തലമുറത്തര്‍ക്കം പുത്തരിയൊന്നുമല്ല. യുവത്വമാണെങ്കില്‍ കലഹിക്കും. പിന്തലമുറ മുന്‍തലമുറയോടു തര്‍ക്കിക്കും. അതു 'തോന്ന്യാസ'മല്ല. ആണെങ്കില്‍ ഞാനും നിങ്ങളുമെല്ലാം തോന്ന്യാസികളായിരുന്നു. നമ്മുടെ അച്ഛനമ്മമാര്‍ തോന്ന്യാസികളായിരുന്നു. നമ്മുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും തോന്ന്യാസികളായിരുന്നു. പിന്നെ നമ്മുടെ മക്കളും അവരുടെ മക്കളും അതായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! ഇടയ്ക്കുവച്ചെന്തോ നഷ്ടമായ രീതിയിലാണ് നാം യുവത്വത്തെ കാണുക. ഇല്ല മാഷേ. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വ്യത്യാസപ്പെട്ടിട്ടേയുള്ളൂ. മാറ്റമാണ് മനുഷ്യജീവിതം. പ്രകൃതിസത്യം. പഴയ തെറ്റുകള്‍ തിരുത്തപ്പെടുമ്പോള്‍ പുതിയ തെറ്റുകള്‍ തുറക്കപ്പെടുന്നു. പരാതിപ്പെടുന്നതില്‍ അര്‍ഥമില്ല. ഒന്നു ചീയുമ്പോള്‍ മറ്റൊന്നിനു വളം. വിദേശികളുടെ വീരേതിഹാസങ്ങള്‍ക്ക് 'റാന്‍' മൂളിയതല്ല ഇന്നത്തെ തലമുറ. വിദേശീയരെത്തുരത്താന്‍ ഗാന്ധിയോടൊത്ത് പടവെട്ടിയവരുമല്ല ഇന്നത്തെ തലമുറയിലെ യുവാക്കള്‍. സ്വാതന്ത്യ്രാനന്തര സുന്ദരമോഹന വാഗ്ദാനങ്ങളാല്‍ വഞ്ചിക്കപ്പെട്ടവരുമല്ല. ഉണ്ണാന്‍ ചോറും ഉടുക്കാന്‍ തുണിയും കിടക്കാന്‍ കൂരയും ഉണ്ടവര്‍ക്ക്; കളിക്കാന്‍ കളിപ്പാട്ടവും പഠിക്കാന്‍ പാഠശാലകളും. ഒരുനേരത്തെ ആഹാരത്തിനു വിയര്‍പ്പൊഴുക്കേണ്ട. റേഷന്‍ കയ്നീട്ടിനില്‍ക്കണ്ട. മാഞ്ചസ്റ്ററിലുണ്ടാക്കിയ കോറത്തുണിയുടുക്കേണ്ട. ജയിലില്‍ അഴിയെണ്ണണ്ട. സ്വന്തംനാട്ടില്‍ പരദേശികളാകണ്ട. സായ്പ്പിനെക്കണ്ടാല്‍ കവാത്തെടുക്കണ്ട. മെക്കാളെയുടെ മനപ്പായസത്തിനു മധുരംചേര്‍ക്കണ്ട. 'ഭാരത്മാതാ കീ ജയ്, മഹാത്മാഗാന്ധീ കീ ജയ്' എന്നതിനപ്പുറം 'ജവാഹര്‍ലാല്‍ നെഹ്രു കീ ജയ്' എന്നുകൂടി വിളിക്കണ്ട. പാഠപുസ്തകത്തില്‍ രാജീവനയനണ്റ്റെയും സഞ്ജീവനിയുടെയും കുട്ടിപ്പടങ്ങളും കളിപ്പാട്ടങ്ങളും കണ്ട് കണ്ണുതള്ളണ്ട. മതമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു 'ജീവ'നെപ്പോലും പേടിക്കണ്ട. കണ്ണില്‍ക്കണ്ട ഗോസ്വാമികളുടെയും ഭൂസ്വാമികളുടെയും ആസാമികളുടെയും അനുവര്‍ത്തികളാവണ്ട. ഒളിച്ചും മറച്ചും ചുവപ്പന്‍ അടിയുടുപ്പിടേണ്ട. അലറിവിളിക്കുന്നവരുടെ അണികളായി മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം മുഴക്കണ്ട. ഒളിയിടം തേടണ്ട. പ്രണയിക്കാനും പരിണയിക്കാനും പാര്‍ട്ടിയുടെ പെര്മിഷന് വേണ്ട. പള്ളിയായാലും പള്ളിക്കൂടമായാലും പരശുരാമക്ഷേത്രമായാലും പരശങ്കയുടെ പഴുതു പാര്‍ക്കണ്ട. പേനില്ല. കൃമിശല്യമില്ല. ഗ്രഹണിയില്ല. രക്തദോഷമില്ല. പേരിനെങ്കിലും ജാതിപ്പേരില്ല. എന്നിട്ടുമെന്തേ ഇന്നത്തെ യുവത്വത്തിനൊരു വാട്ടം? കാലില്‍ ചെരിപ്പ്. കണ്ണില്‍ കറുപ്പ്. ചുണ്ടില്‍ ചുകപ്പ്. വിളിപ്പുറത്തു വിദ്യ. കളിപ്പുറത്തു കുന്നായ്മ. കൂരക്കുള്ളില്‍ കറണ്ട്. കയ്യിലാണെങ്കില്‍ കാശ്. കണ്‍വട്ടത്തു കമ്പ്യൂട്ടര്‍. കണ്‍വെട്ടത്തിനു കണ്ണട. ലൈബ്രറികള്‍, പുസ്തകങ്ങള്‍, പത്രമാസികകള്‍. പഠിപ്പേറിയ അധ്യാപകര്‍. പുറംലോകത്തേക്കു പട്ടംപറപ്പിക്കുന്ന പഠനകേന്ദ്രങ്ങള്‍. പണിക്കു പണി. പണത്തിനു പണം. നിറത്തിനു നിറം. നിണത്തിനു നിണം! എന്നിട്ടും? വിവരദോഷം? വളര്‍ത്തുദൂഷ്യം? അന്‍പതുകളില്‍ ജനിച്ചവരായാലും എണ്‍പതുകളില്‍ ജനിച്ചവരായാലും സ്ഥിരംകാണുന്ന ചിലതുണ്ട്, ചിലരുണ്ട്. അന്‍പതുകളില്‍ ജനിച്ചവര്‍ കണ്ടു, മീശവച്ചവരും താടിവച്ചവരും കോട്ടീട്ടവരും മോതിരക്കാരും നരശൂലങ്ങളും നരസിംഹങ്ങളും മദനന്മാരും മദാമ്മകളും ദല്ലാളന്മാരും ദയാലുക്കളും പട്ടക്കാരും പാട്ടക്കാരും. എണ്‍പതുകളില്‍ ജനിച്ചവര്‍ കണുന്നതോ, ഗാന്ധിനാമധാരികളും സിന്ധുസംസ്കാരക്കാരും പൈലറ്റുമാരും പവര്‍ബ്രോക്കര്‍മാരും പവര്‍ഫുള്ളുകളും മൈനകളും മേനകകളും മനോമോഹനന്‍മാരും ശ്വേതാംബരന്മാരും ദിഗംബരന്മാരും പ്രണവമുഖ്യന്‍മാരും കരചരണസിംഹങ്ങളും മല്ലന്മാരും അഷ്ടാവക്രന്‍മാരും മോടിക്കാരും സുദര്‍ശനചക്രധാരികളും കരാട്ടേക്കാരും വൃന്ദാവനസാരംഗികളും അംബ-അംബിക-അംബാലികമാരും നേത്രാവതികളും മായാവതികളും ലാലന്‍മാരും യദുകുലോത്തമന്‍മാരും തക്കിടിമുണ്ടന്‍മാരും ശിവകിങ്കരന്‍മാരും നവനിര്‍മാതാക്കളും വാനരപ്പടകളും കരുണാമയന്മാരും ദയാനിധികളും അഴകിയരാവണന്മാരും മാറ്റൊലിവീരക്കാരും പിണങ്ങളും അച്യുതം-കേശവം-രാമ-നാരായണക്കാരും പള്ളിയില്‍ വെള്ളതേച്ചവരും അമ്മയല്ലാത്ത അമ്മമാരും അച്ഛനാവാത്ത അച്ഛന്മാരും താലിമാലക്കാരും രാമബാണക്കാരും കശാപ്പുകാരും ലളിതന്മാരും സാമന്തക്കാരും സമ്മന്തക്കാരും ധീരന്മാരും ഭായിമാരും അംബാരിക്കാരും കാലമാടന്മാരും തെമ്മാടികളും പട്ടേലരിമാരും വാര്‍മുടിക്കാരും അന്തേവാസികളും നീലക്കെണികളും. (ഹൂശ്, എന്തൊരു ലിസ്റ്റ്!) ഇവര്‍ നാടുമുടിക്കാനിരിക്കുമ്പോള്‍ പിള്ളേരെന്തു ചെയ്യും? ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയാനും അല്ലിയാമ്പല്‍ക്കടവിലെ അരയ്ക്കുവെള്ളത്തിലിറങ്ങാനും ചിത്രമണിവാതില്‍ തുറന്ന് നിര്‍മാല്യം തൊഴാനും പാഴ്മുളംതണ്ടില്‍നിന്ന് പാലാഴിയൊഴുക്കാനും ശൃംഗാരപ്പദം പാടാനും മാംസതല്‍പ്പങ്ങളില്‍ ഫണംവിരിച്ചാടാനും പിള്ളേര്‍ക്കെങ്ങിനെ കഴിയും? അതുകൊണ്ടാണോ ലജ്ജാവതിയുടെ കള്ളക്കടക്കണ്ണുനോക്കി, 'അപ്പിടി പോട്, പോട്, പോട്' എന്നും 'ഷേക്ക്-എ-ലെഗ്, ഏേ ബേബി'എന്നും തുള്ളുന്നത്? ബുദ്ധിയും കഴിവും കാലാകാലം കൂടിക്കൂടിയാണുവരിക. "താതന്‍മറന്നാല്‍ തനയന് തുടര്‍ന്നു തദ്വൃത്തഖണ്ഡം പരിപൂര്‍ണമാക്കും" എന്നു കവി. ലോകത്ത് മൌലികമായി ഒന്നുമില്ല. 'Nothing is Original' എന്നൊരു പ്രസ്ഥാനംതന്നെയുണ്ട് കലാകാരന്മാര്ക്കിടയില്. ഒന്നു വളര്‍ന്ന് മറ്റൊന്നാകുന്നു. (ഭുജംഗയ്യണ്റ്റെ ദശാവതാരംപോലെ ചായ ചാരായമാകുന്നു; ചാരായം ചരസ്സിനു വഴിമാറുന്നു, എന്നൊന്നും ഞാന്‍ പറയില്ല!) എന്നെ അലട്ടുന്നത് അതല്ല. ഇത്രയും കഴിവുള്ള കുട്ടികള്‍ ജീവിതത്തില്‍നിന്ന് എന്തിനൊളിച്ചോടുന്നു? ഒന്നുകില്‍ പൊങ്ങച്ചംകോണ്ടു പൊറുതിമുട്ടും, അല്ലെങ്കില്‍ അധമബോധംകൊണ്ട് അന്തംകെടും. ഒന്നുകില്‍ എണ്ണച്ചട്ടിയില്‍നിന്ന് എരിതീയിലേക്ക്; അല്ലെങ്കില്‍ എരിതീയില്‍നിന്ന് എണ്ണച്ചട്ടിയിലേക്ക്! തീയില്‍നിന്നല്‍പം മാറിനിന്ന് ജീവിതത്തെ പാകം ചെയ്തുകൂടേ? അഹംഭാവവും അഹങ്കാരവും അഹംബോധവും തമ്മില്‍തമ്മില്‍ അവര്‍ തിരിച്ചറിയുന്നില്ല. അതിനാല്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ആത്മസംയമനവും ആത്മസമര്‍പ്പണവും ആത്മസ്ഥൈര്യവും അവര്‍ക്കില്ലാതെപോകുന്നു. ആത്മാഹുതി ഒരു വിജയമല്ല. ആത്മവഞ്ചനയാണ്. 'മക്കള്‍ തലതിരിയുന്നതിന് അമ്മമാരെ തല്ലണം' എന്ന് എണ്റ്റെ ഭാര്യ പലപ്പോഴുംപറഞ്ഞുകേട്ടിട്ടുണ്ട്. 'അച്ഛന്മാരെയും' എന്നു ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. വഴിവിളക്കാകേണ്ടവര്‍ നോക്കുകുറ്റികളായാലോ? പിന്നൊന്ന് സ്വാര്‍ഥത. അതും അണുകുടുംബത്തിണ്റ്റെ സന്തതി; അരാഷ്ട്രീയതയുടെയും. പാവങ്ങളെയറിഞ്ഞ രാഷ്ട്രീയാചാര്യന്മാര് രണ്ടുപേരേയുള്ളൂ. മഹാത്മാഗാന്ധിയും കാള്‍ മാര്‍ക്സും. അവരെ രണ്ടുപേരെയും വ്യക്തികളും കുടുംബവും രാഷ്ട്രവും ലോകവും തമസ്കരിച്ചിരിക്കുന്നു. യുവതലമുറ അവരെ അറിയുന്നില്ല. ഇനിയുമൊന്ന് വീരാരാധന. ഒരു കളിക്കാരന്, ഒരു നടന്, ഒരു പാര്ട്ടിക്കാരന്, ഒരു തെമ്മാടി (സ്ത്രീലിംഗത്തില്‍ കളിക്കാരി, നടി, പാര്‍ട്ടിക്കാരി. തെമ്മാടി ഏതായാലും അങ്ങനെതന്നെയിരിക്കട്ടെ!) ആണോ ഇവരുടെ ജീവിതം നിര്‍വചിക്കുന്നത്? അവര്‍കുടിക്കുന്നതും അവരുടുക്കുന്നതും അവര്‍പറയുന്നതും അവര്‍കാണിക്കുന്നതും അനുകരിക്കുമ്പോള്‍, മക്കളേ, നിങ്ങള്‍ നിങ്ങളല്ലാതായിത്തീരുന്നു. വിശ്വപൌരന്‍മാരായിത്തിളങ്ങേണ്ട നിങ്ങള്‍ വെറും കച്ചവടച്ചതികള്‍ക്കും ബഹുരാഷ്ട്രക്കമ്പനികളുടെ നക്കാപ്പിച്ചകള്‍ക്കും അടിമപ്പെടുന്നു. ഉള്ളിന്നുള്ളിലെ സൌന്ദര്യം പൊന്നും പൊന്നാടയുംകൊണ്ടല്ല പുറത്തുവരിക. ഇന്നുവൈകീട്ടത്തെ പരിപാടി സ്വയം തിരഞ്ഞെടുക്കാം. 'ഞാന്‍ റെഡി, ഞാന്‍ എപ്പഴേ റെഡി' എന്നമട്ടില്‍ ചാടിപ്പുറപ്പെട്ടാല്‍, സിനിമയിലെ ഡ്യൂപ്പിണ്റ്റെ സ്റ്റണ്ടുപോലാവില്ല വീഴ്ച! ആണ്കോയ്മയും (male chauvinism) അവമതിക്കൊലയും ('honour' killing) പെണ്‍ഭ്രൂണഹത്യയും (female foeticide) അമ്മായിയമ്മപ്പോരും പോലെ അന്തവും കുന്തവും കെട്ടതല്ല യുവത്വത്തിണ്റ്റെ വിഭ്രംശങ്ങള്‍. പാല്‍പ്പല്ലു കൊഴിയുമ്പോലെ, മാസമുറപോലെ, പേറ്റുനോവുപോലെ, വളര്‍ച്ചക്കും വികാസത്തിനും അല്പം വേദന തിന്നേപറ്റൂ. സൃഷ്ടിക്കുപിന്നിലെ ചോര. അണുവികിരണംപോലെ അര്‍ധായുസ്സായി (half-life) അനന്തതയിലേക്ക് യുവത്വത്തിണ്റ്റെ സന്ത്രാസം അനവരതം അനുവര്‍ത്തിച്ചുകൊണ്ടിരിക്കും. അനുഭവിച്ചേ പറ്റൂ. ആസ്വദിച്ചേ തീരൂ.
[Published in the fortnightly webmagazine www.nattupacha.com, 15 August 2010]
Subscribe to:
Post Comments (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...
No comments:
Post a Comment