Sunday, 3 July 2016

പ്രവാസിക്കെന്താ കൊമ്പുണ്ടോ?



പ്രവാസിക്കെന്താ, കൊമ്പുണ്ടോ?   രണ്ടെണ്ണമില്ലെങ്കിലും ഒരൊന്നൊന്നരക്കൊമ്പെല്ലാം കാണും.   കാരണം പ്രവാസം ഒരു പ്രയാസപ്പെട്ട സംഗതിയാണ്‌.   വെറും പ്രയാസമല്ല, അതിപ്രയാസം.   അറിയാത്തനാട്ടില്‍ ജീവിക്കുക തന്നെ പ്രയാസം; എന്നിട്ടല്ലേ അതിജീവിക്കുക.     ഒന്നൊന്നരക്കൊമ്പുണ്ടെങ്കിലേ അന്യദേശത്ത്‌ അര്‍ഥപൂര്‍ണമായൊരു അതിജീവനം സാധ്യമാകൂ.   അതില്ലെങ്കില്‍ ആടുജീവിതം തന്നെ.

എന്താണീ പ്രവാസം?   ആരാണു പ്രവാസി?   എന്തിനീ പ്രവാസം?

ജനിച്ചതോ വളര്‍ന്നതോ അല്ലാത്ത അപരിചിതമായൊരു നാട്ടില്‍ നിത്യവൃത്തി കഴിക്കേണ്ടിവരുമ്പോള്‍ അതു പ്രവാസം.   നാട്ടിലേക്കാളും കൂടുതല്‍കാലം പുറംനാട്ടില്‍ കഴിയുന്നവ/, പ്രവാസി.     ഒരുമാതിരിപ്പെട്ട പ്രവാസങ്ങളെല്ലാം ആത്യന്തികമായി ഉപജീവനം തേടിയുള്ളതാണ്‌ - നാട്ടിലില്ലാത്തതോ നാട്ടില്‍കിട്ടാത്തതോ നാട്ടിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ടതോ ആയ തൊഴില്‍, പരദേശത്താണെങ്കിലും പിടിച്ചുപറ്റാന്‍.

കുറച്ചൊരുശതമാനം ആളുകള്‍ പ്രായംചെല്ലുമ്പോ വിദേശത്തുള്ള മക്കളുടെ കൂടെ ശിഷ്ടജീവിതം കഴിക്കുന്നു എന്നത്‌ അടുത്തകാലത്തെമാത്രം പ്രതിഭാസമാണ്‌.   കുറെ കള്ളന്‍മാരും ചതിയന്‍മാരും ദുഷ്ടന്‍മാരും സുഖിയന്‍മാരും ഒളിച്ചോടിപ്പോയി വിദേശങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്നു എന്നതും വേറെ കാര്യം.

നമ്മെ സംബന്ധിച്ചിടത്തോളം രണ്ടുതരം പ്രവാസികളെക്കാണാം.   ഇന്ത്യക്കകത്തുള്ള പ്രവാസികള്‍, ഇന്ത്യക്കു പുറത്തുള്ള പ്രവാസികള്‍.

ആദ്യകാലങ്ങളില്‍ മലയാളികള്‍ മദിരാശിക്കു വണ്ടികയറി.   പിന്നെയത്‌ ബോംബേയിലേക്കും കല്‍ക്കട്ടയിലേക്കും ഡെല്‍ഹിയിലേക്കുമായി.   സിലോണ്‍, ബര്‍മ, പെനാംഗ്‌, പേര്‍ഷ്യ, സിംഗപ്പൂറ്‍ എന്നിങ്ങനെ കുന്നും മലയും മാത്രമല്ല, കാടും കടലും കടന്നു പ്രവാസം.

തുടര്‍ന്നങ്ങോട്ട്‌, സാമാന്യം വിദ്യാഭ്യാസവും തൊഴില്‍പരിചയവും കുറഞ്ഞവര്‍ ഗള്‍ഫ്‌-നാടുകളിലേക്കു ചേക്കേറി.   തൊഴില്‍പരമായ വിദ്യാഭ്യാസംനേടിയവര്‍ ജെര്‍മനി, അമേരിക്ക, കാനഡ തുടങ്ങിയ വികസിതരാജ്യങ്ങളിലേക്കും പറന്നു.

എന്നാലോ ഗള്‍ഫ്‌-രാജ്യങ്ങളിലുള്ളവരെച്ചുറ്റിയാണ്‌ മിക്ക പ്രവാസചിന്തകളും പ്രവാസസംവാദങ്ങളും പ്രവാസിക്കൂട്ടായ്മകളുമെല്ലാം;   പ്രവാസികളെന്നാല്‍ ഗള്‍ഫ്‌-മലയാളികള്‍ എന്ന നിലവരെ എത്തിച്ചിട്ടുണ്ട്‌ മാധ്യമങ്ങള്‍.   ഇന്ത്യയില്‍ അന്യസംസ്ഥാനങ്ങളി ജീവിക്കുന്ന കേരളീയരെ വോട്ടില്ലാത്തതുകൊണ്ടും കാശില്ലാത്തതുകൊണ്ടും കേരളത്തിനു വേണ്ടേ വേണ്ട.

മറ്റു പ്രവാസികളെ അപേക്ഷിച്ച്‌ ഗള്‍ഫിലെ പ്രവാസികള്‍ എണ്ണത്തില്‍ കൂടുതല്‍ എന്നതുശരിയാണ്‌.   പൊതുവെ കഴിവില്‍കുറഞ്ഞ പണിയെടുക്കുന്നവരാണ് അവര്‍. പ്രത്യേകമൊരു തൊഴില്‍ പഠിച്ച്‌ സ്വയം ഉദ്യോഗംനേടി ഏറെക്കൂറെ സന്തോഷമായി കഴിയുന്നവരല്ല മിക്കവരും. അവര്‍ക്കുമുന്നില്‍ ജീവസന്ധാരണത്തിന്‌ കാര്യമായ മറ്റുമാര്‍ഗങ്ങളൊന്നുമില്ല.   ഒത്തുകിട്ടിയാല്‍ നാട്ടിലേക്കുതന്നെ മടങ്ങി സുഖജീവിതം കിനാവുകാണുന്നവരാണവര്‍.   ആവശ്യത്തില്‍കൂടുതല്‍ ഒരുദിവസംപോലും അവര്‍ മറുനാട്ടില്‍ തങ്ങില്ല.   മറിച്ച്‌ യൂറോപ്പ്‌, അമേരിക്ക തുടങ്ങിയരാജ്യങ്ങളിലുള്ള പ്രവാസികള്‍ അത്തരം പ്രവാസജീവിതം സ്വയം തിരഞ്ഞടുത്തവരാണ്‌.   ശിഷ്ടജീവിതം കഴിയുമെങ്കില്‍ അവിടെത്തന്നെ സസന്തോഷം ജീവിച്ചുതീര്‍ക്കും മിക്കവരും.   അവിടെ പിന്‍തലമുറകള്‍ ഉണ്ടായിക്കഴിഞ്ഞു.   ഗള്‍ഫിലോ അപൂര്‍വം മാത്രം.

ഇന്ത്യക്കകത്ത്‌ ഈ രണ്ടുതരം മറുനാടന്‍മലയാളികളെയും കാണാം;   ജോലി തേടിപ്പോയവരും ജോലി നേടിപ്പോയവരും.   പാസ്പോര്‍ട്ടില്ലാത്ത പ്രവാസികള്‍ അവര്‍.   താരതമ്യേന കുറഞ്ഞ വേതനമാണെങ്കിലും ജോലിവ്യവസ്ഥകള്‍ മോശമാകാറില്ല.   അവരുടെ വലിയൊരു ആശ്വാസം പിറന്നനാടുമായി സാധ്യമാകുന്ന നിരന്തരസമ്പര്‍ക്കമാണ്‌.

എവിടെയാണെങ്കിലും പ്രവാസജീവിതം പ്രയാസംനിറഞ്ഞതാണ്‌.   പുറമേനിന്നൊരാള്‍ വന്നുകേറുമ്പോള്‍ തന്നാട്ടുകാര്‍ മുഖംകറുപ്പിക്കുന്നതു സ്വാഭാവികം.   ഇതേറ്റവുംകൂടുതല്‍ ഒരുപക്ഷെ ഭാരതത്തിനകത്തുതന്നെ.   ഇന്ത്യക്കകത്തെ ഇന്ത്യന്‍പ്രവാസികള്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള - അനുഭവിക്കേണ്ടിവരുന്ന -  തരം ദുരിതങ്ങള്‍ ഒരുപക്ഷെ ഗള്‍ഫ്‌-പ്രവാസികള്‍കൂടി അനുഭവിക്കുന്നുണ്ടാകില്ല;   മറിച്ചും ഇല്ലെന്നല്ല.   സംസ്ഥാനംവിട്ടാല്‍ പ്രവാസി മലയാളിയായി, മദ്രാസിയായി, ബെംഗാളിയായി, ബീഹാറിയായി - ശത്രുവുമായി.   എന്നാല്‍ രാജ്യംവിട്ടാല്‍ അവന്‍ ഭാരതീയനായി, ഭായ്‌-ഭായ്‌ ആയി!

സ്വന്തം വീടും ചുറ്റുപാടും ചിട്ടയും വിട്ട്‌, മറുനാടന്‍രീതികളും സംസ്ക്കാരവുമായി ഒത്തുപോകാനുള്ള വൈഷമ്യം ചെറുതല്ല - ഇന്ത്യക്കകത്തായാലും പുറത്തായാലും.   വൈജാത്യത്തിണ്റ്റെ കൂടാണു കേരളം; വൈവിധ്യത്തിണ്റ്റെ നാടാണു ഭാരതം;   വൈരുധ്യത്തിണ്റ്റെ വിളനിലമാണു വിദേശം.   പ്രവാസജീവിതം ഏറ്റവും കഷ്ടപ്പെട്ടുത്തുന്ന ജീവിവര്‍ഗം ഒരുപക്ഷെ കേരളീയരായിരിക്കും.   കുറഞ്ഞപക്ഷം ഇത്രമാത്രം ഗൃഹാതുരത്വം പേറിനടക്കുന്ന മറ്റൊരു പ്രവാസിസമൂഹത്തെ ഞാന്‍ കണ്ടിട്ടില്ല.   ഒട്ടൊക്കെ കാല്‍പ്പനികതയുടെ കള്ളനാണയമായിരുന്നാലും കേരളീയരുടെ പറിച്ചുനടല്‍ അല്‍പം മലയാളമണ്ണോടുകൂടിത്തന്നെയാണെന്നു പറയാതിരിക്കാന്‍ വയ്യ.

ഇപ്പറഞ്ഞ കാല്‍പനികതയും വീട്ടുവിചാരങ്ങളുമെല്ലാം പിറന്നമണ്ണില്‍ കാല്‍കുത്തുമ്പോള്‍ മലയാളി മറന്നുപോകുന്നു.   വിഗ്ഗായി, സ്റ്റീറിയോ ആയി, പെര്‍ഫ്യൂമായി, കുപ്പിയായി, സിഗററ്റായി, മൊബൈലായി മലക്കം മറിയുന്നു അവണ്റ്റെ ഒടുക്കത്തെ ഗൃഹാതുരത.   പിന്നെ സ്വര്‍ണാഭരണം, വീടുവാര്‍ക്കല്‍, കെട്ടല്‍, കെട്ടിച്ചുവിടല്‍, സത്കാരം, കാറുവാങ്ങല്‍, മാള്‍-സന്ദര്‍ശനം, ശവര്‍മ, ഷാര്‍ജ ഷേക്‌, മഞ്ചുറിയന്‍ എന്നിത്യാദികളില്‍ അഭിരമിച്ച്‌, അത്തര്‍മണക്കും നോട്ടുകളാല്‍ പകിടകളിച്ച്‌..... അതൊരു വരവാണേ!

അടുത്തിടെ (ജൂണ്‍ 2016) കോഴിക്കോട്ടെ മാനേജ്മണ്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു സംവാദം നടന്നു,  പ്രവാസിപ്പണവും കേരളവും എന്ന വിഷയത്തെ സംബന്ധിച്ച്‌.   പ്രവാസിപ്പണം എങ്ങിനെ നാട്ടിനുപകാരപ്പെടുത്താം എന്നതില്‍ സ്പര്‍ശിക്കാതെപോയ ഒരു പ്രധാനപ്പെട്ട വസ്തുത,  പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന വിവാഹക്കമ്പോളവും കള്ളസ്വര്‍ണക്കടകളും കല്യാണപ്പട്ടുകടകളും ശവംതീനിക്കടകളും പൊങ്ങച്ചമാളുകളും അടച്ചുപൂട്ടിയാല്‍തന്നെ കേരളത്തിണ്റ്റെ സമ്പല്‍സ്ഥിതി മെച്ചപ്പെടുമെന്നതാണ്‌.   എല്ലാ പ്രവാസികളുടെയും, പ്രത്യേകിച്ച്‌ ഗള്‍ഫുകാരുടെ ഒരു കള്ളക്കരച്ചിലുണ്ട്‌ തങ്ങള്‍ ചോരയും നീരും ആവിയാക്കിയാണ്‌ വീടുകള്‍ കെട്ടിപ്പൊക്കുന്നതെന്നും പെങ്ങന്‍മാരെ പൊന്നുകൊടുത്തു കെട്ടിച്ചുവിടുന്നതെന്നും മറ്റും.   ഒരു പരിധിവരെ അതു ശരിയുമാണ്‌.   അതേസമയം ആഡംബരത്തിനും ആര്‍ഭാടത്തിനും അര്‍മാദത്തിനും തീവില കൊടുത്തേ മതിയാകൂ.   പൊന്നും പെണ്ണും മണ്ണുംകൊണ്ട്‌ പുത്തന്‍ നാട്ടുനടപ്പുകളുണ്ടാക്കിക്കളഞ്ഞു പ്രവാസികള്‍.

പ്രവാസം സംസ്ക്കാരത്തനിമയെയും തൊട്ടുകളിച്ചുതുടങ്ങി.   മുംബൈ മലയാളികളുടെ ഹിന്ദികലര്‍ത്തലും ദില്ലിമലയാളികളുടെ തലക്കനംകാട്ടലും ഗോവമലയാളികളുടെ പരിഷ്ക്കാരനാട്യവും ഗള്‍ഫ്മലയാളികളുടെ അറബിവല്‍ക്കരണവും ഇതര മറുനാടന്‍മലയാളികളുടെ പൊങ്ങച്ചപ്പേച്ചും അരോചകമാകുന്നുണ്ട്‌.

എന്നിട്ടോ പുറംസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന കൂലിപ്പണിക്കാരോട്‌ കേരളം നിര്‍ദാക്ഷിണ്യം പെരുമാറുന്നു.   യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അവരെക്കൊണ്ട്‌ അടിമപ്പണി ചെയ്യിക്കുന്നു.   കൂലികുറച്ചും തെറിവിളിച്ചും, വൃത്തിയെച്ചൊല്ലിയും ഭാഷയെച്ചൊല്ലിയും ശീലങ്ങളെച്ചൊല്ലിയും ആചാരങ്ങളെച്ചൊല്ലിയും അവരെ അവഹേളിക്കുമ്പോള്‍ ഓര്‍ക്കുന്നില്ല പുറംനാടുകളില്‍ നമ്മുടെ സഹോദരന്‍മാരും സഹോദരിമാരും ഇതേപോലെ പ്രവാസികളായുണ്ടെന്ന കാര്യം.   അന്യനാട്ടുകാരന്‍ ഒരാള്‍ കളവോ കൊലയോ ബലാല്‍സംഗമോ ചെയ്താല്‍ അന്നാട്ടുകാരെ മുഴുവന്‍ കരിതേച്ചുകാട്ടുന്ന പ്രവണത നിര്‍ത്തിയേ തീരൂ.   അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക്‌ ഐഡെണ്റ്റിറ്റി കാര്‍ഡ്‌ കൊടുക്കണമെന്നാണ്‌ പുത്തന്‍ നിര്‍ദ്ദേശം.   അന്യനാട്ടില്‍ തന്നെയും തണ്റ്റെ സഹോദരങ്ങളെയും ഇത്തരത്തില്‍ രണ്ടാംതരം പൌരന്‍മാരായി തെരുവില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ സമ്മതമാകുമോ അതിപ്രബുദ്ധരായ മലയാളികള്‍ക്ക്‌?

അന്നത്തിനായി ആട്ടമാടിയേ തീരൂ.   മലയാളിയായാലും മറുനാട്ടുകാരായാലും വയറിണ്റ്റെ നീളം ഒരു ചാണ്‍ തന്നെ.   ഉദരനിമിത്തം ബഹുകൃതവേഷം.   അതിനാല്‍, മലയാളികള്‍ക്കു മാത്രമല്ല, എല്ലാ പ്രവാസികള്‍ക്കും കൊമ്പുണ്ടായേ തീരൂ.

Sunday, 26 June 2016

ആദരണീയര്‍ക്ക്‌ സല്യൂട്ട്‌




അടുത്തിടെ കേട്ടതാണ്‌: 'നമസ്കാരം പറഞ്ഞാല്‍ പുരസ്കാരം കിട്ടുമോ?' (ഗോവയിലെ ഡോ. ബി.സി. നായരോടു കടപ്പാട്‌).  'പുരസ്കാരം കിട്ടിയാല്‍ നമസ്കാരം പറയണോ' എന്ന സന്ദേഹം ബാക്കി നില്‍ക്കുമ്പോഴായിരുന്നു അത്‌.  പറഞ്ഞാലെന്തെന്നു പരഭാഷണം.

2016 ജൂണില്‍ ഗോവയില്‍ നടത്തിയ മൂന്നാം പ്രവാസി സാഹിത്യസംഗമത്തില്‍വച്ച്‌ സദയം, സസ്നേഹം, സബഹുമാനം എന്നെയും ആദരിച്ചു സംഘാടകര്‍.  അത്രയ്ക്കാദരിക്കപ്പെട്ടവനോ അത്രയ്ക്കാദരണീയനോ അല്ല ഞാന്‍.  അതെനിക്കല്ലേ അറിയൂ.  അതേസമയം, ആദരിക്കപ്പെടുന്നവരേക്കാള്‍ ആദരിക്കാന്‍ മനസ്സുകാട്ടുന്നവരാണ് യഥാര്‍ഥത്തില്‍ ആദരണീയര്‍.  അതും എനിക്കല്ലേ അറിയൂ.  "തവദാഗമനംകൊണ്ടു മദീയം ഭവനം ഭാസുരമാക്കി വിശേഷാല്‍" എന്നു പറഞ്ഞാണല്ലോ മൂക്കറ്റത്തു ശുണ്ഠിയുള്ള നാരദനെ മഹാവിഷ്‌ണു ആദരിച്ചാനയിച്ച്‌ സ്വന്തം ശ്രേഷ്ഠത കാണിച്ചുകൊടുത്തത്‌.   

കരിക്കട്ടയില്‍ വൈരം കണ്ടെത്താന്‍ വിശിഷ്ടന്‍മാര്‍ക്കേ ആവൂ.  കാരണം വൈരം കരിക്കട്ടയാണെന്നും അവര്‍ക്കറിയാം.


എന്നാല്‍ മനുഷ്യരെ പിടിച്ചു ദൈവമാക്കുന്ന ഒരു പരിപാടിയും നമുക്കുണ്ട്‌.  വിഗ്രഹത്തിനും പ്രതിഷ്ഠയ്ക്കുമെതിരായിരുന്ന ബുദ്ധനെ ദൈവമാക്കി ഒരിടത്തിരുത്തിക്കളഞ്ഞു അദ്ദേഹത്തെ അത്യധികം ആദരിച്ചവര്‍.  വിഗ്രഹാരാധനയ്ക്കെതിരായിരുന്ന ശ്രീനാരായണനെത്തന്നെ പതുക്കെ റോട്ടരികിലും വീട്ടുമുക്കിലും പ്രതിഷ്ഠിച്ചു പുരോഗമിക്കുന്നുണ്ട്‌ നമ്മുടെ ആദരവും ആരാധനയും.  ആദരിക്കലെന്നാല്‍ ഒരിടത്ത്‌ അനങ്ങാതങ്ങിരുത്തിക്കളയുക എന്നര്‍ഥം.  പിന്നെ ആ ആള്‍ തലപൊക്കില്ല.


ഇംഗ്ളീഷില്‍ ഒരു പ്രയോഗമുണ്ട്‌, "To kick upstairs..." എന്ന്‌.  വല്ലാതെ വിളയുന്നവനെ ഒന്നങ്ങുപൊക്കി തലപ്പത്തിരുത്തുക.  പിന്നെ മിണ്ടാതിരുന്നുകൊള്ളും പാവം.  സര്‍ക്കാര്‍സര്‍വീസിലാണ്‌ ഇതു കൂടുതല്‍ കാണുക.  അവിടെയാണല്ലോ മുകളിലേക്കുപോകുംതോറും പണി കുറഞ്ഞുകുറഞ്ഞുവരിക.  ഒരാളെ മിണ്ടാതാക്കാന്‍ ഒന്നങ്ങു മുകളിലേക്കു തട്ടിവിട്ടാല്‍ മതി; പൊങ്ങിപ്പൊങ്ങി ഒരു പാങ്ങായിക്കൊള്ളും പ്രതി.  ശല്യം തീരും. 


ഇനിയുള്ളത്‌ കുറച്ചു കടുത്തകൈ ആണ്‌ (ഇതിനെപ്പറ്റി മുന്‍പെവിടെയോ എഴുതിയിട്ടുണ്ട്‌).  തമിഴ്നാട്ടിലെ ചില ഉള്‍ഭാഗങ്ങളിലെ ഒരു ചിട്ടയാണത്രേ.  നല്ലകാലംകഴിഞ്ഞ വയസ്സന്‍മാരെ ഒരു ദിവസം അതിരാവിലെ വിളിച്ചെഴുന്നേല്‍പ്പിച്ച്‌ എണ്ണയും തേപ്പിച്ച്‌ തലവഴി തണുത്തവെള്ളം തുരുതുരാ കോരിയൊഴിച്ചു കുളുപ്പിക്കും.  പിന്നെപ്പിടിച്ച്‌ പറക്കണക്കിന്‌ ഇളനീര്‍ കുടിപ്പിക്കും.  അധികം വൈകാതെ വൃദ്ധന്‍ വിറച്ചുതുടങ്ങും.  വേച്ചുവേച്ചു കിടപ്പിലുമാവും. അതോടെ ബന്ധുക്കളും നാട്ടുകാരുമെല്ലാം മരണാനന്തരക്രിയക്കുള്ള ഒരുക്കങ്ങളും തുടങ്ങും. അതിവിപുലമായ ആഘോഷത്തൊടെയായിരിക്കും സമയമാം രഥത്തില്‍ വൃദ്ധണ്റ്റെ പിന്നീടങ്ങോട്ടുള്ള സ്വര്‍ഗപ്രയാണം.  (ഇതിനു സമാന്തരമായി ഗോവയിലും ചില ആദിവാസികള്‍ക്കിടയില്‍ പടുവൃദ്ധര്‍ ആഹാരം കുറച്ചുകുറച്ചു കൊണ്ടുവന്ന്‌ പഷ്ണികിടന്ന്‌ മരണംവരിക്കുന്ന കഥയും കേട്ടിട്ടുണ്ട്‌).  ഉണക്കക്കൊമ്പുകളെയും പാഴ്മരങ്ങളെയും വെട്ടിമാറ്റി ഫലവൃക്ഷങ്ങളെ പരിപാലിക്കുന്നത്‌ കൃഷിരീതിയാണല്ലോ.


'ഉണക്കക്കൊമ്പുകളെയും പാഴ്മരങ്ങളെയും വെട്ടിമാറ്റി...' - എന്നുവേണമെന്നൊന്നും ഞാന്‍ പറയില്ല.  എങ്കിലും ഇടയ്ക്കൊക്കെ ഒന്നു തിരിഞ്ഞുനോക്കി താന്‍ സമൂഹത്തിന്‌ എന്തെങ്കിലും തരത്തില്‍ പ്രയോജനപ്പെടുന്നുണ്ടോ എന്നു പരിശോധിച്ചുറപ്പുവരുത്തുന്നത്‌ നല്ലതാണ്‌.  അല്ലെങ്കില്‍ മരംമുറിക്കാന്‍ ആളുവരും!


തിരിഞ്ഞുനോട്ടത്തെപ്പറ്റിയും ഒരു കഥയുണ്ട്‌.  ആദിശങ്കരന്‌ സരസ്വതീദേവി 'ലൈഫ്‌-ടൈം ഗാരണ്റ്റി' കൊടുത്തിരുന്നുവത്രേ, താനെന്നും പുറകിലുണ്ടാകുമെന്ന്‌. പക്ഷെ ഒരു 'കണ്ടീഷന്‍ അപ്പ്ളൈ': ഒരിക്കലും താന്‍ പുറകിലുണ്ടോ എന്ന്‌ തിരിഞ്ഞുനോക്കരുത്‌.  നമ്മള്‍ 'സോഫ്റ്റ്‌-വെയര്‍' മറ്റും 'ഡൌണ്‍ലോഡ്‌'-ചെയ്യുമ്പോള്‍ ലൈസെന്‍സില്‍ 'ഐ എഗ്രീ' എന്നു കണ്ണടച്ചുകുത്തുമ്പോലെ, എന്നു വച്ചോളൂ.

അങ്ങനെ ശങ്കരാചാര്യര്‍ ദിഗ്‌വിജയമെല്ലാംകഴിഞ്ഞ്‌ സര്‍വജ്ഞപട്ടവുംനേടി വരുമ്പോള്‍ മൂകാംബിയില്‍വച്ച്‌ ഒരിടയിളക്കം.  ജ്ഞാനമെല്ലാം കൈമാറിക്കഴിഞ്ഞല്ലോ, അതോടെ സരസ്വതിയെങ്ങാനും സ്ഥലം കാലിയാക്കിക്കാണുമോ?  ഒന്നു തിരിഞ്ഞു നോക്കിയാലോ?  നോക്കി. സരസ്വതിയമ്മ പുറകില്‍തന്നെയുണ്ട്‌.  സമാധാനമായി.  വാക്കുതെറ്റിച്ചില്ലല്ലോ.  സന്തോഷമായി.  'ഹായ്‌' പറഞ്ഞു മുന്നോട്ടാഞ്ഞപ്പോള്‍ ഒരു പിന്‍വിളി.  'ശങ്കരാ, ഒരു മിനിറ്റ്.  ഒന്നിങ്ങോട്ടു വന്നേ.   ഇനി നിനക്കെണ്റ്റെ 'ബാക്ക്‌-അപ്പ്‌' കാണില്ല.  'ഇറേ'സായിപ്പോയി.  പുതുതായി തുടങ്ങിക്കോ......  ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ടാകും. സാറ്‌ ചെല്ല്‌!'

തിരിഞ്ഞുനോക്കിയാല്‍, 'റിവ്യൂ'-തുടങ്ങിയാല്‍, അറിവിണ്റ്റെ അന്തമെത്തി എന്നു സാരം.

എന്നെ ആദരിച്ച്‌ പൊന്നാടയുംതന്ന്‌ ഒരു റിവ്യൂവും ഫിറ്റുചെയ്ത്‌ ഒരിടത്തങ്ങിരുത്തിക്കളയാം എന്നുമാത്രം കരുതണ്ട; 'നാന്‍ വിടമാട്ടേന്‍'! ഞാനെഴുതും. ഇനിയുമെഴുതും. ഇനിയുമാദരിച്ചാല്‍ ഇനിയുമിതെഴുതും. ഞാന്‍ സര്‍വജ്ഞപീഠത്തിലൊന്നുമല്ലല്ലോ. ദിഗ്‌വിജയത്തിലുമല്ലല്ലോ.

എന്തായാലും, ആദരിച്ചവര്‍ക്കു സല്യൂട്ട്‌! അവരാണല്ലോ ശരിക്കും ആദരണീയര്‍. നന്ദി.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...