എട്ടാംക്ലാസ്സിലോ മറ്റോ പഠിക്കുന്ന കാലം. മലയാളപാഠാവലിയിൽ പഠിക്കാൻ 'ചിത്രശാല' എന്നോമറ്റോ ഒരു ഗീതകം (കെ. കെ. രാജയുടേതാണെന്നാണോർമ). രാത്രി ആകാശത്തെ അത്ഭുതങ്ങൾ ഒരു ചിത്രശാലയിലെന്നോണം കാണിച്ചുതരുന്ന ആ ഗീതകം, "സ്വാമി കെട്ടിയ സാക്ഷാൽ കോട്ടയിലെന്നും കാണാം....." എന്നവസാനിക്കുന്നു.
അവിടമെത്തിയപ്പോൾ അതുപഠിപ്പിച്ചുതന്നിരുന്ന അരവിന്ദാക്ഷൻ മാഷ് ചിരിച്ചുകൊണ്ടു ചോദിച്ചു. "സ്വാമി കെട്ടിയ സിനിമാക്കോട്ട ഏതാണെന്നറിയാമോ?"
എന്നെ നോക്കി സാർതന്നെ ഉത്തരം പറഞ്ഞു, "ഹിന്ദുസ്ഥാൻ ടാക്കീസ്!"
അതായിരുന്നു ഞങ്ങളുടെ നാട്ടിലെ, തൃപ്പൂണിത്തുറയിലെ, ആദ്യത്തെ സിനിമാതീയേറ്റർ; അതു സ്ഥാപിച്ചു നടത്തിയിരുന്നതോ എന്റെ അച്ഛനും. (അച്ഛൻ 'വല്യസാമി' എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്; ചേട്ടൻ 'കൊച്ചുസാമി'യും). എനിക്കറിയില്ലായിരുന്നു എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ എന്റെ അച്ഛനെ അറിയുന്ന കാര്യം. ക്ലാസ്സിൽ വല്ല കുസൃതികളും ഒപ്പിച്ചിട്ടുണ്ടോ എന്നാലോചിച്ചായിരുന്നു എന്റെ പരിഭ്രമമെല്ലാം.
അന്നൊക്കെ സ്ക്കൂളിൽ അച്ഛനെയും അമ്മയെയും എല്ലാം അറിയുന്നത് പിള്ളേർ തല തെറിക്കുമ്പോഴായിരുന്നു. ഇന്നത്തെപ്പോലെ 'മാലൂം ഹേ മേരാ ബാപ് കോൻ?' എന്നൊന്നും ആരും വീമ്പിളക്കാറില്ല; വീമ്പിളക്കിയാലൊട്ടു വിലപ്പോവുകയുമില്ല.
മാഷ് എന്നോട്: "എന്നും കാണുമോ 'ചിത്രശാല'യിൽ?"
ഞാൻ തലയാട്ടി. "ഇടയ്ക്കൊക്കെ."
ആ 'സാമിയുടെ സിലിമാക്കോട്ട'യിലാണ് ഞാൻ ആദ്യത്തെ സിനിമകണ്ടത്. അത് മിസ്സിയമ്മയോ, സ്നേഹസീമയോ, ടൗൺബസ്സോ, നീലക്കുയിലോ, എന്നൊന്നും പിടികിട്ടുന്നില്ല. പിന്നെ തമിഴ്പടങ്ങളിൽ വീരപാണ്ഡ്യകട്ടബൊമ്മനും മായാബസാറും പടിക്കാത മേതൈയും പാശമലരും പാപമന്നിപ്പും കല്യാണപ്പരിശും ഒക്കെ. കുറെ ഡബ്ബുചെയ്ത തെലുങ്കു പടങ്ങളും. ഹിന്ദിയിൽ ഇൻസാനിയത്; ഒരു കുരങ്ങന്റെ കഥ. പിന്നെ മദർ ഇൻഡ്യ, പ്യാസ, ബന്ദി എന്നിങ്ങനെ.
അതെല്ലാം 'വെള്ളക്കറുപ്പു'പടങ്ങൾ; അല്ലെങ്കിൽ ഇളംചുവപ്പുള്ള 'സെപ്പിയ'-പ്രിന്റുകൾ. തീ വെളുത്തുകത്തുന്നതും മുന്നോട്ടോടുന്ന വണ്ടിയുടെ ചക്രം പിന്നോട്ടു തിരിയുന്നതും കഥാപാത്രങ്ങൾ പാടുമ്പോൾ പക്കവാദ്യമുയരുന്നതും കണ്ണീരിനോടൊത്തുള്ള പശ്ചാത്തലസംഗീതവുമെല്ലാം എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
ആദ്യംകണ്ട വർണചിത്രം, ഉമ്മർ അഭിനയിച്ച ഒരു മുസ്ലിംകഥയാണ്. 'ഈസ്റ്റ്‌മാൻ കളർ', 'ഗേവാകളർ' എന്നൊക്കെ പരസ്യങ്ങളിൽ കണ്ടതും നായകന്റെ തലയ്ക്കുപിറകിൽ വർണചക്രം തിരിയുന്നതും മാത്രം മനസ്സിലുണ്ട്.
പ്രൊജക്ഷൻ-കാബിനിലിരുന്ന് ഓപ്പറേറ്ററുടെകൂടെ ചുമരിലെ ഓട്ടയിൽകൂടി സിനിമകാണാനായിരുന്നു എനിക്കിഷ്ടം. കറക്കിപ്പാടിക്കുന്ന ഗ്രാമഫോണും ഉയരത്തിൽ കെട്ടിയ ഉച്ചഭാഷിണിയും 'മാജിക് ലാന്റേൺ' എന്ന ആർക്-പ്രോജക്റ്ററും കാർബൺ തണ്ടുകളും പരസ്യ-സ്ലൈഡുകളും ഫിലിം റീലുകളും അവ ചുറ്റുന്ന ചക്രങ്ങളും അവ കൊണ്ടുപോകുന്ന തകരപ്പെട്ടികളും ഹരമായിരുന്നു. തീയേറ്ററിനുള്ളിലെ ആവിച്ചൂടും ബീഡിപ്പുകയും കപ്പലണ്ടിമണവും അതുകഴിഞ്ഞുള്ള തലവേദനയും എനിക്കു താങ്ങാൻ പറ്റുമായിരുന്നില്ല താനും.
നിവൃത്തികേടുകൊണ്ടാണത്രെ അച്ഛൻ സിനിമച്ചന്തയിൽ എത്തിപ്പെട്ടത്. പത്താംക്ലാസ്സുകഴിഞ്ഞ് ഗാന്ധിയൻപരുവത്തിൽ പല കൈത്തൊഴിലുകളും കുടിൽവ്യവസായങ്ങളും ചെയ്തുനോക്കി. രണ്ടാംലോകമഹായുദ്ധകാലം. അതിനിടെ കഷ്ടി ഇന്റർമീഡിയറ്റ് കഴിക്കാൻ പറ്റി. കുറച്ചു കാശു സ്വരൂപിക്കാനായപ്പോൾ ബനാറസ്സിലേക്കു കടന്നു. അവിടത്തെ ഹിന്ദു വിശ്വ വിദ്യാപീഠത്തിൽ കെമിക്കൽ ടെക്‌നോളജി പഠിച്ചു പാസ്സായി. ബ്രിട്ടീഷുകാലം. കൂടെയുണ്ടായിരുന്നവർ കൽക്കത്തയിലും മറ്റും വലിയ ഉദ്യോഗസ്ഥരായത്രെ. അച്ഛനാകട്ടെ നാട്ടിലേക്കു മടങ്ങി റേഷൻകട നടത്തി മുടിഞ്ഞു. ഉദ്യോഗമൊന്നും കിട്ടിയില്ലെന്ന് അച്ഛൻ; ഒരു ചുക്കിനും ശ്രമിച്ചിരുന്നില്ലെന്ന് അമ്മയും.
ഏതായാലും പഠിച്ചതുപ്രയോഗിക്കാൻ തീരുമാനിച്ച് അച്ഛൻ ഒരു കൊച്ചു മരുന്നുകമ്പനിയുടെ പങ്കാളിയായി. കമ്പനി വഴിതെറ്റിത്തുടങ്ങിയപ്പോൾ സ്വന്തമായി ഒരു ബിസ്ക്കറ്റ് ഫാക്റ്ററി ഉണ്ടാക്കി സ്വയംതൊഴിൽ കണ്ടെത്തി. ആ പ്രദേശത്തെ ആദ്യത്തെ ബേക്കറിയും അതായി.
അപ്പോഴാണ് എന്തോ നിയോഗത്താൽ ഒരു സിനിമാക്കോട്ട തുടങ്ങാൻ കുറെ പങ്കാളികളോടൊത്തു തീരുമാനിക്കുന്നത്. അങ്ങനെ നാട്ടിൽ 'ഹിന്ദുസ്ഥാൻ ടാക്കീസ്' വരുന്നു. വെറും ഓല ഷെഡ്ഡൊന്നുമായിരുന്നില്ല; കൂരയും കതകും കർട്ടനും കസേരയും എല്ലാമുള്ള തികച്ചും നൂതനമായ ചിത്രശാല.
അന്ന് അകലെ എറണാകുളംപട്ടണത്തിലും രണ്ടുമൂന്നു തീയേറ്ററുകളേ ഉള്ളൂ, 'മേനക', 'പദ്മ', 'ലക്ഷ്മൺ'.
അതിന്റെ വിജയത്തോടുകൂടി തൊട്ടടുത്തുതന്നെ വേറൊന്നുകൂടി തുടങ്ങി, 'സെന്റ്‌റൽ ടാക്കീസ്'. അതോടെ കഷ്ടകാലവും തുടങ്ങി. ആദ്യകാലങ്ങളിൽ തീയേറ്റർ ഉടമകൾക്കായിരുന്നു പ്രാമുഖ്യം; എന്തു സിനിമയാണ് നാട്ടുകാർക്കിഷ്ടമെന്നും ഏതു സിനിമയാണ് പ്രദർശിപ്പിക്കേണ്ടതെന്നും അതെത്ര ദിവസത്തേക്കെന്നുമെല്ലാം തീരുമാനിക്കുന്നത് അവരായിരുന്നു. പതിയെ വിതരണക്കാർ പിടിമുറുക്കാൻ തുടങ്ങിയത്രെ. അവർ തീരുമാനിക്കുംപടി ചിത്രങ്ങൾ ഓടിച്ചുകൊള്ളണം. കച്ചവടക്കണ്ണികൾ മുറുകാനും കച്ചവടക്കണ്ണുകൾ ചുവക്കാനും തുടങ്ങിയപ്പോൾ ഒരു ദിവസം അച്ഛൻ സിനിമക്കച്ചവടത്തിൽനിന്നു വിടവാങ്ങി. 'ഉള്ളതു മതി' എന്ന ചിന്തയിൽ ഒതുങ്ങിക്കൂടി, മരണംവരെ.
തീയേറ്ററുകൾതന്നെ നടത്തിയിട്ടും അച്ഛൻ ഒരു സിനിമപോലും കാണാൻ തീയേറ്ററിൽ കടന്നിട്ടുള്ളതായി എനിക്കറിവില്ല; ഒരിക്കലും ഒരു ചിത്രത്തെയുംപറ്റി സംസാരിച്ചു കേട്ടിട്ടില്ല!
സദ്യ ഉണ്ടാക്കുന്ന വെപ്പുകാർ സദ്യ ഉണ്ണില്ലെന്നും കള്ളുഷാപ്പുകാർ കള്ളുമോന്തില്ലെന്നും കേട്ടിട്ടുണ്ട്!
എന്തുകൊണ്ടോ ഞാനും സിനിമയിൽനിന്നകന്നുനിന്നു. അമ്മയെയുംകൊണ്ട് വല്ലപ്പോഴും ഒരു സിനിമയ്ക്കുപോയാലായി. ഒരുതരം കണ്ണീർക്കഥകളോ വിഡ്ഢിവേഷങ്ങളോ ആയിരുന്നു മിക്കതും. അല്ലെങ്കിൽ മരംചുറ്റി പ്രണയം. സഹോദരിമാർക്കുമില്ലായിരുന്നു സിനിമയിൽ കമ്പം. ചേട്ടൻ മാത്രം കുറച്ചു സിനിമകളും കുറച്ചേറെ നാടകങ്ങളും കണ്ടു. സിനിമയെപ്പറ്റിയോ നാടകത്തെപ്പറ്റിയോ എനിക്ക് ഒന്നും അറിയുമായിരുന്നില്ല.
ഒരിക്കൽ ചിറ്റമ്മയോടൊപ്പം തിക്കുറിശ്ശിയുടെ ഭാര്യ സുലോചന എന്തിനോ വീട്ടിൽവന്നത് നേരിയ ഓർമയിൽ.
ഹിന്ദുസ്ഥാൻ അടച്ചുപൂട്ടി. സെന്റ്രൽ മറ്റൊരു 'സ്വാമി' വാങ്ങി. ഒരു 'ജയമാരുതി'യും കൂട്ടിച്ചേർത്തു. നാട്ടിൽ ഒരു 'ശ്രീകല'യുംവന്നു. അവയെല്ലാം ഇന്നുണ്ടോ ആവോ.
അക്കാലത്ത് ആകസ്മികമായിക്കണ്ട ഒരു ജാപ്പനീസ് 'സമുറായ്'പടംമാത്രമാണ് ആകർഷകമായിത്തോന്നിയത്.
നാട്ടിൽനിന്നകലെ ഗോവയിൽ കുടിയേറിയപ്പോൾ ഒരു നല്ല സിനിമ കാണാനുള്ള സൗകര്യവും ഇല്ലാതായി. ആകപ്പാടെ അടുത്തുണ്ടായിരുന്ന രണ്ടു തീയേറ്ററുകളിൽ ഒന്നുകിൽ ഒരു പന്നാസ് ഹിന്ദിപ്പടം; അല്ലെങ്കിൽ പഴകിയ കൗബോയ്‌പടം. ഇടയ്ക്കൊരു കന്നഡ തറപ്പടം; അല്ലെങ്കിൽ നീലച്ചായം മുറിച്ചുചേർത്ത വാലും തലയുമറ്റ മലയാളംപടം. ഇപ്പോൾ ഗോവയിൽ IFFI (International Film Festival of India) ഒക്കെ ഉണ്ടെങ്കിലും, ഗോവക്കാർക്കിന്നും ദൃശ്യമാധ്യമസംസ്കാരം കമ്മിയാണ്; പ്രകടനപരതയിലാണൂന്നൽ.
അങ്ങനെ അറുപതുകളിലെ സിനിമാവിപ്ലവമപ്പാടെ എനിക്കന്യമായി. ചെമ്മീനും ഏഴുരാത്രികളും തുലാഭാരവും നെല്ലും നദിയും എല്ലാം എല്ലാം നഷ്ടപ്പട്ടികയിലായി.
ആകസ്മികമായിത്തന്നെയാണ് 'കബനീനദി ചുവന്നപ്പോൾ' കാണാനിടവന്നത്; അതും വടക്കേന്ത്യയിലെവിടെയോവച്ച്. താമസിയാതെ കൽക്കത്തയിൽവച്ച് 'സിദ്ധാർഥ'. ടിവി വരുന്നതിനുമുൻപ് ഒന്നിലധികംതവണ ഞാൻ കണ്ട ചിത്രം അതുമാത്രമായിരുന്നു.
ജീവിതം താത്‌കാലികമായെങ്കിലും തിരിച്ചു നാട്ടിലേക്കുപറിച്ചുനടുമ്പോൾ, എന്റെ സഹപാഠിയും സുഹൃത്തുമായ ജോൺ പോൾ പുതുശ്ശേരി (അടുത്തിടെ 'മാതൃഭൂമി'യിൽ 'പാളങ്ങൾ' പാകിയ ജോൺപോൾ) സിനിമയുമായുള്ള ചങ്ങാത്തം തുടങ്ങിക്കഴിഞ്ഞിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ അറിഞ്ഞോ അറിയാതെയോ ജോൺ വിതറിയ അപാരമായ സിനിമാവിജ്ഞാനം എന്റെ നോട്ടങ്ങളെ പാകപ്പെടുത്തിത്തുടങ്ങി. സ്വയംവരവും കാടും ചോമനദുഡിയും സംസ്കാരയും കാഞ്ചനസീതയും എല്ലാം എനിക്കു പ്രിയപ്പെട്ടവയായി.
എന്റെ അടുത്ത പ്രവാസം ബോംബേക്കായിരുന്നു. പണിസ്ഥലമോ, ഹിന്ദിച്ചിത്രാഭാസങ്ങളുടെ പ്രധാനപ്പെട്ടൊരു പണിപ്പുരയായിരുന്ന ജുഹു-വെർസോവ പ്രാന്തത്തിലും. അയൽക്കാരായി പഴയകാലത്തെ പ്രമുഖർ പ്രേംനാഥ്, സരിക, അംജദ്ഖാൻ, സരള യെവളേക്കർ, ശ്രീരാം ലാഗു .... എല്ലാം വന്നുംപോയുമിരുന്നു. അവർക്കെല്ലാംമീതെ പറന്നുനടന്നു അമിതാഭ് ബച്ചനും മറ്റും.
ഫിലിം ഷൂട്ടിംഗ് തുടങ്ങിയാൽ പിന്നെ നാട്ടുകാർക്കെല്ലാം ഭ്രാന്തിളകും. ഓഫീസൊഴിയും.
പ്രേംനാഥിന്റെ 'ചിന്ന'വീടിനോടൊട്ടിച്ചേർന്നായിരുന്നു എന്റെ ഓഫീസ്‌മുറി. ഒരിക്കൽ ഒരു സംഭവമുണ്ടായി.
ഒരു തിങ്കളാഴ്ച ഓഫീസിൽ വന്നപ്പോൾ അകെത്തെല്ലാം തോരണങ്ങളും അലങ്കാരങ്ങളും. മനസ്സിലായി തലേന്നാൾ അതിനകത്തു സിനിമാഷൂട്ടിംഗ് നടന്നിട്ടുണ്ടെന്ന്. ഉച്ചകഴിഞ്ഞപ്പോൾ വർണവസ്ത്രങ്ങളും തലപ്പാവുമെല്ലാമായി മുൻവാതുക്കൽ പ്രേംനാഥ് പ്രത്യക്ഷപ്പെടുന്നു. ഞങ്ങളെയൊക്കെ ബന്ദിയാക്കിയെന്നും ആരെയും പുറത്തുവിടില്ലെന്നും അലറുന്നു. കൂടെ ചിരിയടക്കിക്കൊണ്ട് പരിചാരകവൃന്ദവുമുണ്ട്. ഒന്നുരണ്ടു മണിക്കൂർ കഴിയുന്നു. പ്രേംനാഥ് ഒരു കസേരയുമിട്ട് കതകിലിരിപ്പാണ്. ഞാൻ മുകളിൽ ഒന്നാംനിലയിലെ എന്റെ മേലുദ്യോഗസ്ഥനെ ഫോണിലൂടെ അറിയിക്കുന്നു. അദ്ദേഹം ഇറങ്ങിവന്നു. പ്രേംനാഥിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ; ചുവന്ന ഫോണിനടുത്തിരിക്കുന്ന ആൾ, ഞാൻ, ഒരു ചാരനാണ്, തന്റെ കാര്യങ്ങൾ ചോർത്തിക്കൊടുക്കുന്ന ചാരൻ; ഉടൻ പോലീസിലേൽപ്പിക്കണമെന്നും. . കുറച്ചുകഴിഞ്ഞപ്പോൾ കലിയടങ്ങി അനുനയമായി. അഭിനയിച്ചഭിനയിച്ച് തലക്കല്ലൽപം ഇളകിയതാണാശാന്; പിന്നെ കുത്തഴിഞ്ഞ ജീവിതവുമല്ലേ. തലേദിവസത്തെ ഷൂട്ടിംഗ്‌മഹാമഹത്തിന്റെ ബാക്കിപത്രം.
ഒരുമാതിരിപ്പെട്ട താരങ്ങളെല്ലാം തങ്ങൾ യഥാർഥത്തിലുള്ളതിനേക്കാൾ വളരെ വളരെ വലുതാണെന്നു വിശ്വസിക്കുന്നു; വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു.
ഒരു മഴനാൾ വളരെ വൈകിയേ പണിസ്ഥലത്തുനിന്നു പുറത്തിറങ്ങാൻ പറ്റിയുള്ളൂ. കുടയുംചൂടി ബാഗുംതാങ്ങി റോഡിലേക്കിറങ്ങുമ്പോൾ 'ഫില്ലം ശൂട്ടിങ്ങ്'. ലൈറ്റും കാമറയും കുടയും വടിയും കുന്തവും കുരുക്കുമെല്ലാമായി നായകനും നായികയും വില്ലൻമാരും വില്ലത്തികളും പൊന്നാനിയും ശിങ്കിടിയും കുട്ടിത്തരങ്ങളുമെല്ലാം നിരത്തുനിറഞ്ഞു നിൽക്കുന്നു. 'ലൈറ്റ്, കാമറ, ആക്ഷൻ' വിളികൾ. വായും പൊളിച്ച് കാണികളെന്ന വാനരസേനയും. തിരക്കൊഴിവാക്കി റോഡു മുറിച്ചുകടക്കേണ്ട താമസം, "ഛത്രിവാലാ, ഹഠ്!" എന്നൊരു ആക്രോശം. ആദ്യം ഞാനറിഞ്ഞില്ല അതെന്റെ നേർക്കാണെന്ന്. ഒരാൾ ഓടിവന്നെന്നെ ഉന്തിത്തള്ളി. എനിക്കാകെ പെരുത്തുകയറി. പകലന്തിയോളം പണികഴിഞ്ഞിറങ്ങിയതാണ്. ഒന്നര രണ്ടുമണിക്കൂർ യാത്രചെയ്തുവേണം വീടണയാൻ; ഒന്നാഹാരംകഴിച്ചുറങ്ങി വീണ്ടും രാവിലെ പണിക്കിറങ്ങാൻ. അതിനിടെയാണ് ഇവന്മാരുടെ കള്ളക്കാശിന്റെ പണംവാരിത്തട്ടിപ്പ്. അതും പൊതുനിരത്തിൽ പൊതുജനങ്ങളെ പൂച്ചകളാക്കുന്ന പരിപാടി. ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. അതെല്ലാം ഇംഗ്ലീഷിലായിപ്പോയതിനാലാവണം അവരെന്നെ എന്റെ പാട്ടിനു വിട്ടു.
ഹിന്ദി സിനിമയിലെ നെല്ലും പതിരും തിരിച്ചറിയാൻ പാടാണ്. വർഷങ്ങളോളമോടിയ 'ഷോലേ' കാണില്ലെന്ന വാശിയിൽ, ഞാൻ ശത്‌രഞ്ജ് കീ ഖിലാഡിയും ഭൂമികയും മിർച്ച് മസാലയും വീരകണ്ണേശ്വരരാമയും അർഥും സുനയ്‌നയും മന്ഥനും എല്ലാം അന്വേഷിച്ചറിഞ്ഞുകണ്ടു. കൂട്ടത്തിൽ നിർമാല്യവും ചിദംബരവും വൈശാലിയും വാസ്‌തുഹാരയും.
സെൻസറിംഗ് കാര്യമായില്ലാത്ത സ്കാൻഡിനേവിയൻരാജ്യങ്ങളിലും യൂറോപ്യൻരാജ്യങ്ങളിലും കരീബിയനിലും തെക്കേ അമേരിക്കയിലും തെക്കൻ ആഫ്രിക്കയിലുംവച്ച് ഒട്ടനവധി വിശ്വോത്തര ചലച്ചിത്രങ്ങൾ ടെലിവിഷനിൽ കാണാൻ തരപ്പെട്ടു. പച്ചമനുഷ്യരുടെ കഥകൾ പച്ചയായിത്തന്നെ പറയുന്ന ചില ചിത്രങ്ങൾ മനസ്സിലുടക്കിക്കിടക്കുന്നു ഇന്നും. സംസ്കൃതിയുടെ വരമ്പുകൾ പൊട്ടിക്കാൻ സിനിമയോളമില്ല മറ്റൊന്നും.
നമ്മുടെ നാട്ടിലും ടെലിവിഷൻ-ചാനലുകൾ പരക്കെ വന്നെത്തിയതോടെ ചിത്രം കാണാൻ അവസരംകൂടി; നല്ലതും ചീത്തയും ഒരുപോലെ. ലോകസിനിമയും ലോകോത്തരസിനിമയും കയ്യെത്തുംദൂരത്തായി.
അഭിനേതാക്കളെ താരങ്ങളെന്നുപറഞ്ഞ് വാനോളം ഉയർത്തി അവരുടെപേരിൽ കാശടിക്കുന്ന കച്ചവടം ഹോളിവുഡ്ഡിന്റെ പൈതൃകം. ആ വഴിയിൽ നീങ്ങി ഇന്ത്യൻസിനിമയും. ജനം മയങ്ങി. കരവിരുതുമാത്രം കലയാവില്ലെന്നും കലമാത്രം സിനിമയാവില്ലെന്നും തിരിച്ചറിഞ്ഞവർ കുറച്ചുമാത്രം. അവർ, കാണികളായാലും സംവിധായകരായാലും, ഉച്ചപ്പടങ്ങളുടെ പിൻനിരയിലുമായി. അവാർഡുകളുടെ അന്ത:പുരങ്ങളിലുമായി.
അവാർഡ് പൂവിനു സുഗന്ധമാണ്, ചിലപ്പോഴെല്ലാം കുതിരയ്ക്കു കൊമ്പുമായി തീരാറുണ്ടത്.
ഒരു ചലച്ചിത്രമേളയ്ക്കു ഗോവയിൽവന്നപ്പോൾ അടൂർ ഗോപാലകൃഷ്ണനുമായി അൽപം സംസാരിക്കാനിടയായി. തന്റെ തൊഴിൽ ഇത്രക്കുനന്നായി അറിയുന്നവർ കുറവാണ്. അദ്ദേഹത്തിന്റെ ഉൾവിളികളും ഉൾക്കാഴ്ച്ചകളും എളുപ്പം പിടികിട്ടിയെന്നുവരില്ല. കഥാന്ത്യത്തിന്റെ 'probability'-യെയും 'possibility'-യെയുംകുറിച്ചുള്ള അദ്ദേഹത്തിന്റെ വിചിന്തനം മറക്കാനാവില്ല. അദ്ദേഹത്തിന് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ. തന്നെ ചായസത്‌കാരത്തിനും അത്താഴവിരുന്നിനും ഒന്നും ക്ഷണിക്കണ്ട; തന്റെ പടം കാശുകൊടുത്തുനോക്കി അഭിപ്രായം തുറന്നു പറയുക. അതിൽകവിഞ്ഞൊരു അവാർഡ് വേറൊന്നില്ല.
അടുത്തിടെ, പയറ്റും പക്ഷപാതവുമില്ലാത്ത പക്വമായ ചിത്രവിചിന്തനം സി.എസ്. വെങ്കിടേശ്വരൻ നടത്തുന്നതു കാണുമ്പോൾ ആഹ്ലാദം തോന്നുന്നു. പഴയ കോഴിക്കോടനെയും സിനിക്കിനെയും മറന്നുകൊണ്ടല്ല ഈ വാക്കുകൾ. സൂപ്പർതാരങ്ങളുടെ ആസ്വാദകസംഘങ്ങളുടെയും കൂലിയെഴുത്തുകാരുടെയും പെരുമഴക്കാലത്ത് ഇത്തരം ഒരു കുട്ടിക്കുടപോലും കാണികൾക്കു കരുത്തേകും.
ഒരു ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലുംതമ്മിൽ ഒരു കശപിശയുണ്ടല്ലോ, സ്വഭംഗിയെപ്പറ്റിയും അപരന്റെ മൂക്കിനെപ്പറ്റിയും പല്ലിനെപ്പറ്റിയുമെല്ലാംപറഞ്ഞ്. ആ ഉഗ്രൻ 'ഐറണി' നമ്മുടെ സിനിമക്കും നന്നേ ചേരും. സത്യത്തിൽ ഇന്നു സിനിമയില്ല; തനിക്കു വലുതാകാൻ, താൻ വലുതെന്ന ഇത്തരം തരികിടകൾമാത്രം! പാവം കാണികൾ കാശുകൊടുത്ത് അവരുടെ കുമ്പ വീർപ്പിക്കുന്നു.
കെ.കെ. രാജ പറഞ്ഞതിനു വിപരീതമെന്നപോലെ, ഉള്ളൂർ'സ്വാമി'യെഴുതി:
'സന്ധ്യക്കു മാനത്തു മലർന്ന താര-
ത്താരത്രയുംകണ്ടു ചെടിച്ച കണ്ണേ,
കുനിഞ്ഞിടാമൊന്നിനി നിന്റെ നോട്ടം
കുപ്പക്കുഴിക്കുള്ളിലുമെത്തിടട്ടെ.'
ഇക്കാര്യം ഇക്കാലത്തെ സിനിമാലോകത്തിനു പ്രസക്തം. സാക്ഷാൽ സ്വാമി കെട്ടിയ കോട്ടയിൽ ഇനിയും കാണാനുണ്ട്, കാണിക്കാനുണ്ട്, പലതും!
[Published in the fortnightly web magazine www.nattupacha.com, 15 Feb 2010]
Wednesday, 17 March 2010
Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില് ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന...