മനുഷ്യന്റെ ഇത്രയുംകാലത്തെ പുരോഗതി വെറും ഒന്നരയടിയാണെന്നു പറയാറുണ്ട്. നിലത്തുനിന്ന് കസേരയിലേക്കുള്ള ഉയരം; അത്രതന്നെ. ആ കസേരവച്ചുള്ള അവന്റെ ഒരു കളി!
ബാർബർ ഷോപ്പിലൊഴിച്ച് -- അവിടെ അവന്റെ കഴുത്തിനുപിന്നിൽ കത്തിയുണ്ട്!
മുംബൈക്കടുത്ത് കടലിൽ ഘണ്ഡേരി എന്നൊരു ദ്വീപുണ്ട്; അവിടെ ഒരു വിളക്കുമരവും (ലൈറ്റ് ഹൗസ്). അവിടെ ഇറങ്ങാനും കുറെ പര്യവേക്ഷണങ്ങൾ നടത്താനും അവിടത്തെ പോർട്ട് മാസ്റ്ററിന്റെ അനുവാദം വേണമായിരുന്നു. കത്തയച്ചിട്ടൊന്നും മറുപടികിട്ടാത്തതിനാൽ, രണ്ടുംകൽപ്പിച്ച് ഒരു ബോട്ടിൽ അവിടെ ചെന്നിറങ്ങി. പേരിന് അവിടെ ഒരു കടവുണ്ടായിരുന്നു. നടപ്പാത മുഴുവൻ ചെടിയും ചവറും. പൊരിഞ്ഞ മഴയും. ഇടയ്ക്കിടെ പാമ്പിൻ പടങ്ങൾ. ഒറ്റപ്പെട്ട ഗുഹാദ്വാരങ്ങളിൽ കത്തിയ വിറകും ചാരവും പിന്നെ പൊട്ടിയ കലങ്ങളും മദ്യക്കുപ്പികളും മറ്റും മറ്റും. ഇത് മൂന്നു പതിറ്റാണ്ടു മുൻപത്തെ കാര്യമാണ്; ഇന്ന് എങ്ങിനെയന്നറിയില്ല.
ഒരു തരത്തിൽ ഇഴഞ്ഞ് പോർട്ട് മാസ്റ്ററുടെ ഓഫീസിലെത്തി. ഒരു പഴയ കൊട്ടരംപോലുള്ള കെട്ടിടം. ആളനക്കമില്ല. ഓഫീസിനോടു ചേർന്നാണു താമസസ്ഥലവും. എത്തിനോക്കിയപ്പോൾ ഒരാൾ പുറത്തുവന്നു. അടിയുടുപ്പുമാത്രമണിഞ്ഞ ഒരാൾ. കാര്യം പറഞ്ഞു, കടലാസ്സുകളും കാണിച്ചു. ഓഫീസിലേക്കു കയറിയിരിക്കാൻ അയാൾ പറഞ്ഞു. ഡർബാർപോലുള്ള ഒരു മുറിയിൽ വലിയൊരു മേശക്കുപിറകിൽ ഒറ്റപ്പട്ട ഒരു ഇരിപ്പിടം, സിംഹാസനംപോലെ. വേറെ കസേരകളൊന്നുമില്ല.
ഞങ്ങൾ കാത്തുനിന്നു. അരമുക്കാൽ മണിക്കൂറിനുശേഷം സിംഹാസനത്തിൽ വന്നിരുന്നു ഓഫീസർ. ആദ്യംകണ്ട അതേ ആൾ. അതേ അടിയുടുപ്പുമായി. എന്നിട്ടു കടലാസ്സുകൾ വാങ്ങി സമ്മതപത്രം ഒപ്പിട്ടു തന്നു. എന്നിട്ടൊരു താക്കീതും. ഇനി ഇങ്ങനെ മുൻവിവരമില്ലാതെ കയറിവരരുത്. വന്നാൽ തന്റെ കസേരയുടെ വില അറിയിക്കും!
ഞങ്ങൾക്കു പാവം തോന്നി. ഒരു കസേരയുടെയും കയ്യൊപ്പിന്റെയും ബലത്തിലാണ് ആ മനുഷ്യൻ ശ്വസിക്കുന്നതുതന്നെ.
കസേരയോടുള്ള ആസക്തി, പ്രതിപത്തി, ആശ്രീയത, വിഭ്രമം എല്ലാം പരക്കെ ഉണ്ട്. പ്രത്യേകിച്ചും സർക്കാർ ഓഫീസുകളിൽ. പഴയ തലവൻമാറി പുതിയവൻ വരുമ്പോൾ മറ്റെന്തും മാറ്റിയില്ലെങ്കിലും കസേര പുതിയതൊന്നു വാങ്ങുക ഒരുതരം മനോരോഗംപോലെയാണ്. സ്ഥാനമൊഴിയുമ്പോൾ തന്റെ കസേര (സ്‌ഥാനമല്ല) തന്റെ പ്രിയപ്പെട്ടവനുകൊടുക്കുന്നതു പതിവാണ്. കിട്ടിയവൻ അതിൽ ഊറ്റംകൊള്ളുന്നതും കാണാം!
ഒരുമാതിരിപ്പെട്ട വീടുകളിലെല്ലാം അവരവർക്കു പ്രിയപ്പെട്ട ഓരോ ഇരിപ്പിടങ്ങൾ കാണും. പ്രായംചെന്നവരുടെ ചാരുകസേരകളിൽ അന്യർവന്നിരുന്നാൽ അതൊരു ആക്രമണമായിത്തന്നെ കരുതും ചിലർ.
ഒരു വല്യമ്മാവൻ വലിയൊരു വീട്ടിൽനിന്ന് ചെറുതൊന്നിലേക്കു താമസം മാറിയപ്പോൾ അധികമായ മരസ്സാമാനങ്ങൾ എന്റെ വീട്ടിൽ കൊണ്ടുവന്നിട്ടു. അതിലൊരു കസേര എനിക്കു പ്രിയമായി. എന്തോ വർത്തമാനത്തിനിടയിൽ ഇതറിഞ്ഞ വല്യമ്മാവന്റെ മകൻ ഒരു ദിവസം ആർത്തിരച്ചു വന്നു, അതു തന്റേതാണെന്നും ഉടനെ തിരിച്ചുവേണമെന്നും പറഞ്ഞ്!
ദില്ലിയിലെ പല സർക്കാർ കാര്യാലയങ്ങളിലും കാണുന്നതാണ് കസേരക്കാൽ മേശക്കാലിൽ ചരടുകെട്ടിയിട്ടിരിക്കുന്നത്. ഒന്നു തുമ്മിയാൽ കസേരയെന്നല്ല, ജീവൻപോലും തെറിക്കുന്നതാണ് ജീവിതം എന്നതവർ മറക്കുന്നോ ആവോ!
പ്രതിഷ്ഠ ചെറുതാണെങ്കിലും അമ്പലം വലുതാകണമെന്നാണല്ലോ പൊതുവെ പ്രമാണം. കൂറ്റൻ കസേരയിൽ ചിലർ കഷ്ടപ്പെട്ടിരിക്കുന്നതു കണ്ടാൽ കഷ്ടം തോന്നും. തലയേക്കാൾ വലിയ ചാരുപലകയും അഴുക്കുപുരളാതിരിക്കാൻ അതിനു മേലൊരു തുണിയും കുത്തനെ ഇരുത്തിയ ഈജിപ്ഷ്യൻ മമ്മിയെ ഓർമിപ്പിക്കും. അല്ലെങ്കിൽ നിർത്തിപ്പൊരിച്ച കോഴിയെ!
വേദികളിൽ ഒരുക്കുന്ന കസേരകളിൽ വലിപ്പച്ചെറുപ്പം നന്നായിക്കാണാം. അലങ്കാരക്കസേരയിലിരിക്കുന്ന രാജ്യപാലകരുടെ പിന്നിൽ വില്ലീസിട്ട പരിചാരകർകൂടിയാകുമ്പോൾ വിദൂഷകവേഷം വെടുപ്പായി.
പണ്ടൊരു ആകാശവാണി ഡയറക്‌റ്ററുടെ മുറിയിൽ കണ്ടതാണ്. മേശക്കുമുമ്പിൽ അതിഥികൾക്ക് കസേരയൊന്നുമില്ല. കാണാൻവരുന്നവർ നിന്നുകൊണ്ടു കാര്യംപറയണംപോൽ. സമയലാഭത്തിനാണത്രെ. മീറ്റിംഗിനുംമറ്റുമായി ദൂരെ ചുവരോടു ചേർന്നുമാത്രം നിരക്കെ ഇരിപ്പടങ്ങൾ.
മുന്നിൽവരുന്നവരോട് ഇരിക്കാൻ പറയാത്ത അധികാരികളെ പാഠംപഠിപ്പിക്കാൻ ഒറ്റ വഴിയേ ഉള്ളൂ. കേറിയങ്ങു കസേരവലിച്ചിട്ടിരിക്കുക. പറ്റുമെങ്കിൽ പേരുവിളിച്ചു കാര്യംപറയുക. എത്ര തൊലിക്കട്ടിയുണ്ടെങ്കിലും അതിൽ അടിതെറ്റാത്ത ഓഫീസർമാർ വിരളം. എത്ര വമ്പനായാലും ഒന്നു ചമ്മും.
ഓഫീസറുടെ മുറിക്കുപുറത്ത് സ്റ്റൂളിൽ ഉറക്കംതൂങ്ങുന്ന ശിപായിമാർ ഇന്നധികമില്ല. കാലം മാറിയല്ലോ. കോലവും.
ആൾദൈവങ്ങളുടെ അന്തസ്സത്ത തന്നെ അവരുടെ ഇരിപ്പിടത്തിലാണെന്നു തോന്നുന്നു. ഇക്കാലത്ത് കല്യാണച്ചെറുക്കനും ചെറുക്കിക്കുമൊക്കെ ഒരുക്കുന്നതരം കസേരകളാണ് അവർക്കു പ്രിയം. കാൽ വയ്‌ക്കാൻ ഒരു കൊച്ചു പീഠവുംകൂടിയുണ്ടെങ്കിൽ കുശാലായി. തലയാട്ടിയും മേലോട്ടുനോക്കിയും കൈമുദ്രകാണിച്ചുമെല്ലാം അവർ കൈവല്യമണയും.
അടുത്തിടെ ബെംഗളൂരു വിമാനത്താവളത്തിൽ കണ്ടതാണ്. ഒരു ശ്രീമാന് (ഒറ്റ 'ശ്രീ'യോ ഇരട്ട 'ശ്രീ'യോ എന്നറിയില്ല), ഇരിക്കുന്നിടത്തെല്ലാം ഒരു ശിങ്കിടി ചന്തിക്കടിയിൽ ഒരു കൊച്ചുകമ്പളം വിരിച്ചുകൊടുക്കും. കൃമികടികൊണ്ടോ എന്തോ, ആ അശ്രീകരം മിനിറ്റുവച്ച് ഇരിപ്പടം മാറിക്കൊണ്ടേയിരുന്നു. മറ്റൊരു 'ശ്രീ'ക്ക് കാൽവയ്ക്കുന്നിടത്തെല്ലാം പരവതാനി വിരിക്കണമെന്നു നിർബന്ധമത്രെ. അതൊരു അധിക'ശ്രീ'.
നാൽക്കാലിയായവൻ ഇരുകാലിയായി. അവനെ മുക്കാലിയിൽകെട്ടിയടിച്ചവൻ നാൽക്കാൽസിംഹാസനത്തിൽ. കറങ്ങുന്ന കസേരക്ക് കാലിപ്പോൾ അഞ്ച്. ചിലപ്പോൾ ആറും. ഇരുകാലിയങ്ങനെ നാൽക്കാലിയായി ഷഡ്‌പദമാവാൻ വെമ്പി നിൽക്കുന്നു!
[Published in the fortnightly webmagazine http://www.nattupacha.com, on 1 July 2010]
Wednesday, 4 August 2010
Monday, 21 June 2010
കാനേഷുമാരി
എന്നുവച്ചാൽ തലവരിയെണ്ണൽ. ജനഗണനം. ഇന്നത് സെൻസസ്. കാനേഷുമാരി പേർഷ്യൻവാക്കാണത്രെ. കേട്ടാൽ എന്തോ മഹമാരിയാണെന്നുതോന്നും.
ഒരു തരത്തിൽ ആണുതാനും.
നാടുമുഴുവൻ പടർന്നുപിടിക്കുന്ന ഒരു സംഭവമാണ്. പതിറ്റാണ്ടുകളിലൊരിക്കൽ നടക്കുന്ന തലയെണ്ണൽ.
ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലാണത്രെ ഇന്ത്യയിൽ ആദ്യത്തെ ചിട്ടപ്രകാരമുള്ള തലതൊട്ടെണ്ണൽ നടന്നത്. ബ്രിട്ടീഷുകാർക്ക് ഭരിച്ചുമുടിക്കാൻ നാട്ടിലെ പ്രജകളുടെ എണ്ണവും തരവും (തരക്കേടും) അറിയണമായിരുന്നു. സായ്‌പുമാരെ ഇവിടത്തെ ജനങ്ങളും ജനസംഖ്യയും മതവും ജാതിയും അത്രമാത്രം കുഴക്കിയിരുന്നു. ഇന്നുമതെ.
വീടുവീടാന്തരം കയറിയിറങ്ങി അംഗങ്ങളുടെ എണ്ണവും വയസ്സും വരുമാനവുമെല്ലാം രേഖപ്പെടുത്താൻ, സ്വാതന്ത്ര്യാനന്തരം സ്ഥലത്തെ സ്കൂൾ അധ്യാപകരെയാണ് ഭാരതസർക്കാർ മിക്കവാറും ചുമതലപ്പെടുത്തിയത്. അന്നെല്ലാം ടീച്ചർമാർക്കെല്ലാം ചുറ്റുവട്ടത്തെ ആളുകളെ പരിചയമായിരുന്നു. ഓരോ പള്ളിക്കൂടത്തെയും ചുറ്റിയായിരുന്നല്ലോ അന്നൊക്കെ പ്രദേശത്തെ കുട്ടികളും അധ്യാപകരും.
'എന്യൂമറേഷൻ' എന്ന പേരിലറിയപ്പെട്ട ആ പ്രക്രിയ ഞങ്ങൾ കുട്ടികൾക്ക് ഹരമായി. കാരണം സ്വന്തം അധ്യാപകർ വീട്ടിൽ വരും. ആ സമയംമാത്രം അവർ ഞങ്ങളെപ്പറ്റി മാതാപിതാക്കളോട് പരാതി പറയില്ല. "അവനോ/അവളോ? നല്ല കുട്ടിയല്ലേ!" എന്ന കമന്റുംകിട്ടി, മാതാപിതാക്കൾ ഞങ്ങളെപ്പറ്റി എന്തെങ്കിലും കുറ്റം പറയാൻ മുതിർന്നപ്പോൾ. ഓരോ വീട്ടിലെയും സത്‌കാരമേറ്റുവാങ്ങി സെൻസെസ്സുകാർ കുഴഞ്ഞിരിക്കണം. അതൊരാഘോഷമായിരുന്നു.
കുട്ടിക്കാലത്തെ കാനേഷുമാരി-'ത്രിൽ' പ്രായംകൂടിയപ്പോൾ പോയി. അന്യോന്യം അറിയാത്തവർവന്ന് വിവരങ്ങൾ അന്വേഷിക്കുമ്പോൾ നാഗരികതയുടെ കരിനാഗം അവിശ്വാസത്തിന്റെ ഫണമുയർത്തും. എണ്ണത്തിലല്ലെങ്കിലും വണ്ണത്തിൽ പൊങ്ങച്ചം കാട്ടാൻ അതൊരവസരവുമായി മാറി.
2010-11-ൽ നാടടച്ചുനടക്കുന്ന കാനേഷുമാരി പ്രക്രിയ മറ്റു സർക്കാർ ഉദ്യോഗസ്ഥരെയും പങ്കെടിപ്പിച്ചുകൊണ്ടാണെന്നാണറിവ്. അതോടെ പരിചയം എന്ന ഭാവം അപ്പാടെ തകരുന്നു. ഒരുതരം കുറ്റാന്വേഷണംപോലെയാകുന്നു കണക്കെടുപ്പ്.
ഒരിക്കലും ശരിയാകാനിടയില്ലാത്ത കണക്കാണ് സെൻസസ്. വീടും കുടിയുമുള്ളവരെപ്പറ്റിയുള്ള കണക്ക് ഒരുപക്ഷെ ഒപ്പിച്ചുപോകുമായിരിക്കും. വീടില്ലാത്തവരെ, വഴിയാധാരമായവരെ എങ്ങിനെ കണക്കിൽകൊള്ളിക്കുമോ എന്തോ. സ്വന്തം വീടും പിന്നൊരു 'ചിന്നവീടു'മുള്ളവരുടെ കാര്യം വേറെ.
സെൻസസ്സിന്റെ പ്രാധാന്യം അതു സത്‌ഭരണത്തിനുള്ള ശാസ്‌ത്രീയാടിസ്ഥാനം എന്ന നിലക്കാണ്. ആ കണക്കുതന്നെ തെറ്റുമ്പോൾ ഭരണത്തിന്റെ ഭാരിച്ച ചുമതലയായ, വീടും കുടിയുമില്ലാതെ ദാരിദ്ര്യത്തിന്റെ മലവെള്ളത്തിൽ ഒഴുകിനടക്കുന്നവർ കണക്കിൽ പെടാതെ പോകുന്നു. അങ്ങനെയുവർ നമ്മുടെ രാജ്യത്ത് നാൽപതു ശതമാനത്തോളം വരും എന്നതുകൂടി കണക്കിലെടുക്കുമ്പോൾ, കാനേഷുമാരിയുടെ ഫലശ്രുതിയെപ്പറ്റി ആശങ്ക തോന്നുന്നു.
ജനസംഖ്യാക്കണക്ക് അതീവ രഹസ്യസ്വഭാവമുള്ളതായിട്ടാണ് വയ്പ്. അത് പലതരത്തിൽ വിശകലനംചെയ്തതിനുശേഷമുള്ള പ്രസക്തവിവരങ്ങളേ പൊതുജനത്തിനു ലഭിക്കൂ. അടിസ്ഥാനവിവരങ്ങളുടെ വളച്ചൊടിക്കലും ദുരുപയോഗവും തടയാനായിരിക്കണമത്.
ഒരു ജോലികിട്ടിയാലോ ജോലിയിൽനിന്നു വിരമിച്ചാലോ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയാലോ ഒരു വണ്ടിവാങ്ങിയാലോ ഒരു ഫോൺ കണക്ഷനെടുത്താലോ ഈച്ചപോലെ ആർത്തിരച്ചെത്തുന്നു ഇൻഷുറൻസുകാരും ക്രെഡിറ്റ്‌കാർഡുകാരും വിൽപനക്കാരും. സർക്കാരിന്റെ ചെലവിൽ കിട്ടുന്ന കണക്കിന്റെ കാണാപ്പുറങ്ങൾക്ക് കൊതിയോടെ കാത്തിരിക്കുന്നവരാണ് മൾട്ടിനാഷണൽ സ്രാവുകളും. ജാതിതിരിച്ചുള്ള കണക്കെടുപ്പുകൂടി വേണമെന്ന ചിലരുടെ വാശി, ഇത്തരം ഇടനിലക്കാർക്കും ജാതി-മത-വ്യാപാരി-വ്യവസായികൾകും വേണ്ടിയല്ലേ എന്ന സംശയമുണ്ടാക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലേ മതനിരപേക്ഷതയ്ക്കും ജാതിനിർമാർജനത്തിനുമെല്ലാമുള്ള പ്രഖ്യാപിത തത്ത്വങ്ങൾക്ക് കടകവിരുദ്ധമാണ് ഈ ആവശ്യം.
ആരോ പറഞ്ഞതുപോലെ ഈ ലോകത്ത് രണ്ടു ജാതികളേയുള്ളൂ -- ആൺജാതിയുംപെൺജാതിയും. ശാസ്‌ത്രീയതയുടെ തികവിന്, ആണെന്നോ പെണ്ണെന്നോ തിട്ടമില്ലാത്ത ഒരു ഉഭയജാതികൂടി ഒരുപക്ഷെ കൂട്ടിച്ചേർക്കാം. അവരും മനുഷ്യരാണല്ലോ.
ജാതിക്കണക്കെടുപ്പിന് അനുകൂലമായും പ്രതികൂലമായും അനവധി വാദങ്ങൾ കേൾക്കുന്നു. ആകപ്പാടെ അനുകൂലവാദങ്ങളിൽ ഒരൊറ്റെണ്ണമേ എനിക്കു സ്വീകാര്യമായിത്തോന്നിയുള്ളൂ. ചില ജാതിക്കാർക്കു നൽകുന്ന സംവരണത്താങ്ങുകൾ കൂട്ടണമോ കുറയ്ക്കണമോ എന്നു തീരുമാനിക്കാൻ അതുകൊണ്ടു സാധിക്കും എന്നുള്ളതാണത്.
ജാതി പോകട്ടെ, എന്റെ അഭിപ്രായത്തിൽ മതവുംകൂടി സെൻസസ്സിൽ ഉൾപ്പെടുത്തരുതെന്നാണ്. ക്രിക്കറ്റിനോടൊപ്പം ഇന്ത്യയുടെ മറ്റൊരു ശാപമാണ് മതവും, അതിനേക്കാളേറെ മതവ്യാപാരികളും.
മതമില്ലാത്ത മനുഷ്യരും ഉണ്ട്. പശിയടക്കാൻ ഒരുപിടി ആഹാരംകിട്ടാതെ തെരുവിലലയുന്ന പട്ടിണിപ്പാവങ്ങൾക്കുണ്ടോ ജാതിയും മതവും? കാൽക്കാശിനുവേണ്ടി ശരീരംവിൽക്കേണ്ടിവരുന്നവൾക്കുണ്ടോ ജാതിയും മതവും നോക്കിയുള്ള പരിപാടി?
വളരെ മുതിർന്നതിനുശേഷമാണ് എന്റെ അച്ഛന് ഉപരിപഠനത്തിനു പോകാൻ കഴിഞ്ഞത്. അതുവരെ കുറെ കൊച്ചുജോലികളും കൈത്തൊഴിലുകളുമായി നടന്നു. അപ്പോഴേക്കും, അന്നത്തെ നാട്ടുനടപ്പനുസരിച്ച്, കല്യാണവും കഴിഞ്ഞിരുന്നു. കാശിയിലെ വിശ്വവിദ്യാപീഠത്തിലേക്കുള്ള ആദ്യയാത്രയിൽത്തന്നെ സ്വന്തം അമ്മയും എന്റെ അമ്മയും കൂടെയുണ്ടായിരുന്നു. നാൽപതുകളിലെ കഥയാണ്. നാലഞ്ചുദിവസത്തെ തീവണ്ടി യാത്ര. ഉത്തരേന്ത്യൻകൗതുകങ്ങളിൽ നന്നേ മുങ്ങിപ്പൊങ്ങി ഒരു വിധം വാരാണസിയിലെത്തിപ്പെട്ടു. അവിടെ അന്നത്തെ കുലപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ.
രസതന്ത്രം ക്ലാസ്സിൽ അധ്യാപകൻ ഒരു ചോദ്യം ചോദിച്ചു: മൃദുജലവും (soft water) ഖരജലവും (hard water) അല്ലാതെ വേറൊന്നുകൂടിയുണ്ട്, അതെന്താണ്? ഒരാൾ പറഞ്ഞു: ഖനജലം (heavy water). അച്ഛൻ കൈപൊക്കി: "രണ്ടെണ്ണം കൂടിയുണ്ട്; 'ഹിന്ദു-പാനി', 'മുസൽമാൻ-പാനി'. യാത്രക്കിടയിൽ കണ്ടെത്തിയതാണ്".
തിരഞ്ഞെടുപ്പിന് 'സ്‌ഥാനാർത്തി'-പ്പട്ടികയിലെ ആരെയും വേണ്ടെന്നുവയ്‌ക്കാനുള്ള അവകാശംപോലും തരാൻ കഴിയാത്ത സർക്കാരുണ്ടോ മതവും ജാതിയും പറയാതിരിക്കാനുള്ള അവകാശം കനിഞ്ഞു തരാൻ പോകുന്നു?
ഈ സെൻസസ്സിനോടൊപ്പംതന്നെ ദേശീയ തിരിച്ചറിയൽ കാർഡിനുള്ള വിവരങ്ങളൂം ശേഖരിക്കുമെന്നാണ് കേൾക്കുന്നത്. നീലെക്കനിയുടെ എലിക്കെണി എന്താണെന്നു വ്യക്തമായിട്ടില്ല ഇതുവരെ. ഇതിനുമുൻപത്തെ അനുഭവങ്ങൾവച്ചുനോക്കുമ്പോൾ, സ്വന്തം പേരും അച്ഛന്റെ പേരും അമ്മയുടെ പേരും ജനനത്തിയതിയും ജനനസ്ഥലവും ലിംഗവും വിലാസവും പടവും ഒപ്പും അടയാളങ്ങളും ഉൾപ്പെടുത്തി തെറ്റില്ലാത്തൊരു തിരിച്ചറിയൽ കാർഡ് ഉണ്ടാവില്ലെന്ന് മനസ്സു പറയുന്നു. ഒന്നിലും ഒന്നാംതരമാകരുത് എന്നതാണല്ലോ ഇന്ത്യൻ രീതി. കാത്തിരുന്നു കാണാം.
[Published in the fortnightly webmagazine www.nattupacha.com, 1 June 2010]

Friday, 4 June 2010
മൂപ്പൻ
ഞങ്ങളുടെ നാട്ടിൽ 'കുഡുംബി' സമുദായക്കാരെയാണ് 'മൂപ്പൻ' എന്ന പേരിൽ വിളിക്കുന്നത്. അതൊരു സ്ഥാനപ്പേരായിരിക്കണം, കാരണം ഒട്ടുമിക്ക കായികാധ്വാനങ്ങളിലും അവരായിരുന്നു മുൻപന്മാർ. പുരുഷൻമാർ പാടത്തും പറമ്പത്തും പണിയെടുത്തപ്പോൾ സ്ത്രീകൾ (അവരെ 'ബായിമാർ' എന്നു വിളിച്ചിരുന്നു) പൊതുവെ അയലത്തെ വീട്ടുവേലകളിൽ സഹായിച്ചു. തികച്ചും പരാധീനതയിലായിരുന്ന ആ സമൂഹം ഇന്നിപ്പോൾ പുരോഗമനത്തിന്റെ പൂമ്പാതയിലാണ്.
എനിക്കോർമയുണ്ട്, എന്നെ പെറ്റത് അമ്മയാണെങ്കിലും കുട്ടിക്കാലംമുഴുവൻ എന്നെ ഒക്കത്തെടുത്തുനടന്നത് ഒരു ബായി ആണ്, രുഗ്മിണി ബായി. അവരുടെ മകൻ വാസുവും എന്റെ ചേട്ടനും ഒന്നിച്ചുകളിച്ചും വളർന്നു. 'വേലക്കാരി' ആയിരുന്നെങ്കിലും വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു അവർ. അന്നത്തെ സമൂഹസാഹചര്യത്തിൽ അതത്ര പതിവില്ലാത്തതുമായിരുന്നു. (സ്വന്തം അമ്മയെയും അവരെയും ഞാൻ 'അമ്മ'യെന്നു മാറിമാറിവിളിച്ചിരുന്നുപോൽ.)
തുടക്കത്തിൽ വളരെ കഷ്ടപ്പാടുകൾക്കുശേഷം അച്ഛൻ ഒരു കൊച്ചു വ്യവസായസംരംഭം തുടങ്ങിയപ്പോൾ ഒട്ടുമിക്ക ജോലിക്കാരെയും കുഡുംബിസമുദായത്തിൽനിന്നാണെടുത്തത്. കാരണം അവരുടെ സത്യസന്ധത തന്നെ. പഠിപ്പിന്റെയോ പാരമ്പര്യത്തിന്റെയോ പരിപ്രേക്ഷ്യത്തിന്റെയോ പരാദപരതയുടെയോ പരിഭവത്തിന്റെയോ പ്രമാണിത്തത്തിന്റെയോ വിഴുപ്പും മാറാപ്പുമില്ലാതെ, പറഞ്ഞുകൊടുക്കുന്നതു തോളോടുതോൾനിന്നു പറഞ്ഞതുപോലെ പണിചെയ്തു തീർക്കാൻ അവരെ വിശ്വസിക്കാമായിരുന്നു. (അതിൽ ദൂതൻ എന്നുപേരുള്ള പ്രായംകൂടിയ ഒരാളെ ഞങ്ങൾ 'ദൂതാച്ചൻ' എന്നു വിളിക്കുന്നതുകേട്ട് അതാണ് ഞങ്ങളുടെ അച്ഛൻ എന്നുവരെ തെറ്റിധരിച്ചവരുണ്ട്!)
അന്ന് രാമൻ, കൃഷ്ണൻ, നാരായണൻ, ലക്ഷ്മണൻ, ശിവൻ, സുബ്രഹ്മണ്യൻ, രാമചന്ദ്രൻ, പുത്തു, ചാന്തു, വാസു ഇതൊക്കെ ആണുങ്ങളുടെ പേര്. രുഗ്മിണി, രാധ, സത്യഭാമ, ലക്ഷ്മി, കമലം ഇതൊക്കെ സ്തീകൾക്ക്. കുറഞ്ഞപക്ഷം ആയിരം രാമൻമാരും ആയിരം രുഗ്മിണിമാരുമുണ്ടായിരുന്നു തൃപ്പൂണിത്തുറയിൽമാത്രം! ഇന്നിപ്പോൾ എല്ലാം പരിഷ്കാരപ്പേരായി.
കൊച്ചിയുടെ പാരമ്പര്യമായിരിക്കണം, എന്റെ അച്ഛന് ആ സമുദായക്കാരോട് പ്രത്യേക സഹാനുഭൂതിയായിരുന്നു. അക്കാലത്ത് കുഡുംബിമാരിൽ വളരെക്കുറച്ചുപേർക്കേയുള്ളൂ പേരിനെങ്കിലും സാമ്പത്തികശേഷി. വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിനുള്ള സാഹചര്യവും ആഭിമുഖ്യവും നന്നേ കുറവ്. പിന്നെ ഒട്ടുമിക്കവരുടെ ജീവിതരീതിയും ഒരുതരം അടുക്കും ചിട്ടയുമില്ലാത്തതായിരുന്നു. തെങ്ങുകേറും, കുഴിവെട്ടും, വിറകുകീറും, വണ്ടിവലിക്കും, ചുമടുചുമക്കും ചെറുപ്പക്കാർ. ചുറ്റുവട്ടത്തൊക്കെ മുറ്റമടിക്കാനും പാത്രംകഴുകാനും അടിച്ചുതളിക്കാനും സ്ത്രീകൾ. ചുമ്മാതിരിക്കും വയസ്സൻമാർ. ഇന്നത്തെക്കാര്യം തീർന്നാൽ തീർന്നു; നാളത്തെക്കാര്യം നാരായണൻ കണ്ടു. അന്തിക്കു 'കള്ളുതിന്നണം'; രാത്രിയായാൽ എവിടെയെങ്കിലും 'കൂടിനിൽക്കണം'. അതിൽകവിഞ്ഞൊരു ഉൽപതിഷ്ണുത്വം അവർക്കന്യമായിരുന്നു.
കുറച്ചുപേരെങ്കിലും ഒരു ചെറുവ്യവസായത്തിലാണെങ്കിലും മസാമാസം ശമ്പളംപറ്റുന്ന തൊഴിൽക്കാരായപ്പോൾ അത്രയും കുടുംബങ്ങൾ അൽപം കരകയറി. അന്നതിനു നിർബന്ധിതനിയമവ്യവസ്ഥയൊന്നുമില്ലായിരുന്നെങ്കിലും ഒരു ചെറിയ തുക അവർ ഓരോരുത്തരുടെയുംപേരിൽ അച്ഛൻ നീക്കിവച്ചിരുന്നു. തൊഴിൽപഠിച്ച് സ്വന്തമായൊന്നുതുടങ്ങാൻ പ്രാപ്തിവരുമ്പോൾ അതവർക്കൊരു മൂലധനമായി തിരിച്ചുനൽകി. അച്ഛന്റെ മരണത്തിനുമുൻപ് വ്യവസായം പൂട്ടേണ്ടിവന്നപ്പോൾ സ്വന്തംകാലിൽ നിൽക്കാനാവാതെ പോയവർ ഒന്നോ രണ്ടോ മാത്രം.
പോർച്ചുഗീസുകാരുടെ മതഭ്രാന്തിനും ഭീകരഭരണത്തിനും ഇരയായി ഒരുപാട് ഹിന്ദുവംശജർ നാലഞ്ചു നൂറ്റാണ്ടുകൾക്കുമുൻപ് ഗോവയിൽനിന്ന് പലായനംചെയ്‌തു. അവർ കർണാടകത്തിലെ കാർവാർ, മംഗലാപുരം എന്നിവിടങ്ങളിലും കേരളത്തിൽ വടക്കൻപറൂർ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, ചെറായ്, വൈപ്പീൻ, എറണാകുളം, തൃപ്പൂണിത്തുറ, ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലും കുടിയേറി. അവരിലെ സവർണർ, സാരസ്വതബ്രാഹ്മണൻമാർ, മൊത്തത്തിൽ 'കൊങ്ങിണികൾ', 'ഗൗഡ സാരസ്വതൻമാർ' എന്നൊക്കെ അറിയപ്പെട്ടു കേരളത്തിൽ. ഗോവയിലെ 'കുൺബി' എന്ന പിന്നാക്കവിഭാഗക്കാരാവട്ടെ കേരളത്തിൽ 'കുഡുംബികൾ' എന്ന പേരിലും. പഴയനാട്ടിലെ വർണക്രമം വർധിതാവേശത്തോടെ പിൻതുടർന്ന കേരളത്തിലെ സാരസ്വതക്കാർ കുഡുംബികളെ കൊങ്ങിണിമാരായിക്കൂടി തങ്ങളുടെ കൂട്ടത്തിൽ കൂട്ടിയില്ലെന്നതു ദു:ഖചരിത്രം. ഗോവയിലെ പഴയ ഭട്‌കാർ (മുതലാളി) - മുണ്ട്‌കാർ (കുടിയാൻ) ചേരിതിരിവായിരിക്കണം പിറകിൽ. എന്തുകൊണ്ടോ കുഡുംബിസമുദായക്കാർ കാർവാറിലും മംഗലാപുരത്തുമൊന്നും കാര്യമായിത്തങ്ങാതെ കേരളത്തിലാണ് വേരുറപ്പിച്ചത്. ഗൗഡസാരസ്വതർ കച്ചവടത്തിലും വിദ്യാഭ്യാസത്തിലും വൈദ്യത്തിലുമൊക്കെ മുന്നേറിയപ്പോൾ കുഡുംബികൾ മൂപ്പൻമാരും ബായികളുമായി പിൻവലിഞ്ഞു. അവരെ 'ചെട്ടി'കളെന്നും 'പരവൻ'മാരെന്നുമെല്ലാം അൽപം അധിക്ഷേപത്തോടെ തന്നെ ഗൗഡസാരസ്വതക്കാർ വിളിച്ചുമിരുന്നു.
ഗോവയിലാകട്ടെ, 'കുൺബി' പ്രബലവിഭാഗമാണ്, സാമൂഹ്യമായും രാഷ്ട്രീയമായും. വളരെയധികം മഹാരാഷ്ട്രത്തിലും. ഉദാഹരണത്തിന് പ്രതിഭ പാട്ടീലും സ്മിത പാട്ടീലും സി.ഡി. ദേശ്‌മുഖും എസ്.ബി. ചവാനും എസ്.കെ. വാംഘഡെയും എല്ലാം 'കുൺബി'സമുദായക്കാരാണ്. സാരസ്വതക്കാരും പ്രബലസമൂഹംതന്നെ, പക്ഷെ അത് ബ്രാഹ്മണ്യത്തിന്റെ തിണ്ണമിടുക്കും 'തിന്ന'മിടുക്കുംകൊണ്ടായിരുന്നു.
ഗോവയിലെ ആദിവാസികളായിരുന്നു കുൺബി. അത് മട്ടിലും മാതിരിയിലും കേരളത്തിലെ കുഡുംബിമാരിലും കാണാം. അന്തർമുഖത്വം, നിഷ്കളങ്കത, ലളിതജീവിതം, ഉറച്ച ശരീരം, മിനുത്ത തൊലി, രോമക്കുറവ് തുടങ്ങി ആദിവാസിച്ചേരുവകൾ വേണ്ടുവോളമുണ്ട് അവർക്ക്. കുറച്ചുകാലംമുൻപുവരെ ഗോവയിലും കേരളത്തിലും കുഡുംബിസ്ത്രീകൾ ഒറ്റപ്പുടവ വലതുതോളിൽ അറ്റംകൂട്ടിക്കെട്ടിയായിരുന്നു വസ്ത്രധാരണം തന്നെ.
ഗോവയിൽപോലും സാരസ്വതർ വരത്തുകാരാണ്; അതിൽ അവർ ഊറ്റംകൊള്ളുന്നു. വരത്തുകാരായ പോർച്ചുഗീസുകാരെ, സോക്‌സും ഷൂവും പാളത്താറും പുറംകോട്ടും വട്ടത്തൊപ്പിയുമണിഞ്ഞ ഒരു വിഭാഗം സസന്തോഷം പാദസേവചെയ്തെന്നും അവരെപ്പറ്റി അപഖ്യാതിയുണ്ട്.
ഹിന്ദിവിരുദ്ധപ്രക്ഷോഭം കൊടുമ്പിരികൊള്ളുന്നകാലത്ത് ഞാൻ പത്താംക്ലാസ്സിൽ. അന്നാരോ ചുവരിലെല്ലാം എഴുതി നിറച്ചു, 'നക്ക നക്ക ഹിന്ദി നക്ക'. പല നാടകങ്ങളെയും ചലച്ചിത്രങ്ങളെയും അനുകരിച്ച് കൊങ്ങിണിമാരെ കളിയാക്കിയായിരുന്നു അത്. അന്നു നാട്ടിലെ സാരസ്വതകൊങ്ങിണികളുടെ സംസാരരീതി പക്ഷെ വിഭിന്നമായിരുന്നു. ഞാൻ ഗോവയിലെത്തിയപ്പോഴാണ് ഏതാണ് ശരിയായ കൊങ്ങിണി (കൊങ്കണി)യെന്നു മനസ്സിലായത്. കേരളത്തിൽ, സാരസ്വതകൊങ്ങിണികളല്ല കുഡുംബികളാണ് ഗോവയിലേതിനോടു കൂടുതലടുത്ത ഭാഷ സംസാരിക്കുന്നത്.
ഗോവയിൽ ഞങ്ങളുടെ ഇടയിൽ കാര്യമുള്ള ഒരു കഥയുണ്ട്. പുതുതായി നാട്ടിൽനിന്നുവന്ന ഒരു സാരസ്വതകൊങ്ങിണി വണ്ടിമറിഞ്ഞു താഴെ വീണു. കുറെ ഗോവക്കാർ എഴുന്നേൽക്കാനുംമറ്റും സഹായിച്ചപ്പോൾ കക്ഷിക്ക് കൊങ്ങണിയിൽതന്നെ നന്ദിപറയാൻ മോഹം. പറഞ്ഞുതീർന്നതും അടി വീണതും ഒന്നിച്ച്. സഹായിച്ചതുംപോര തെറിയുംകേൾക്കണോ എന്നായിരുന്നു ഗോവക്കാർക്ക്!
എന്നിരുന്നാലും കുഡുംബികൾ, കേരളത്തിലെ തമിഴ്ബ്രാഹ്മണരെപ്പോലെ, മാതൃഭാഷയിൽനിന്നകന്ന് മലയാളത്തിൽ കൂടുതൽ താദാത്മ്യം കണ്ടെത്തുന്നു. ആ ഉപഭാഷകളെഴുതാൻ ലിപിയുടെ അഭാവമാണ് ഒരു കാരണം. 1987-ൽ ദേവനാഗരിലിപിയിലെ കൊങ്കണി ഒരു തനതു ഭാരതീയഭാഷയായി അംഗീകരിക്കപ്പെട്ടപ്പോൾ സാരസ്വതകൊങ്ങിണികൾ മാതൃഭാഷയിലേക്കു മടങ്ങാൻ ഉത്സാഹം കാട്ടി കേരളത്തിൽ. ഗോവയിലെ സാരസ്വതർ മറാഠിയോടുള്ള പക്ഷഭേദം തുടർന്നു. കത്തോലിക്കരോ റോമൻ(ഇംഗ്ലീഷ്) ലിപിയിലെ കൊങ്കണിയോടും!
ഞാൻ ഗോവയിലേക്കു താമസംമാറ്റുന്നെന്നറിഞ്ഞ് ഏറ്റവുംകൂടുതൽ ആവേശംകൊണ്ടത് എന്റെ പ്രിയസുഹൃത്ത് സുബ്രഹ്മണ്യനാണ്. സ്കൂൾമുതൽ കോളേജിലടക്കം ഒന്നിച്ചുപഠിച്ചവരാണു ഞങ്ങൾ. കുഡുംബിസമുദായത്തെപ്പറ്റിയും കൊങ്ങിണിയെപ്പറ്റിയും ആധികാരികമായിപ്പറയാൻ സുബ്രഹ്മണ്യനാകും. സ്വസമുദായത്തിൽ ഇന്നും സജീവമായിത്തന്നെ പ്രവർത്തിക്കുന്നു ഈ ഇരട്ട ബിരുദക്കാരൻ. കേരളവിദ്യുച്ഛക്തിവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നെ കുറച്ചു രാഷ്ട്രീയവും കുറെയേറെ പൊതുപ്രവർത്തനവും. ഒരിക്കൽ തപ്പെന്ന കുഡുംബിമേളം ഒരു വൻസംഘവുമായി ഗോവയിൽവന്നവതരിപ്പിച്ച് നാട്ടുകാരെ വിസ്മയിപ്പിച്ചു. മറ്റൊരവസരത്തിൽ ഒരു വൻസമ്മേളനത്തിൽ കൊങ്കണിയിൽ സംസാരിച്ചു കയ്യടിനേടി.
ഓർമയിൽ ഇന്നും തങ്ങിനിൽക്കുന്നത് പുത്തുമൂപ്പൻ. എന്തുപണിക്കും ആദ്യം പുത്തുമൂപ്പനെയാണു വിളിക്കുക. എന്തിനും 'അതിനെന്താ?' എന്നാണു പുത്തുമൂപ്പന്. കൽപ്പണിതൊട്ട് മരപ്പണിവരെ, ചായംതേക്കൽതൊട്ട് വേലിയും പന്തലും കെട്ടുന്നതുവരെ, തെങ്ങുകേറ്റംതൊട്ട് വെള്ളംതേവൽ വരെ പുത്തുമൂപ്പൻ ചെയ്യും. അത്യാവശ്യം ഇംഗ്ലീഷുവാക്കുകളും അറിയാം. എന്തുപറഞ്ഞാലും 'അതു തന്നെ' എന്നായിരിക്കും പ്രതികരണം. വയസ്സേറെച്ചെന്നപ്പോൾ 'മൂപ്പന്റമ്പല'ത്തിൽ പൂജാരിയുമായി. ഒരിക്കൽ എന്റെ ചേട്ടൻ ചോദിച്ചത്രെ, എന്തു പൂജ ചെയ്യുമെന്ന്. "അതിരാവിലെ ഒന്നു മുങ്ങിക്കുളിക്കും. പിന്നെ 'ദൈവമേ'ന്നുവിളിച്ച് നടതുറക്കും. തിരി തെളിക്കും. അതു തന്നെ". പുത്തുമൂപ്പന് എല്ലാം അതിലളിതമായിരുന്നു.
അവസാനമായി പുത്തുമൂപ്പനെ കാണുന്നത് ഞാൻ ഒരു പകർച്ചവ്യാധിയിൽപെട്ട് നാട്ടിൽ ഒറ്റക്കു താമസിക്കേണ്ടിവന്നപ്പോഴായിരുന്നു. ഒരു നിയോഗമെന്നപോലെ, അവശനായി വിറച്ചുവിറച്ച് പുത്തുമൂപ്പൻ വന്നു. പ്രത്യേകിച്ച് ഒരു കാരണവുമില്ലായിരുന്നു. മൂപ്പൻ എന്തൊക്കെയോ പുലമ്പി, എല്ലാം പഴയകാര്യങ്ങളായിരുന്നു. പോകുന്നേരം പതിവില്ലാത്തവിധം കുറച്ചു കാശു ചോദിച്ചു. കൊടുത്തു. പിന്നെ അധികകാലം ജീവിച്ചിരുന്നിട്ടില്ല പുത്തുമൂപ്പൻ.
തുക്കാറാമിന്റെയും ജ്ഞാനേശ്വറിന്റെയും നാംദേവിന്റെയും പിൻമുറക്കാർ ഇന്ന് പഴയ മൂപ്പൻമാരല്ല. 'ഗാന്ധികൃഷ്ണൻ' തുടങ്ങിവച്ച പുനരുദ്ധാനം പലേ കൈവഴികളായി, പലേ കൈത്തിരികളായി. ഇന്നവരിൽ അധ്യാപകരുണ്ട്, ഭിഷഗ്വരന്മാരുണ്ട്, വക്കീലുമാരുണ്ട്, എഞ്ചിനിയർമാരുണ്ട്, അഭിനേതാക്കളുണ്ട്, കലാകാരന്മാരുണ്ട്, എഴുത്തുകാരുണ്ട്, ഭരണാധികാരികളൂണ്ട്. കേരളത്തിലെന്നല്ല മുംബൈയിലും ചെന്നൈയിലും ബെംഗളൂരുവിലും ദില്ലിയിലുമെല്ലാം അവരുണ്ട്. വിദഗ്ധൻമാർ വിദേശത്തുമുണ്ട്.
"ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ 'പരവൻ'മാർ" എന്നു കളിയാക്കപ്പെട്ടവർ അവരുടെ പൗരത്വം പിടിച്ചെടുത്തിരിക്കുന്നു!
[Published in the fortnightly webmagazine www.nattupacha.com, on 15 May 2010]

Monday, 17 May 2010
റോഡ് റോളർ ചിതലരിക്കുമ്പോൾ
മിലിറ്ററി എഞ്ചിനിയർ സർവീസിലുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞു കേട്ടിട്ടുള്ളതാണ്, ഒരു ഉദ്യോഗസ്ഥനെ എങ്ങനെ കൈക്കൂലികൊടുത്തു പാഠം പഠിപ്പിക്കാമെന്ന്. ആദ്യം ഒരു വലിയ ചക്ക സംഘടിപ്പിക്കണമത്രെ. അത് കൂഴച്ചക്കയായിരിക്കണം (വഴുവഴുത്ത തരം; വരിക്കച്ചക്കയല്ല). നന്നായിപ്പഴുക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോൾ, സന്ധ്യാനേരത്ത്, ഉദ്യോഗസ്ഥൻ അന്തിയ്ക്കുമോന്താൻ പുറത്തുപോകുന്ന സമയം, താമസസ്ഥലത്ത് മുൻവാതിൽപടിയിൽ മറ്റാരെയുംകൊണ്ടു ചുമപ്പിച്ച് അത് അയാളുടെ ഭാര്യയെ ഏൽപ്പിക്കണംപോൽ.
അത്രയേയുള്ളൂ.
കഥാനായകൻ തിരിച്ചുവരുമ്പോഴേക്കും വീട്ടിലും അയൽപക്കത്തുമെല്ലാം ചക്കമണം പരന്നിരിക്കും. കൊതിമൂത്ത് അതൊന്നു വെട്ടിനുറുക്കി ചുളയെടുക്കാൻ ഭാര്യയെയോ വേലാക്കാരെയോ അന്നുരാത്രിയോ കൂടിയപക്ഷം പിറ്റേന്നുകാലത്തോ നിർബന്ധിക്കും. അപ്പോഴാണറിയുക അതു കൂഴച്ചക്കയാണെന്ന്. തിന്നാൻ വയ്യ, കൂഴച്ചക്കയല്ലേ; തിന്നാതിരിക്കാൻ വയ്യ, വെറുതെ കിട്ടിയതല്ലേ. ഇനി അയൽക്കാർക്കു ദാനം ചെയ്താലോ, മണംകൊണ്ട് അവരറിഞ്ഞുകാണും തലേന്നേ ആരോ കൈക്കൂലികൊടുത്തയച്ച കാര്യം. പച്ചയായിരുന്നെങ്കിൽ ഉപ്പേരിക്കോ കറിവയ്ക്കാനോ ഉപയോഗിക്കാമായിരുന്നു. ഇതിപ്പോൾ വാശിക്കു തിന്നാലോ, വയറിളക്കം പിടിക്കും. ശർക്കരചേർത്തു വരട്ടുകയോമറ്റോ ചെയ്താലും നാലല്ല, എട്ടയൽവക്കം അറിയും.
അങ്ങനെ കൈക്കൂലിച്ചക്ക ഇറക്കാനും വയ്യാതാവും തുപ്പാനും വയ്യാതാവും. അടുത്ത കൈക്കൂലി, 'ചക്കയായ് വേണ്ട'എന്നുകൂടി പറയാൻ പറ്റാത്ത പരുവത്തിലാവും ഓഫീസർ.
ഉദ്യോഗസ്ഥകോയ്മയും അഴിമതിയുടെ സാമ്പിളും ഞാൻ ആദ്യമായറിഞ്ഞത് സർക്കാരുദ്യോഗത്തിന്റെ ആദ്യനാളുകളിലെ കഥകളിലൂടെയാണ്.
എന്തോ കുറെ ഉപകരണങ്ങൾ വാങ്ങാൻ ഒരാൾ ഒരു ലിസ്റ്റ് കൊടുക്കുന്നു. അതു മുറപോലെ മടങ്ങുന്നു, കാരണം സാങ്കേതികവിവരണം പൂർണമല്ല. പരിചയസമ്പന്നരായ മുതിർന്നവരോടുചോദിച്ച് അയാൾ എല്ലാം വിവരങ്ങളും ചേർത്ത് അപേക്ഷ വീണ്ടും കൊടുക്കുന്നു. അതിലൊരു വൈദ്യുത-ഉപകരണത്തിന്റെ വിവരണത്തിൽ '50 cycles p.s.' എന്നുണ്ടായിരുന്നു.
തികച്ചും പുതുക്കക്കാരനായ അയാളെ പർചേസ് ഓഫീസർ വിളിച്ചു. വടക്കൻമാരുടെ പതിവുകുശലങ്ങളായ "ആപ്‌കാ ശുഭ് നാം ക്യാ ഹേ" ('What is your good name?' എന്ന ബ്രിട്ടീഷ്-കപടനാട്യത്തിന്റെ ദേശീഭാവം) തുടങ്ങിയ ചപ്പടാച്ചികൾക്കുശേഷം, 'എന്തിനാണ് അൻപതു സൈക്കിൾ?' എന്നൊരു ചോദ്യം. 'ഒന്നോരണ്ടോ മനസ്സിലാക്കാം, അൻപതുസൈക്കിൾ? ആഡിറ്റുകാരാരെങ്കിലും ഇതു കാണണം. മേലധികാരി ഇതെങ്ങാനുമറിഞ്ഞാൽ?'
ചോദ്യങ്ങൾക്കും ഭീഷണിക്കും മുമ്പിൽ ഉപകരണം ആവശ്യപ്പെട്ട ആൾ സ്തബ്ധനനായി.
അന്ന് ഞങ്ങളുടെ 'സുഹുസ്സുവണ്ടി' (Luxury Vehicle) സൈക്കിളായിരുന്നു. ചെറുപ്പക്കാരും തുടക്കക്കാരുമായ ഞങ്ങൾക്ക് ഒരു സൈക്കിളിന്റെ ആവശ്യം പർചേസ് ഓഫീസർ മണത്തുകാണണം. അതുകൊണ്ടൊരു അനുരഞ്ജനം വന്നു. "ഓ.കെ. ഏറിയാൽ ഒരഞ്ചെണ്ണം വാങ്ങാം. ഒന്നു നിങ്ങൾക്ക്, ഒന്നെനിക്ക്. ഒന്ന് എന്റെ മേലധികാരിക്ക്. ബാക്കി മൂന്നെണ്ണം എന്തെങ്കിലും ചെയ്യൂ. ആ പൂജ്യം മാത്രമൊന്ന് വെട്ടിക്കളഞ്ഞുതന്നാൽ മതി."
പിന്നീടാവിദ്വാൻ ഓഫീസ്‌വണ്ടികളുടെ അതേ ബ്രാൻഡ് വണ്ടികൾ സ്വന്തമായി വാങ്ങി പെറ്റ്‌റോളും സ്‌പെയർപാർട്ടുകളും സ്വകാര്യമായി സംഘടിപ്പിച്ചിരുന്നത് എനിക്കറിയാവുന്നതുകൊണ്ട് ഇക്കഥ അവിശ്വസിനീയമായിത്തോന്നിയില്ല.
കടത്തുചാരായം കുടിവെള്ളമായിമാറുന്നത് എക്‌സൈസിൽ സാധാരണമത്രേ. പിടിച്ചെടുക്കുന്ന ഉത്തേജകങ്ങൾ പനിമരുന്നുപാരാസെറ്റമോൾ ആവുന്നതും കേട്ടിട്ടുള്ളതാണ്. മറിച്ച് കാൽക്കാശുവിലയുള്ള നാകത്തകിട്, വിലപിടിച്ച പ്‌ളാറ്റിനംചീളുകളാകുന്നതും. ആൽക്കെമിയുടെ കാലം!
പണ്ടെവിടെയോ വായിച്ചതാണ്. ഒരു സൈനികകേന്ദ്രത്തിൽനിന്ന് പലപല സാധനങ്ങൾ കളവുപോകുന്നു. പുല്ലുവെട്ടാൻവരുന്നവരെയായി സംശയം. അറുത്തപുല്ല് മിലിട്ടറിവാഹനത്തിൽ മിലിട്ടറിക്കാരേ പുറത്തേക്കെടുക്കാവൂ എന്ന് ആജ്ഞ വന്നു. അങ്ങനെ എന്നും വൈകുന്നേരം മിലിട്ടറിവാഹനത്തിൽ പുല്ലു പുറത്തേക്കുപോയിത്തുടങ്ങി. വാസ്തവത്തിൽ ഓരോ ദിവസവും ഒന്നുംരണ്ടും വണ്ടികളാണ് സൈനിക കേന്ദ്രത്തിൽ നിന്നു പിന്നെ നഷ്ടപ്പെട്ടുകൊണ്ടിരുന്നത്.
ബാംഗ്ലൂരിലെ വിമാനനിർമാണക്കമ്പനിയിലെയും ഒരു കഥയുണ്ട്. പുത്തൻ വിമാനമൊന്ന് ഒരേസ്ഥലത്ത് ഒരുപാടുനാൾ കിടക്കും. പതുക്കെ അതിലേക്ക് പഴയ കുറെ മരപ്പലകകളോ ഇരുമ്പുകമ്പികളോ ചാരിവയ്ക്കും. പിന്നീടങ്ങോട്ട് പലവക ചവറുകൾ അതിൻമേൽ കുന്നുകൂടുകയായി. ഒരുനാൾ ചവറെല്ലാം വിൽപനയ്‌ക്കുള്ള ടെൻഡർ വരും. ലേലംവയ്ക്കുന്നവനും ലേലം കൊള്ളുന്നവനുമറിയാം കൂമ്പാരത്തിനകത്ത് എന്തെന്ന്.
നാസിക്കിലെ സെക്യൂരിറ്റി പ്രസ്സിലെ യന്ത്രങ്ങളും കടലാസ്സും പാഴ്‌വസ്‌തുക്കളായി വാങ്ങി അച്ചടിച്ചായിരുന്നില്ലേ മുദ്രപ്പത്രക്കുംഭകോണം?
ഇത്തരം കഥകളിൽ എനിക്കേറെയിഷ്ടം റോഡ് റോളറിനു ചിതലരിച്ച കഥയാണ്.
സംഭവം പൊതുമരാമത്തു വകുപ്പിലാണ്. സ്റ്റോക്കിൽ കണക്കിലുള്ള റോഡ് റോളർ സ്റ്റോറിൽ കാണാനില്ല. മേസ്‌തിരി പറഞ്ഞ് വർക്ക് സൂപ്പർവൈസർ എഴുതുന്നു അത് ചിതലരിച്ചുപോയെന്ന്. ജൂനിയർ എൻജിനിയർ, അസിസ്‌റ്റന്റ് എൻജിനിയർക്കെഴുതുന്നു 'റോളർ' ചിതലരിച്ചെന്ന്. അസിസ്റ്റന്റ് എൻജിനിയർ ജൂനിയറെ വിളിച്ചു ശാസിക്കുന്നു, എഴുതുമ്പോൾ 'സ്പെല്ലിങ്' സൂക്ഷിക്കണമെന്നും, ഓഫീസിൽ റോളർ അല്ല, മരത്തിന്റെ 'റൂള'റാണ് എൻജിനിയർമാർ ഉപയോഗിക്കുക എന്നും. 'റൂളർ' എന്നു തിരുത്തിയ കടലാസ്, എക്‌സിക്യൂട്ടീവ് എൻജിനിയറുടെ അടുത്തെത്തുന്നു. അയാളാകെ ക്ഷോഭിച്ച്, 'മെട്രിക് സ്‌കെയിൽ പ്രചാരത്തിലായിട്ടും ഇനിയും നിങ്ങൾ റൂൾത്തടിയോ ഉപയോഗിക്കുന്നത്?' എന്നൊരു കമന്റുമെഴുതി കടലാസ് സൂപ്രണ്ടിംഗ് എൻജിനിയർക്കയക്കുന്നു. ഇനിയാരും റൂൾത്തടിയുപയോഗിക്കരുതെന്നും സ്റ്റീൽകൊണ്ടുള്ള മെട്രിക് സ്‌കെയിൽമാത്രമേ ഉപയോഗിക്കാവൂ എന്നും, അല്ലാത്തപക്ഷം നിയമപ്രകാരം അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും, ഇപ്രാവശ്യം മാപ്പാക്കാമെന്നും ചിതലരിച്ച റൂളർ എഴുതിത്തള്ളാൻ വിരോധമില്ലെന്നും പറഞ്ഞ് അയാൾ കടലാസ് ചീഫ് എൻജിനിയർക്കയക്കുന്നു. ചീഫ് എൻജിനിയർ കണ്ണടച്ചൊപ്പിടുന്നതോടെ റോഡ് റോളർ പൊതുമരാമത്തുവകുപ്പാഫീസിൽ ചിതലരിച്ചുപോകുന്നു.
അനന്തരം കരാറുകാരന്റെകൂടെ അതു സുഖമായി നീണാൾ പണിചെയ്‌തു ജീവിക്കുന്നു.
മറിച്ചുമുണ്ട് ആളുകൾ. ഞങ്ങൾക്കൊരു ഡ്രൈവറുണ്ടായിരുന്നു. അയാൾ താനോടിക്കുന്ന വാനിനെ 'എന്റെ വണ്ടി' എന്നേ പറയൂ. ഒരിക്കൽ ഞങ്ങൾ ഒരു ദീർഘയാത്രക്കുപോയപ്പോൾ ഒരു സഹപ്രവർത്തകൻ പിൻസീറ്റിലിരുന്ന് പുകവലിച്ചു. കാറ്റിൽ തീപ്പൊരിപാറി സീറ്റിൽ ഒരു തുള വീണു. പിറ്റേന്ന് വണ്ടികഴുകുമ്പോൾ ഇതു കണ്ടുപിടിച്ച ഡ്രൈവർ ആ സഹപ്രവർത്തകനെ വിളിച്ചുവരുത്തി, ഇനിമുതൽ തന്റെ വണ്ടിയിൽ കയറരുതെന്നും കയറിയാൽ പുകവലിക്കരുതെന്നും കടുപ്പിച്ചുപറഞ്ഞു. തികച്ചും 'സ്‌മാർട്ട്' ആയ സഹപ്രവർത്തകൻ (പിന്നീടയാൾ തലപ്പത്തെല്ലാം കയറിപ്പറ്റി) ഒരു പോംവഴി മുന്നോട്ടുവച്ചു; താൻ ഒരു 'സ്റ്റിക്കർ' തരാം അതൊട്ടിച്ചാൽ തുള കാണില്ല. ഡ്രൈവർ വഴങ്ങി, പക്ഷെ രണ്ടു 'സ്റ്റിക്കർ' വേണമെന്നായി. സീറ്റിന്റെ ഇരുവശത്തും ഒരുപോലെ ഒട്ടിക്കാൻ!
[Published in the fortnightly webmagazine www.nattupacha.com on 15 April 2010]

Monday, 26 April 2010
തീരം, തീരാശാപം.
മലയുടെ ധർമം അനങ്ങാതിരിക്കലാണ്. ("മലകളിളകിലും മഹാജനാനാം മനമിളകാ"). പുഴയുടെ ധർമം ഒഴുകിക്കൊണ്ടിരിക്കലും. ("പഴകിയ തനുവള്ളി മാറ്റിടാം, പുഴയൊഴുകുംവഴി വേറെയാക്കിടാം, കഴിയുമിവ, മനസ്വിതൻ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാൽ"). മല നിരങ്ങിനീങ്ങിയാൽ അപകടം. പുഴ ഒഴുകിനീങ്ങിയില്ലെങ്കിൽ നാശം.
അതേസമയം കരയും കടലുമല്ലാത്ത തീരപ്രദേശത്തിന്റെ ധർമം, നിരങ്ങിക്കൊണ്ടിരിക്കെ മാറാതിരിക്കലാണ്. ഒഴുകിപ്പോകുന്നത് ഒലിച്ചുവരണം. ഒഴിഞ്ഞുപോകുന്നത് ഒന്നൊന്നായ് തിരിച്ചെത്തണം. നിത്യയൗവനം.
രാജ്യത്തിന്റെ അതിർത്തികൾ നമ്മൾ അഖണ്ഡമായി സൂക്ഷിക്കുന്നു. അതിരുകൾ വേലികെട്ടി കാവൽ നിൽക്കുന്നു. അതിനായി ചെലവഴിക്കുന്ന പണവും മനുഷ്യായുസ്സും അതിഭീമവും. ഒരൊറ്റ തർക്കം മതി ഒരു യുദ്ധത്തിൽ കലാശിക്കാൻ.
രാജ്യാന്തര അതിർത്തികൾവഴി അനുവാദമില്ലാതെ ഒരീച്ചപോലും കടന്നുചെല്ലരുതെന്നാണ്.
രാജ്യത്തിന്റെ തീരങ്ങളും പക്ഷെ അതിർത്തികളാണ്. ആർക്കും അപ്പുറമിപ്പുറം കടന്നുചെല്ലാൻകഴിയുന്ന അതിരുകൾ. ദിവസംതോറും, ഋതുക്കൾതോറും, വർഷംതോറും യുഗങ്ങൾതോറും മാറിമറിയുന്ന അതിരുകൾ. ഇന്നലത്തേതല്ല ഇന്ന്. ഇന്നത്തത്തല്ല നാളെ. അവിടെ വേലികെട്ടാൻ വയ്യ. രാവും പക ലും കാവലിരിക്കാൻ വയ്യ. തികച്ചും സുതാര്യം. ഒരുതരത്തിൽ ഒരു സത്രം!
സ്വന്തമെന്നോ പരമെന്നോ ഒന്നുമില്ല അവിടെ ("യമ: ശരീരഗോപ്താരം ഭൂഗോപ്താരം വസുന്ധര, അസത്യേവ ഹസത്യന്തം സ്വപതിം പുത്രവത്സലം").
എല്ലാം വിരോധാഭാസമാണ് കടൽതീരത്ത്.
ഉൾനാടൻ അതിർത്തികളിൽ ജനവാസം കുറവായിരിക്കും. തീരദേശത്തങ്ങനെയല്ല. ജനസാന്ദ്രത ഏറ്റവുംകൂടിയ പ്രദേശമാണത്. അതിൽ പാർക്കുന്നവരോ, ഒന്നുകിൽ അതിദരിദ്രർ; അല്ലെങ്കിൽ അതിസമ്പന്നർ!
കരയിലെ എല്ലാം ഒഴുകിയെത്തുന്നതു കടലിൽ. അതാകട്ടെ തീരപ്രദേശത്തുകൂടെ. കടലിലെ എല്ലാം തിരിച്ചെടുക്കുന്നതു തീരത്തിലൂടെ. കരയിലെ മണ്ണും മാലിന്യങ്ങളും ലോഹങ്ങളും ജൈവകങ്ങളും ലൊട്ടുലൊടുക്കുകളുമെല്ലാം കടലിൽ ചേർന്ന്, കലങ്ങിമറിഞ്ഞ്, കലക്കംതെളിഞ്ഞ്, ഉപ്പായി, മീനായി, എണ്ണയായി, അയിരായി, പഞ്ചാരമണലായി തിരിച്ചുകിട്ടുന്നു. വിലയില്ലാത്തതു വിലയുള്ളതാകുന്നു.
ലോകത്തിലേ ഏറ്റവും ശ്രേഷ്ഠവും വിലകൂടിയതുമായ ആഹാരപദാർഥങ്ങളിലൊന്ന് മത്സ്യമാണ്. കൊയ്യുന്നവർക്ക് ഏറ്റവും തുച്ഛമായ കൂലിയും കൊയ്ത്തിനു ഏറ്റവും തുച്ഛമായ വിലയും കിട്ടുന്നതോ മീനിനും. അതിനു വേണ്ടിവരുന്ന മനുഷ്യാധ്വാനമോ അത്യധികവും.
ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതമാണ് വെള്ളവും ഉപ്പും. അതേറെയുണ്ട് കടലിൽ. എന്നാലോ അവ അന്യോന്യം വേർതിരിച്ചാലേ ഉപയോഗിക്കാനോക്കൂ. വേർതിരിക്കാനുള്ള വിഷമം കുറച്ചൊന്നുമല്ലല്ലോ.
വെള്ളവും ഉപ്പും കുറഞ്ഞാലും കഷ്ടം കൂടിയാലും കഷ്ടം. തീരത്താണ് ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം. വെള്ളംകയറിയാലുള്ള അപായവും ഏറ്റവും അധികം. ഉപ്പുരസംകൊണ്ടുള്ള ജീർണനം തീരദേശത്ത് തീവ്രമാണ്. ശുദ്ധമായ ഒരുതരി ഉപ്പുകിട്ടാനോ കടൽവെള്ളം കാച്ചിക്കുറുക്കണം.
വാഹനമോടിക്കാൻ ഇന്ധനച്ചെലവ് ഏറ്റവും കുറവ് വെള്ളത്തിലാണ്. എന്നാലോ ഏറ്റവുമധികം മനുഷ്യാധ്വാനം ചെലവിടുന്നത് മീൻപിടുത്തക്കാർ തോണിതുഴയുന്നതിനാണ്.
കടൽ അക്ഷയപാത്രമാണെന്നു പറയും. എന്നാലോ ദിനംപ്രതി ക്ഷയിക്കുന്നത് കടലിന്റെ മക്കൾ.
വെള്ളം വലിഞ്ഞാൽ തോണി കടലിൽകുടുങ്ങും. വെള്ളംപൊങ്ങിയാലോ കരയിൽകുടുങ്ങും!
കാറ്റിൽനിന്നും മഴയിൽനിന്നുമെല്ലാം രക്ഷപ്പെടാനാണ് നമ്മൾ വീടുപണിയുന്നത്. കാറ്റും കോളും ഏറ്റവുമധികമായ തീരത്ത് അടച്ചുറപ്പുള്ള കൂടുകെട്ടാനാകില്ല. പറന്നുപോകാതിരിക്കാൻ മുൻവശവും പിൻവശവും തുറന്നുതന്നെയിരിക്കണം. അതിൽവേണം അടുപ്പുപൂട്ടലും അന്തിയുറക്കവുമെല്ലാം.
തീരംകടന്നുചെന്നാണ് നാട്ടുകാർ സ്വപ്നലോകങ്ങളിലെത്തിയത്. തീരം കവർന്നുവന്നാണ് പരദേശികൾ നാട്ടാരെ നരകജീവികളാക്കിയത്.
ആകാശവും ഭൂമിയും സമുദ്രവും ഒന്നിച്ചു ചേരുന്നിടമാണ് കടൽതീരം; സ്വർഗവും ഭൂമിയും പാതാളവും. ഒന്നിന്റെ ശാപം മറ്റൊന്നിന്റെ ശാപമോക്ഷമാവുന്നു. വരവിനും പോക്കിനും തിരിച്ചുവരവിനുമിടെ ഒരു മാറ്റം. അതുതന്നെ മോക്ഷം ("ആകാശാത് പതിതം തോയം സാഗരം പ്രതിഗച്ഛതി").
[Published in the fortnightly webmagazine www.nattupacha.com, 1 April 2010]

Monday, 5 April 2010
പൊന്നമ്മ
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. തൃപ്പൂണിത്തുറയിലെ ഒരു സാമ്പ്രദായിക ബ്രാഹ്മണകുടുംബത്തിലേതായിരുന്നു പൊന്നമ്മാൾ. എങ്കിലും അവർ സാമ്പ്രദായിക ചിട്ടവട്ടങ്ങൾ വിട്ടെറിഞ്ഞ് മിഡ്‌വൈഫറിയും നഴ്‌സിങ്ങും പഠിച്ചു.
അന്നൊക്കെ നഴ്‌സെന്നും മിഡ്‌വൈഫെന്നുമെല്ലാം പറഞ്ഞാൽ പുച്ഛമാണ് നാട്ടുകാർക്ക്. 'വയറ്റാട്ടി'യെന്ന കളിപ്പേരിൽ അവർ അറിയപ്പെട്ടു. പേറടുക്കുമ്പോൾ വയറ്റാട്ടി വേണം; പേറെടുത്തുകഴിഞ്ഞാലോ പരമപുച്ഛവും. അടുത്ത് കൊച്ചുനാരായണി എന്നൊരു പാവം സൂതികാസഹായി ഉണ്ടായിരുന്നു; അവരും പഠിച്ചുപാസ്സായ മിഡ്‌വൈഫായിരുന്നു. അവരുടെ വീട്ടിനുമുന്നിലെ 'കൊച്ചുനാരായണി'യെന്ന ബോർഡ് രാപ്പാതിരാത്രി ആരെങ്കിലും 'കാച്ചുനാരായണി' എന്നാക്കും.
നാട്ടിലും സ്വാതന്ത്ര്യസമരം നീറിപ്പടർന്ന കാലം. സാമ്പ്രദായികസൗകര്യങ്ങളും വിട്ടെറിഞ്ഞ് പൊന്നമ്മാൾ സമരമുഖത്തെത്തി. കൊച്ചിപ്രദേശത്തെ ആദ്യകാലപ്രവർത്തകരിൽ ഒരു പരമേശ്വരമേനോനുണ്ടായിരുന്നു. അവരെല്ലാം ചേർന്ന് തൃപ്പൂണിത്തുറയിലെ 'മഹാത്മാ വായന ശാല'യുണ്ടാക്കി; ഇന്നും അതുണ്ട്. എന്റെ അച്ഛനും അതിൽ പങ്കാളിയായിരുന്നു. പഠനകാലത്ത് എൻ. വി. കൃഷ്‌ണവാര്യരടക്കം ആ വായനശാലയിൽ വായിച്ചുവളർന്നവരാണ്.
പൊന്നമ്മാളും പരമേശ്വരമേനോനും തമ്മിൽ വിവാഹിതരുമായി. അങ്ങനെ നാട്ടുകാർ പൊന്നമ്മാളെ പൊന്നമ്മയാക്കി.
അന്നത് വലിയൊരു വിപ്ലവമായിരുന്നു. അന്നത്തെ ആഢ്യസമൂഹത്തിന് അതെല്ലാം അസഹനീയമായിരുന്നു. അവർ കാത്തിരുന്നത് അധികം വൈകിയില്ല.
ഒരു ആൺകുഞ്ഞിനെയും കയ്യിലേൽപ്പിച്ച് പരമേശ്വരമേനോൻ അകാലത്തിൽ മരിച്ചു.
വയറ്റാട്ടി. വിധവ; അതും ബ്രാഹ്മണസ്ത്രീ. സ്വാതന്ത്ര്യസമരക്കാരി. അമ്മ; അതും ഒരു കൈക്കുഞ്ഞിന്റെ.
ജീവിതം അവരെ തുറിച്ചുനോക്കിയെങ്കിലും അവർ ജീവിതത്തെ തുറിച്ചുനോക്കിയിരുന്നില്ല. ഉള്ളതെല്ലാം തട്ടിക്കൂട്ടി പൊന്നമ്മ ഒരു ആതുരാലയം തുടങ്ങി. പേര് 'പരമേശ്വർ മെമ്മോറിയൽ നഴ്‌സിങ് ഹോം'. പക്ഷെ അത് 'പൊന്നമ്മേടവിടെ' എന്നറിയപ്പെട്ടു. ഒരു മുറിയിൽ ഒരു ഡോക്ടറും മറ്റൊന്നിൽ ഒരു കോംപൗണ്ടറും. വേറൊന്നിൽ ഒന്നു രണ്ടു സഹായികൾ. പിന്നെ ഒരു പ്രസവമുറി. ഒന്നുരണ്ടു വാർഡുകൾ. തീർന്നു.
ഡോക്‌ടർ കൊച്ചമ്മിണിയമ്മയെ എനിക്കിന്നും ഓർമയുണ്ട്. അവർ അവിവാഹിതയായിരുന്നു. ആജീവനാന്തം, ആതുരശുശ്രൂഷ ആത്‌മാവും ആനന്ദവുമാക്കിയ വന്ദ്യവയോധിക. ചില്ലിനുചുറ്റും ഫ്രെയിമില്ലാത്ത കട്ടിക്കണ്ണട അവരുടെ പ്രത്യേകതയായിരുന്നു. അന്നത്തെ അത്‌ഭുതവും; ചില്ലിന്റെ വശങ്ങളിൽനിന്ന് നേരിട്ടു രണ്ടുവാൽ ചെവിക്കു മുകളിലേക്ക്!
ആ 'കൈപ്പുണ്യ'മുള്ള ഡോക്ടറെത്തേടി ഏവരുമെത്തി. ആരുടെ വീട്ടിലും ചെന്ന് രോഗിയെ പരിശോധിക്കും. ചികിത്‌സിക്കും. ഒരു സ്‌ഥിരം റിക്ഷാവണ്ടിക്കാരനുമുണ്ടായിരുന്നു അവരെ രാപ്പകൽ കൊണ്ടുനടക്കാൻ. കൊടുക്കുന്നതുവാങ്ങും. കൊടുത്തില്ലെങ്കിൽ ചോദിക്കുകയുമില്ല. മരുന്നുകൾ മിക്കതും അന്ന് 'മിക്‌ശ്ചർ' ആയിരുന്നല്ലോ. കുറിപ്പടിയനുസരിച്ച് കുപ്പിയിൽ കളർവെള്ളംപോലെ മരുന്നുകൾകലക്കി കോമ്പൗണ്ടർ തരും. ഒരുമാതിരിപ്പെട്ട രോഗങ്ങളെല്ലാം മൂന്നാലുദിവസത്തിനകം മാറിയിരുന്നു.
[കൈപ്പുണ്യത്തിന്റെ കാര്യം പറയുമ്പോഴാണ്. എന്റെ ഒരു വലിയച്ഛനെ വീട്ടുകാർ നിർബന്ധിച്ച് മെഡിക്കൽകോളേജിലാക്കി. ശസ്ത്രക്രിയയും ശവംകീറലും തുടങ്ങുമ്പോൾ ആൾ വീട്ടിൽ തിരിയെ റെഡി. പലകുറി പരീക്ഷ എഴുതിയാണത്രെ ആശാൻ MBBS പാസ്സായത്.
ഡോക്‌ടറായിവന്ന അദ്ദേഹത്തെ ആദ്യം അയൽക്കാർ ചെന്നുകണ്ടു, ചികിത്സക്കായി. ഒറ്റയാൾ ബാക്കിയില്ലാതെ എല്ലാവരും സുഖംപ്രാപിച്ചുപോൽ. അതോടെ നാട്ടുകാരുടെ തിരക്കായി. പേരുകേട്ടറിഞ്ഞ് മറുനാട്ടുകാർവരെ ആ ഡോക്‌ടറെ വന്നുകണ്ടിരുന്നത്രെ. ആ കൈപ്പുണ്യം, തോറ്റുതോറ്റുപഠിച്ചതുകൊണ്ടാണെന്ന് അദ്ദേഹംതന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. വയസ്സായപ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടുകാലിലും ആനമന്ത്. മുണ്ടുടുത്തേ ആ ഡോക്‌ടർവലിയച്ഛനെ ഞങ്ങൾ കണ്ടിട്ടുള്ളൂ. ചെരിപ്പും പതിവില്ല; മന്തുകാരണമായിരിക്കണം. ശരിക്കും 'നഗ്നപാദ-ഡോക്‌ടർ'. എവിടെപ്പോയാലും ചുറ്റുമുള്ള പിള്ളേരെ വിളിച്ചുകൂട്ടും. എന്നിട്ട് ഓരോരുത്തരുടേയും കൺപോള തുറന്നു പരിശോധിക്കും. കീശയിൽനിന്ന് മധുരമുള്ള 'വിര ഗുളിക' ('Antipar'; അതു പിന്നെ നിരോധിച്ചതായും കേട്ടിട്ടുണ്ട്) എടുത്ത് ഒരോരുത്തർക്കായി മിഠായിപോലെ വിതരണം ചെയ്യും. ലോകത്തെ മുക്കാൽ രോഗവും വിരശല്യംകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്‌ഷം. അദ്ദേഹത്തെ 'മന്തൻപെരിയപ്പ' എന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്; ഇന്നു കുറ്റബോധം തോന്നുന്നു.]
പരമേശ്വർ മെമ്മോറിയലിൽ മുറിവും വ്രണവുമെല്ലാം പൊന്നമ്മയും ചിന്താക്കുട്ടിയെന്ന സഹായിയും കൂടെ വച്ചുകെട്ടും; ഇഞ്ജക്ഷൻ വേണമെങ്കിൽ അതും അവരാണ്. ആവശ്യമെന്നുതോന്നിയാൽ പറയും, "ഒന്നു ഡോക്‌ടറെ കണ്ടേക്കൂ".
ആരെന്തു മഹാരോഗവുമായിച്ചെന്നാലും പൊന്നമ്മയുടെ ആദ്യപ്രതികരണം 'സാരമില്ല, ട്ടോ' എന്നായിരിക്കും (ഞങ്ങളോടൊക്കെ ഞങ്ങളുടെ ഉപഭാഷയിൽ 'സാരമില്ലൈ, ട്ട്യാ').
പെറ്റും പേറിനുമായി മൂന്നാലുപേർ നഴ്‌സിംഗ്‌ഹോമിന്റെ അകത്തളങ്ങളിലുണ്ടാകും എപ്പോഴും.
സ്വന്തം ഡിസ്‌പെൻസറിയിൽ പൊന്നമ്മക്കായി സ്വന്തമായി ഒരു മുറിയോ ഇരിപ്പിടമോ ഇല്ലായിരുന്നു. ആസ്‌പത്രിക്കുള്ളിലും രോഗികളുടെ വീട്ടിലുമായിരിക്കും അവരെപ്പോഴും.
ആർക്കാനും പേറടുത്താൽ ആദ്യത്തെ ചടങ്ങ് പൊന്നമ്മയെ പോയിവിളിക്കലാണ്. ഏതു പാതിരായ്ക്കും അവരെത്തും. വെള്ള ഖദർ സാരിയിൽ ഒരു കുറിയ രൂപം, പൊട്ടും ആഭരണങ്ങളും ഒന്നുമില്ലാതെ. ആകപ്പാടെ കയ്യിലൊരു വെള്ളിവാച്ച്; അത് കുട്ടിയുടെ ജനനസമയം അറിയാൻ. കയ്യിലൊരു തോൽബാഗുമുണ്ടാകും. മെഥിലേറ്റഡ് സ്പിരിറ്റിന്റെയും ടിങ്ങ്ചറിന്റെയും മണം ചുറ്റും പരന്നാൽ അറിയാം പൊന്നമ്മ വന്നെത്തിയെന്ന്.
അന്നേക്ക് പൊന്നമ്മ അൽപം ബധിരയുമായിത്തീർന്നു. അന്നേ അവർ ചെവിയിൽ കേൾവിയന്ത്രം വച്ചിരുന്നു. അത് ഞങ്ങൾ കുട്ടികൾക്ക് കൗതുകമായി. ചെവിയിലെ സാധനത്തിൽനിന്ന് ഒരു വയർ ബാറ്ററിയിലേക്ക്. ബാറ്ററി ബ്ലൗസിൽ ക്ലിപ്പുചെയ്തിരിക്കും.
സാധാരണമായി കേഴ്‌വിക്കുറവുള്ളവർ ഉച്ചത്തിലേ സംസാരിക്കൂ; പൊന്നമ്മ മറിച്ചായിരുന്നു. ശാന്തവും സൗമ്യവുമായ ആ ശബ്ദം ഇന്നും മനസ്സിലുണ്ട്. ഒച്ചയില്ലാതെ അവർ സംസാരിക്കുന്നത് ഞങ്ങൾ കളിയായി അനുകരിക്കാറുണ്ടായിരുന്നു. ആകപ്പാടെ ഒറ്റൊരു അസൗകര്യമേ അവരുടെ വർത്തമാനത്തിലുണ്ടായിരുന്നുള്ളൂ. അങ്ങോട്ടെന്തുപറഞ്ഞാലും ആദ്യം പതുക്കെ 'ങേ?' എന്നു ചോദിക്കും. രണ്ടാമതു പറഞ്ഞാലേ ചെവി കേട്ടിരുന്നുള്ളൂ. പക്ഷെ അവരോ ഞങ്ങളോ അതു കാര്യമാക്കിയിരുന്നില്ല. അച്ഛനും അമ്മയും അവരോട് മണിക്കൂർകണക്ക് സംസാരിച്ചിരിക്കുന്നതു കണ്ടിട്ടുണ്ട്.
അവർ പേറെടുത്ത ഒരു കുഞ്ഞോ അമ്മയോ അപകടത്തിലായി കേട്ടിട്ടില്ല; വീട്ടിലായാലും ശരി, ആസ്‌പത്രിയിലായാലും ശരി.
ഏതാനും വർഷങ്ങൾക്കുമുൻപ് പൊന്നമ്മയും മരിച്ചു. A.G. Gardiner, 'Unknown Warrior'-നെപ്പറ്റി എഴുതി, "Unwept, unhonoured and unsung..." എന്ന്. പൊന്നമ്മയുടെ കാര്യത്തിൽ അതു മറിച്ചായിരുന്നു. She was all-wept, all-honoured and all-sung. 'മാതൃഭൂമി'യിലെ വാർത്താറിപ്പോർട്ടുവരെ അത്രക്കു ഗംഭീരമായിരുന്നു. അതുകണ്ടാണ് ഞാൻ അവരുടെ മരണം അറിഞ്ഞതുതന്നെ. ഏകദേശം സമപ്രായക്കാരായിരുന്ന എന്റെ അമ്മയും അന്നു വളരെ സങ്കടപ്പെട്ടു.
പൊന്നമ്മയുടെ മിടുക്കനായ മകൻ സത്യൻ പഠിച്ച് ഒന്നാംതരം ഫാർമക്കോളൊജിസ്റ്റായി. ഇപ്പോൾ (2010) വാർധക്യസഹജമായ അസുഖംമൂലം കിടപ്പിലാണെന്നറിയുന്നു.
'പരമേശ്വർ മെമ്മോറിയൽ' ഇന്നില്ല. അതു പിന്നെ 'അശ്വതി' ആയി. ഇപ്പോൾ ലക്ഷ്മി ഹോസ്പിറ്റൽ ആണെന്നു തോന്നുന്നു.
ഞങ്ങളുടെ പഴയവീടു പുതുക്കിപ്പണിതപ്പോൾ രണ്ടുമുറികൾ മാറ്റമില്ലാതെ നിർത്തി. ഞങ്ങൾ സഹോദരങ്ങൾ ജനിച്ച മുറിയും ഞങ്ങളുടെ അച്ഛൻ മരിച്ച മുറിയും.
ഞങ്ങളെയെല്ലാം പെറ്റത് അമ്മയാണെങ്കിലും പേറെടുത്തത് പൊന്നമ്മയായിരുന്നു. അവർ പൊൻ+അമ്മ ആയിരുന്നു എല്ലാവർക്കും.
[Published in the fortnightly webmagazine http://www.nattupacha.com, 1 March 2010]

Wednesday, 17 March 2010
സ്വാമികെട്ടിയ സാക്ഷാൽ കോട്ട
എട്ടാംക്ലാസ്സിലോ മറ്റോ പഠിക്കുന്ന കാലം. മലയാളപാഠാവലിയിൽ പഠിക്കാൻ 'ചിത്രശാല' എന്നോമറ്റോ ഒരു ഗീതകം (കെ. കെ. രാജയുടേതാണെന്നാണോർമ). രാത്രി ആകാശത്തെ അത്ഭുതങ്ങൾ ഒരു ചിത്രശാലയിലെന്നോണം കാണിച്ചുതരുന്ന ആ ഗീതകം, "സ്വാമി കെട്ടിയ സാക്ഷാൽ കോട്ടയിലെന്നും കാണാം....." എന്നവസാനിക്കുന്നു.
അവിടമെത്തിയപ്പോൾ അതുപഠിപ്പിച്ചുതന്നിരുന്ന അരവിന്ദാക്ഷൻ മാഷ് ചിരിച്ചുകൊണ്ടു ചോദിച്ചു. "സ്വാമി കെട്ടിയ സിനിമാക്കോട്ട ഏതാണെന്നറിയാമോ?"
എന്നെ നോക്കി സാർതന്നെ ഉത്തരം പറഞ്ഞു, "ഹിന്ദുസ്ഥാൻ ടാക്കീസ്!"
അതായിരുന്നു ഞങ്ങളുടെ നാട്ടിലെ, തൃപ്പൂണിത്തുറയിലെ, ആദ്യത്തെ സിനിമാതീയേറ്റർ; അതു സ്ഥാപിച്ചു നടത്തിയിരുന്നതോ എന്റെ അച്ഛനും. (അച്ഛൻ 'വല്യസാമി' എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്; ചേട്ടൻ 'കൊച്ചുസാമി'യും). എനിക്കറിയില്ലായിരുന്നു എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ എന്റെ അച്ഛനെ അറിയുന്ന കാര്യം. ക്ലാസ്സിൽ വല്ല കുസൃതികളും ഒപ്പിച്ചിട്ടുണ്ടോ എന്നാലോചിച്ചായിരുന്നു എന്റെ പരിഭ്രമമെല്ലാം.
അന്നൊക്കെ സ്ക്കൂളിൽ അച്ഛനെയും അമ്മയെയും എല്ലാം അറിയുന്നത് പിള്ളേർ തല തെറിക്കുമ്പോഴായിരുന്നു. ഇന്നത്തെപ്പോലെ 'മാലൂം ഹേ മേരാ ബാപ് കോൻ?' എന്നൊന്നും ആരും വീമ്പിളക്കാറില്ല; വീമ്പിളക്കിയാലൊട്ടു വിലപ്പോവുകയുമില്ല.
മാഷ് എന്നോട്: "എന്നും കാണുമോ 'ചിത്രശാല'യിൽ?"
ഞാൻ തലയാട്ടി. "ഇടയ്ക്കൊക്കെ."
ആ 'സാമിയുടെ സിലിമാക്കോട്ട'യിലാണ് ഞാൻ ആദ്യത്തെ സിനിമകണ്ടത്. അത് മിസ്സിയമ്മയോ, സ്നേഹസീമയോ, ടൗൺബസ്സോ, നീലക്കുയിലോ, എന്നൊന്നും പിടികിട്ടുന്നില്ല. പിന്നെ തമിഴ്പടങ്ങളിൽ വീരപാണ്ഡ്യകട്ടബൊമ്മനും മായാബസാറും പടിക്കാത മേതൈയും പാശമലരും പാപമന്നിപ്പും കല്യാണപ്പരിശും ഒക്കെ. കുറെ ഡബ്ബുചെയ്ത തെലുങ്കു പടങ്ങളും. ഹിന്ദിയിൽ ഇൻസാനിയത്; ഒരു കുരങ്ങന്റെ കഥ. പിന്നെ മദർ ഇൻഡ്യ, പ്യാസ, ബന്ദി എന്നിങ്ങനെ.
അതെല്ലാം 'വെള്ളക്കറുപ്പു'പടങ്ങൾ; അല്ലെങ്കിൽ ഇളംചുവപ്പുള്ള 'സെപ്പിയ'-പ്രിന്റുകൾ. തീ വെളുത്തുകത്തുന്നതും മുന്നോട്ടോടുന്ന വണ്ടിയുടെ ചക്രം പിന്നോട്ടു തിരിയുന്നതും കഥാപാത്രങ്ങൾ പാടുമ്പോൾ പക്കവാദ്യമുയരുന്നതും കണ്ണീരിനോടൊത്തുള്ള പശ്ചാത്തലസംഗീതവുമെല്ലാം എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
ആദ്യംകണ്ട വർണചിത്രം, ഉമ്മർ അഭിനയിച്ച ഒരു മുസ്ലിംകഥയാണ്. 'ഈസ്റ്റ്‌മാൻ കളർ', 'ഗേവാകളർ' എന്നൊക്കെ പരസ്യങ്ങളിൽ കണ്ടതും നായകന്റെ തലയ്ക്കുപിറകിൽ വർണചക്രം തിരിയുന്നതും മാത്രം മനസ്സിലുണ്ട്.
പ്രൊജക്ഷൻ-കാബിനിലിരുന്ന് ഓപ്പറേറ്ററുടെകൂടെ ചുമരിലെ ഓട്ടയിൽകൂടി സിനിമകാണാനായിരുന്നു എനിക്കിഷ്ടം. കറക്കിപ്പാടിക്കുന്ന ഗ്രാമഫോണും ഉയരത്തിൽ കെട്ടിയ ഉച്ചഭാഷിണിയും 'മാജിക് ലാന്റേൺ' എന്ന ആർക്-പ്രോജക്റ്ററും കാർബൺ തണ്ടുകളും പരസ്യ-സ്ലൈഡുകളും ഫിലിം റീലുകളും അവ ചുറ്റുന്ന ചക്രങ്ങളും അവ കൊണ്ടുപോകുന്ന തകരപ്പെട്ടികളും ഹരമായിരുന്നു. തീയേറ്ററിനുള്ളിലെ ആവിച്ചൂടും ബീഡിപ്പുകയും കപ്പലണ്ടിമണവും അതുകഴിഞ്ഞുള്ള തലവേദനയും എനിക്കു താങ്ങാൻ പറ്റുമായിരുന്നില്ല താനും.
നിവൃത്തികേടുകൊണ്ടാണത്രെ അച്ഛൻ സിനിമച്ചന്തയിൽ എത്തിപ്പെട്ടത്. പത്താംക്ലാസ്സുകഴിഞ്ഞ് ഗാന്ധിയൻപരുവത്തിൽ പല കൈത്തൊഴിലുകളും കുടിൽവ്യവസായങ്ങളും ചെയ്തുനോക്കി. രണ്ടാംലോകമഹായുദ്ധകാലം. അതിനിടെ കഷ്ടി ഇന്റർമീഡിയറ്റ് കഴിക്കാൻ പറ്റി. കുറച്ചു കാശു സ്വരൂപിക്കാനായപ്പോൾ ബനാറസ്സിലേക്കു കടന്നു. അവിടത്തെ ഹിന്ദു വിശ്വ വിദ്യാപീഠത്തിൽ കെമിക്കൽ ടെക്‌നോളജി പഠിച്ചു പാസ്സായി. ബ്രിട്ടീഷുകാലം. കൂടെയുണ്ടായിരുന്നവർ കൽക്കത്തയിലും മറ്റും വലിയ ഉദ്യോഗസ്ഥരായത്രെ. അച്ഛനാകട്ടെ നാട്ടിലേക്കു മടങ്ങി റേഷൻകട നടത്തി മുടിഞ്ഞു. ഉദ്യോഗമൊന്നും കിട്ടിയില്ലെന്ന് അച്ഛൻ; ഒരു ചുക്കിനും ശ്രമിച്ചിരുന്നില്ലെന്ന് അമ്മയും.
ഏതായാലും പഠിച്ചതുപ്രയോഗിക്കാൻ തീരുമാനിച്ച് അച്ഛൻ ഒരു കൊച്ചു മരുന്നുകമ്പനിയുടെ പങ്കാളിയായി. കമ്പനി വഴിതെറ്റിത്തുടങ്ങിയപ്പോൾ സ്വന്തമായി ഒരു ബിസ്ക്കറ്റ് ഫാക്റ്ററി ഉണ്ടാക്കി സ്വയംതൊഴിൽ കണ്ടെത്തി. ആ പ്രദേശത്തെ ആദ്യത്തെ ബേക്കറിയും അതായി.
അപ്പോഴാണ് എന്തോ നിയോഗത്താൽ ഒരു സിനിമാക്കോട്ട തുടങ്ങാൻ കുറെ പങ്കാളികളോടൊത്തു തീരുമാനിക്കുന്നത്. അങ്ങനെ നാട്ടിൽ 'ഹിന്ദുസ്ഥാൻ ടാക്കീസ്' വരുന്നു. വെറും ഓല ഷെഡ്ഡൊന്നുമായിരുന്നില്ല; കൂരയും കതകും കർട്ടനും കസേരയും എല്ലാമുള്ള തികച്ചും നൂതനമായ ചിത്രശാല.
അന്ന് അകലെ എറണാകുളംപട്ടണത്തിലും രണ്ടുമൂന്നു തീയേറ്ററുകളേ ഉള്ളൂ, 'മേനക', 'പദ്മ', 'ലക്ഷ്മൺ'.
അതിന്റെ വിജയത്തോടുകൂടി തൊട്ടടുത്തുതന്നെ വേറൊന്നുകൂടി തുടങ്ങി, 'സെന്റ്‌റൽ ടാക്കീസ്'. അതോടെ കഷ്ടകാലവും തുടങ്ങി. ആദ്യകാലങ്ങളിൽ തീയേറ്റർ ഉടമകൾക്കായിരുന്നു പ്രാമുഖ്യം; എന്തു സിനിമയാണ് നാട്ടുകാർക്കിഷ്ടമെന്നും ഏതു സിനിമയാണ് പ്രദർശിപ്പിക്കേണ്ടതെന്നും അതെത്ര ദിവസത്തേക്കെന്നുമെല്ലാം തീരുമാനിക്കുന്നത് അവരായിരുന്നു. പതിയെ വിതരണക്കാർ പിടിമുറുക്കാൻ തുടങ്ങിയത്രെ. അവർ തീരുമാനിക്കുംപടി ചിത്രങ്ങൾ ഓടിച്ചുകൊള്ളണം. കച്ചവടക്കണ്ണികൾ മുറുകാനും കച്ചവടക്കണ്ണുകൾ ചുവക്കാനും തുടങ്ങിയപ്പോൾ ഒരു ദിവസം അച്ഛൻ സിനിമക്കച്ചവടത്തിൽനിന്നു വിടവാങ്ങി. 'ഉള്ളതു മതി' എന്ന ചിന്തയിൽ ഒതുങ്ങിക്കൂടി, മരണംവരെ.
തീയേറ്ററുകൾതന്നെ നടത്തിയിട്ടും അച്ഛൻ ഒരു സിനിമപോലും കാണാൻ തീയേറ്ററിൽ കടന്നിട്ടുള്ളതായി എനിക്കറിവില്ല; ഒരിക്കലും ഒരു ചിത്രത്തെയുംപറ്റി സംസാരിച്ചു കേട്ടിട്ടില്ല!
സദ്യ ഉണ്ടാക്കുന്ന വെപ്പുകാർ സദ്യ ഉണ്ണില്ലെന്നും കള്ളുഷാപ്പുകാർ കള്ളുമോന്തില്ലെന്നും കേട്ടിട്ടുണ്ട്!
എന്തുകൊണ്ടോ ഞാനും സിനിമയിൽനിന്നകന്നുനിന്നു. അമ്മയെയുംകൊണ്ട് വല്ലപ്പോഴും ഒരു സിനിമയ്ക്കുപോയാലായി. ഒരുതരം കണ്ണീർക്കഥകളോ വിഡ്ഢിവേഷങ്ങളോ ആയിരുന്നു മിക്കതും. അല്ലെങ്കിൽ മരംചുറ്റി പ്രണയം. സഹോദരിമാർക്കുമില്ലായിരുന്നു സിനിമയിൽ കമ്പം. ചേട്ടൻ മാത്രം കുറച്ചു സിനിമകളും കുറച്ചേറെ നാടകങ്ങളും കണ്ടു. സിനിമയെപ്പറ്റിയോ നാടകത്തെപ്പറ്റിയോ എനിക്ക് ഒന്നും അറിയുമായിരുന്നില്ല.
ഒരിക്കൽ ചിറ്റമ്മയോടൊപ്പം തിക്കുറിശ്ശിയുടെ ഭാര്യ സുലോചന എന്തിനോ വീട്ടിൽവന്നത് നേരിയ ഓർമയിൽ.
ഹിന്ദുസ്ഥാൻ അടച്ചുപൂട്ടി. സെന്റ്രൽ മറ്റൊരു 'സ്വാമി' വാങ്ങി. ഒരു 'ജയമാരുതി'യും കൂട്ടിച്ചേർത്തു. നാട്ടിൽ ഒരു 'ശ്രീകല'യുംവന്നു. അവയെല്ലാം ഇന്നുണ്ടോ ആവോ.
അക്കാലത്ത് ആകസ്മികമായിക്കണ്ട ഒരു ജാപ്പനീസ് 'സമുറായ്'പടംമാത്രമാണ് ആകർഷകമായിത്തോന്നിയത്.
നാട്ടിൽനിന്നകലെ ഗോവയിൽ കുടിയേറിയപ്പോൾ ഒരു നല്ല സിനിമ കാണാനുള്ള സൗകര്യവും ഇല്ലാതായി. ആകപ്പാടെ അടുത്തുണ്ടായിരുന്ന രണ്ടു തീയേറ്ററുകളിൽ ഒന്നുകിൽ ഒരു പന്നാസ് ഹിന്ദിപ്പടം; അല്ലെങ്കിൽ പഴകിയ കൗബോയ്‌പടം. ഇടയ്ക്കൊരു കന്നഡ തറപ്പടം; അല്ലെങ്കിൽ നീലച്ചായം മുറിച്ചുചേർത്ത വാലും തലയുമറ്റ മലയാളംപടം. ഇപ്പോൾ ഗോവയിൽ IFFI (International Film Festival of India) ഒക്കെ ഉണ്ടെങ്കിലും, ഗോവക്കാർക്കിന്നും ദൃശ്യമാധ്യമസംസ്കാരം കമ്മിയാണ്; പ്രകടനപരതയിലാണൂന്നൽ.
അങ്ങനെ അറുപതുകളിലെ സിനിമാവിപ്ലവമപ്പാടെ എനിക്കന്യമായി. ചെമ്മീനും ഏഴുരാത്രികളും തുലാഭാരവും നെല്ലും നദിയും എല്ലാം എല്ലാം നഷ്ടപ്പട്ടികയിലായി.
ആകസ്മികമായിത്തന്നെയാണ് 'കബനീനദി ചുവന്നപ്പോൾ' കാണാനിടവന്നത്; അതും വടക്കേന്ത്യയിലെവിടെയോവച്ച്. താമസിയാതെ കൽക്കത്തയിൽവച്ച് 'സിദ്ധാർഥ'. ടിവി വരുന്നതിനുമുൻപ് ഒന്നിലധികംതവണ ഞാൻ കണ്ട ചിത്രം അതുമാത്രമായിരുന്നു.
ജീവിതം താത്‌കാലികമായെങ്കിലും തിരിച്ചു നാട്ടിലേക്കുപറിച്ചുനടുമ്പോൾ, എന്റെ സഹപാഠിയും സുഹൃത്തുമായ ജോൺ പോൾ പുതുശ്ശേരി (അടുത്തിടെ 'മാതൃഭൂമി'യിൽ 'പാളങ്ങൾ' പാകിയ ജോൺപോൾ) സിനിമയുമായുള്ള ചങ്ങാത്തം തുടങ്ങിക്കഴിഞ്ഞിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ അറിഞ്ഞോ അറിയാതെയോ ജോൺ വിതറിയ അപാരമായ സിനിമാവിജ്ഞാനം എന്റെ നോട്ടങ്ങളെ പാകപ്പെടുത്തിത്തുടങ്ങി. സ്വയംവരവും കാടും ചോമനദുഡിയും സംസ്കാരയും കാഞ്ചനസീതയും എല്ലാം എനിക്കു പ്രിയപ്പെട്ടവയായി.
എന്റെ അടുത്ത പ്രവാസം ബോംബേക്കായിരുന്നു. പണിസ്ഥലമോ, ഹിന്ദിച്ചിത്രാഭാസങ്ങളുടെ പ്രധാനപ്പെട്ടൊരു പണിപ്പുരയായിരുന്ന ജുഹു-വെർസോവ പ്രാന്തത്തിലും. അയൽക്കാരായി പഴയകാലത്തെ പ്രമുഖർ പ്രേംനാഥ്, സരിക, അംജദ്ഖാൻ, സരള യെവളേക്കർ, ശ്രീരാം ലാഗു .... എല്ലാം വന്നുംപോയുമിരുന്നു. അവർക്കെല്ലാംമീതെ പറന്നുനടന്നു അമിതാഭ് ബച്ചനും മറ്റും.
ഫിലിം ഷൂട്ടിംഗ് തുടങ്ങിയാൽ പിന്നെ നാട്ടുകാർക്കെല്ലാം ഭ്രാന്തിളകും. ഓഫീസൊഴിയും.
പ്രേംനാഥിന്റെ 'ചിന്ന'വീടിനോടൊട്ടിച്ചേർന്നായിരുന്നു എന്റെ ഓഫീസ്‌മുറി. ഒരിക്കൽ ഒരു സംഭവമുണ്ടായി.
ഒരു തിങ്കളാഴ്ച ഓഫീസിൽ വന്നപ്പോൾ അകെത്തെല്ലാം തോരണങ്ങളും അലങ്കാരങ്ങളും. മനസ്സിലായി തലേന്നാൾ അതിനകത്തു സിനിമാഷൂട്ടിംഗ് നടന്നിട്ടുണ്ടെന്ന്. ഉച്ചകഴിഞ്ഞപ്പോൾ വർണവസ്ത്രങ്ങളും തലപ്പാവുമെല്ലാമായി മുൻവാതുക്കൽ പ്രേംനാഥ് പ്രത്യക്ഷപ്പെടുന്നു. ഞങ്ങളെയൊക്കെ ബന്ദിയാക്കിയെന്നും ആരെയും പുറത്തുവിടില്ലെന്നും അലറുന്നു. കൂടെ ചിരിയടക്കിക്കൊണ്ട് പരിചാരകവൃന്ദവുമുണ്ട്. ഒന്നുരണ്ടു മണിക്കൂർ കഴിയുന്നു. പ്രേംനാഥ് ഒരു കസേരയുമിട്ട് കതകിലിരിപ്പാണ്. ഞാൻ മുകളിൽ ഒന്നാംനിലയിലെ എന്റെ മേലുദ്യോഗസ്ഥനെ ഫോണിലൂടെ അറിയിക്കുന്നു. അദ്ദേഹം ഇറങ്ങിവന്നു. പ്രേംനാഥിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ; ചുവന്ന ഫോണിനടുത്തിരിക്കുന്ന ആൾ, ഞാൻ, ഒരു ചാരനാണ്, തന്റെ കാര്യങ്ങൾ ചോർത്തിക്കൊടുക്കുന്ന ചാരൻ; ഉടൻ പോലീസിലേൽപ്പിക്കണമെന്നും. . കുറച്ചുകഴിഞ്ഞപ്പോൾ കലിയടങ്ങി അനുനയമായി. അഭിനയിച്ചഭിനയിച്ച് തലക്കല്ലൽപം ഇളകിയതാണാശാന്; പിന്നെ കുത്തഴിഞ്ഞ ജീവിതവുമല്ലേ. തലേദിവസത്തെ ഷൂട്ടിംഗ്‌മഹാമഹത്തിന്റെ ബാക്കിപത്രം.
ഒരുമാതിരിപ്പെട്ട താരങ്ങളെല്ലാം തങ്ങൾ യഥാർഥത്തിലുള്ളതിനേക്കാൾ വളരെ വളരെ വലുതാണെന്നു വിശ്വസിക്കുന്നു; വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു.
ഒരു മഴനാൾ വളരെ വൈകിയേ പണിസ്ഥലത്തുനിന്നു പുറത്തിറങ്ങാൻ പറ്റിയുള്ളൂ. കുടയുംചൂടി ബാഗുംതാങ്ങി റോഡിലേക്കിറങ്ങുമ്പോൾ 'ഫില്ലം ശൂട്ടിങ്ങ്'. ലൈറ്റും കാമറയും കുടയും വടിയും കുന്തവും കുരുക്കുമെല്ലാമായി നായകനും നായികയും വില്ലൻമാരും വില്ലത്തികളും പൊന്നാനിയും ശിങ്കിടിയും കുട്ടിത്തരങ്ങളുമെല്ലാം നിരത്തുനിറഞ്ഞു നിൽക്കുന്നു. 'ലൈറ്റ്, കാമറ, ആക്ഷൻ' വിളികൾ. വായും പൊളിച്ച് കാണികളെന്ന വാനരസേനയും. തിരക്കൊഴിവാക്കി റോഡു മുറിച്ചുകടക്കേണ്ട താമസം, "ഛത്രിവാലാ, ഹഠ്!" എന്നൊരു ആക്രോശം. ആദ്യം ഞാനറിഞ്ഞില്ല അതെന്റെ നേർക്കാണെന്ന്. ഒരാൾ ഓടിവന്നെന്നെ ഉന്തിത്തള്ളി. എനിക്കാകെ പെരുത്തുകയറി. പകലന്തിയോളം പണികഴിഞ്ഞിറങ്ങിയതാണ്. ഒന്നര രണ്ടുമണിക്കൂർ യാത്രചെയ്തുവേണം വീടണയാൻ; ഒന്നാഹാരംകഴിച്ചുറങ്ങി വീണ്ടും രാവിലെ പണിക്കിറങ്ങാൻ. അതിനിടെയാണ് ഇവന്മാരുടെ കള്ളക്കാശിന്റെ പണംവാരിത്തട്ടിപ്പ്. അതും പൊതുനിരത്തിൽ പൊതുജനങ്ങളെ പൂച്ചകളാക്കുന്ന പരിപാടി. ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. അതെല്ലാം ഇംഗ്ലീഷിലായിപ്പോയതിനാലാവണം അവരെന്നെ എന്റെ പാട്ടിനു വിട്ടു.
ഹിന്ദി സിനിമയിലെ നെല്ലും പതിരും തിരിച്ചറിയാൻ പാടാണ്. വർഷങ്ങളോളമോടിയ 'ഷോലേ' കാണില്ലെന്ന വാശിയിൽ, ഞാൻ ശത്‌രഞ്ജ് കീ ഖിലാഡിയും ഭൂമികയും മിർച്ച് മസാലയും വീരകണ്ണേശ്വരരാമയും അർഥും സുനയ്‌നയും മന്ഥനും എല്ലാം അന്വേഷിച്ചറിഞ്ഞുകണ്ടു. കൂട്ടത്തിൽ നിർമാല്യവും ചിദംബരവും വൈശാലിയും വാസ്‌തുഹാരയും.
സെൻസറിംഗ് കാര്യമായില്ലാത്ത സ്കാൻഡിനേവിയൻരാജ്യങ്ങളിലും യൂറോപ്യൻരാജ്യങ്ങളിലും കരീബിയനിലും തെക്കേ അമേരിക്കയിലും തെക്കൻ ആഫ്രിക്കയിലുംവച്ച് ഒട്ടനവധി വിശ്വോത്തര ചലച്ചിത്രങ്ങൾ ടെലിവിഷനിൽ കാണാൻ തരപ്പെട്ടു. പച്ചമനുഷ്യരുടെ കഥകൾ പച്ചയായിത്തന്നെ പറയുന്ന ചില ചിത്രങ്ങൾ മനസ്സിലുടക്കിക്കിടക്കുന്നു ഇന്നും. സംസ്കൃതിയുടെ വരമ്പുകൾ പൊട്ടിക്കാൻ സിനിമയോളമില്ല മറ്റൊന്നും.
നമ്മുടെ നാട്ടിലും ടെലിവിഷൻ-ചാനലുകൾ പരക്കെ വന്നെത്തിയതോടെ ചിത്രം കാണാൻ അവസരംകൂടി; നല്ലതും ചീത്തയും ഒരുപോലെ. ലോകസിനിമയും ലോകോത്തരസിനിമയും കയ്യെത്തുംദൂരത്തായി.
അഭിനേതാക്കളെ താരങ്ങളെന്നുപറഞ്ഞ് വാനോളം ഉയർത്തി അവരുടെപേരിൽ കാശടിക്കുന്ന കച്ചവടം ഹോളിവുഡ്ഡിന്റെ പൈതൃകം. ആ വഴിയിൽ നീങ്ങി ഇന്ത്യൻസിനിമയും. ജനം മയങ്ങി. കരവിരുതുമാത്രം കലയാവില്ലെന്നും കലമാത്രം സിനിമയാവില്ലെന്നും തിരിച്ചറിഞ്ഞവർ കുറച്ചുമാത്രം. അവർ, കാണികളായാലും സംവിധായകരായാലും, ഉച്ചപ്പടങ്ങളുടെ പിൻനിരയിലുമായി. അവാർഡുകളുടെ അന്ത:പുരങ്ങളിലുമായി.
അവാർഡ് പൂവിനു സുഗന്ധമാണ്, ചിലപ്പോഴെല്ലാം കുതിരയ്ക്കു കൊമ്പുമായി തീരാറുണ്ടത്.
ഒരു ചലച്ചിത്രമേളയ്ക്കു ഗോവയിൽവന്നപ്പോൾ അടൂർ ഗോപാലകൃഷ്ണനുമായി അൽപം സംസാരിക്കാനിടയായി. തന്റെ തൊഴിൽ ഇത്രക്കുനന്നായി അറിയുന്നവർ കുറവാണ്. അദ്ദേഹത്തിന്റെ ഉൾവിളികളും ഉൾക്കാഴ്ച്ചകളും എളുപ്പം പിടികിട്ടിയെന്നുവരില്ല. കഥാന്ത്യത്തിന്റെ 'probability'-യെയും 'possibility'-യെയുംകുറിച്ചുള്ള അദ്ദേഹത്തിന്റെ വിചിന്തനം മറക്കാനാവില്ല. അദ്ദേഹത്തിന് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ. തന്നെ ചായസത്‌കാരത്തിനും അത്താഴവിരുന്നിനും ഒന്നും ക്ഷണിക്കണ്ട; തന്റെ പടം കാശുകൊടുത്തുനോക്കി അഭിപ്രായം തുറന്നു പറയുക. അതിൽകവിഞ്ഞൊരു അവാർഡ് വേറൊന്നില്ല.
അടുത്തിടെ, പയറ്റും പക്ഷപാതവുമില്ലാത്ത പക്വമായ ചിത്രവിചിന്തനം സി.എസ്. വെങ്കിടേശ്വരൻ നടത്തുന്നതു കാണുമ്പോൾ ആഹ്ലാദം തോന്നുന്നു. പഴയ കോഴിക്കോടനെയും സിനിക്കിനെയും മറന്നുകൊണ്ടല്ല ഈ വാക്കുകൾ. സൂപ്പർതാരങ്ങളുടെ ആസ്വാദകസംഘങ്ങളുടെയും കൂലിയെഴുത്തുകാരുടെയും പെരുമഴക്കാലത്ത് ഇത്തരം ഒരു കുട്ടിക്കുടപോലും കാണികൾക്കു കരുത്തേകും.
ഒരു ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലുംതമ്മിൽ ഒരു കശപിശയുണ്ടല്ലോ, സ്വഭംഗിയെപ്പറ്റിയും അപരന്റെ മൂക്കിനെപ്പറ്റിയും പല്ലിനെപ്പറ്റിയുമെല്ലാംപറഞ്ഞ്. ആ ഉഗ്രൻ 'ഐറണി' നമ്മുടെ സിനിമക്കും നന്നേ ചേരും. സത്യത്തിൽ ഇന്നു സിനിമയില്ല; തനിക്കു വലുതാകാൻ, താൻ വലുതെന്ന ഇത്തരം തരികിടകൾമാത്രം! പാവം കാണികൾ കാശുകൊടുത്ത് അവരുടെ കുമ്പ വീർപ്പിക്കുന്നു.
കെ.കെ. രാജ പറഞ്ഞതിനു വിപരീതമെന്നപോലെ, ഉള്ളൂർ'സ്വാമി'യെഴുതി:
'സന്ധ്യക്കു മാനത്തു മലർന്ന താര-
ത്താരത്രയുംകണ്ടു ചെടിച്ച കണ്ണേ,
കുനിഞ്ഞിടാമൊന്നിനി നിന്റെ നോട്ടം
കുപ്പക്കുഴിക്കുള്ളിലുമെത്തിടട്ടെ.'
ഇക്കാര്യം ഇക്കാലത്തെ സിനിമാലോകത്തിനു പ്രസക്തം. സാക്ഷാൽ സ്വാമി കെട്ടിയ കോട്ടയിൽ ഇനിയും കാണാനുണ്ട്, കാണിക്കാനുണ്ട്, പലതും!
[Published in the fortnightly web magazine www.nattupacha.com, 15 Feb 2010]

Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
ഭാഷ പരസ്പരം സംവദിക്കാനാണ് ; മനുഷ്യനെ ഒന്നിപ്പിക്കാനാണ്. അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല. നല്ലൊരുകാര്യം നാറ്റിച്ചൊര...