാന്‍ എങ്ങനെയെങ്കിലും അവിടെ കാശെത്തിച്ചല്ലേ തീരൂ. ആഫ്രിക്കന്‍സംഘാടകരുടെ മെയിലുകള്‍ക്ക് കനംകൂടിവരുന്നുതാനും. അപ്പോഴാണ് എണ്റ്റെ അമ്പലപ്പുഴക്കാരന്‍ സഹപ്രവര്ത്തകന് തണ്റ്റെ ചെറിയച്ഛന് ദക്ഷിണാഫ്രിക്കയിലുണ്ടെന്നറിയിക്കുന്നത്. അവിടെ വര്‍ഷങ്ങളായി അധ്യാപകനായ അദ്ദേഹം വേണ്ടപ്പെട്ടവരെ പണമേല്‍പ്പിച്ചുകൊള്ളുമെന്നും നാട്ടില്‍വരുമ്പോള്‍ ഇന്ത്യന്‍കറന്‍സിയില്‍ അതു വീട്ടിയാല്‍മതിയെന്നും. കാര്യം നടന്നു. ഇരട്ടിപ്പണം നഷ്ടപ്പെട്ടാലും മാനം തിരിച്ചുകിട്ടി. പണംമാത്രമല്ലല്ലോ ജീവിതത്തില്‍ പ്രധാനം. എന്നാശ്വസിക്കുമ്പോഴാണു കേള്‍ക്കുന്നത്, ഇതെല്ലാം സംഘാടകരില്‍ചിലരുടെ അറിവോടെയുള്ള കള്ളക്കളികൂടിയായിരിക്കാം എന്ന്! പോരേ ഡബിള്‍-ഡെക്കര്‍ അബദ്ധം? ഇല്ലെങ്കിലും കാശിണ്റ്റെ കാര്യത്തില്‍ പൊതുവെ ഒരു അശ്രദ്ധ എനിക്കുണ്ട്. കൊണ്ടുനടക്കാനും ചെലവാക്കാനും മടിയുമുണ്ട്. പണ്ടത്തെ വിദേശയാത്രകള്‍ക്ക് (ഇന്നിപ്പോള്‍ സ്ഥിതി മാറി) വെറും പത്തോ ഇരുപതോ ഡോളര്‍മാത്രമാണു ഞങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കു കയ്യില്‍തരിക; നൂറുരൂപയില്‍കൂടുതല്‍ ഇന്ത്യന്‍കറന്‍സിയും കൈവശംവയ്ക്കരുത്. ബാക്കി ഇന്ത്യന്‍രൂപയെല്ലാം ട്രാവലേര്‍സ്-ചെക്കായോ വിദേശനാണ്യമായോ മാറ്റിയെടുക്കണം (അതൊരു നഷ്ടക്കച്ചവടമാണെന്നറിയാമല്ലോ). അതിനൊക്കെ എവിടെയാണു പണം? അങ്ങനെ ഇരുപതുഡോളറുമായി ഒരു അര്‍ധഭൌമയാത്രയ്ക്കിറങ്ങുന്നു. രണ്ടുദിവസത്തെ യാത്ര; വിമാനത്തില്‍മാത്രം മൊത്തം ഇരുപതുമണിക്കൂര്‍. ആദ്യപാദം ആംസ്റ്റര്‍ഡാം. അവിടെ ഒരു രാത്രി. വിമാനമിറങ്ങിയപ്പോഴാണറിയുന്നത്, എണ്റ്റെ ഹോട്ടല്‍വാടകയും ടാക്സിക്കാശുംമാത്രമേ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഭക്ഷണത്തിന് സ്വന്തമായി ചെലവാക്കിക്കൊള്ളണം (എണ്റ്റെ ഓഫീസിണ്റ്റെ ഔദ്യോഗിക ട്രാവല്‍ ഏജന്‍സി പറ്റിച്ച പലപണികളില്‍ ഒന്ന്). ഏറ്റവും പണച്ചെലവുള്ള നഗരം, കയ്യിലാകെ ഇരുപതു ഡോളര്‍. പിന്നെയും യാത്രചെയ്ത്, അത്ലാണ്റ്റിക് കടന്ന് തെക്കേ അമേരിക്കയിലെത്തണം. അവിടെയും ഒന്നോ രണ്ടോ ദിവസം, ഔദ്യോഗികമായി പണംകിട്ടുന്നതുവരെ, കയ്യില്‍നിന്നു കാശെടുക്കേണ്ടിവരും. യൂറോപ്യന്മാരോടു തര്‍ക്കിച്ചിട്ടു കാര്യമില്ല. നേരെ ഹോട്ടലിലേക്കുവിട്ടു. രാത്രിമുഴുവന്‍ ഉറക്കമൊഴിച്ചു യാത്രചെയ്തതാണ്. ഒന്നുകുളിക്കാന്‍ കുളിമുറിയില്‍ കയറി. വെള്ളമൊഴിച്ചുതുടങ്ങിയതേയുള്ളൂ, മുറിവാതില്ക്കല് മുട്ട്. ഞാന്‍ വിളിച്ചുപറഞ്ഞു: 'കമിംഗ്'. പുറത്തിറങ്ങി വസ്ത്രമെടുക്കുമ്പോഴേക്കും വാതില്‍തുറന്നൊരു സുന്ദരിപ്പെണ്ണ്. ഹോട്ടല്‍ജീവനക്കാരിയാണ്. മുറിയുടെ ഇലക്ട്രോണിക്-താക്കോല്‍ (പ്ളാസ്റ്റിക് മാഗ്നെറ്റിക് കാര്‍ഡ്) വാതില്‍പുറത്തുതന്നെ വച്ചുമറന്നതുകണ്ട് എന്നെ ഏല്‍പ്പിക്കാന്‍വന്നതാണ്. എണ്റ്റെ തുണിയില്ലാവ്യഥ ഒട്ടുംകൂസാതെ നേരെനിന്നുകാര്യംപറഞ്ഞ് അവള് കതകടച്ചുപോയി. 'കമിംഗ്' എന്നു ഞാന്‍ പറഞ്ഞത്, 'കം ഇന്‍' എന്നു കേട്ടതുകൊണ്ട് അകത്തുവന്നതാണ്! കുറെ കഴിഞ്ഞപ്പോഴേക്കും സുഖസൌകര്യമന്വേഷിക്കാന്‍ മറ്റൊരു ജീവനക്കാരനെത്തി. എന്നെ കണ്ടതും ചോദിച്ചു, ഇന്‍ഡ്യക്കാരനാണോ? അയാള്‍ പാകിസ്താന്കാരന്. പേര് പാഷ. സുന്ദരമായി ഉര്‍ദു കലര്‍ന്ന ഹിന്ദിയില്‍ വര്‍ത്തമാനം തുടങ്ങി. 'നാട്ടുകാര'ന് ഒരു കാപ്പിയെങ്കിലും വാങ്ങിത്തരാതെ വയ്യെന്നുപറഞ്ഞ് എന്നെ റെസ്റ്റോറണ്റ്റിലേക്കു കൂട്ടിക്കൊണ്ടുപോയി. സംഭാഷണത്തിനിടയില്‍ ട്രാവല്‍ ഏജന്‍സി പറ്റിച്ച കഥ ഞാന്‍ സൂചിപ്പിച്ചു. അതുതന്നെയായിരുന്നു പാഷയ്ക്കും പറയാനുണ്ടായിരുന്നത്. ആ പരിഷ്കാരഹോട്ടലിലൊന്നും ആഹാരം കഴിക്കരുത്. കൊള്ളവിലയാണവിടെ. പുറത്തിറങ്ങിയാല്‍ നല്ലൊരു സൂപ്പര്‍മാര്‍ക്കറ്റുണ്ട്. കുറച്ചു റൊട്ടിയും പാലും പാല്‍ക്കട്ടിയും പഴവും പഴച്ചാറും മറ്റും വാങ്ങിയാല്‍ കഷ്ടി രണ്ടുഡോളറാവും. അതുകൊണ്ട് ഒരത്താഴമാക്കാം. ഹോട്ടല്‍മുറിയില്‍ കാപ്പിക്കും ചായക്കുമെല്ലാമുള്ള സാധനസാമഗ്രികളുണ്ട്. പിറ്റേന്നു രാവിലെ അടുത്ത വിമാനം കയറേണ്ടതല്ലേ. ഇങ്ങനെയൊക്കെത്തന്നെയാണ് മിക്ക വെള്ളക്കാരും കാര്യംകാണുന്നത്. അവര്‍ ഹോട്ടല്‍മുറികൂടി എടുക്കില്ല; വിമാനത്താവളത്തില്‍തന്നെ രാത്രി കഴിച്ചുകൂട്ടിക്കളയും. പിരിയുമ്പോള്‍ അയാള്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: 'എന്തായാലും നമ്മള് സഹോദരരല്ലേ. ശത്രുതയെല്ലാം നമ്മുടെ രാജ്യങ്ങള്‍തമ്മില്‍. നമ്മള് വ്യക്തികള്‍തമ്മിലല്ല.' പില്ക്കാലത്ത് പലപലയാത്രകളില്‍ ഏഷ്യക്കാരെയെല്ലാം ആ വെളിച്ചത്തില്‍ എനിക്കു കാണാനായി. അതുപോലെ വിദേശത്ത് കുറഞ്ഞ ചെലവില്‍ നിത്യവൃത്തികഴിക്കാനും പഠിച്ചു. ലണ്ടനില്‍വച്ചും ഒരുകാര്യം പഠിച്ചു. മറ്റു യൂറോപ്യന്‍മാരെയപേക്ഷിച്ച് ബ്രിട്ടീഷുകാര്‍ നമ്മെ എന്തുമാത്രം പരിഗണിക്കുന്നുവെന്ന്. ഹീത്രോവില്‍നിന്ന് വിക്റ്റോറിയയിലേക്കുള്ള ബസ്യാത്ര വളരെ ചെലവേറിയതായിപ്പോയി. തിരിച്ചുപോകാന്‍ സാധാരണക്കാരുടെ മെട്റോ റെയില്‍ പരീക്ഷിക്കാമെന്നുകരുതി ടൂറിസംകൌണ്ടറില്‍ അന്വേഷിച്ചു. അയാള്‍ ട്റെയിന്‍സമയവും വണ്ടി മാറിക്കേറേണ്ട സ്റ്റേഷനും കടലാസ്സിലെഴുതിത്തന്നു; കൂട്ടത്തില്‍ ഒരു വണ്ടി തെറ്റിയാല്‍ പകരം വേറൊന്നേതെന്നുള്ള വിവരവും. ആകെക്കൂടി കിട്ടിയ അരദിവസം ലണ്ടന്‍നഗരം കണ്ടു. വഴിനടക്കുമ്പോള്‍ കുഞ്ഞുന്നാളില്‍ ചേച്ചി പാടിക്കേട്ടിരുന്ന ഒരു പാട്ട് ഓര്‍മയിലെത്തി: ' വെന്‍ ഐ വെണ്റ്റ് ടു ലണ്ടന്‍സിറ്റി, ദെന്‍ ഐ സോ എ മുണ്ടന്‍ പട്ടി, സിറ്റിംഗ് ഓണ്‍ എ വീഞ്ഞപ്പെട്ടി, ക്രൈയിംഗ് ഫോര്‍ എ ബീഡിക്കുറ്റി'. വളരെ ആത്മവിശ്വാസത്തോടെ ആദ്യത്തെ സ്റ്റേഷനുള്ള ടിക്കറ്റെടുത്ത് വണ്ടിയിറങ്ങി. അപ്പോഴാണു പ്രശ്നം. അടുത്തവണ്ടിക്കുള്ള ടിക്കറ്റെടുക്കണം; പുറത്തേക്കിറങ്ങാനുള്ള വഴി കാണാനില്ല; അകത്തേക്കുള്ള വഴിയേയുള്ളൂ. ചോദിക്കാന്‍ ആളുകള്‍ ഒന്നു നിന്നിട്ടുവേണ്ടേ. വണ്ടികള്‍ വരുന്നു, പോകുന്നു. ആളുകള്‍ തിരക്കിട്ടു വണ്ടിയില്‍ കയറുന്നു. ആകപ്പാടെകണ്ട ഒരു ഇടനാഴിയിലൂടെ ഞാന്‍ നടന്നു. എത്തിപ്പെട്ടത് ഒരു പൂട്ടിയ ഗേറ്റില്‍. സുരക്ഷാകാമറയിലൂടെ എന്നെ കണ്ടിട്ടാവണം, ഒരു പോലീസുകാരന് അടുത്തുവന്നു കാര്യമന്വേഷിച്ചു. അയാള്‍ ഗേറ്റുതുറന്ന് ടിക്കറ്റ്കൌണ്ടറിലെത്തിച്ച് വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റെടുത്ത് പ്ളാറ്റ്ഫോമിലെത്താന്‍ സഹായിച്ചു. എന്നിട്ടൊരു ചിരി. ആദ്യത്തെ സ്റ്റേഷനില്‍തന്നെ നേരിട്ടു വിമാനത്താവളത്തിലേക്കുവരെ ടിക്കറ്റെടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ ടിക്കറ്റെടുക്കാന്‍ കഷ്ടപ്പെടേണ്ടായിരുന്നത്രേ. മാത്രമല്ല, രണ്ടാമതുകൊടുത്ത പണതിണ്റ്റെ ഒരംശംമാത്രം അധികംകൊടുത്താല്‍ മതിയാകുമായിരുന്നു നേരിട്ടുള്ള ടിക്കറ്റിന്. വണ്ടിമാറിക്കേറാന്‍ ആദ്യത്തെ വണ്ടിയിറങ്ങിയ അതേ പ്ളാറ്റ്ഫോമില്‍ കാത്തിരുന്നാല്‍ മതിയായിരുന്നു. ഇനി, ടിക്കറ്റില്ലാതെയും യാത്രചെയ്യാമായിരുന്നു. കാരണം, വിമാനത്താവളത്തിണ്റ്റെ അകത്തളംവരെചെല്ലുന്ന മെട്രോട്രെയിനിറങ്ങിയാല്‍ ടിക്കറ്റ്പരിശോധനയ്ക്കുള്ള സംവിധാനമൊന്നുമില്ലപോലും! കയ്യില്‍ കാശുണ്ടായിട്ടും പരവേശംകൊണ്ട സംഭവമുണ്ടായിട്ടുണ്ട്. അതു പാരീസില്‍. യുനെസ്കോവിണ്റ്റെ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയതാണ്. അത്തവണയും ട്രാവല്‍ ഏജന്‍സി പറ്റിച്ചുകളഞ്ഞു. മുംബൈയില്‍നിന്ന് വിമാനം പുറപ്പെടാന്‍നേരത്താണ് വിസചേര്‍ത്ത പാസ്പോര്‍ട്ട് ദില്ലിയില്‍നിന്നു കയ്യില്‍ കിട്ടുന്നത്. ഒരു ധൈര്യത്തില്‍ വിമാനത്താവളത്തിനകത്തു കയറി. ചെക്-ഇന്‍ കൌണ്ടര്‍ അടച്ചുകഴിഞ്ഞു. സര്‍ക്കര്‍ഉദ്യോഗസ്ഥനെന്നനിലയില്‍ അല്പം വാശിപിടിച്ചപ്പോള്‍ പെട്ടി കയ്യില്‍കൊണ്ടുപോകാമെങ്കില്‍ സീറ്റുതരാമെന്ന് എയര്‍ ഫ്രാന്‍സ് ജീവനക്കാരി (ഇന്നത് അസാധ്യം). അതു വിഷമമുള്ള കാര്യമല്ല. പക്ഷെ സമയമില്ല. ഇമിഗ്രേഷനും കസ്റ്റംസുമെല്ലാം ബാക്കികിടക്കുന്നു. പെട്ടിയുംവലിച്ച് ഓട്ടംതന്നെ. ഇമിഗ്രേഷനില്‍ ഓഫീസര്‍ പാസ്പോര്‍ട്ടില്‍നിന്നു തല ഉയര്‍ത്തി എന്നെ നോക്കി. പാരീസിലെ പണിയെപ്പറ്റിയും എണ്റ്റെ ഗവേഷണക്കാര്യങ്ങളെപ്പറ്റിയുമെല്ലാം അന്വേഷണംതുടങ്ങി. അയാള്‍ക്ക് എണ്റ്റെ തൊഴില്‍സ്ഥാപനമെല്ലാം നല്ല പരിചയമാണ്. പഠിച്ചത് ആന്ധ്രയിലാണെങ്കിലും എണ്റ്റെ വിഷയംതന്നെയാണ്. അതുകൊണ്ടുള്ള കൌതുകം. അതുമിതുമായി കൊച്ചുവര്‍ത്തമാനം നീളുന്നു. അപ്പോഴേക്കും വിമാനത്തില്‍നിന്ന് എണ്റ്റെ പേരെടുത്തു വിളിയായി. വിമാനം പുറപ്പെടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എന്നെത്തേടിയെത്തിയ വിമാനജോലിക്കാരിയെ അയാള്‍ വിരട്ടി -- താന്‍ യാത്രക്കാരണ്റ്റെ കടലാസ്സുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രാനുമതി നല്‍കുന്നതുവരെ വിമാനം വിടരുതെന്നും. അവസാനം വിമാനത്തില്‍ കയറുമ്പോള്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും തീനോട്ടത്തില്‍ ഞാന്‍ വെന്തുരുകി. അവസാനത്തെ യാത്രക്കാരനായതിനാല്‍ ഏറ്റവും അസൌകര്യപ്രദമായ സീറ്റുതന്നെ കിട്ടി. ഇടത്തുംവലത്തും ആളുകള്‍. ഇടത്ത് ഒരു കപ്പല്‍ജീവനക്കാരന്‍ (ഗോവയില്‍ ഞങ്ങള്‍ 'ഷിപ്പി' എന്നു പറയും). കുടിച്ചുപൂസായിരിക്കുകയാണ്. തല എണ്റ്റെ ഇടത്തെ ചുമലില്‍. വലത്ത് വളരെ പ്രായംചെന്ന ഒരു മനുഷ്യന്. അയാളും ഉറക്കംതന്നെ. തല എണ്റ്റെ വലത്തെ ചുമലില്‍. അഞ്ചാറുമണിക്കൂര്‍ അങ്ങനെയിരിക്കേണ്ട ഗതികേടിലാണ്. പോരാത്തതിന് രാവിലെമുതല്‍ യാത്രാരേഖകള്‍ കയ്യില്‍കിട്ടാനും സമയത്തിനുതന്നെ പാരീസിലെത്താനുമുള്ള വേവലാതികൊണ്ടുണ്ടായ ടെന്‍ഷന്‍. ഇല്ലെങ്കിലും യാത്രക്കിടയില്‍ എനിക്കുറങ്ങാന്‍ പറ്റാറില്ല. ഒന്നുരണ്ടുമണിക്കൂര്‍കഴിഞ്ഞപ്പോള്‍ ഷിപ്പിയുടെ തല ഇടത്തേക്കു തട്ടിവിട്ടു. അതോടെ വലത്തെ മനുഷ്യന് തനിയെ ഉണര്‍ന്നു. ലഘുഭക്ഷണത്തിനു വിളക്കുതെളിച്ചപ്പോള്‍ അദ്ദേഹത്തെ മുഖപരിചയമുണ്ടെന്നു തോന്നി. അദ്ദേഹത്തിനെന്നെയും. ശരിയായിരുന്നു. ഞാന്‍ മുംബൈയില്‍ അദ്ദേഹത്തിണ്റ്റെ സ്ഥാപനത്തില്‍ പോയിട്ടുണ്ട്. ഒന്നിച്ച് ഉച്ചയൂണുകഴിച്ചിട്ടുണ്ട്. പണ്ടത് ഫ്രെഞ്ച്സ്ഥാപനമായിരുന്നു. ആ ബന്ധം നിലനില്ക്കുന്നു. അതിനാലാണ് അദ്ദേഹവും പാരീസിലേക്ക്. ബാക്കിയാത്ര അങ്ങനെ വര്‍ത്തമാനത്തില്‍കഴിഞ്ഞു. എന്നാണു മടക്കം എന്ന അദ്ദേഹത്തിണ്റ്റെ ചോദ്യംകേട്ട് എന്തുകൊണ്ടോ ടിക്കറ്റെടുത്തുനോക്കാന്‍തോന്നി. ദാ കിടക്കുന്നു: 'റിട്ടേണ്‍ ഓപ്പണ്‍'. ട്രാവല്‍ ഏജന്‍സിയുടെ അടുത്ത വെള്ളിടി. പാരീസില്‍ ഇറങ്ങിയ ഉടന്‍ തിരിച്ചുള്ള ടിക്കറ്റ് ശരിയാക്കാന്‍ വിമാനത്താവളത്തില്‍തന്നെ ശ്രമിച്ചു. എട്ടോപത്തോ ദിവസത്തിനുള്ളിലാണ് മടക്കമെങ്കില്‍ അധികചാര്‍ജ് നല്‍കണം. അതിനെണ്റ്റെ കയ്യില്‍ പണമില്ല. ഉണ്ടെങ്കിലും കൊടുക്കാന്‍ വകുപ്പില്ല. കാരണം ടിക്കറ്റ്പണമെല്ലാം ആതിഥേയര്‍ ട്രാവല്‍ഏജന്‍സിക്ക് മുന്കൂറ് കൊടുത്തുകഴിഞ്ഞു. അധികച്ചെലവവര്‍ തരില്ല. താമസിയാതെ ട്രാവല്‍ ഏജന്‍സിയെവിളിച്ചു കാര്യംതിരക്കി. അവരുടെ ഉരുണ്ടുകളി സഹിക്കാനാവാതെ ഞാന്‍ ആതിഥേയരെത്തന്നെ ശരണംപ്രാപിച്ചു. എന്തോ കൈക്രിയകളെല്ലാംകാട്ടി അവര്‍ മറ്റൊരു ടിക്കറ്റെടുത്തുതന്നു -- ആദ്യത്തേതിണ്റ്റെയും രണ്ടാമത്തേതിണ്റ്റെയും റിട്ടേണ്‍കൂപ്പണുകള്‍ (യഥാക്രമം പാരീസ്-മുംബൈ, മുംബൈ-പാരീസ്) ഉപയോഗിക്കാതെ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍. തീര്‍ന്നില്ല അത്തവണത്തെ ദുര്‍വിധി. മീറ്റിംഗിനിടെ ഹോട്ടല്‍ചെലവിനും ആഹാരച്ചെലവിനുമെല്ലാമുള്ള പണം കയ്യില്‍കിട്ടി. അതു ഞാന്‍ ഭദ്രമായി, തന്ന കവറോടെ ബാഗില്‍വച്ചു. ഉച്ചയൂണുസമയത്ത് കടലാസ്സുകള്‍കൊണ്ടു കനംതൂങ്ങിയ ബാഗുംതൂക്കി നടക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത് യോഗസ്ഥലത്തുതന്നെ അതുവച്ചു. പോരാത്തതിന് ഇടവേളയ്ക്ക് യോഗസ്ഥലംപൂട്ടുന്ന പതിവും സെക്യൂരിറ്റിക്കാര്‍ക്കുണ്ട്. പിറ്റേന്ന് അതിരാവിലെ തിരിച്ചു വിമാനം കയറണം. അതിനാല്‍ വൈകുന്നേരം ഹോട്ടലില്‍ തിരിച്ചെത്തിയ ഉടന്‍ അവരുടെ കണക്കുതീര്‍ക്കാന്‍ ഏല്പിച്ചു. പണംകൊടുക്കാന്‍ ബാഗുതുറന്നപ്പോഴുണ്ട് അതുവച്ച പൊതിയില്ല. എന്തോ കാരണംപറഞ്ഞ് ഞാന്‍ ബില്ലുംകൊണ്ട് മുറിയില്‍കയറി കതകടച്ചു. കട്ടിലില്‍ നിവര്‍ന്നൊരു കിടത്തം. ഒറ്റ പൈസയില്ല കയ്യില്‍. ആതിഥേയരെ വിവരമറിയിക്കാമെന്നുവച്ചാല്‍ തലേന്നാണ് ടിക്കറ്റിണ്റ്റെ കാര്യത്തില്‍ അവരുടെ ഔദാര്യം വാങ്ങിപ്പറ്റിയത്. ഇതുകൂടിയായാല്‍ അവര്‍ എന്തോ ചതിയെന്നുകരുതും. മനസ്സൊന്നു ശാന്തമായപ്പോള്‍ ഞാന്‍ ബാഗുതുറന്ന് കടലാസ്സുകള്‍ കിടക്കയില്‍ നിരത്തി. അതാ ഫ്രാങ്ക്നോട്ടുകള്‍ (ഇന്നതു യൂറോ) അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്നു. ഞാന്‍വച്ച കവര്‍ ഒഴിഞ്ഞുംകിടക്കുന്നു. കടലാസ്സുകളെല്ലാം കുഴച്ചുമറിച്ചിട്ടിരിക്കുന്നു. ഭാഗ്യത്തിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇടവേളസമയത്ത് സെക്യൂരിറ്റിക്കാര്‍തന്നെ ബാഗുകള്‍ കൊള്ളയടിക്കുന്ന കഥ പിന്നീടു ഞാനറിഞ്ഞു. അപ്പോഴാണോര്‍മവന്നത്, ഇടവേളയ്ക്കിടെ ആര്‍ക്കോ ഒരു കടലാസ് നല്കാന്വേണ്ടി യോഗസ്ഥലത്തേക്കു ഞാന്‍ തിരിച്ചുപോയതും അകത്തുവിടാതെ, പാതിതുറന്നിരുന്ന കതക് സെക്യൂരിറ്റിക്കാരന് ആഞ്ഞടച്ചതും. ഞാന്‍ തിരിച്ചുചെല്ലുന്നതുകണ്ട് പണമെടുക്കാനാകാതെ ബാഗില്‍തന്നെ തിരിച്ചിട്ടതാകണം സംഭവം. എനിക്ക് പോയജീവന്‍ തിരിച്ചുകിട്ടിയെന്നുമാത്രം പറയാം! കിറുകൃത്യം കാര്യംപറയുന്ന ബ്രിട്ടീഷുകാരില്‍നിന്നും വഴുവഴുപ്പന്‍ വര്‍ത്തമാനംപറയുന്ന അമേരിക്കക്കാരില്‍നിന്നും വ്യത്യസ്തരാണ് ആസ്റ്റ്റേലിയക്കാര്‍. അവര്പറയുന്നത് നമുക്കു മനസ്സിലായോ എന്നും നമ്മള്പറയുന്നത് അവര്‍ക്കു മനസ്സിലായോ എന്നും അവര്‍ കാര്യമാക്കില്ല. ഒരു മൌറീഷ്യന്‍സ്നേഹിതനോടൊപ്പം ഒരു ആസ്റ്റ്റേലിയക്കാരനെയുംകൂട്ടി ഗോവയില്‍ അകലത്തൊരു സ്ഥലത്തേക്കു പോകാനുണ്ടായിരുന്നു ഒരിക്കല്‍. ഹോട്ടലില്‍നിന്ന് രാവിലെതന്നെ അവരെക്കൂട്ടി എണ്റ്റെ വീട്ടിലേക്കുവന്ന് അവിടന്നു യാത്രതിരിക്കാനുള്ള പ്ളാന്‍ തലേന്നേ പറഞ്ഞുറപ്പിച്ചു. വീട്ടിലെത്തി പ്രഭാതഭക്ഷണം വിളമ്പിയപ്പോള്‍ ഓസ്റ്റ്രേലിയക്കാരണ്റ്റെ മുഖത്തൊരു കോട്ടം. കാരണം അയാള്‍ ഭക്ഷണം ഹോട്ടലില്‍നിന്ന് അതിരാവിലെതന്നെ കഴിച്ചിരിക്കുന്നു. നമ്മള് ആളുകളെ വീട്ടിലേക്കു ക്ഷണിക്കുമ്പോള്‍ ഭക്ഷണത്തിണ്റ്റെ കാര്യം പ്രത്യേകം പറയാറില്ലല്ലൊ; സമയത്തിനനുസരിച്ചുള്ള ഭക്ഷണം വിളമ്പും, കഴിക്കും. ഇന്ത്യന്‍വംശജനായ മൌറീഷ്യസ്കാരന് അത് ജന്മനാ അറിയാമായിരുന്നു. കാംഗരു എല്ലാം ഉള്ളിലൊതുക്കിയേ ഇടപഴകൂ. അത്തരം മുന്‍വിധികളോ പിന്നാമ്പുറങ്ങളോ ലാറ്റിനമേരിക്കക്കാര്‍ക്കില്ല. കാണുന്നവരെല്ലാം സ്നേഹിതരാണവര്‍ക്ക്. ജീവിതംമുഴുവന്‍ ആസ്വദിക്കാനുള്ളതാണ്. ഉള്ളത് പങ്കിട്ടെടുക്കും. ഇരയായാലും ഇണയായാലും. ദാരിദ്ര്യംമൂലം അല്ലറചില്ലറ കൌശലങ്ങളില്ലാതില്ല. എന്നിരുന്നാലും ഒരു ജനതതിയെന്ന നിലയില്‍ ഇഴചേര്‍ന്നുപോകാന്‍ വളരെ എളുപ്പമാണ് അവരുടെ കൂടെ. വെസ്റ്റ്ഇന്‍ഡീസില്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും നൃത്തംചെയ്യാത്ത എന്നെ അവര്‍ ചുവടുവയ്പ്പിച്ചു. അര്‍ജണ്റ്റീനയില്‍നിന്നുള്ള കമിതാക്കള്‍ പതിനാലുമണിക്കൂര്‍നീണ്ടൊരു യാത്രയുടെ വിരസത മധുരവും സൌമ്യവും ദീപ്തവുമായ സംഭാഷണംകൊണ്ടില്ലാതാക്കി. ബ്രസീല്‍കാരി സുഹൃത്ത് എന്നെ 'കപ്പുച്ചീന്‍'കാപ്പി പരിചയപ്പെടുത്തി. 'ചിലി'യിലെ ('ചിലെ' എന്ന് ശരിയുച്ചാരണം), ചെ ഗുവേരയുടെ മോട്ടോര്‍സൈക്കിള്‍യാത്രയുടെ ഇടത്താവളത്തില്‍, മദിരയും (സ്പാനിഷില്‍ 'മദീര' മദ്യംതന്നെ; 'കാസ' കാശും 'പെസോ' പൈസയും 'ജനേല' ജനലും; 'കണവ'യും 'കാവാല'യും മത്സ്യബന്ധനബോട്ടുകളുടെ പേരുകള്‍) മദിരാക്ഷിയും തുള്ളിത്തുളുമ്പിയ നിശാവിരുന്നില്‍നിന്ന് തലയൂരിയത് തലനാരിഴക്കാണ്. ഹോട്ടല്‍മുറിയില്‍ തിരിച്ചെത്തുമ്പോള്‍ കിടക്കവിരിയുടെ മടക്കിവച്ച മൂലയില്‍ 'ലവ് യൂ' എന്നെഴുതിയ മിഠായി. അതിനടിയില്‍, 'Your Chamber Maid is' എന്നതിനുപിന്നാലെ ഫോണ്‍നമ്പറുമെഴുതിയ ഒരു കുറിമാനം; രാക്കൂട്ടിനു ക്ഷണിക്കപ്പെടാന്‍വേണ്ടിയാകണം. ചിലിയിലേക്കുപോകാനായി ദില്ലിവിമാനത്താവളത്തിലെ പതിവുബഹളത്തില്‍ വരിനില്‍ക്കുമ്പോള്‍ തൊട്ടുപിന്നില്‍ വെള്ളവസ്ത്രംമൂടി രുദ്രാക്ഷമിട്ട് തിലകവുംചാര്‍ത്തി ഒരു വിദേശിസാധ്വി. താനും ചിലെയിലെ സാന്തിയാഗോവിലേക്കാണെന്ന് അവര്‍ പരിചയപ്പെടുത്തി (ഞങ്ങള്‍ രണ്ടുപേര്‍മാത്രമാണ് സാന്തിയാഗോവരെ പെട്ടി ബുക്കുചെയ്യാനുണ്ടായിരുന്നത്). ശില്പിയാണ്. ബിഹാറിലെ ഏതോ ഒരു വിഹാരത്തില്‍ ഒന്നുംരണ്ടും വര്‍ഷംകൂടുമ്പോള്‍ വന്നുതാമസിക്കും. അവിടത്തെ ഒരു സന്യാസിയുടെ ശിഷ്യയാണ്. അഹിംസയില്‍ ആകൃഷ്ടയായാണ് ഭാരതത്തിലേക്കുവന്നത്. എണ്റ്റെ പേരിണ്റ്റെ 'മഹിമ'മൂലം അവര്‍ എന്നെ ബഹുമാനിച്ചു. സാന്തിയാഗോവില്‍ അവരും അവരുടെ ഭര്‍ത്താവും എനിക്കു വഴികാട്ടിയായി. ചിലിയില്‍നിന്നു തിരിച്ചുപോകുംമുമ്പ് തണ്റ്റെ സ്റ്റുഡിയോവും ശില്‍പങ്ങളുംകാണാന്‍ അവരെന്നെ ക്ഷണിച്ചു. ജോലിത്തിരക്കും സമയക്കുറവുംമൂലം അവരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ചെയ്ത് ക്ഷമാപണംചെയ്യാമെന്നുകരുതി ഹോട്ടലിലെ ഓപ്പറേറ്റര്‍ക്ക് നമ്പറും പേരും കൊടുത്തപ്പോള്‍ അയാള്‍ക്ക് അത്ഭുതം: "പാസ്തേല്‍? അവര്‍ ഞങ്ങളുടെ പേരുകേട്ട ശില്‍പിയല്ലേ. നിങ്ങള്‍ക്കവരെ അറിയാമോ?" അവിടെ കണ്ട മാരുതികാറും ബാറ്റഷോറൂമും എന്നെ വിഭ്രമിപ്പിച്ചില്ലെന്നില്ല. അവിടെ അനുഭവിച്ചു അതിശക്തമായ ഒരു ഭൂകമ്പം. ആന്‍ഡീസ്മലനിരകളെ തഴുകിയെത്തുന്ന തണുത്തതും നനുത്തതുമായ മണ്‍തരിക്കാറ്റേറ്റ് ഒരാഴ്ചയോളം മൂക്കില്‍നിന്നു ചോര പൊടിഞ്ഞു കഷ്ടപ്പെട്ടു. ഒരു അനുഭവംകൂടി പറഞ്ഞു നിറ്ത്താം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണ്. ഗുഡ്ഹോപ്പ്-മുനമ്പിണ്റ്റെ അയല്പക്കം. അണ്റ്റാര്‍ക്ടിക്കയോട് ഏറ്റവുമടുത്തുകിടക്കുന്ന തുറമുഖപട്ടണം. ഒരേദിവസംതന്നെ നാലു ഋതുക്കളും മാറിമാറി അനുഭവപ്പെടുന്ന സ്ഥലം. പണിയെല്ലാംതീര്‍ന്നപ്പോള്‍ ഒന്നു നടക്കാനിറങ്ങി. പ്രധാനനിരത്തുവിട്ട് അല്പം വഴിമാറിനടന്നപ്പോള്‍ ഒരു പോലീസുകാരന്‍വന്നു വിലക്കി. ആ പ്രദേശങ്ങളൊന്നും ശരിയല്ല, നേര്‍മാര്‍ഗം തുറമുഖസ്ഥനത്തേക്കുമാത്രം പോയാല്‍മതി എന്ന്. ഓര്‍ത്തു, ദക്ഷിണാഫ്രിക്കയിലെതന്നെ പ്രിട്ടോറിയയില്‍ ഒരു ആഫ്രിക്കക്കാരനും മൌറീഷ്യസ്കാരനുമൊപ്പം നടക്കാനിറങ്ങിയത്. നടന്നുനടന്ന് വഴിതെറ്റി. ചോദിക്കാനാണെങ്കില്‍ വഴിയില്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും വാഹനങ്ങളില്‍ കുതിച്ചുപായുന്നു. വീടുകള്‍ക്കെല്ലാം കനത്ത സുരക്ഷാവലയം -- കാമറ, വൈദ്യുതിയോടുന്ന മുള്ളുവേലി ഇത്യാദി. സന്ധ്യ മയങ്ങുന്നു. അവസാനം ഒരു ഹോട്ടല്കണ്ടു. അവിടെക്കയറി വഴിചോദിച്ചു. തിരികെ ടാക്സിയെടുത്തു നേരെപൊയ്ക്കോള്ളാനായിരുന്നു നിര്‍ദേശം. പോരാത്തതിന് കാമറയും വാച്ചുമെല്ലാം കുപ്പായത്തിനുള്ളില്‍ ഒളിപ്പിക്കണമെന്നും. അല്പം പണം പുറംപോക്കറ്റില്‍ കരുതിവയ്ക്കണം, തട്ടിപ്പറിക്കാര്‍വന്നാല്‍ എതിര്‍ക്കാതെ എടുത്തുകൊടുക്കാന്‍! നിന്നുതിരിയുമ്പോഴേക്കും അടുത്തെവിടെയോ വെടിപൊട്ടുന്ന ഒച്ച. പോലീസ്വണ്ടികള്‍ ചീറിയടുക്കുന്നു. ഞങ്ങള്‍ ടാക്സിയില്കയറി ഹോട്ടലിലെത്തി. എന്നാല്‍ കേപ്ടൌണ് പ്രായേണ ശാന്തമാണ്. തുറമുഖപ്രദേശത്താകെ വൈരംവില്‍ക്കുന്ന കടകള്‍. ആഫ്രിക്കന്‍ഖനികളില്‍ കറുത്തവര്‍ ചിന്തുന്ന വിയര്‍പ്പും കണ്ണീരും ചോരയും കടകളില്‍ വെട്ടിത്തിളങ്ങുന്നു. കൌതുകംതോന്നി ഒരു ചെറിയ കടയില്‍ കയറി. ഒരു വൃദ്ധയാണ് പീടികക്കാരി. വെടിയുണ്ടയേല്‍ക്കാത്ത കട്ടിക്കണ്ണാടിക്കൂടുകളില്‍ പല വര്‍ണത്തിലും വലിപ്പത്തിലും കണ്‍ചിമ്മിക്കാട്ടുന്ന നക്ഷത്രക്കുരുന്നുകള്‍. വെറുതെ വിലയാരാഞ്ഞു. വാങ്ങാനല്ല വന്നതെന്നും കാണാന്‍ മാത്രമാണെന്നും പറഞ്ഞപ്പോള്‍, കണ്ടാലല്ലേ അറിയൂ എന്ന് അവര്‍. അവര്‍ വാചാലയായി. വൈരത്തിണ്റ്റെ വൈശിഷ്ട്യം അതിണ്റ്റെ കാരറ്റിലും കട്ടിലും കളറിലും ക്ളാരിറ്റിയിലുമാണെന്നും അതിലോരോന്നിനും അതിണ്റ്റേതായ മൂല്യമുണ്ടെന്നും വിവരിച്ച് ഒട്ടേറെ വൈരക്കല്ലുകള്‍ എനിക്കെടുത്തുകാട്ടി. ഇങ്ങനെ എണ്റ്റെ മുന്പില് എന്തു ധൈര്യത്തില്‍ തുറന്നുകാട്ടുന്നു എന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരനല്ലേ, എനിക്കു വിശ്വാസം തോന്നുന്നു എന്നായിരുന്നു ഉത്തരം. അവര്‍ ഒരു വലിയ വൈരക്കല്ല് എണ്റ്റെ കയ്യില്‍ വച്ചുതന്നു. അതിണ്റ്റെ വിലകേട്ടപ്പോള്‍ എണ്റ്റെ തല പെരുത്തു. അതാണതിണ്റ്റെ ലഹരി എന്നവര്‍! അവിടെകണ്ട ഏറ്റവുംചെറിയ, മൊട്ടുസൂചിത്തലയുടെ വലിപ്പത്തിലുള്ള, രണ്ടു കുഞ്ഞിക്കല്ലുകള്‍ ഞാന്‍ വാങ്ങി. അതോടൊപ്പം ഒരു '൪ സി'-ചാര്‍ട്ടുംകൂടിത്തരാന്‍ അവര്‍ മറന്നില്ല. വിവേചനത്തിണ്റ്റെയും വിയര്‍പ്പിണ്റ്റെയും വിമോചനത്തിണ്റ്റെയും വിശ്വാസത്തിണ്റ്റെയും അഭിജ്ഞാനമായി ആ കല്ലുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നു ഞാന്‍.
പാതിരാസൂര്യന്‍ ചിരിച്ചുകാട്ടിയപ്പോള്‍
ആയിരത്തിത്തൊള്ളായിരത്തി എണ്‍പതിലാണ് എണ്റ്റെ ആദ്യത്തെ വിദേശയാത്ര. ഗ്രീസിലെ ആതന്‍സ്, ഡെന്മാര്ക്കിലെ കോപ്പന്‍ഹാഗന്‍, നോര്‍വേയിലെ ഓസ്ളോവഴി ട്രോണ്‍ഡ്ഹൈം എന്ന നോര്‍വീജിയന്‍ നഗരത്തിലേക്ക്. ആദ്യപാദത്തില്‍ ഗ്രീസില്‍ ഒരു രാത്രി താമസം. അതികഠിനമായ ശൈത്യം. എന്നും എണ്റ്റെ ഏറ്റവും വലിയ തലവേദന വെള്ളമില്ലാത്ത യൂറോപ്യന്‍ കക്കൂസുകള്‍. രാത്രിമുഴുവന്‍ യാത്രചെയ്ത് ഗ്രീസിലെ ആതന്‍സ്വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ നിരനിരയായി വൃത്തിയുള്ള കക്കൂസുകള്‍. എന്നാലോ വെള്ളത്തിനുപകരം കടലാസ് ചുരുളുകള്‍. അതുമല്ല, ഒരു കതകിനും മേലുമില്ല കീഴുമില്ല. ശരിക്കും അവയെയാണ് 'മറപ്പുര' എന്നു പറയേണ്ടത്, നമ്മുടെ കക്കൂസുകളെയല്ല. ടാക്സിക്കാരനോട് ഭാഷയില്ലാതെ വര്‍ത്തമാനംപറഞ്ഞ് ഒരുവിധം ഹോട്ടലിലെത്തി. രാവവസാനിച്ചിട്ടില്ലാത്തതിനാല്‍ ഒന്നുറങ്ങാനുംപറ്റി. ഉണരുമ്പോള്‍ മണി പത്ത്. എന്നിട്ടും സൂര്യനുദിച്ചിട്ടില്ല. പ്രാതല്‍സമയം തീര്‍ന്നെന്നു ഹോട്ടലുകാര്‍. എന്നിട്ടും എന്തോ തിന്നാന്‍തന്നു. പേരുകേട്ട യവനസംസ്കാരത്തിണ്റ്റെ പ്രതീകമായ 'അക്രോപൊളിസ്' എന്ന പുരാവശിഷ്ടസമുച്ചയം നടന്നുചെല്ലാനുള്ള ദൂരത്തെന്നറിഞ്ഞു. ചെല്ലുമ്പോഴറിയുന്നു അകത്തുകടക്കണമെങ്കില്‍ കാശുകൊടുക്കണമെന്ന്. അന്നൊക്കെ ഇന്ത്യാമഹാരാജ്യത്ത് വിദേശപ്പണം അറുകഷ്ടിയാണ്. ഞങ്ങള്‍ സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ക്കോ വിദേശയാത്രയ്ക്കിടയിലെ വട്ടച്ചെലവിന് എണ്ണിച്ചുട്ടപ്പംപോലെ അഞ്ചോപത്തോ ഡോളറേ കയ്യില്‍തരൂ ഭാരതീയ റിസര്‍വ് ബാങ്ക്. പിശുക്ക് പിറകില്‍നിന്നു പിറുപിറുത്തെങ്കിലും, അതില്‍ കുറെ വാരിക്കൊടുത്ത് അകത്തുകയറി. കുറ്റബോധം കാലപുരുഷണ്റ്റെ കാലടിയിലമര്‍ന്നു. കാലചക്രം പിറകോട്ടെടുത്തപോലെ അതൊരനുഭവമായിരുന്നു. വമ്പിച്ച വിനോദയാത്രാകേന്ദ്രമായതിനാല്‍ വഴിവക്കത്തെല്ലാം വാണിഭക്കാരുണ്ട്. ബുദ്ധിയുടെ പ്രതീകമായ മൂങ്ങയും ഉര്‍വരതയുടെ ബിംബങ്ങളും എവിടെയും. തീപ്പിടിച്ച വില. പലതുംനോക്കി ഒന്നുംവാങ്ങാതെ നടന്ന എന്നോട് ഒരു കടയിലെ വൃദ്ധ എവിടെനിന്നെന്നാരാഞ്ഞു. ആല്‍ഫ-ബീറ്റ-ഗാമ-ഡെല്‍റ്റ ചികഞ്ഞെടുക്കാന്‍ ഞങ്ങള്‍ ഇരുവരും പണിപ്പെട്ടു. അവര്‍ എന്നോട് എണ്റ്റെ കയ്യിലെ ഇന്ത്യന്‍നാണയങ്ങള്‍ കയ്യിലെടുത്തു കാണിച്ചുകൊടുക്കാന്‍പറഞ്ഞു. അതിലെ ഏറ്റവും ചെറിയത് അവര്‍ തെരഞ്ഞെടുത്തു. അതൊരു അഞ്ചുപൈസാനാണയമായിരുന്നു. അതിനുപകരമായി അവര്‍ എനിക്കൊരു പേപ്പര്‍ ഹോള്‍ഡര്‍ തന്നു. കൈപ്പത്തിവലിപ്പത്തില്‍ ലോഹത്തില്‍വാര്‍ത്ത ഒരു പുരാവസ്തുരൂപം! ഞാന്‍ യേശുദാസിണ്റ്റെ പാട്ട് മനസ്സില്‍ പാടി, "യവനസുന്ദരീ, സ്വീകരിക്കുകീ പവിഴമല്ലികപ്പൂവുകള്‍"...... ഇന്നും ആ സ്മരണിക എണ്റ്റെ കയ്യിലുണ്ട്. ഗ്രീസ് വിട്ട് വടക്കോട്ടുനീങ്ങുന്തോറും തണുപ്പുംകൂടി. കോപ്പന്‍ഹാഗന്‍ വിമാനത്താവളത്തിണ്റ്റെ ചില്ലുജാലകങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന മഞ്ഞുപരലുകളായിരുന്നു എണ്റ്റെ പിന്നത്തെ ആറുമാസത്തെ ഹിമവാസത്തിണ്റ്റെ ആദ്യപാഠം. അതുവരെ ചിത്രങ്ങളില്‍മാത്രം കണ്ടുമറന്ന വിചിത്രരൂപങ്ങള്‍. പിറ്റേന്ന് അവസാനത്തെ വിമാനമിറങ്ങി, നോര്‍വീജിയന്‍വഴികാട്ടിയോടൊപ്പം വണ്ടിയിലേക്കു നടക്കുമ്പോള്‍ മഞ്ഞുപാളികളില്‍ കാല് വഴുതി. ഒന്നാന്തരമൊരു വീഴ്ച്ച. ആദ്യത്തെ നോര്‍വീജിയന്‍പാഠം. ഭാരതത്തിണ്റ്റെ ബാറ്റ-ഷൂവിന് സ്കാണ്റ്റിനേവിയന്‍ ഹൈമവതഭൂവില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നറിഞ്ഞു. ബോംബേയില്‍നിന്നുമേടിച്ച രോമക്കുപ്പായം കഷ്ടിച്ചു പിടിച്ചുനിന്നു. കണ്ണിനാകമാനം ഒരു മങ്ങല്‍. തലക്കാകെ ഒരു പെരുപ്പം. മൂക്കിണ്റ്ററ്റം മരവിക്കുന്നു. വായില്‍നിന്നു പുക ആവിവണ്ടിയെപ്പോലെ. പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ പെട്ടിയുടെ പിടിയുംപൊട്ടി. അതുംതാങ്ങി തത്തിത്തത്തിനടക്കുമ്പോള്‍ എണ്റ്റെ ആദ്യത്തെ പ്രതികരണം ഈസ്ഥലത്തേക്കുവരേണ്ടിയിരുന്നില്ല എന്നായിരുന്നു. അങ്ങനെയങ്ങു തിരിച്ചുപോകാനും വയ്യല്ലോ. രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാന്‍വയ്യാത്ത ധ്രുവശൈത്യം. ഉരുക്കുചങ്ങലപൊതിഞ്ഞ ചക്രങ്ങള്‍ മഞ്ഞണിഞ്ഞ റോഡില്‍ ഉരഞ്ഞുനീങ്ങി. കാറിണ്റ്റെ അകത്തെ ഇളംചൂടില്‍ കുപ്പായപ്പുറത്തെ മഞ്ഞെല്ലാം ഉരുകിയൊലിച്ചു. വഴികാട്ടിയായിവന്ന ഹാന്‍സ് എന്ന നോര്‍വീജിയന്‍ശാസ്ത്രജ്ഞന്‍ വാതോരാതെ വര്‍ത്തമാനം തന്നെ. വിറച്ചുവിറച്ച് വിക്കിവിക്കിയുള്ള എണ്റ്റെ മറുപടി അദ്ദേഹത്തിണ്റ്റെ ഇംഗ്ളീഷുമായി നല്ല ചേര്‍ച്ചയിലായി. പാതയുടെ വലതുവശംചേര്‍ന്നുള്ള ആ മെല്ലേപ്പോക്കില്‍ മഞ്ഞവെളിച്ചത്തില്‍ കഷ്ടിച്ചു പത്തടി മുന്നില്‍ കാണാം. മഞ്ഞുതരികള്‍ മഴപോലെ പെയ്തിറങ്ങുന്നു. ഹാന്‍സിനാണെങ്കില്‍ അതിസന്തോഷം. ഓരോവളവിലും പാട്ടുംമൂളിക്കൊണ്ടായിരുന്നു വണ്ടിയോട്ടം. അവസാനം താമസസ്ഥലമെത്തി. വണ്ടിയുടെ വിളക്കണഞ്ഞപ്പോള്‍ ചുറ്റുപാടും കറുപ്പും വെളുപ്പുംമാത്രം. പഴയ സത്യജിത്റായ്ചിത്രങ്ങളിലെ ഒരു നിശ്ചലരംഗംപോലെ. ഒച്ചയനക്കമില്ല. വായില്‍നിന്നുപുറത്തുവരുന്ന വാക്കുകള്‍ പകുതിയും ഉറഞ്ഞുപോകുന്നു. എന്നെ സ്വീകരിക്കാനായി, ഒരു എസ്കിമോപോലെ കമ്പിളിയില്‍പൊതിഞ്ഞുവന്ന പഴയ സഹപ്രവര്‍ത്തകനെ തിരിച്ചറിയാന്‍കൂടിയായില്ല ആദ്യം. സമയം സന്ധ്യയാകുന്നേയുണ്ടായിരുന്നൂള്ളൂ. എന്നിട്ടും കട്ടി ഇരുട്ടാണ്. നട്ടുച്ചക്കും അതുതന്നെയായിരിക്കും സ്ഥിതി ശീതകാലത്ത്. ഉച്ചയ്ക്കടുത്ത് സൂര്യനൊന്ന് തലകാണിച്ചുപോകും ഒന്നോ രണ്ടോ മണിക്കൂര്‍. ചൂടുപിടിപ്പിച്ച മുറിയില്‍ കയറിയ ഉടനെ കതകടച്ചു കട്ടിലില്‍ കിടന്നുറങ്ങിയതുമാത്രം ഓര്‍മയുണ്ട്. പിറ്റേന്നെപ്പോഴോ ഉറക്കമുണരുമ്പോള്‍ ചുറ്റുവട്ടം തലേന്നുപോലെ തന്നെ. മ്ളാനം. മൌനം. കതകുതുറന്നപ്പോള്‍ വിശാലമായൊരു തളം. ഇരുന്നു ടീവി കാണാനും ആഹാരംകഴിക്കാനും മേശകസേരകള്‍. ഇരുവശവും ഈരണ്ടു മുറികള്‍. മൂലചേര്‍ന്നൊരു പാചകസംവിധാനം. മറ്റൊരുവശം പുറത്തേക്കുള്ള കതകും ടോയ്ലറ്റും. എതിര്‍വശം കൂരതൊട്ട് തറവരെ നീളുന്ന കൂറ്റന്‍ കണ്ണാടിജനല്‍. അതിനപ്പുറം പച്ചപ്പുല്‍ത്തകിടി. നോര്‍വെ ശാസ്ത്രസാങ്കേതിക സര്‍വകലാശാല ഒരുക്കിത്തന്ന താമസസൌകര്യം ലളിതവും സുന്ദരവും ശുചിത്വവുമുള്ളതായിരുന്നു. പ്രഭാതപരിപാടികള്‍ക്കായി കുളിമുറിയില്‍ കയറി. കക്കൂസില്‍ കടലാസ്സുചുരുള് കണ്‍മിഴിച്ചുകാട്ടുന്നു. തണുപ്പു സഹിക്കാന്‍ വയ്യ. തിളക്കുന്ന വെള്ളം തലവഴി വീഴ്ത്തി. സോപ്പുംപതച്ചൊരു ഉഗ്രന്‍കുളി. കുളിമുറിക്കു പുറത്തേക്കിറങ്ങുമ്പോഴേക്കും കിടുകിടെ വിറക്കുന്നു. മുറിയില്‍കയറി കമ്പിളിവസ്ത്രങ്ങള്‍ ഒന്നൊന്നായി അണിയുമ്പോഴേക്കും അതാ തൊലിയെല്ലാം പൊള്ളിയപോലെ. അന്തരീക്ഷത്തിലെ ജലാംശം തീരെക്കുറവായതിനാല്‍ തൊലിയെല്ലാം വരണ്ടുണങ്ങിപ്പോയി. ശീതരാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് നമ്മുടെ തൊലിയില്‍ കൊഴുപ്പു കുറവാണല്ലോ. ഒലീവെണ്ണയിട്ട് തൊലി സംരക്ഷിക്കണമെന്ന് പിന്നീട് കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. എന്നിട്ടും തൊലിപൊട്ടിത്തുടങ്ങിയപ്പോള്‍ ഡോക്ടറെ കാണേണ്ടിവന്നു. ധാരാളം പച്ചക്കറികഴിച്ചുപരിചയിച്ച നമ്മള്‍ക്ക് ധ്രുവത്തണുപ്പില്‍ സൂര്യരശ്മികൂടിയില്ലാത്ത അവസ്ഥയില്‍ ജീവകം പോരാതെ വരുന്നതുകൊണ്ടാണത്രേ. മള്‍ട്ടി-വൈറ്റമിന്‍ ഗുളികകൊണ്ട് ആ പ്രശ്നം കുറച്ചൊക്കെ തീര്‍ന്നു. ശരിക്കും കാരണം അതൊന്നുമായിരുന്നില്ല. നമ്മുടെ പതിവുരീതിയിലുള്ള കുളിയായിരുന്നു വില്ലന്‍. ആദ്യമാസങ്ങളിലെ രണ്ടുനേരം കുളി തണുപ്പുകാരണം ഒന്നാക്കേണ്ടിവന്നു. പിന്നെപ്പിന്നെ സോപ്പും കുറയ്ക്കേണ്ടിവന്നു. തദ്ദേശവാസികള്‍ക്ക് ആഴ്ചയില്‍ ഒരുകുളിയേ ഉള്ളത്രേ; വെള്ളിയാഴ്ച വൈകീട്ടൊരുകുളി. പല്ലുതേക്കുന്നതിനുപോലും മടിക്കുന്നവരെപ്പറ്റി എന്തുപറയാന്‍. നോര്‍വേക്കാര്‍ പൊതുവെ ആഹാരം സ്വയം പാകംചെയ്തുകഴിക്കും; പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍. പകല്‍ സര്‍വകലാശാലയിലെ കാണ്റ്റീനില്‍ കഴിയും. റൊട്ടിയും വെണ്ണയും പാല്‍ക്കട്ടിയും മുട്ടയും മീനും മാംസവും ഉരുളക്കിഴങ്ങുംതന്നെ പ്രധാനാഹാരം. കുടിക്കാന്‍ കാപ്പിയും പാലും പഴച്ചാറും ബിയറും. മീനും ഇറച്ചിയുമെല്ലാം പച്ചയ്ക്കുവരെ കഴിക്കും. പാചകമെല്ലാം പേരിനേയുള്ളൂ. ചൂടാക്കലാണൂ പ്രധാനം. കുറച്ചെല്ലാം പച്ചക്കറികള്‍ പാക്കറ്റിലാക്കി കിട്ടിയിരുന്നതുകൊണ്ട് ഒപ്പിച്ചുപോകാന്‍ എനിക്കുമായി. അവരുടെ ഉണക്കഗോതമ്പുറൊട്ടിയുമായി ഇണങ്ങിയപ്പോള്‍ കാര്യം എളുപ്പവുമായി. അവരുടെ കൊഴുകൊഴുത്ത പാല് മാത്രം എണ്റ്റെ ദഹനശക്തിയെ പരീക്ഷിച്ചു. കലാശാലയിലേ പഠനഗവേഷണങ്ങള്‍ രസകരമായിത്തുടങ്ങിയതോടെ തണുപ്പും ആഹാരവുമെല്ലാം വിഷയമല്ലാതായി. മുക്കാല്‍മണിക്കൂര്‍ പണി, കാല്‍മണിക്കൂര്‍ വിശ്രമം. പിന്നെയും മുക്കാല്‍മണിക്കൂര്‍ പണി, കാല്‍മണിക്കൂര്‍ വിശ്രമം. ഇതായിരുന്നു അവരുടെ രീതി. വിശ്രമസമയം ജനലല്പം തുറന്നിടും, ശുദ്ധവായുവിനുവേണ്ടി. ക്ഷീണിക്കുന്നതുവരെ പണിചെയ്യും. കാലത്തു നേര്‍ത്തേതുടങ്ങുന്ന ജോലി വൈകുന്നതുവരെ തുടരും. ജോലിസമയംകഴിഞ്ഞാല്‍ പിന്നെ വേറൊരു ജീവിതമാണ്. അത് അന്യോന്യം ആര്‍ക്കുമറിവുണ്ടാകില്ല. ആഴ്ചയിലെ അഞ്ചുദിവസം കഴിഞ്ഞാല്‍ ശനിയും ഞായറും അടിച്ചുപൊളിക്കും. തിങ്കളാഴ്ച കാര്യങ്ങളെല്ലാം അല്പം മന്ദഗതിയിലായിരിക്കും. കാര്യങ്ങള്‍ ചിട്ടയായും കൃത്യമായും ചെയ്യാന്‍ അവരെനോക്കിപ്പഠിക്കണം. അറിവുള്ളതു പറഞ്ഞുതരും. അറിയില്ലെങ്കില്‍ അതു പറയും. വളച്ചൊടിക്കലും ഭംഗിവാക്കുകളുമില്ല. കാലുവെട്ടലും കഴുത്തറുക്കലുമില്ല. കാരണം അവരുടെ ഉദ്യോഗങ്ങളില്‍ അനാവശ്യമത്സരങ്ങളില്ല. ശമ്പളനിരക്കുകളില്‍ വലിയ അന്തരങ്ങളില്ല മുകള്‍തട്ടിലും താഴേക്കിടയിലുമായി. ആര്‍ക്കും എത്ര ഉദ്യോഗങ്ങളില്‍വേണമെങ്കിലുമിരിക്കാം, അതില്‍നിന്നെല്ലാം പണം സമ്പാദിക്കാം. കൃത്യമായി ആദായനികുതി കൊടുക്കണമെന്നുമാത്രം. നികുതിനിരക്ക് വളരെ കൂടുതലുമാണ്. കാരണം സാമൂഹ്യസുരക്ഷക്കായി അവരുടെ സര്‍ക്കാര്‍ വന്‍തുകകളാണുമുടക്കുന്നത്. ജോലിയില്ലാത്തവര്‍ക്ക് ജീവിക്കാനുള്ള പണം സര്‍ക്കാര്‍ ഗാരണ്റ്റിയാണ്. അതുപോലെ ഒരു നോര്വേക്കാരന് ലോകത്തെവിടെവച്ചും രോഗഗ്രസ്തനായാല്‍ അവരുടെ എയര്‍-ആംബുലന്‍സ് പറന്നുവന്നു കൊണ്ടുപോകും വിദഗ്ദ്ധചികിത്സക്കായി. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകപരിരക്ഷയുണ്ട്. കാരണം ജനനനിരക്ക് വളരെ കുറവാണു നോര്‍വേയില്‍. പൊതുവെ നോര്‍വേപ്പെണ്ണുങ്ങള്‍ പ്രസവിക്കാന്‍ തയാറല്ലത്രേ. ജനസംഖ്യ വര്‍ധിപ്പിക്കാന്‍ പ്രത്യേകപരിപാടികളാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. നോര്‍വീജിയന്‍മണ്ണില്‍ പിറന്നാല്‍, അതേതുനാട്ടുകാരുടേതുമാകട്ടെ, സര്‍ക്കാര്‍വക സമ്മാനങ്ങള്‍ കുഞ്ഞിനെത്തേടിയെത്തും. ഇനി കുഞ്ഞിനച്ഛനില്ലെങ്കില്‍ അതിണ്റ്റെ വളര്‍ത്തുചെലവെല്ലാം വേണമെങ്കില്‍ സര്‍ക്കാര്‍തന്നെ വഹിക്കാന്‍ വകുപ്പുണ്ടത്റേ. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിനുള്ള നിയമങ്ങള്‍ എത്രയും കര്‍ശനമാണവിടെ. എന്തിന്, മുതിര്‍ന്നവരുടെ സുരക്ഷയ്ക്കുപോലും നിയമങ്ങള്‍ കര്‍ശനമാണ്. ആരെങ്കിലും പാതമുറിച്ചുകടക്കാന്‍ വഴിയോരത്തൊന്നുനിന്നാല്‍ ഇരുവശങ്ങളില്‍നിന്നുവരുന്ന വാഹനങ്ങളെല്ലാം കാല്നടക്കാരന് മറുവശമെത്തുന്നതുവരെ വരിവരിയായി കാത്തുനില്ക്കും. കാറില്ലാത്തവര്‍ കുറവാണെങ്കിലും യാത്രയ്ക്ക് പൊതുവാഹനങ്ങള്‍ ധാരാളമായിരുന്നു. ബസ്സുകളും ട്രാമുകളും ടാക്സികളും. ടാക്സികള്‍ പക്ഷെ ചെലവേറിയതായിരുന്നു. അന്നെല്ലാം ഒരു സ്റ്റോപ്പില്‍നിന്നുകയറി അടുത്തസ്റ്റോപ്പിലിറങ്ങുകയാണെങ്കില്‍ ബസ്സില്‍ ടിക്കറ്റെടുക്കണ്ട. പിന്നെ, ഒരു സ്ഥലത്തേക്കു ടിക്കറ്റെടുത്താല്‍ ബസ്സിലും ട്രാമിലുമായി യാത്രചെയ്യാം, വഴിക്കെല്ലാമൊന്നിറങ്ങി വീണ്ടും യാത്രതുടരാം. ഒരിക്കല്‍ ഒരു മടക്കയാത്രയില്‍ ഞാന്‍ വണ്ടിതെറ്റിക്കയറി. വഴിക്കെവിടെയോ ട്രാം നിന്നപ്പോള്‍ ഡ്രൈവറോടു വഴിചോദിച്ചു. അയാള്‍ക്കാണെങ്കില്‍ ഇംഗ്ളീഷ് ഒട്ടുമറിഞ്ഞുകൂടാ. എനിക്കാകെ പരിഭ്രമമായി. ഞാന്‍ പിന്നെയും പിന്നെയും ചോദിക്കും, അയാള്‍ പിന്നെയും പിന്നെയും മറുപടി പറയും. അപ്പോഴാണറിയുന്നത് ഞാന്‍ ചോദിച്ചതെല്ലാം മലയാളത്തിലായിരുന്നെന്ന്! ഒരുവിധത്തില്‍ അയാള്‍ റൂട്ട് പറഞ്ഞുതന്നു. ഞാന്‍ വേറെ രണ്ടുമൂന്നു ബസ്സുകളില്‍ കയറി താമസസ്ഥലത്തെത്തി. അവയിലൊന്നിലും വേറെ ടിക്കെറ്റെടുക്കേണ്ടിവന്നില്ല. പഴയ ടിക്കറ്റ് നോക്കി ഡ്രൈവര്‍മാരെല്ലാം എന്നെ അകത്തുകയറ്റി. ഭാഷയറിയില്ലെങ്കില്‍ ഏതുഭാഷയും കൊള്ളാം. എനിക്കേറ്റവും ശ്രമകരമായിരുന്നത് മഞ്ഞുകട്ടകളിലൂടെയുള്ള നടപ്പായിരുന്നു. കാലൊന്നുപിഴച്ചാല്‍ മറിഞ്ഞുവീഴും. മൃദുമഞ്ഞില്‍ പരിക്കൊന്നുമേല്‍ക്കില്ല. പക്ഷെ ഉറച്ച ഐസ്പാളികളില്‍ തെന്നിവീണാല്‍ അപകടമാണ്. പതിയെ ഐസില്‍ നടക്കാന്‍ ഹാന്‍സ് പഠിപ്പിച്ചുതന്നു; രണ്ടുകാലും മുന്നറ്റം അകത്തേക്കുചെരിച്ച് ത്രികോണമുനയാക്കി നടന്നാല്‍ തെന്നിയാലും മറിഞ്ഞുവീഴില്ല. പിന്നെപ്പിന്നെ വഴുകിനടക്കല്‍ ഒരു ഹരമായി. ബാറ്റാഷൂവിണ്റ്റെ അടിവശം കത്തികൊണ്ടുവെട്ടിക്കീറി പരുപരുത്തതാക്കിയപ്പോള്‍ സംഗതി എളുപ്പവുമായി. താമസസ്ഥലത്തുനിന്ന് നടന്നെത്താവുന്നദൂരമേയുണ്ടായിരുന്നുള്ളൂ സര്‍വകലാശാലയ്ക്ക്. പോകുമ്പോള്‍ ഒരിറക്കമുണ്ട്. അതില്‍ തെന്നാത്ത നാളുകളില്ലായിരുന്നു. തിരിച്ചുവരുമ്പോള്‍ കയറ്റത്തിണ്റ്റെ ആയാസം. രണ്ടുംകൂടി ഒന്നാന്തരം വ്യായാമമായി. ശാരീരികശക്തിയില്ലാതെ അവിടെ ജീവിക്കാന്‍ പ്രയാസമാണ്. മൈനസ് ഇരുപതു ഡിഗ്രി താപനിലയിലെല്ലാം പണിയെടുത്തുജീവിക്കുന്നത് അത്ര നിസ്സാരകാര്യമല്ല. പ്ളസ് ഇരുപതിനോടടുക്കുമ്പോള്‍തന്നെ നമ്മള് തെന്നിന്ത്യക്കാര്‍ 'ഹൂ ഹൂ' പറയുന്നു! അതിലും നാല്പതു ഡിഗ്രി താഴെയാകുമ്പോഴോ? പക്ഷെ ഒരു കാര്യം. പൂജ്യത്തിനുതാഴെ പോയിക്കഴിഞ്ഞാല്‍ ഏതു താപനിലയും വളരെ വലിയ വ്യത്യാസമൊന്നുമുണ്ടാക്കില്ല. ഒരു ദിവസം കാലാവസ്ഥയെപ്പറ്റി പരാതിപറഞ്ഞപ്പോള്‍ ഹാന്‍സ് പ്രതികരിച്ചതിങ്ങനെ: "There is nothing wrong with the weather; it is all with your dress". കാലാവസ്ഥക്കനുസരിച്ച വസ്ത്രധാരണമാണ് കാര്യം. മുംബൈയിലെ കൊഴകൊഴാമഴയത്ത് പാണ്റ്റും ഷര്‍ട്ടും മഴക്കോട്ടും ഗംബൂട്ട്സും ധരിച്ച് കുടയുംപിടിച്ച് ഒരുതുള്ളിനനയാതെ ഓഫീസിലെത്തുന്ന ഒരു ഉണക്കമനുഷ്യനെ എനിക്കറിയാം. ശാസ്ത്ര-സാങ്കേതികവിഷയങ്ങളില്‍ നോര്‍വേയും ഇന്ത്യയും തമ്മില്‍ ചിരകാലത്തെ ബന്ധമുണ്ട്. അറുപതുകളിലെ ഇന്‍ഡോ-നോര്‍വീജിയന്‍ പ്രോജക്റ്റ് എറണാകുളത്തു തുടങ്ങുന്നത് മത്സ്യബന്ധനമേഘലയിലെ സഹകരണത്തിനാണ്. ആ മത്സ്യബന്ധനത്തുറമുഖം ഡിസൈന്‍ചെയ്തവരില്‍ പ്രമുഖന് പെര് ബ്രൂണ്‍ എന്ന പ്രായംചെന്ന നോര്‍വേക്കാരനെ ഞാന്‍ പരിചയപ്പെടുന്നത് മുംബൈയിലും പൂണെയിലുംവച്ചാണ്. അതേവരെയുള്ള എണ്റ്റെ തീരദേശപഠനങ്ങള്‍ ഭാവിപരിപാടികള്‍ക്ക് ഉപകാരപ്പെടുമെന്ന ചിന്തയിലാണ് പെര് ബ്രൂണ്‍ എന്നെ ഉപരിപഠനത്തിനായി നോര്‍വേയിലെ ട്രോണ്‍ഡ്ഹൈം സാങ്കേതിക സര്‍വകലാശാലയിലേക്ക് തിരഞ്ഞെടുത്തത്. അതിരസികനായ അദ്ദേഹത്തിന് മലയാളികളുടെ പല പ്രത്യേകതകളെപ്പറ്റിയും അറിയാം, തലേക്കെട്ടും ചുമ്മാടും മടക്കിക്കുത്തും കറക്കിക്കുത്തുമടക്കം. അവസാനമറിയുമ്പോള്‍ അദ്ദേഹം അത്ലാണ്റ്റിക്കില്‍ സ്വന്തമായി വാങ്ങിയ ഏതോ ഒരു ദ്വീപില്‍ പ്രജ്ഞയറ്റുജീവിക്കുന്നതായാണ്. ഗവേഷണപഠനങ്ങളില്‍ സഹായിക്കാന്‍ ഒരുപറ്റമാളുകള്‍. അത്യാധുനിക സൌകര്യങ്ങള്‍. അലറിപ്പെരുക്കുന്ന നോര്‍ത്ത് സീയില്‍ ഒന്നുരണ്ടു കപ്പല്‍ യാത്രകള്‍. എണ്റ്റെ ബൌദ്ധികവും ശാരീരികവും ശാസ്ത്രീയവും സാങ്കേതികവും മാനസികവുമായ ശക്തിദൌര്‍ബല്യങ്ങളപ്പാടെ മാറ്റുരച്ചുനോക്കപ്പെട്ട സമയമായിരുന്നു അത്. താമസസ്ഥലത്തെ മറ്റു മൂന്ന് അന്തേവാസികളും നോര്‍വേക്കാരായിരുന്നു. വിദേശികളെ ഒന്നിച്ചു താമസിപ്പിക്കാറില്ല അവിടെ. തദ്ദേശവാസികളും വിദേശീയരുമായി ഇടപഴകാനുള്ള അവസരമൊരുക്കാനായിരുന്നു ഇത്തരം ക്രമീകരണങ്ങള്‍. താമസസ്ഥലത്തെ നോര്‍വീജിയന്‍കൂട്ടുകാര്‍ എന്നേക്കാള്‍ ചെറുപ്പവും മുഴുസമയ പഠനവിദ്യാര്‍ഥികളുമായിരുന്നു. വിദേശിയും ഉദ്യോഗസ്ഥനും എന്ന പരിഗണനകൂടിയായപ്പോള്‍ മാസാമാസം നാലുപേരിലൊരാള്‍ മാറിമാറിച്ചെയ്യേണ്ട പല വീട്ടുജോലികളും (ദിവസേന കുപ്പകളയല്‍, ആഴ്ചയിലൊരിക്കല്‍ തളവും ടോയ്ലറ്റും ഫ്രിജ്ജും വൃത്തിയാക്കല്‍, മാസത്തിലൊരിക്കല്‍ കറണ്റ്റ്ബില്‍ പിരിച്ചെടുത്തടയ്ക്കല്‍, റിപ്പയര്‍ വല്ലതുമുണ്ടെങ്കില്‍ അതിന് ആളെവിളിച്ചുവരുത്തല്‍ തുടങ്ങിയവ) അവര്‍ എന്നെ അറിയിക്കാതെ സ്വയം ചെയ്തു. അതറിഞ്ഞപ്പോള്‍ എണ്റ്റെ മാസച്ചുമതല എന്നെന്നു തിരക്കിയതിന് അവര്‍ പറഞ്ഞ മറുപടി എന്നും രണ്ടുനേരവുമുള്ള എണ്റ്റെ കക്കൂസ്കഴുകല്‍തന്നെ ധാരാളം എന്നായിരുന്നു. പിന്നെ, ഞാന്‍ ഭക്ഷണം പാകംചെയ്യുമ്പോള്‍ എരിവല്പം കുറയ്ക്കണം എന്നൊരു അഭ്യര്‍ഥനയും. സര്‍വകലശാലയിലെ സാങ്കേതികവിദഗ്ദ്ധര്‍ക്ക് നമ്മെപ്പറ്റി വലിയ മതിപ്പായിരുന്നു. മറിച്ച്, ഇന്ത്യയെപ്പറ്റി വളരെ താഴ്ന്ന അഭിപ്രായമാണ് താമസസ്ഥലത്തെ വിദ്യാര്‍ഥിസ്നേഹിതര്‍ക്കുണ്ടായിരുന്നത്. ഒരു ദിവസം ബിബിസിയില്‍ കാണിച്ച ഒരു പരിപാടിയെ മുന്‍നിര്‍ത്തി, ഇന്ത്യക്കാരപ്പാടെ പട്ടിണിക്കാരായുള്ളപ്പോള്‍ അണ്വായുധപരീക്ഷണം എന്തിനെന്നായിരുന്നു അവരുടെ ചോദ്യം. ചോദ്യത്തിലെ ആദ്യപാദം പകുതി തെറ്റെന്നും രണ്ടാംപാദം പകുതി ശരിയെന്നും ഞാന്‍ വാദിച്ചു. ഒരേസമയം മഞ്ഞും മഴയും വെയിലും കാറ്റും, കരയും കടലും കാടും മലയും മരുഭൂമിയും അവര്‍ക്കുണ്ടോ? ഇത്രയുംവലിയ സാമ്പത്തിക-സാങ്കേതിക ശക്തിയായ നോര്‍വേ, എത്ര അരിയും ഗോതമ്പും പച്ചക്കറികളും പാലും മുട്ടയും മീനും ഇറച്ചിയും തുണിയും മരുന്നും സിമെണ്റ്റും മരവും ഉണ്ടാക്കുന്നെന്ന ചോദ്യത്തിന് അവര്‍ക്കുത്തരമുണ്ടായിരുന്നില്ല. കാറുപോകട്ടെ ഒരു വാച്ചുകൂടി ഉണ്ടാക്കാത്തവരല്ലേ നോര്‍വേക്കാര്‍? ഞാന്‍ എണ്റ്റെ എച്.എം.ടി. വാച്ച് പൊക്കിക്കാണിച്ചുചോദിച്ചു, ഇത് മെയ്ഡ്-ഇന്‍-ഇന്‍ഡ്യ ആണെന്നറിയാമോ? "ഈ തണുപ്പില്‍ ഇതു നടക്കുമോ" എന്ന അവരുടെ സംശയം തീര്‍ക്കാന്‍ ആ വാച്ച് ഞാന്‍ ജനലിണ്റ്റെ വെളിയില്‍ ഒരു രാത്രി മുഴുവന്‍ കെട്ടിത്തൂക്കിക്കാണിച്ചു. അവര്‍ക്കു വെറുതെ പുഞ്ചിരിക്കാനേ കഴിഞ്ഞുള്ളൂ. ഇന്നും എനിക്കതില്‍ അഭിമാനമുണ്ട്, എച്ച്.എം.ടി. വാച്ച് കമ്പനി ഇന്നില്ലെങ്കിലും. പുറത്ത് മഞ്ഞുപെയ്യുമ്പോള്‍ കയ്യില്‍ കടലാസ്സും പുസ്തകവുമെല്ലാം തുറന്നുപിടിച്ചുപോകാനൊരുങ്ങിയ എന്നെ അവര്‍ കണക്കെ കളിയാക്കി ഒരിക്കല്‍. മഴമാത്രംകണ്ടുശീലിച്ച എനിക്ക് മഞ്ഞും വെള്ളമാണെന്നു ബോധ്യംവരാന്‍ കുറെ വൈകിയിരുന്നു. എന്ത് ഔപചാരികസന്ദര്‍ഭമായാലും ഒരു പ്ളാസ്റ്റിക്സഞ്ചിയില്ലാതെ ഒരൊറ്റ നോര്‍വീജിയനെയും കാണില്ലെന്ന ഒരു തമാശയുമുണ്ട്. ക്രിസ്മസ്സിനുതുടങ്ങിയ അതിശൈത്യം മൂന്നാലുമാസംകഴിഞ്ഞപ്പോള്‍ കുറഞ്ഞുതുടങ്ങി. വസന്തംവന്നതോടെ താപനില പ്ളസ്സിലേക്കുകടന്നു. കെട്ടിക്കിടന്ന മഞ്ഞിന്‍കട്ടകള്‍ ഉരുകിയൊലിച്ചുതുടങ്ങി. സൂര്യവെളിച്ചം പിശുക്കോടെ വലവീശിത്തുടങ്ങി. ജാലവിദ്യയാലെന്നപോലെ പൂക്കള്‍ തലപൊക്കിത്തുടങ്ങി. പ്രകൃതിയപ്പാടെ "ശ്രീമന്‍മന്ദസ്മിതസുമുഖി"യായി മാറി. എങ്ങും പുല്‍ത്തകിടിയൊരുക്കലും തുണിപറിച്ചെറിഞ്ഞുള്ള വെയില്‍കായലും. ഒഴിവുദിവസങ്ങളില്‍ കൂലിക്കു പുല്‍വെട്ടിക്കൊടുക്കുന്ന വിദ്യാര്‍ഥികള്‍, ആണും പെണ്ണും, അടിവസ്ത്രംമാത്രമണിഞ്ഞാവും പണിയെടുക്കുക. അതുമവരൊരു ആഘോഷമാക്കുന്നു. ഈസ്റ്ററിനുമുന്നോടിയായി വേനല്‍ക്കാലദേശീയസമയം ഒരുമണിക്കൂര്‍ തിരിച്ചുവച്ചു. ദിവസത്തിണ്റ്റെ നീളം കൂടിക്കൂടിവന്നു. രാത്രിയായാലും വെളിച്ചം. ഉത്തരാകാശത്ത് ഒന്നുരണ്ടുമണിക്കൂര്‍മാത്രം തലയൊന്നുചായ്ച്ചായി സൂര്യാസ്തമയം. അതും പിന്നെ കുറഞ്ഞു. രാത്രിമുഴുവന്‍ പുറത്തിരുന്നു വായിക്കാമെന്നായി. പ്യൂപ്പയില്‍നിന്ന് ചിത്രശലഭങ്ങള്‍ പറന്നുയരുംപോലെ ആണും പെണ്ണും പുറത്തിറങ്ങുകയായി. ആഘോഷങ്ങളുടെ സമയം. ക്രിസ്മസ്സോടനുബന്ധിച്ചുള്ള തെക്കന്‍പര്യടനം കഴിഞ്ഞ് സാന്ത ക്ളോസ് ഉത്തരധ്രുവത്തിലേക്കു തിരിച്ചുപോകുന്നവഴിയില്‍ എന്ന സങ്കല്പത്തില് ജനുവരിയില്‍ നടത്തുന്ന രണ്ടാം ക്രിസ്മസ്സിനുശേഷം, ആഘോഷങ്ങള്‍ ഒന്നൊന്നായി തുടങ്ങുന്നു വേനലടുക്കുമ്പോള്‍. വേനലെന്നുപറഞ്ഞാല്‍ സ്വെറ്ററിടാതെ പകലൊന്നു പുറത്തിറങ്ങാം കുറെ ദിവസം എന്നുമാത്രം. മേയിലെ ദേശീയദിനമാണ് അതിപ്രധാനം. അപൂര്‍വംകിട്ടുന്ന അവധിദിവസങ്ങളിലൊന്ന്. അന്ന് ആളുകള്‍ ഒന്നടങ്കം പുറത്തിറങ്ങും. ആകാശത്തിലെ നക്ഷത്രങ്ങളുടെയത്ര പതാകകള്‍ എന്നാണു കൈക്കണക്ക്. ആട്ടവും പാട്ടും , പിന്നെ നീന്തലും പറക്കലും. ഞാനും അലയില്‍ ഒരിലയായി അതില്‍ ചേര്‍ന്നു. വിദേശിയെന്നപേരില്‍ കെട്ടിപ്പിടുത്തവും മുത്തമിടലും പിടിച്ചുയര്‍ത്തലും പാനോപചാരവുമായി അവെരെന്നെ സ്നേഹംകൊണ്ടു ശ്വാസംമുട്ടിച്ചുകൊന്നു. വേനല്‍വന്നതോടെ പാതിരാസൂര്യന്‍ ചിരിച്ചുനിന്നു. രാത്രിമുഴുവന്‍ വെളിച്ചം പരന്നതോടെ എനിക്ക് ഉറക്കം കിട്ടാതായി. ആഹാരക്രമം തെറ്റി. പുലര്‍ച്ചയെങ്ങാനും ഉറങ്ങിപ്പോയാല്‍ പിന്നെ ഉണരുന്നത് ഉച്ചകഴിഞ്ഞാവും. തന്നിമിത്തം ഒന്നുരണ്ടുദിവസം കലാശാലയില്‍ പോകാനാവാതെവന്നപ്പോള്‍, ഒന്നുരണ്ടുതവണ കാണേണ്ടിയിരുന്ന ആളുകളെ സമയത്തിനു കാണാന്‍വയ്യാതെവന്നപ്പോള്‍, ഒരു സഹപ്രവര്ത്തകന് കാര്യം പറഞ്ഞുതന്നു. ധാരാളം സൂര്യവെളിച്ചം അനുഭവിക്കുന്ന ഉഷ്ണമേഘലാപ്രദേശങ്ങളില്‍നിന്നുവരുന്നവര്‍ക്കുള്ള ഒരു താത്കാലിക അസുഖമാണത്. രാത്രിവെളിച്ചം തലച്ചോറിലെ നാഴികമണിയെ തകരാറിലാക്കും. ഉറക്കത്തെ കെടുക്കും. ജൈവക്ലോക്ക് അപ്പോള്‍ ജന്മനാട്ടിലെ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ശരീരത്തിണ്റ്റെ പ്രവര്‍ത്തനത്തെ പുതിയ പരിത:സ്ഥിതിക്കനുസരിച്ചു പാകപ്പെടുത്തിയെടുക്കുവാന്‍ പണിയൊന്നേയുള്ളൂ. പാതിരാസൂര്യണ്റ്റെ പുഞ്ചിരി കാണാതിരിക്കുക. 'രാത്രി'സമയം മുറി ഇരുട്ടാക്കി കിടന്നുറങ്ങുക. കണ്ണടച്ചിരുട്ടാക്കുക. ശിശിരത്തിലെ പകലിരുട്ടിനേക്കാള്‍ ഗ്രീഷ്മത്തിലെ രാത്രിവെളിച്ചമാണ് എന്നെ കുഴക്കിയത്. പിന്നെ ഞാന്‍ നാട്ടിലേക്കു തിരിക്കുന്നതുവരെ പാതിരാസൂര്യന്‍ ചിരിച്ചുനിന്നു. ഞാനും. മുപ്പതുവര്‍ഷംമുമ്പത്തെ ഈ പഴംപുരാണം ഓര്‍മയിലെത്തിയത് ഗോവയില്‍ ഈ വര്‍ഷത്തെ തണുപ്പ് റെക്കോഡ്-നിലവാരത്തിലേക്കു താണപ്പോഴാണ്. പതിവില്ലാതെ ഒരു സ്വെറ്റര്‍ തേടിയപ്പോള്‍ ഉണക്കിസൂക്ഷിച്ചിരുന്ന പഴയ കമ്പിളിവസ്ത്രങ്ങള്‍ തലപൊക്കിക്കാണിച്ചു. മൈനസ് പത്തൊന്‍പതു ഡിഗ്രിയില്‍ അഞ്ചുപാളികളായി അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍. പ്ളസ് പത്തൊന്പതില് അതിലൊന്നുകൂടി വേണ്ട, വയസ്സ് അന്നത്തേതിലിരട്ടിയായിട്ടും. ഇനി വേണ്ടത് "വാസാംസി ജീര്‍ണാനി", അല്ലേ?
അകക്കണ്ണുതുറപ്പിക്കാന്‍
രണ്ടാംക്ളാസ്സിലോ മൂന്നാംക്ളാസ്സിലോ പഠിച്ച വരികളാണ്: "പുറംകണ്ണുതുറപ്പിക്കാന്‍ പുലര്‍കാലേ സൂര്യനെത്തണം അകക്കണ്ണുതുറപ്പിക്കാന്‍ആശാന്‍ ബാല്യത്തിലെത്തണം. " അന്നൊക്കെ പുലര്‍കാലേ കണ്ണുതുറക്കാന്‍ വലിയ കഷ്ടമായിരുന്നു. ഒരുതരത്തില്‍ ഒരുങ്ങി പള്ളിക്കൂടത്തിലെത്തിയാല്‍ ഇനിയും കേള്‍ക്കണം ടീച്ചറുടെവക വായ്ത്താരി: "വെളുക്കുമ്പോള്‍ കുളിക്കണം വെളുത്തമുണ്ടുടുക്കണം വെളുത്ത കൊമ്പനാന-പ്പുറത്തേറി നടക്കണം. " സ്കൂളില്‍ ചേരാന്‍ എനിക്കു വലിയ ധൃതിയായിരുന്നു. മുതിര്‍ന്നവര്‍ വായിക്കുന്നതും എഴുതുന്നതും ഞാനും എന്നാലാവുന്നവിധം അനുകരിച്ചിരുന്നു. ജൂണ്‍ ആദ്യവാരം സ്കൂള്‍ തുറക്കും. അന്നേക്ക് അഞ്ചുവയസ്സു തികഞ്ഞാലേ സ്കൂളിലെടുക്കൂ. എണ്റ്റെ ശരിയായ ജനനത്തിയതി ജൂലായിലായിരുന്നതുകൊണ്ട് ഒരുവര്‍ഷംകൂടി കാത്തിരിക്കണമായിരുന്നു. അങ്ങനെ വെറുതെ ഒരുവര്‍ഷം നഷ്ടപ്പെടാതിരിക്കാനും എണ്റ്റെ വീട്ടുവാശി സഹിക്കാതെയുമാകണം എണ്റ്റെ ജനനത്തിയതി ജൂണിലേയ്ക്കു തിരിച്ചുവച്ചത്. അങ്ങനെ ഞങ്ങളുടെ വീട്ടില്‍ മൂന്നുപേര്‍ ജൂണില്‍ പിറന്നവരായുണ്ട്! ചേച്ചിയുടെ കയ്യുംപിടിച്ച് ആദ്യദിവസം തൃപ്പൂണിത്തുറയിലെ കോടംകുളങ്ങര-സ്കൂളില്‍ പോയത് ഇന്നും മറന്നിട്ടില്ല. ചേച്ചി അന്നത്തെ 'നാലര'-ക്ളാസ്സിലായിരുന്നു. ഒന്നാംക്ളാസ്സിലെ വിലാസിനിട്ടീച്ചര്‍ റെജിസ്റ്ററില്‍ എണ്റ്റെ പേരുചേര്‍ത്തു. ആ ടീച്ചര്‍ എണ്റ്റെ അമ്മയുടെ സഹപാഠിയും സ്നേഹിതയുമായിരുന്നതുകൊണ്ട്, എനിക്ക് പരിഭ്രമമൊന്നുമില്ലായിരുന്നു. "എടോ, തണ്റ്റെ പേര് കുത്തനെ നിര്‍ത്തിയാല്‍ തന്നേക്കാളുമുണ്ടാകുമല്ലോ പൊക്കം" എന്നു ടീച്ചര്‍ പറഞ്ഞത് മെലിഞ്ഞുകരിഞ്ഞ എന്നെപ്പറ്റിയോ നീളംകൂടിയ എണ്റ്റെ പേരിനെപ്പറ്റിയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. അക്കാലങ്ങളില്‍ ഞങ്ങള്‍ക്ക് രണ്ടുമൂന്നു പേരുകളുണ്ടാകും. ഒന്ന് തലമുറയായി പകര്‍ന്നുകിട്ടുന്നത്. പിന്നേത്തത് സ്കൂള്‍പേര്. വേറൊന്ന് വീട്ടിലെ വിളിപ്പേര്. സ്വന്തമായി 'പേരുകേള്‍പ്പി'ക്കാന്‍ പിന്നെയും കുറെ കഴിയണം അഭ്യാസം! പെണ്‍കുട്ടികള്‍ക്ക് നല്ല പരിഷ്ക്കാരപ്പേരുകള്‍വേണമെന്ന് വിലാസിനിട്ടീച്ചര്‍ക്കു നിര്ബന്ധമായിരുന്നത്രെ. പാറുക്കുട്ടിയും ലക്ഷ്മിക്കുട്ടിയും സരസ്വതിക്കുട്ടിയും കല്യാണിക്കുട്ടിയുമല്ലാതെ വേറെ അധികമൊന്നും പേരുകളില്ലായിരുന്നല്ലോ അക്കാലങ്ങളില്‍. അവരെല്ലാം കല്യാണംകഴിയുമ്പോള്‍ 'അമ്മ'യുമാകും. ടീച്ചര്‍ അമ്മയോടുപറഞ്ഞ് എണ്റ്റെ ചേച്ചിയുടെ തലമുറപ്പേര് വേണ്ടെന്നു വയ്പ്പിച്ചു സ്കൂളില്‍. 'കോഴിവസന്ത' എന്നൊരുരോഗം അന്നറിയപ്പെട്ടിരുന്നതിനാല്‍ ചേച്ചിയുടെ പേരല്പം മാറ്റിക്കുറിച്ചതും പിന്നീട് അനിയത്തിക്ക് ചേച്ചിയുടേതിനനുയോജ്യമായ പേരുപറഞ്ഞുകൊടുത്തതും ആ ടീച്ചറായിരുന്നത്രെ. അങ്ങനെ ചേച്ചി വസന്തകുമാരിയും അനിയത്തി മല്ലികയുമായി. ഞങ്ങളുടെ ചുറ്റുവട്ടത്തെ അന്നത്തെ പരിഷ്ക്കാരപ്പെണ്‍പേരുകളെല്ലാം ആ ടീച്ചറുടെ സംഭാവനയായിരിക്കണം. ആണ്‍കുട്ടികളെ പക്ഷെ വെറുതെ വിട്ടിരുന്നു. അവര്‍ രാമന്, കൃഷ്ണന്, നാരായണന്, ഗോവിന്ദന് എന്നു തുടര്‍ന്നു. അധ്യാപകന്മാരെ 'സാര്‍്' എന്നും അധ്യാപികമാരെ 'മേണ്റ്റം' എന്നുമാണ് ഞങ്ങള്‍ സംബോധന ചെയ്തിരുന്നത്. അവരെപ്പറ്റിപ്പറയുമ്പോള്‍ പേരിണ്റ്റെകൂടെ മാഷെന്നും മേണ്റ്റമെന്നും ചേര്‍ക്കും. മാസ്റ്റര്‍ 'മാഷാ'യതുപോലെ മാഡം 'മേണ്റ്റ'മായതാവണം. കുറേക്കഴിഞ്ഞ് കോളേജിലെത്തിയപ്പോള്‍ അത് സാറും ടീച്ചറുമായി. ഒരിക്കലും ഞങ്ങള്‍ 'ടീച്ച'റെ 'മാഡം' എന്നു വിളിച്ചാലും 'സാര്‍' എന്നു വിളിച്ചില്ല. അത് തിരുവിതാംകൂര്‍വിദ്യാര്‍ഥികളുടെ അടയാളമായിരുന്നു. അക്ഷരത്തിണ്റ്റെയും അക്കത്തിണ്റ്റെയും ആദ്യപാഠങ്ങള്‍ വിലാസിനിമേണ്റ്റം ഓതിത്തന്നു. അ, ആ, ഇ, ഈ, ..... ആ നാടന്‍ പ്രൈമറിവിദ്യാലയത്തിലെ കളിമണ്‍നിലത്ത് കൂട്ടക്ഷരങ്ങളില്‍ പിച്ചവയ്പ്പിച്ചു. അമ്മ, അണ, ആന, ആമ, ഇല, ഈച്ച, ഉറി, ഉല, ഊത്ത്, ഊഞ്ഞാല്, ..... മരത്തട്ടികകള്‍കൊണ്ടു പാതിമറച്ച ക്ളാസ്സുമുറിയില്‍ കൂട്ടുകണക്കുകളില്‍ കൈത്തഴക്കമുണ്ടാക്കി. ഒന്ന്, രണ്ട്, മൂന്ന്, ..... പെരുക്കപ്പട്ടിക പഠിപ്പിച്ചു. ഓരൊന്ന് ഒന്ന്, ഈരണ്ട് രണ്ട്, മൂവൊന്ന് മൂന്ന്, ..... ഘടികാരം നോക്കാന്‍ പഠിപ്പിച്ചു. കാലത്ത് പത്തുമണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചയ്ക്കു രണ്ടുമണിമുതല്‍ വൈകുന്നേരം നാലുമണിവരെയും ഒരുവര്‍ഷം കൂട്ടിരുന്നുതന്നു. മണ്ണാംകട്ടയും കരിയിലയും കാശിക്കുപോയ കഥ പറഞ്ഞുതന്നു. ബോര്‍ഡില്‍ അക്ഷരങ്ങളും അക്കങ്ങളും ചൂണ്ടിത്തരാനല്ലാതെ ചൂരല്‍ തൊട്ടിട്ടില്ല ആ അധ്യാപിക. കയ്യക്ഷരം മോശമായാലും കുപ്പായക്കൈകൊണ്ട് മൂക്കുതുടച്ചാലും മാത്രം അവര്‍ പിണങ്ങും. എണ്റ്റെ വിദ്യാരംഭം ശരിക്കുംകുറിച്ചത് വിലാസിനിട്ടീച്ചറായിരുന്നു. ഒന്നില്‍നിന്ന് രണ്ടിലേക്കുള്ള മാറ്റം ഞാന്‍ ആഗ്രഹിച്ചില്ല. ഇടയ്ക്കിടയ്ക്ക് വിലാസിനിട്ടീച്ചറുടെ അടുത്തേക്കോടും ഞാന്‍. രണ്ടാംക്ളാസ്സിലെ മുത്തുമാഷ് പീഡനോത്സുകനായിരുന്നു. അതിനുപിന്നില്‍ വേറൊരു കാരണവുമുണ്ടായിരുന്നത് വളരെക്കാലംകഴിഞ്ഞാണറിഞ്ഞത്. അന്നത്തെ സമ്പദ്വ്യവസ്ഥയില് അദ്ദേഹത്തിണ്റ്റെ കുടുംബം ഞങ്ങളുടെ കുടുംബത്തിണ്റ്റെ ഒരു 'കുടിയാന്' ആയിരുന്നത്രേ എപ്പോഴോ. അതിണ്റ്റെ പകയായിരുന്നത്രേ എന്നോട്! മഴ തോരുമ്പോള്‍ ഓട്ടിറമ്പില്‍ വെള്ളത്തുള്ളികള്‍ മുത്തായുരുളുന്നതു നോക്കിയിരിക്കലായിരുന്നു രണ്ടാംക്ളാസ്സില്‍ എണ്റ്റെ പ്രധാന പണി. പാഠപുസ്തകത്തിലുണ്ടായിരുന്ന ഒരു കഥയില്‍ മുത്തുവെന്ന കഥാപാത്രം വെള്ളത്തില്‍കണ്ട ചന്ദ്രനെ തോണ്ടിയെടുക്കാന്‍ പാതാളക്കരണ്ടിയിട്ടുവലിച്ച് മലര്‍ന്നടിച്ചു വീഴുന്നതോര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു. കൊച്ചുമനസ്സില്‍ അത്രയ്ക്കു വിരോധമായിരുന്നു മുത്തുമാഷിനോട്. സഹപാഠികള്‍ക്കാണെങ്കില്‍ 'ഉണ്ടയും പഴവും' കാണിക്കലും പെണ്‍കുട്ടികളുടെ പാവാടപൊക്കലുമായിരുന്നു പ്രധാന വിനോദം. ഞാനാകെ ഒറ്റപ്പെട്ടുപോയി. ആ വര്‍ഷം ചേച്ചിയുംമാറിയിരുന്നു പെണ്‍പള്ളിക്കൂടത്തിലേക്ക്. പോരാത്തതിന്, ഒന്നാംക്ളാസ്സിലെ കളിക്കൂട്ടുകാരിയും കൂടെയില്ലാതെപോയി; അവള് മുന്‍പത്തെ അവധിക്ക് ഈ ലോകംതന്നെ വിട്ടുപോയിരുന്നു. ഞാനേറ്റവും സങ്കടപ്പെട്ട വിദ്യാഭ്യാസകാലമായിരുന്നു അത്. അക്കൊല്ലാവസാനമായിരുന്നു കേരളപ്പിറവി. കേരളം ഇന്ത്യന്‍രാഷ്ട്രീയത്തെ ചെമ്പട്ടുടുപ്പിച്ച കാലം. മൂന്നാംക്ളാസ്സിലെ ബാലന്മാഷ് പരമസാത്വികനായിരുന്നു; പിള്ളേരായിരുന്നു പിഴച്ചവര്‍; അതു രണ്ടാംക്ളാസ്സിണ്റ്റെ ബാക്കിപത്രം. "പഞ്ചസാരപ്പൊടിയേറെച്ചെലുത്തിയാല്‍ നെഞ്ചകത്തങ്ങു രുചിയുംകുറഞ്ഞുപോം" എന്നെല്ലാമുള്ള ഈരടികള്‍ മാഷു പറഞ്ഞുതന്നു. സ്ളേറ്റുകള്‍ പക്ഷെ മിക്കപ്പോഴും ശൂന്യമായിരുന്നു. ആ വര്‍ഷമാണ് 'ലെയ്ക' സ്പുട്നിക്കില്‍ പറക്കുന്നത്. കുട്ടികളെ മുറ്റത്തിറക്കി സാര്‍ അതു കാണിച്ചുതന്നു ഒരുനാള്‍. ആകാശത്ത് ഒരു മുട്ടവിളക്കുപോലെ അതു നീങ്ങിമറഞ്ഞു. നാലാംക്ളാസ്സിലെ മാധവന്‍മാഷും ശാന്തസ്വഭാവിയായിരുന്നു. അക്ഷരത്തെറ്റുകള്‍ കുത്തിനിറച്ചുവന്ന പാഠപുസ്തകം തിരുത്തിക്കുന്നതിനാണ് സമയംമുഴുവന്‍ ചെലവായിപ്പോയത്. ഒരുതരത്തില്‍, "നിറന്നപീലികള്‍ നിരക്കവേകുത്തി..." തിരുത്തിപ്പാടാന്‍ വശമാക്കിത്തന്നു. കേരളത്തിലെ നദികളുടെ പേരുകള്‍ കാണാപ്പാഠംപഠിച്ചതും മനസ്സിലുണ്ട്. "കരമനയാറ് നെയ്യാറ്" എന്നവസാനിക്കും പുസ്തകത്തിലെ ആ പാഠഭാഗം. ആ വര്‍ഷം എണ്റ്റെ അനിയത്തി സ്കൂളിലെത്തി. ഞങ്ങള്‍ അടുത്തടുത്ത ക്ളാസ്സുമുറികളില് പഠിച്ചു. ഇ.എം.എസ്സിണ്റ്റെ ആദ്യഭരണംകഴിഞ്ഞ് രാഷ്ട്രീയരംഗം വീണ്ടും ചൂടുപിടിച്ചകാലം. എങ്ങും അരിവാള്‍-ചുറ്റിക-നക്ഷത്രങ്ങളും നുകംവച്ച കാളകളും. സ്കൂളിനുമുന്നിലെ വലിയ പ്ളാവില്‍ കോണ്‍ഗ്രസ്സ്-പതാക. അതിനടുത്ത് നെടിയ മുളംതൂണില്‍ ചെങ്കൊടി. ഏതിനാണ് കൂടുതല്‍ പൊക്കം എന്നു തര്‍ക്കം. 'ഭാരത്മാതാ കീ ജെയ്, മഹാത്മാ ഗാന്ധീ കീ ജെയ്, ജവഹര്‍ലാല്‍ നെഹ്രൂ കീ ജെയ്' എന്നൊരുകൂട്ടര്. 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്നു മറ്റൊരു കൂട്ടര്. നാടുപിളര്‍ന്നു ചോരയൊലിച്ചപോലെ. "മുക്കൂട്ടുമുന്നണി തട്ടിപ്പു മുന്നണി ഇക്കൂട്ടുമുന്നണിക്കോട്ടില്ല" എന്നെല്ലാം കൊലവിളികള്‍. "മാന്യമഹാജനങ്ങളേ, മാക്കാച്ചിത്തവളകളേ, വേലിപ്പത്തലുകളേ, പിച്ചാത്തിത്തുമ്പുകളേ" എന്ന് അവരെ അനുകരിച്ച് ഞങ്ങള്‍ പിള്ളേര് 'രാഷ്ട്രീയം' കളിച്ചു. അഞ്ചാംക്ളാസ്സിലെ കുരിയച്ചന്‍മാഷ് ഒന്നാംതരമായി പഠിപ്പിക്കും; അതുപോലെതന്നെ പീഡിപ്പിക്കുകയും. ചൂരല്‍ചുഴറ്റാതെ ഒരുനിമിഷം കാണാനാവില്ല. അടിപ്പുറത്താണ് അറിവുപകര്‍ന്നുതരിക. ഒരിക്കലെന്നെ തല്ലാനോങ്ങിയ സാറിനെ വിലക്കിയ സഹപാഠിനി എനിക്കുവേണ്ടിക്കൂടി തല്ലുവാങ്ങി (അവള് പില്ക്കാലത്ത് ഒരു മികച്ച നടിയായി മാറിയതും പാതിവഴിക്കുവച്ച് ജീവിതത്തോടു വിടപറഞ്ഞതും യദൃച്ഛയാ ഞാനറിയുമ്പോള്‍ കാലം വളരെ വൈകിയിരുന്നു). അന്നു ഞാന്‍ അച്ഛനോടു കുരിയച്ചന്‍മാഷിനെപ്പറ്റി പരാതിപറഞ്ഞുപോയി. അച്ഛന് നയത്തില്‍ഇടപെട്ടതുകൊണ്ടാവണം പിന്നെ ആ മാഷ് എന്നെ തല്ലിയില്ല; ചൂരല്‍ ഓങ്ങിയിട്ടേയുള്ളൂ. എങ്കിലും അതേക്ളാസ്സില്‍തന്നെയുള്ള സ്വന്തം മകന് അലക്സാണ്റ്ററെപ്പോലും തല്ലിച്ചതയ്ക്കുന്നതു കാണേണ്ടിവന്നു. "നിണ്റ്റെ പെരെന്താടാ?" എന്ന് മാഷ് പുത്രനോടുചോദിക്കും. 'അ-ല-സ്-ക്കാ-ണ്ട-ര്‍" എന്നവന് തെറ്റിച്ചുപറയും. അടിയും വീഴും. അവന് സ്കൂള്‍പടിക്കല്‍ വാങ്ങാന്കിട്ടുന്ന കപ്പലണ്ടിയിലും ചുക്കുണ്ടയിലും ചാമ്പക്കയിലുംമാത്രമേ കമ്പമുണ്ടായിരുന്നുള്ളൂ. ഇംഗ്ളീഷിണ്റ്റെ അടിത്തറ പഠിപ്പിച്ചുറപ്പിച്ചുതന്നതിന് ഞാന്‍ ആ കുരിയച്ചന്‍മാഷിനോടു കടപ്പെട്ടിരിക്കുന്നു. അതോടെ ലോവര്‍ പ്രൈമറി കഴിഞ്ഞു. സ്ളേറ്റിണ്റ്റെ പ്രായവും. തുടര്‍ന്ന് അതേ സ്കൂളിലെ അപ്പര്‍ പ്രൈമറിയില്‍ ആറാംക്ളാസ്സില്‍. ആറുതൊട്ട് ആണ്‍കുട്ടികള്‍മാത്രം. പെണ്‍കുട്ടികള്‍ അഞ്ചാംക്ളാസ്സുവരെമാത്രം. അതില്‍ മിക്കവരും അതോടെ നിര്‍ത്തും പഠിത്തം; അകലെയുള്ള പെണ്‍പള്ളിക്കൂടത്തിലേ ഹൈസ്കൂള്‍ക്ളാസ്സിലേക്കൊന്നും പോകാന്‍ മിനക്കെടില്ല. ആണ്‍കുട്ടികളും അതെ. ഏഴാംക്ളാസ്സുകഴിഞ്ഞാല്‍ അതിലുമകലെയുള്ള ആണ്‍കുട്ടികളുടെ ഹൈസ്കൂളില്‍ കയറുന്നത് കഷ്ടിയാണ്. അതൊരു കാലം. സ്കൂള്‍മാനേജരുടെതന്നെ ഭാര്യയായ ഏലിക്കുട്ടിമേണ്റ്റമായിരുന്നു ക്ളാസ്സ്ടീച്ചര്‍. അവര്‍ കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തില്‍ ഐച്ഛികഭാഷയ്ക്കു തരം തിരിച്ചു. സംസ്കൃതവും മലയാളവുമായിരുന്നു ഐച്ഛികങ്ങള്‍. അവര്‍ എന്നെ ആദ്യത്തേതിലാക്കി. അതാണന്നത്തെ പതിവുരീതി. എനിക്കാണെങ്കില്‍ എന്തുകൊണ്ടോ മലയാളം വേണമെന്നായിരുന്നു മനസ്സില്‍. അതു വീട്ടില്‍പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കി. മലയാളം ഐച്ഛികമായെടുത്തവര്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടീച്ചര്‍ സമ്മതിച്ചാല്‍ ആയിക്കോളാന്‍ അച്ഛന്. ടീച്ചര്ക്കാണെങ്കില് അത്ഭുതം. ഒരുവിധത്തില്‍ സമ്മതം. അതിലധികം സന്തോഷം. 'മലയാളി-കൊലയാളി' എന്നൊരു വട്ടപ്പേരുംവീണു വീട്ടില്‍ എനിക്ക്; ആ അധ്യാപികയ്ക്ക് 'എലിക്കുട്ടി'-ടീച്ചര്‍ എന്നും. അനിയത്തിയുടെ മെലിഞ്ഞുമെലിഞ്ഞു കോലുപോലിരുന്ന ആനി എന്ന ടീച്ചറെ, 'ആണി'-മേണ്റ്റം എന്ന് ഒരു ഇരുമ്പാണികാട്ടി ഞാന്‍ വീട്ടില്‍ കളിയാക്കിയതിനുള്ള തിരിച്ചടിയായിരുന്നു അത്. ആറാംക്ളാസ്സ് കഠിനമായിരുന്നു. കണക്കും ജെനറല്‍ സയന്‍സും ഇംഗ്ളീഷും മലയാളവും ഹിന്ദിയും സാമൂഹ്യപാഠവും എല്ലാമായൊരു കുത്തിയൊഴുക്ക്; കെട്ടിമറിയല്‍. ആകപ്പാടെ സന്തോഷംതന്നത് ഡ്രോയിംഗ്-ക്ളാസ്സായിരുന്നു. പിന്നെ മലയാളവും. അല്പം, വെള്ളിയാഴ്ച്ചകളിലെ ഉച്ചമീറ്റിംഗും. അതില്‍ കുറെ കാണാപ്പാഠം പറഞ്ഞു; പദ്യം ചൊല്ലി. 'ഉപന്യാസപാരായണം' ഒരു സ്ഥിരം പരിപാടിയായിരുന്നു. ആരോ എഴുതിത്തന്നതു വായിക്കുക, അത്രതന്നെ. 'ഐകമത്യം മഹാബലം', 'പത്രപാരായണം', 'സത്യമേവ ജയതേ', 'ദേശാഭിമാനം', എന്നിങ്ങനെ പോകും വിഷയങ്ങള്‍. പറഞ്ഞുപറഞ്ഞത് പള്ളീലച്ചണ്റ്റെ പറച്ചില്‍പോലെയാകും. മധുവെന്നൊരു അനുഗൃഹീതനടണ്റ്റെ (ആ മധുവല്ല ഈ മധു!) 'ഏകാംഗ'-നാടകം ('ഏകാങ്ക'മല്ല, മോണോ-ആക്ട്) കണ്ടു കയ്യടിച്ചു ഞങ്ങള്‍. എപ്പോള്‍വേണമെങ്കിലും കണ്ണീരൊഴുക്കാന്‍ കഴിയുമായിരുന്നു മധുവിന്. ഒരു ഹിന്ദിമാസ്റ്ററുടെ മകന് ഹിന്ദി-കവിതകള്‍ വായിക്കും. ഞങ്ങള്‍ കണ്ണുതള്ളിയിരിക്കും. ഒരിക്കല്‍ എനിക്കൊരാവേശം കയറി കേറിയങ്ങുകാച്ചി, കോളേജിലെ ചേട്ടന് ചൊല്ലിപ്പഠിച്ചിരുന്ന ഒരു ഹിന്ദി കവിത: "ബഢേ ചലോ ബഢേ ചലോ" എന്നൊരെണ്ണം. (ഇന്ന് "സ്വയംപ്രഭാ സമുജ്വലാ സ്വതന്ത്രതാ പുകാരതി..... അമര്‍ത്യവീരപുതൃ ഹോ..... പ്രശസ്തവീര്യ പന്ഥ് ഹെ, ബഢേ ചലോ ബഢേ ചലോ" എന്നു കുറെ കഷ്ണങ്ങള്‍മാത്രം മിന്നിമറയുന്നു മനസ്സില്‍. ആ സുന്ദരഗീതം അറിയാവുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുഴുവന്‍ പറഞ്ഞുതന്നാല്‍കൊള്ളാം). ടീച്ചര്‍ക്കറിയണമായിരുന്നു എവിടെ നിന്നതു കിട്ടിയതെന്ന്. ഞാന്‍ കാര്യംപറഞ്ഞു. അക്കാലത്ത് ഒരു 'കവിത'യുമെഴുതി, 'പൊളിഞ്ഞ ഫൌണ്ടന്‍പേന'. അബദ്ധത്തില്‍ കേടുവന്നുപോയ എണ്റ്റെ പ്രിയപ്പെട്ട പേനയെപ്പറ്റി, പഠിക്കാനുണ്ടായിരുന്ന 'പൊളിഞ്ഞ കാളവണ്ടി' എന്ന പദ്യത്തിണ്റ്റെ വികലാനുകരണം. ആരെയും കാണിച്ചില്ല ചാപിള്ളയെ. ഏലിക്കുട്ടിടീച്ചര്‍ പ്രസവാവധിയില്‍ പോയപ്പോള്‍ മലയാളമെടുക്കാന്‍ ആളില്ലാതായി. ഞങ്ങള്‍ 'കൊലയാളി'കളെ സംസ്കൃതംടീച്ചര്‍ക്ക് കുരുതികൊടുത്തു. അവര്‍ പറയാന്‍ പറയും, 'രാമ: രാമൌ രാമാ:'. ഞങ്ങള്‍ ഏറ്റുപറയും'രാമ: രാമൌ രാമാ:'. പിന്നെ 'ബാല: ക്രീഡത:, കുക്കുടാ: കൂജന്തി' എന്നിങ്ങനെ. മൂന്നാലുമാസം അങ്ങനെയും കഴിഞ്ഞുകിട്ടി. ഒന്നും മനസ്സിലാകാത്ത ക്ളാസ്സുണ്ടല്ലോ, അതില്പരം ഭീകരമില്ല വേറെ. ഇന്നും ആ ഷോക്ക് മാറിക്കിട്ടിയിട്ടില്ല. അവരൊക്കെ ഇപ്പോള്‍ എവിടെയാണോ. ഏഴാംക്ളാസ്സെത്തിയതോടെ അടുക്കുംചിട്ടയുമായി. അതിനുകാരണം മാത്തുമാഷായിരുന്നു. അദ്ദേഹംതന്നെയായിരുന്നു ഹെഡ് മാസ്റ്ററും. അച്ചടക്കത്തിണ്റ്റെ കാര്യത്തിലും പഠിത്തത്തിണ്റ്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. ഇടതുകൈകൊണ്ട് ഒരു കുറുവടിവച്ചടിക്കും മുട്ടിനുതാഴെ. പിന്നെ നഖംകൊണ്ടൊരു നുള്ളും. തൊലിപറിഞ്ഞുപോകും. കണക്കും ഇംഗ്ളീഷുമായിരുന്നു വിഷയങ്ങള്‍. മലയാളത്തിനു പഴയ ഏലിക്കുട്ടിമേണ്റ്റം തന്നെ. ആദ്യമായി വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടിത്തുടങ്ങി. മാത്തുമാഷ് ഓരോരുത്തര്‍ക്കായി ഓരോ പുസ്തകം തരും. വായിച്ചുതിരിച്ചേല്‍പ്പിക്കുമ്പോള്‍ അടുത്തതൊന്നുതരും. 'സിന്ദ്ബാദ്', 'റസ്തം-സൊറാബ്' എന്നെല്ലാമുള്ള പുസ്തകങ്ങള്‍. 'കറണ്റ്റ് ബുക്സ്' എന്നുകേള്‍ക്കുന്നതന്നാണ്, തൊട്ടാല്‍ ഷോക്കടിക്കുമെന്നു സംശയിക്കുന്നതും! ഹിന്ദിയും സാമൂഹ്യപാഠവും എന്നെ പിശാചിനെപ്പോലെ പിന്തുടര്ന്നു. കാ-കേ-കീയും പാനിപ്പത്ത് യുദ്ധവുമെല്ലാം തലയ്ക്കുമുകളില്‍ ഈച്ചകളെപ്പോലെ പറന്നു. ആ സ്കൂളില്‍ ഒരു വാര്‍ഷികാഘോഷം ആദ്യമായി നടത്തിയതും അക്കൊല്ലമായിരുന്നു. തട്ടികകള്‍മാറ്റി മരബെഞ്ചുകള്‍ നിരത്തി മേശകളും ഡെസ്ക്കുകളും അടുക്കി സ്റ്റേജാക്കി ഞങ്ങള്‍ തിമിര്‍ത്തു. വിളക്കിനും 'ഉച്ചഭാഷിണി'ക്കുമായി റോഡിലെ 'കമ്പിക്കാ'ലില്‍നിന്ന് 'കറണ്ടു' വലിച്ചു. ടാറ്റാപുരം സുകുമാരനായിരുന്നു മുഖ്യാതിഥി എന്നാണോര്‍മ. ഇംഗ്ഗ്ളീഷിലുള്ള 'ഇലക്യൂഷന്‍' ആയിരുന്നു എനിക്കുകിട്ടിയ പരിപാടി. ഏതോ ഒരു റഷ്യന്‍നേതാവിണ്റ്റെ പ്രസംഗം, കാണാപ്പാഠംപഠിച്ച് അംഗവിക്ഷേപത്തോടെ പറയുന്നതായിരുന്നു സംഗതി. ആദ്യമായി മൈക്കിണ്റ്റെ മുന്പില് നില്‍ക്കുന്നതന്നാണ്. മാത്തുമാഷിനെ കുറുവടിയില്ലാതെ കണ്ടത് അന്നുമാത്രമാണ്. ആദ്യമായി ഞങ്ങളുടെ തോളില്പിടിച്ചു വാത്സല്യം കാണിച്ചതും അന്നുമാത്രമാണ്. എങ്കിലും അദ്ദേഹം വരച്ച വരയില്‍നിന്ന് അധികമൊന്നും വ്യതിചലിക്കേണ്ടിവന്നില്ല ഉപരിപഠനകാലത്തും. അത്രക്കു ചിട്ടപ്പെടുത്തിത്തന്നു അദ്ദേഹം പഠനപ്രക്രിയ. ഏഴു പാസ്സായാല്‍ പിന്നെ ഹൈസ്കൂള്‍. അതിന് സര്‍ക്കാര്‍സ്കൂളിലേക്കു മാറണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ. വീടിനെയും വീട്ടുകാരെയുമറിയുന്ന അധ്യാപകരെയും സഹപാഠികളെയുംവിട്ട്, തികച്ചും അപരിചിതരായവരുടെ ക്ളാസ്സുകളില്‍ ആദ്യമെല്ലാം അന്തം വിട്ടിരുന്നു. കേരളത്തിണ്റ്റെ പലഭാഗങ്ങളില്‍നിന്നെത്തുന്ന അധ്യാപകരും സ്ഥലത്തെ വിവിധതരം സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും. ഓരോവിഷയത്തിന് ഓരോ അധ്യാപകര്‍. വിശാലമായ ക്ളാസ്സുമുറികള്‍, വരാന്തകള്‍, നടുമുറ്റം, കളിപ്പറമ്പ്, ലബോറട്ടറി, ക്രാഫ്റ്റ് ഷെഡ്. എല്ലാം പുതുമയായിരുന്നു. സര്‍ക്കാര്‍ സര്‍വീസല്ലേ, മാറിമാറിവരുന്ന ടീച്ചര്മാര് വന്ന ഉടന്‍ നാട്ടിലേക്കു ലീവെടുത്തു തിരിച്ചുപോകും. 'ഗര്‍ഭശ്രീമാന്‍'മാരും (മെറ്റേര്‍ണിറ്റി-ലീവ് വേക്കന്‍സിയില്‍ വരുന്നവര്‍) 'ഗര്‍ഭശ്രീമതി'കളും (മെറ്റേര്‍ണിറ്റി-ലീവില്‍ പോകാനൊരുങ്ങുന്നവര്‍)കൊണ്ടു നിറഞ്ഞിരുന്നു അന്ന് ആ ഹൈസ്കൂളാകെ (നാമകരണത്തിന് അവിടത്തെ മലയാളം മാഷിനോട് കടപ്പാട്). അങ്ങനെ ഏട്ടാംക്ളാസ്സ് ആകപ്പാടെ അലങ്കോലമായി. അല്പം ചിലര്‍, പ്രധാനാധ്യാപകന് നാരായണമേനോന് സാര്‍, മലയാളത്തിണ്റ്റെ അരവിന്ദാക്ഷന് മാസ്റ്റര്‍, ഇംഗ്ളീഷിണ്റ്റെ കമലം ടീച്ചര്‍, കണക്കിണ്റ്റെ അലമേലു ടീച്ചര്‍, ഹിന്ദിയുടെ ഭാനുമതിടിച്ചര്‍, ഇംഗ്ളീഷ്, മലയാളം, ഹിന്ദി, സംസ്കൃതം എന്നീ ഏതുഭാഷയും കൈകാര്യംചെയ്യാന്‍ കഴിവുണ്ടായിരുന്ന ശങ്കരവാര്യര്‍മാസ്റ്റര്‍ എന്നിവര്‍ ഞങ്ങളെ പാതിവഴിക്കിട്ടു ചതിച്ചില്ല. നിഴല്‍പോലെ വന്ന് മിന്നല്‍പോലെ മറഞ്ഞ ഒരു താത്കാലിക അധ്യാപകനായിരുന്നു ബാലകൃഷ്ണന് മാഷ്. നന്നേ ചെറുപ്പം. ലീവെടുക്കുന്നവര്‍ക്കെല്ലാം പകരക്കാരന്. പരിചയക്കുറവുകൊണ്ടാകണം, മറ്റു ടീച്ചര്‍മാരെപ്പോലെയല്ലാതെ യാതൊരു തയ്യാറെടുപ്പുമില്ലാതെയായിരുന്നു ക്ളാസ്സുകള്‍. സ്കൂള്‍വിട്ടൊരു വിജ്ഞാനലോകമുണ്ടെന്ന് അന്ന് ഞാനറിഞ്ഞു, വിശാലവും ഗഹനവുമായ മറ്റൊരു ലോകം. കാലാവധികഴിഞ്ഞ് ജോലിവിട്ടുപോകുന്ന ദിവസം, അവസാന ദിവസം, അദ്ദേഹം എനിക്ക്, എനിക്കുമാത്രം, ഒരു പുസ്തകം തന്നു. 'മൈക്കല്‍സണ്‍ ആണ്റ്റ് ദ് സ്പീഡ് ഓഫ് ലൈറ്റ്'. ഭൌതികശാസ്ത്രത്തില്‍ എണ്റ്റെ അഭിരുചി വളര്‍ന്നത് അതിനെത്തുടര്‍ന്നാണ്. നോക്കൂ, ഒരു ചെറിയ സ്നേഹപ്രകടനം ഒരു ജീവിതത്തെ എങ്ങിനെ രൂപപ്പെടുത്തുന്നു! അദ്ദേഹം പിന്നീട് ഒരു അഭിഭാഷകനായിമാറി. ചെറിയക്ളാസ്സുകളിലെ അധ്യാപകര്‍ മലയാളം പഠിപ്പിച്ചുവെങ്കിലും മലയാളമെന്തെന്നു പഠിപ്പിച്ചത് ശ്രീ അരവിന്ദാക്ഷന്‍മാസ്റ്ററായിരുന്നു. ഭാഷയ്ക്കുള്ളിലെ ഭാഷയും ഭാഷയ്ക്കുപുറത്തെ ഭാഷയും, എന്നുവേണ്ട ജീവിതവും ജീവിതത്തിണ്റ്റെ ഭാഷയുംവരെ അദ്ദേഹം പകര്‍ന്നുതന്നു. ചിന്തയേറ്റിവരുന്ന ഭാഷയും ഭാഷയേറിവരുന്ന ചിന്തയും സാഹിത്യത്തിനുള്ളിലെ ജീവിതവും സാഹിത്യത്തിനുവെളിയിലെ ജീവിതവും എല്ലാം മലര്‍ക്കെക്കാട്ടിത്തന്നു. ഒന്‍പതാം ക്ളാസ്സ് ഉഷാറായിരുന്നു. പഠിക്കാനെത്തിയ വിദ്യാര്‍ഥികളും പഠിപ്പിക്കാനെത്തിയ അധ്യാപകരും. മറ്റൊരു ഭാഷാധ്യാപകന് എന്നെയൊരു ഓട്ടംതുള്ളല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചത് അമ്പേ പിഴച്ചു. പ്രൊഫ. വാഴക്കുന്നം എന്ന മാന്ത്രികവര്യന്‍ ഞങ്ങള്‍ക്കുവേണ്ടി ജാലവിദ്യ നടത്തിയത് മറക്കാന്‍ വയ്യ. ആ ലാളിത്യവും വിനയാന്വിതയും ഇന്നത്തെ പല മാന്ത്രികരിലും കാണുന്നില്ല. ഒന്‍പതാംക്ളാസ്സിലെ ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഞാന്‍ അരവിന്ദാക്ഷന്‍മാഷുടെ ക്ളാസ്സിലേക്കുവരുന്നു, പത്തില്‍. കഴിവുള്ളവരെയും ഇല്ലാത്തവരെയും, പഠിക്കുന്നവരെയും ഉഴപ്പുന്നവരെയും, വികൃതികളെയും വിഷണ്ണന്‍മാരെയുമെല്ലാം ഒരുപോലെ സ്വന്തം കുഞ്ഞുങ്ങളായിക്കണ്ട് വീറും വീര്യവും വിവരവും വിപ്ളവവും നിറച്ച് അവരെ വിജയപാതയിലേക്കു വഴിമാറ്റാന്‍ ആ കൊച്ചുമനുഷ്യനു കഴിഞ്ഞു. വെറും സര്‍ക്കാര്‍-ഹൈസ്കൂള്‍വിദ്യാര്‍ഥികളെക്കൊണ്ട് 'കേരളസാഹിത്യചരിത്രം' അടക്കം കനപ്പെട്ട പുസ്തകങ്ങള്‍ സ്വയംതുറന്നുവായിക്കാന്‍ പ്രേരിപ്പിക്കാന്‍തക്ക ഉത്തേജകശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. അത് ഹിന്ദിവിരുദ്ധസമരകാലം. ഒരു ഭാഷയും മോശമല്ലെന്നും സ്വന്തം ഭാഷ പക്ഷെ തനിക്കേറ്റം പ്രിയപ്പെട്ടതാണെന്നും വിശദീകരിച്ച് ഭാഷയെച്ചൊല്ലിയുള്ള അനുകൂല-പ്രതികൂല സമരങ്ങളില്‍നിന്നെല്ലാം അദ്ദേഹം ഞങ്ങളെ പിന്തിരിപ്പിച്ചു. ഭാഷയേക്കാള്‍ പ്രധാനം ഭാഷ്യമാണെന്നും ഭാഷയ്ക്കുള്ളിലെ ജീവിതംപോലെ ഭാഷയ്ക്കുവെളിയിലെ ജീവിതവും പ്രധാനമാണെന്നും പാവനമാണെന്നും ആ അധ്യാപകന് പഠിപ്പിച്ചു. ഒരു ജാതിക്കും ഒരു മതത്തിനും ഒരു മനുഷ്യനും ഒരു പ്രസ്ഥാനത്തിനും പ്രാമാണ്യമില്ല. അതറിഞ്ഞാല്‍ പ്രപഞ്ചമാകെ നിറയാന്‍ കഴിയും മനുഷ്യമനസ്സിന്. വ്യക്തിയില്‍ വിടരുന്ന വിശ്വമാനവികത. അതിനു വഴികാട്ടിയായി അരവിന്ദാക്ഷന്‍മാസ്റ്റര്‍ ഇന്നും വിളക്കുമരമായുണ്ട് തൃപ്പൂണിത്തുറയില്‍ ഞങ്ങള്‍ക്കെല്ലാം.
ഗോ........... ഗോവ!
ടൂറിസ്റ്റുകളുടെ പറുദീസയാണു ഗോവ -- 'ആയിരുന്നു' എന്നാണു പറയേണ്ടത്. കാലംമാറിയതോടെ കോലവും മാറി, ഗോവയും മാറി. 'ഗോവപുരി' ആണ് 'ഗോവ' ആയത് എന്നാണു പ്രമാണം. പ്രാദേശികമൊഴിയില്‍ ഗോവ, 'ഗോ(ം)യേ(ം)'. 'കൊങ്കണി'വാക്കുകള്‍ (നമുക്കതു 'കൊങ്ങിണി') മിക്കപ്പോഴും നാസികത്തിലാണ് തുടങ്ങുന്നതും തുടരുന്നതും അവസാനിക്കുന്നതും; അതാണ് (ം)-കൊണ്ടുദ്ദേശിക്കുന്നത്. 'കൊ(ം)കണി(ം)' -- അതാണ് 'കൊങ്കണി'യുടെ ഏകദേശം അടുത്ത ഉച്ചാരണം. അതു മറന്നു; ഗോവയുടെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി, സഹഭാര്യയായി മറാഠിയും. സര്‍ക്കാര്‍ കാര്യങ്ങള്‍ പക്ഷെ ഇംഗ്ളീഷിലാണ്; കോടതിക്കാര്യങ്ങള്‍ക്ക് അത്യാവശ്യം പോര്‍ത്തുഗീസുമുണ്ട്. വടക്കന്‍വരേണ്യര്‍ ഹിന്ദിയും പരത്തിയിട്ടുണ്ട്. കൂലിവേലക്കാര്‍ക്കിടയില്‍ കന്നഡം. കച്ചവടക്കാര്‍ക്കിടയില്‍ രാജസ്ഥാനിയും ഭോജ്പുരിയും ഗുജറാത്തിയും. കാവല്‍ക്കാരും തൂപ്പുകാരുമൊക്കെ നേപ്പാളി. അവിടെയും ഇവിടെയും മലയാളവും തമിഴും തെലുങ്കും കേള്‍ക്കാം. ഇംഗ്ളീഷ് ഒരുമാതിരി ഏവരും പറയും; 'ബട്ളര്‍ ഇംഗ്ളീഷ്' ആയിരിക്കുമെന്നുമാത്രം. പൊതുവെ സാരസ്വതന്മാര് വീട്ടിനുപുറത്ത് കൊങ്കണിയും അകത്ത് മറാഠിയും പറയും. മറ്റു ഹിന്ദുക്കളും താഴേക്കിടയിലുള്ള കത്തോലിക്കന്മാരും കൊങ്കണിപ്രിയരാണ്. ഇടത്തരം കത്തോലിക്കന്മാര് പുറത്തു കൊങ്കണിയും വീട്ടിനകത്ത് ഇംഗ്ളീഷും. പഴയ ഉന്നതവര്‍ഗ-കത്തോലിക്കര്‍ വീട്ടിനകത്ത് ഇന്നും പോര്‍ത്തുഗീസുപയോഗിക്കുന്നുണ്ട്, പ്രത്യേകിച്ചും വിരുന്നുകളിലുംമറ്റും മറ്റുള്ളവരെ ഒന്നു കൊച്ചാക്കാന്‍. അവര്‍ 'ബ്രാഹ്മിന്‍-കാത്തലിക്' എന്നാണ് സ്വയം വിശേഷിപ്പിക്കുക. കേരളത്തില്‍ തോമാശ്ളീഹയുടെ അനന്തരാവകാശികളെപ്പോലെ, അവരുമവകാശപ്പെടുന്നു ബ്രാഹ്മണപൈതൃകം. അവര്‍ താഴേക്കിടയിലുള്ള കത്തോലിക്കന്‍മാരുമായി അത്രയൊന്നും ഇടപഴകാറില്ല. വാക്കിലും വേഷത്തിലും പേരിലും നടപ്പിലും വിലാസത്തിലുമെല്ലാം ബോധപൂര്‍വമായൊരു വ്യത്യാസം കാണിക്കും. 'പോര്‍ത്തുഗീസ്' എന്നുപറഞ്ഞാല്‍ ഒരു 'ഇത്' ഇന്നുമവര്‍ക്കുണ്ട്. ജാതിവ്യവസ്ഥയും ജാതിപ്പെരുമയും ഹിന്ദുക്കളെപ്പോലെ ഗോവന്‍കത്തോലിക്കരും കൊണ്ടുനടക്കുന്നു. പുറംലോകത്തിണ്റ്റെ ധാരണക്കു വിപരീതമായി ഹിന്ദുക്കളാണ് ഗോവയില്‍ ഭൂരിപക്ഷം. പക്ഷെ സാംസ്കാരിക-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമേഖലകളില് കത്തോലിക്കന്മാര് ഒപ്പത്തിനൊപ്പമുണ്ട്. ക്രിസ്തുമതത്തിണ്റ്റെ മറ്റു നാണയങ്ങള്‍ വളരെ വളരെ കുറവാണു ഗോവയില്‍. ഞാന്‍ പറയാറുണ്ട്, ഇവിടെ ക്രിസ്ത്യാനികളില്ലെന്ന്; കത്തോലിക്കരേയുള്ളൂ. ഹിന്ദുക്കള്‍ പതിവു ജാതിച്ചേരികളിലാണെങ്കിലും, സാരസ്വതന്‍മാരെ ഒഴിച്ചുനിര്‍ത്തിയാല്‍ പ്രായേണ പാരസ്പര്യമുള്ളവരാണ്. പണംകൊണ്ട് സാരസ്വതന്‍മാരും പണികൊണ്ട് മറ്റുള്ളവരും ജീവിച്ചുപോരുന്നു. മുസ്ളിംസമുദായക്കാര്‍ രണ്ടുതരമാണ്; ഒന്നു നാടനും മറ്റൊന്നു വരത്തും. ആദില്‍ ഷാ ചക്രവര്‍ത്തിയുടെ ഭരണകാലത്താകണം നാടന്‍ മുസ്ളീങ്ങള്‍ ഉരുത്തിരിഞ്ഞത്. അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍നിന്ന് തൊഴില്‍, വിവാഹം എന്നിവയിലൂടെ കുടിയേറിയവരാണ് ബാക്കി മുസ്ളീംങ്ങള്‍. കേരളത്തെപ്പോലെ, നാടന്‍ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും മറ്റു സമുദായക്കാരും തികച്ചും മതസൌഹാര്‍ദ്ദത്തോടെ കഴിയുന്ന പ്രദേശം ഗോവയല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എടുത്തുപറയേണ്ട ഒരുകാര്യം വിവാഹത്തെയും സ്വത്തിനെയും സംബന്ധിച്ച ഇവിടത്തെ പൊതു-സിവില്‍ നിയമമാണ്. ആരായാലും നിയമപ്രകാരം റെജിസ്റ്റര്‍ ചെയ്താലേ വിവാഹം പ്രാബല്യത്തില്‍ വരൂ, അതു ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ളീമായാലും. സ്വത്തിലും ഭാര്യാഭര്ത്താക്കന്മാര്ക്ക് തുല്യാവകാശമാണ് (അതോടൊപ്പം ആദായനികുതിയും മൊത്തം വരവുകണക്കാക്കി പപ്പാതി നല്‍കാം). ഉദാഹരണമായി ഒരു വസ്തു കൈമാറ്റം ചെയ്യുമ്പോള്‍ അതാരുടെ പേരിലായാലും ഭാര്യാഭര്ത്താക്കന്മാര് ഇരുവരുടെയും കയ്യൊപ്പുവേണ്ടിവരും. അതുകൊണ്ടാകണം ഇവിടെ വേണ്ടുവോളം അവകാശത്തര്‍ക്കങ്ങളുണ്ടെങ്കിലും വിവാഹമോചനം കാര്യമായില്ലാത്തത്. പോര്‍ത്തുഗീസുകാരുടെ ചില നല്ലകാര്യങ്ങള്‍ കാണാതിരിക്കാന്‍ വയ്യ. അഞ്ഞൂറുവര്‍ഷംനീണ്ട അധിനിവേശത്തിനുശേഷം അറുപതുകളുടെ തുടക്കത്തിലാണ് ഗോവ ഇന്ത്യന്‍യൂണിയനോട് കൂടിച്ചേരുന്നത്. വി.കെ. കൃഷ്ണമേനോണ്റ്റെ കൌടില്യത്തിലാണത്. ഗോവ പിടിച്ചെടുത്ത സൈന്യാധിപന് ജനറല്‍ കണ്ടേത്ത് ഒരു മലയാളിയായിരുന്നു. കേന്ദ്രഭരണപ്രദേശമായിത്തുടങ്ങിയ ഗോവ, ൧൯൮൬-ല്‍ കേരളത്തെ വെട്ടിച്ച് ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായി മാറി. അന്നുവരെ ഉണ്ടായിരുന്ന നന്മകളൊക്കെ അതോടെ അസ്തമിച്ചു. എഴുപതുകളുടെ തുടക്കത്തിലാണ് ഞാന്‍ ജോലിസംബന്ധമായി ഗോവയില്‍ എത്തുന്നത്. അന്ന് ഇതുപോലല്ലായിരുന്നു ഗോവ. തലസ്ഥാനമായ 'പൊണ്‍ജി(ം)'യില്‍ (പനജി, പണജി, പണ്ജി, പഞ്ചിം, പാഞ്ചിം എന്നെല്ലാം മൊഴിവഴക്കംപോലെ) ആകപ്പാടെ പത്തിരുപതു കാറുകളേയുള്ളൂ. അതില്‍ കുറെയേറെ ഫോക്സ്-വാഗണ്‍ തുടങ്ങിയ മറുനാടന്‍വണ്ടികള്‍. നഗരപ്രാന്തത്തില്‍ ഞാന്‍ താമസിച്ചിരുന്ന പ്രദേശത്തേക്ക് രണ്ടേ രണ്ടു ബസ്സുകള്‍ മാത്രം മണിക്കൂറൊന്നുവച്ചോടും. രണ്ടും പണ്ടത്തെ 'പയനിയര്‍' ബസ്സുപോലത്തെ മൂക്കുള്ള പെട്റോള്‍വണ്ടികള്‍. കാറിലേതുപോലത്തെ സീറ്റുകള്‍. അന്നേയുണ്ട് ബസ്സിനുള്ളിലൊരു നിലക്കണ്ണാടി. അതുനോക്കി ഒന്നു മുടിചീകാതെ ആണായാലും പെണ്ണായാലും ഇറങ്ങിപ്പോകാറില്ല. ടിക്കറ്റ് എന്നൊരു പരിപാടിയില്ല. ഇറങ്ങുമ്പോള്‍ പൈസമേടിക്കും. കയറി അടുത്ത സ്റ്റോപ്പിലിറങ്ങിയാല്‍ കാശുവാങ്ങാറുമില്ല. പോകുന്നബസ്സില്‍കയറി തിരിച്ചുവന്നാലും അധികംപൈസ മേടിക്കാറില്ല. ബസ്സ്റ്റോപ്പെല്ലാം പേരിനുമാത്രം. എവിടെന്നും കേറാം; എവിടെയും ഇറങ്ങാം. ബസ്സില്‍ ആണും പെണ്ണും ഇടകലര്‍ന്നിരിക്കും. ഇന്നും, സ്ത്രീകള്‍ക്കായി സീറ്റുകള്‍ മാറ്റിവച്ചിട്ടുണ്ടെങ്കിലും ആരും അതു കാര്യമാക്കാറില്ല. ഇന്നോ, കാശുകൊടുത്താല്‍ ബാക്കി ചില്ലറ ചോദിക്കാതെ തരില്ല. നിത്യംപോകുന്നവര്‍ക്കൊരു ചാര്‍ജ്, പരിചയമില്ലാത്തവര്‍ക്ക് മറ്റൊരു ചാര്‍ജ്. ഗോവയിലെ ഒരു പ്രത്യേകതയാണ് മഞ്ഞയും കറുപ്പും തേച്ച ടാക്സി-മോട്ടോര്‍സൈക്കിള്‍. വീട്ടുമുറ്റത്തുവരെ കൊണ്ടുപോയിറക്കും. ഈ ബൈക്ക്-ടാക്സിക്കാരെ 'പൈലറ്റ്' എന്നു പറയും. ഭ്രാന്തന്‍മാരെപ്പോലെയാണു പാച്ചില്‍; എന്നാല്‍ അധികം അപകടങ്ങള്‍ ഉണ്ടാക്കാറില്ലവര്‍. വണ്ടിക്കൂലിയില്‍ വലിയ വ്യത്യാസമില്ലെങ്കിലും ഓട്ടോക്കാരേക്കാള്‍ സൌഹൃദമുള്ളവരാണവര്‍. സ്ത്രീകളും ഒറ്റക്കവരുടെ പിന്നില്‍ യാത്രചെയ്യും. ഇന്നും ഗോവക്കാര്‍ക്ക് പൊതുവിജ്ഞാനം കുറവാണ്. ഇവിടെ വന്നകാലത്ത്, എഴുപതുകളില്‍പോലും, എന്നോട് 'ഇന്ത്യയില്‍നിന്നാണോ ' എന്നു ചോദിച്ചവര്‍ കുറവല്ല. ഇന്നും കാണാം ഹോട്ടല്‍-പരസ്യങ്ങളില്‍ 'ഗോവന്‍ & ഇന്ത്യന്‍' എന്ന്. ഗോവ ഇന്ത്യയിലല്ലാത്തപോലെ! ബോംബെ, ബെല്‍ഗാം, പോട്ട, വേളാങ്കണ്ണി, തിരുപ്പതി - തീര്‍ന്നു അവരുടെ പുറംലോകം. പോര്‍ത്തുഗല്‍ സ്വര്‍ഗരാജ്യം! എഴുപതുകളുടെ പകുതിവരെ ഹിപ്പിസാന്നിധ്യം അതിരൂക്ഷമായിരുന്നു ഗോവയില്‍. എങ്കിലും ടൂറിസം ജനജീവിതത്തെ കാര്യമായി ബാധിച്ചിരുന്നില്ല. ഹിപ്പികള്‍ അവരുടെ താവളങ്ങളില്‍ കുടിയും കഞ്ചാവും കൂത്താട്ടവുമായി ഒതുങ്ങിക്കഴിഞ്ഞു. അവര്‍ നാട്ടുകാരെയോ നാട്ടുകാര്‍ അവരെയോ ശത്രുക്കളായിക്കണ്ടില്ല. തീരക്കടല്‍-പര്യവേക്ഷണത്തിണ്റ്റെ ഭാഗമായി അവരുടെ താവളങ്ങള്‍ക്കടുത്ത് ഞാന്‍ എത്തിപ്പെട്ടിട്ടുണ്ട്. ആദ്യമായി പൂര്‍ണനഗ്നശരീരങ്ങള്‍ കാണുന്നത് അവിടെയാണ്. എണ്റ്റെ പരീക്ഷണോപകരണങ്ങള്‍ പറിച്ചുകൊണ്ടുപോയ കുഞ്ഞിനെ അനുനയിപ്പിച്ച് അവ തിരിച്ചേല്‍പ്പിച്ചത് ജനിച്ചപടി നടന്നടുത്ത ഒരമ്മയായിരുന്നു. ഇന്ന് ടൂറിസ്റ്റുകളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം കൂടിക്കൂടിവരുന്നു. ടൂറിസ്റ്റുകള്‍ അവരുടെ താവളങ്ങളില്‍ ആരെയും അടുപ്പിക്കുന്നില്ല. ചിലയിടങ്ങളില്‍ വിദേശഭാഷയില്‍വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടവര്‍. ഒളിഞ്ഞും മറഞ്ഞുമുള്ള അവരുടെ ക്രയവിക്രയങ്ങളും വിക്രിയകളും രാഷ്ട്റീയക്കാര്‍ക്കും പ്രിയം. ഇന്നത്തെ ഗോവയില്‍ കുറ്റകൃത്യങ്ങളില്‍ പകുതിയെങ്കിലും ടൂറിസവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും ഇംഗ്ളീഷില്‍ സംസാരിച്ചുസംസാരിച്ച് എന്നെപ്പോലുള്ളവര്‍ നാട്ടുഭാഷ അധികം പഠിച്ചില്ല. അടുത്തിടെ ഒരു സംവാദത്തിനിടെ ഒരാള്‍ കൊങ്കണിയില്‍പറഞ്ഞത് എനിക്കു മനസ്സിലാവാതെവന്നപ്പോള്‍ അയാള്‍തന്നെ കുറ്റമേറ്റു; നിങ്ങള്‍ ഞങ്ങളുടെ ഭാഷ പഠിക്കാത്തത് ഞങ്ങള്‍ നിങ്ങളോട് ഇംഗ്ളീഷില്‍മാത്രം സംസാരിച്ചതുകൊണ്ടാണെന്ന്. ഞാന്‍ വന്നകാലത്ത് പോസ്റ്റ്-ഓഫീസില്‍ മണിയോര്‍ഡര്‍ ഫോമും അതിണ്റ്റെ രശീതിയുമെല്ലാം പോര്‍ത്തുഗീസിലായിരുന്നു. അന്നിവിടെ സൈക്കിളിനും കാറിനെപ്പോലെ ലൈസെന്‍സ് എടുക്കണം, മുനിസിപ്പാലിറ്റിയുടെ. അതും പോര്‍ത്തുഗീസിലായിരുന്നു. പോസ്റ്റ്-ഓഫീസ് ജീവനക്കാരും മുനിസിപ്പാലിറ്റിക്കാരുമെല്ലാം ഇംഗ്ളീഷിലാണ് എല്ലാവരോടും സംസാരിച്ചിരുന്നത്. പീടികക്കാരും ടാക്സിക്കാരും പെട്ടിക്കടക്കാരും കണ്ടക്റ്റര്‍മാരുമെല്ലാം ഇംഗ്ളീഷില്‍തന്നെ സംസാരിച്ച് ഞങ്ങള്‍ 'ഇന്ത്യ'ക്കാരെ 'ഇമ്പ്രെസ്സ്'ചെയ്യാന്‍ ശ്രമിച്ചു. 'അസ്മിതായ്' (സ്വാഭിമാനം / കൊങ്കണിത്തനിമ)വന്നത് അടുത്തകാലത്തുമാത്രമാണ്. എന്നിട്ടോ, എന്നോട് ഇംഗ്ളീഷുപറഞ്ഞിരുന്നവര്‍ ഇന്ന് ഹിന്ദി പറയുന്നു. കടക്കാരും കണ്ടക്റ്റര്മാരും കോണ്ട്രാക്റ്റര്മാരും കന്നഡം പറയുന്നു. നാനാത്വമങ്ങനെ നാനാവിധമായി! ഒരുകാര്യത്തില്‍ എല്ലാവര്ക്കും യോജിപ്പാണ്. ഉച്ചമുതല്‍ വൈകുന്നേരംവരെ കടകളും സ്വകാര്യസ്ഥാപനങ്ങളും അടച്ചിടും. സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ആള്‍പ്പെരുമാറ്റം കമ്മിയുമായിരിക്കും. 'സിയസ്ത' എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ഉച്ചവിശ്രമത്തിനാണത്. പറങ്കികളുടെ സംഭാവന. 'സുസെഗാദ്' (നിഷ്ക്രിയത്വ)മനോഭാവമാണ് ഗോവയുടെ മുഖമുദ്രതന്നെ. ഒരു കടയില്‍ ചെന്നാല്‍ ആദ്യചോദ്യം 'വാട്ട് ഹാപ്പന്‍ഡ്?' എന്നാകും; നമ്മുടെ പോക്കില്‍ എന്തോ സംഭവിച്ച മാതിരി. എന്തിനും 'നാളെ വരൂ, നാളെത്തരാം'. ആ 'നാള്' വരില്ല. ആരുടെയെങ്കിലും വീട്ടുകതകില്‍ മുട്ടിയാലും ഇത്തരത്തില്‍ തന്നെ ചോദ്യം: 'ഹൂ ഈസ് കം? വാട്ട് ഹാപ്പന്‍ഡ്?' പണ്ടൊക്കെ ആറുമണികഴിഞ്ഞാല്‍ നിരത്തൊഴിയും. പിന്നെ പുലരുവോളം അങ്ങിങ്ങായി വിരുന്നും വിനോദവുമായി കൊച്ചുകൂട്ടങ്ങള്‍ മാത്രം. ഇന്നും ഉള്‍നാടന്‍പ്രദേശങ്ങളില്‍ അങ്ങനെതന്നെ. നഗരപ്രദേശങ്ങളും കടല്‍ക്കരത്താവളങ്ങളും രാത്രിയാണിപ്പോള്‍ സജീവം. ഇരുപത്തിനാലുമണിക്കൂറും സജീവമാണ് മോട്ടോര്‍ബൈക്കുകള്‍. ഒരുകാലത്ത് ഒന്നും രണ്ടുംസൈക്കിളില്ലാത്ത വീടുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒന്നുംരണ്ടും ബൈക്കില്ലാത്ത വീടില്ല. രാവും പകലും പയ്യന്മാരും പയ്യത്തികളും ചീറിപ്പാഞ്ഞങ്ങനെ നടക്കും: "എവിടെനിന്നെത്തിയെന്നറിയീല, ഏതാണൂലക്ഷ്യമെന്നറിവീല" എന്ന പാട്ട്, കാണികളുടേതുമാത്രമല്ല അവരുടേതുമാണ്. സ്കൂള്‍-യൂണിഫോം അണിഞ്ഞ പിള്ളേര് (വയസ്സ് പതിനഞ്ചു തികയാത്തവര്‍)കൂടി ബൈക്കിലാവും സദാസമയവും. ലൈസന്‍സൊന്നും പ്രശ്നമല്ല. ഗതാഗതനിയമമേ പ്രശ്നമല്ല, എന്നിട്ടാണ്! ഗോവക്കാര്‍ക്കൊരു ദൌബല്യമുണ്ടെങ്കില്‍ അതു മീനാണ്. ഒതേനനെപ്പോലെ, "തോലുവെളുത്തൊരു പെണ്‍കണ്ടാലും, തൂളിപെരുത്തൊരു മീന്‍കണ്ടാലും" പിടിച്ചുനില്ക്കാന് അവര്‍ക്കാവില്ല. ഒരു മീന്‍ വാങ്ങാന്‍ എവിടെയും പോകും. മീന്‍കറിക്കായി എന്തു വിലയും കൊടുക്കും. നാട്ടിനുപുറത്തു താമസിക്കുന്ന ഗോവക്കാരെപ്പറ്റി പറയാറുണ്ട്, അവരുടെ യാത്രാസഞ്ചിയില്‍ പകുതിയും ഉണക്കമീനായിരിക്കുമെന്ന്. ഹോസ്റ്റലിലെല്ലാംകഴിയുന്നവര്‍ ആരുംകാണാതെ ആഹാരത്തിനുമുകളില്‍ ഉണക്കമീന്‍പൊടി വിതറിയേ ഊണുകഴിക്കുകയുള്ളൂ എന്നും! ഇനി മദ്യത്തിണ്റ്റെ കാര്യം. സമ്പൂര്‍ണമദ്യവത്കരണമാണിവിടെ. എന്നിട്ടും കുടിച്ചുകൂത്താടിനടക്കുന്നവര്‍ ഗോവക്കാരാവില്ല. അതില്‍ അവരുടെ അച്ചടക്കം പ്രശംസനീയമാണ്. കുടിക്കുന്നതില്‍ കുറ്റബോധമോ സാമൂഹ്യഭ്രഷ്ടോ വിപണനവിലക്കുകളോ ഇല്ലാത്തതിനാലാവാം. അന്തവും കുന്തവുംമറിഞ്ഞ് നാല്‍ക്കാലിയായി ഇഴയുന്നവര്‍ അയല്‍സംസ്ഥാനക്കാരും വടക്കന്‍വിനോദസഞ്ചാരികളുമാണ്. മദ്യമോഹിയായ മലയാളിക്കുപോലും ഇവിടെവന്നാല്‍ അല്പം അച്ചടക്കമൊക്കെ വരുന്നെന്നുകേട്ടിട്ടുണ്ട്. ഇന്നത്തെ പ്രധാന പ്രശ്നം ലഹരിമരുന്നുകളാണ്. ഒരുതലമുറയപ്പാടെ മരുന്നുകള്‍ക്കടിമപ്പെട്ടുകൊണ്ടിരിക്കുന്നു. വിദേശസഞ്ചാരികളും സ്ഥലത്തെ രാഷ്ട്രീയക്കാരുമാണ് അതിനുത്തരവാദികളേറെ. യുവാക്കള്‍ക്ക് അല്പം ലഹരിപദാര്‍ഥവും നക്കാപ്പിച്ച കീശക്കാശും ഒരു ബൈക്കുംകൊടുത്താല്‍ അവരെക്കൊണ്ട് രാഷ്ടീയക്കാരന് എന്തുംനടത്തിക്കാം എന്ന നില വന്നിട്ടുണ്ട്. മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ അന്തിമയങ്ങിയാല്‍ അളപൂകും, പട്ടികളൊഴിച്ച്. ഈ വിഷവിത്തുകള്‍മാത്രം അന്തിക്കാണ് ഉറക്കമുണരുന്നതുതന്നെ. പിന്നെ തെരുവുനായ്ക്കളെപ്പോലെ ഓട്ടമായി, ഓളിയായി, ആഹാരംമണത്തുള്ള പരക്കമായി, വിഹാരംതേടിയുള്ള പാച്ചിലായി. കഷ്ടിച്ച് സ്കൂള്‍ കടക്കും; പിന്നെ കൂട്ടും കൂട്ടവും കൂത്തും കുന്നായ്മയുംതന്നെ. വണ്ടിക്കുപിന്നില്‍ ഒരു പെണ്ണിനെയും കയറ്റി ('റിയര്‍ എന്ജിന്' എന്നാണു ഞാന്‍ വിളിക്കുക) ഒച്ചയും ബഹളവുമായി ഇരുട്ടുമൂലകള്‍തേടിയുള്ള ആ പോക്ക് ഗോവയുടെ ഭാവിയെ ഭയാനകമാക്കുന്നു. ഇല്ലെങ്കിലും പണിയെടുക്കാന്‍ ഗോവക്കാര്‍ക്കു കുഴിമടിയാണ്. എല്ലാം പുറത്തുനിന്നു വരണം , പുറത്തുള്ളവര്‍ ചെയ്യണം. ആകപ്പാടെ ഇഷ്ടപ്പെട്ടുചെയ്യുന്ന ജോലികള്‍ ടൂറിസ്റ്റ്-ടാക്സിയോടിക്കല്‍, പാട്ടുപാടല്‍, ടൂറിസ്റ്റ്ുകള്‍ക്ക് ഹോട്ടലും വണ്ടിയും ലഹരിയും വ്യഭിചാരവും ഒരുക്കിക്കൊടുക്കല്‍! പഠിച്ചുപാസ്സായവര്‍ ഗോവയില്‍ നില്‍ക്കില്ല; അവര്‍ മരുപ്പച്ചതേടിപ്പോകും പുറത്തെവിടെയെങ്കിലും. അതൊരു സത്യമാണ് -- പേരുകേട്ട ഗോവക്കാരെല്ലാം ഗോവയ്ക്കുപുറത്താണ്! ഗോവ വിനോദസഞ്ചാരികളുടെ പറുദീസയാണെന്നുപറയുന്നത് ഒരുതരത്തില്‍ ശരിതന്നെ. ഒരു വര്‍ഷത്തില്‍ നൂറ്റന്‍പതുദിവസം ആഘോഷങ്ങളും ബാക്കിദിവസം വിശ്രമവുമാണിവിടെ. ഡിസംബറില്‍ ക്രിസ്മസ്. ജനുവരിയില്‍ ന്യൂ ഇയര്‍. അതിനെല്ലാം അലങ്കരിക്കലും ഒരുക്കൂട്ടലുമെല്ലാം 'കഠിനാധ്വാന'മാണ്. ഫെബ്രുവരിയില്‍ കാര്‍ണിവല്‍, ശിവരാത്രി. മാര്‍ച്ച്-ഏപ്രിലില്‍ ഷിഗ്മൊ, രാമനവമി, ഹോളി, ഗുഡി പാഡ്വ. മേയില്‍ കൊടുംചൂടില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വിശ്രമംതന്നെ. ജൂണില്‍ മഴതുടങ്ങും. ഒന്നുരണ്ടുമാസം, ആഗസ്റ്റ്-സെപ്റ്റെംബര് വരെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതോടെ ഗണേശ്ചതുര്‍ഥിക്കുള്ള വട്ടംകൂട്ടണം. അതിനുള്ള അലങ്കാരപ്പണികളും 'കഠിനാധ്വാനം' തന്നെ. പിന്നെ നവരാത്രിയായി. ഉടന്‍ ഒക്ടോബറില്‍ ദീവാളി. അതിനു വഴിനീളെ മുക്കിലും മൂലയിലും നരകാസുരണ്റ്റെ കോലമുണ്ടാക്കി കത്തിക്കണം. ഒരാഴ്ചത്തെ 'കഠിനാധ്വാന'മാണത്. നവംബറിലെ ഇളംതണുപ്പില്‍ അല്പം 'വിശ്രമം'കിട്ടിയാലായി! സങ്കടം തോന്നും ഗോവക്കാര്‍ സമയവും പെട്രോളും തെര്‍മോക്കോളും പാഴാക്കുന്നതുകണ്ടാല്‍! ഒരുകാലത്ത് പോര്‍ത്തുഗീസുകാരുടെ ചെരിപ്പുനക്കിയവര്‍ ഇന്നത്തെ ദേശിയവാദികള്‍. ഒരുകാലത്ത് മറാഠിയെ മുറുകെ പിടിച്ച് മഹാരാഷ്ട്രത്തില്‍ ലയിക്കണമെന്നു ശഠിച്ചവര്‍ ഇന്ന് 'മണ്ണിണ്റ്റെ മക്കള്‍'. വിദേശികള്‍ക്കെതിരെ പോരാടിയവരുടെ മക്കള്‍ ഇന്ന് പാസ്പോര്‍ട്ട് മാറാന്‍ പഴുതുനോക്കുന്നു! കിട്ടിയേടത്തെല്ലാം കുരിശുവച്ചവര്‍ പോര്‍ത്തുഗീസുകാര്‍. അവയുടെ എണ്ണം പെരുകുന്നു. അതുകണ്ട് കണ്ടേടത്തെല്ലാം കൊടിനാട്ടുന്നവരും പെരുകുന്നു. ആളുകളെ ഒന്നിപ്പിക്കാനുള്ള ആരാധനാലയങ്ങള്‍ ആളുകളെ ഭിന്നിപ്പിക്കുന്നു. ഒരു പള്ളിക്കൊരു മന്ദിര്‍; ഒരു മന്ദിറിനൊരു മസ്ജിദ്. മനുഷ്യനുമാത്രം ഇടമില്ലാതായി ഇവിടെയും.
Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...