Tuesday, 4 December 2018

ഭാഗവതം



തെറ്റുചെയ്‌വേനെന്നു ചൊല്ലിയോ കേശവാ,
തെറ്റുകൾ പിന്നാലെ ചെയ്തുകൂട്ടി?

തെറ്റുചെയ്‌തേനെന്നു ചൊല്ലിയല്ലേ വെറും
വിശ്വരൂപത്തെയെടുത്തുകാട്ടി?

പ്രളയശേഷം



തലയ്ക്കുമുകളിൽ
തലമുറ പണിയും
തരികിടതന്ത്രങ്ങൾ

മലയ്ക്കുചുറ്റും
മതിലുകൾ പണിയും
അഭിനവസൂക്തങ്ങൾ

പുഴയ്ക്കുചെല്ലാ-
നിടയില്ലാതെയ-
ടച്ച പോംവഴികൾ

വഴിക്കുവഴിയേ
വരിയായ് വന്നവ-
രരികുകൾ പൂകിയവർ.

ദാരുണ്യം




കത്തിപ്പടർന്നാലുമെത്താത്ത കണ്ണിണ
കൊത്തിപ്പറിച്ച ദാരുണ്യമേ-

എത്തിപ്പിടിക്കുവാനാകാത്ത കൈകളെ
ചുറ്റിപ്പിടിച്ച കാരുണ്യമേ-

വാക്കിലുറങ്ങാവരികളെ താലോലി-
ച്ചാട്ടിയുറക്കിയ വൈക്ലബ്യമേ-

കാറ്റിൽ‌ തളരുന്ന വാസനച്ചെപ്പിന്റെ-
യുള്ളിൽ നിറയും നിശ്വാസമേ-

Monday, 29 October 2018

അന്തിക്കണക്ക്



കാറൊഴിഞ്ഞ മാനത്തൊരു
അന്തിമേഘക്കീറ്
കാറ്റൊഴിഞ്ഞ മാമരത്തുമ്പിൽ
മർമരത്തിൻ ശീല്

കാലംപറ്റി ഓളംവറ്റി
ശാന്തമായൊരാറ്
മണ്ണിലെങ്ങും വിണ്ണിലെങ്ങും
വെൺനിലാക്കിനാവ്

കണ്ണിലെന്നും കരളിലെന്നും
പ്രണയനൊമ്പരച്ചൂട്
അകം‌നിറയെ പുറംനിറയെ
മധുരമുന്തിരിച്ചാറ്

കാറ്റടങ്ങി പിശറടങ്ങി
ഓരുവെള്ളം പടിയിറങ്ങി
പെരുമീനിൻ‌ ഇത്തിരിവെട്ടത്തിൽ
പാതിരാക്കുറുമ്പ്

Friday, 26 October 2018

അന്തിവെളിച്ചം



തലകൊണ്ടുമാത്രം പണിചെയ്തതെന്തെന്നു
താനേ മനസ്സിലൊരാന്തൽ
കയ്യിലും കാലിലും കണ്ണിലും കരളിലും
കാലം കുടുക്കിട്ട തോന്നൽ
മുച്ചെണ്ടകൊട്ടി മുഴക്കിയ വാക്കുകൾ
വക്കുപൊട്ടിച്ച പാത്രങ്ങൾ
കയ്ച്ചിട്ടിറക്കാൻ കഴിയാതെയന്നത്തെ
കൺതുറുപ്പിച്ച കാര്യങ്ങൾ

തീരെച്ചെറുതെങ്കിൽ മാവിൽ പടർത്തിടാം
വള്ളികൾ കെട്ടിപ്പിടിച്ചാൽ
വെട്ടിപ്പടർന്നു കയറുമ്പോൾ വേരുകൾ
പാഴ്‌മരമെങ്കിൽ മുറിക്കാം

അന്തിവെളിച്ചത്തിലാൽത്തറച്ചൂടിലി-
ന്നോടിയെത്തുന്നു കിനാക്കൾ
കൊച്ചടിവച്ചുടലാടിക്കുഴഞ്ഞാലു-
മാശ്വാസമായെൻ സ്മൃതികൾ
നഷ്ടവസന്തവും ശിഷ്ടശിശിരവും
ഗ്രീഷ്മത്തുടുപ്പിൽ നിറഞ്ഞു
വർഷവർണങ്ങളും ശരദേന്ദുരശ്മിയും
ഹേമന്തരാവിൽ പുണർന്നു

കൂട്ടിലൊരു കിളി താമരപ്പൈങ്കിളി
ആരെയോ മുട്ടിയുണർത്തി
മാറിൽ കുരുങ്ങിയ നിശ്വാസവീചിയിൽ
ഓമനപ്പൈതൽ ചിണുങ്ങി


കടൽമീൻ



കടലിന്റെ മക്കൾക്കു കണ്ണീരുണ്ടേ
ചോര നീരാക്കിയും
കരൾ പിഴിഞ്ഞിറ്റിച്ചും
കടലിന്റെ മക്കൾക്കും കണ്ണീരുണ്ടേ

കടലിലെ മീനിന്റെ കണ്ണീരല്ലേ
തലതല്ലിച്ചിതറുന്ന തിരകളല്ലേ
ഉപ്പും മധുരവും
കയ്പ്പും കാന്താരിയും
കൂട്ടിനില്ലാക്കരിക്കാടിയല്ലേ

മാനം ചുരത്തുന്ന പന്നീരല്ലേ
തേവാൻ കൊതിക്കുന്ന തണ്ണീരല്ലേ
തീയിൽ കുരുത്തിട്ടും
വെയിലത്തുണങ്ങീട്ടും
വേവാതിരിക്കുന്ന വെണ്ണീറല്ലേ

നീരാട്ടുപാട്ടിന്റെ ചേലിലല്ലേ
താരാട്ടുപാട്ടിൻ മയക്കമല്ലേ
പ്രാണൻ പിടഞ്ഞാലും
ജീവൻ വെടിഞ്ഞാലും
 കണ്ണോക്കുപാട്ടിലെ തേങ്ങലല്ലേ


Wednesday, 12 September 2018

അന്തക്കാലം!


അന്തക്കാലം: അൻപതുകൾ
മലയാളം ചലച്ചിത്രപ്പാട്ടുകൾ

ഇലങ്കൈവാനൊളിനിലയത്തിൽ ഒരു അവതാരകൻ (തമിഴായിരുന്നു; അല്ലെങ്കിൽ തമിഴാളം: ''തിരുപ്പുണിത്തുറയിലിരുന്ന് അമ്മു, ആനി, ശാരി, കോതൈ, കോവയിലിരുന്ന് അമ്മിണി, ശാരദൈ എന്നിവരുക്കു വേണ്ടി ആ മോഹം പൂവണിഞ്ചു എന്ന ചിത്രത്തിലിരുന്ന് ഏ.എം. രാജാവും പി.ലീലാവും ചേർന്തു പാടിയ പാട്ട്...'')

കത്തിക്കയറുമ്പോൾ ഒരിക്കൽ പറഞ്ഞത് കുട്ടിക്കാലം മുഴുവൻ ഞങ്ങൾ വിശ്വസിച്ചു; റേഡിയോ കേട്ടിരിക്കുന്ന ആരോ പാട്ടിനെപ്പറ്റി ചീത്ത പറഞ്ഞത് അയാൾ കേട്ടത്രേ!

പെരും കള്ളൻ!

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...