Friday 5 January 2018

പരിസ്ഥിതി മാറ്റം



കാലം അധികമായില്ല, കുട്ടികളുടെ സയൻസ് കോൺഗ്രസ്സിന് മലയാള-തമിഴ്‌വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളുടെ ജഡ്ജായി രണ്ടുമൂന്നു ദിവസം തലപൊളിക്കേണ്ടിവന്നു. കട്ടെടുത്തും കാണാപ്പാഠം പഠിച്ചും ഫസ്റ്റാവാൻ പിള്ളേർ കാട്ടിയ സൂത്രങ്ങൾ! തെറ്റി, പിള്ളേരല്ല, അവരുടെ അധ്യാപകരും രക്ഷിതാക്കളും. 


കുട്ടികളുടെ ബുദ്ധിയെയും ഭാവനയെയും എങ്ങിനെ നശിപ്പിച്ചെടുക്കണം എന്ന് അവർക്കറിയാം!

ഒന്നടച്ചാക്ഷേപിക്കുന്നില്ല. രണ്ടുമൂന്നു പ്രോജക്റ്റുകൾ ഞങ്ങൾ ''ശാസ്ത്രജ്ഞർ''ക്കുകൂടി വിഭാവനംചെയ്യാൻ പറ്റാത്തത്ര ഭാവനാസമ്പന്നമായിരുന്നു, വിജ്ഞാനപ്രദമായിരുന്നു. അതിലൊന്നായിരുന്നു അമ്പലക്കാവിനെയും അതിനെച്ചുറ്റിയുള്ള പരിസ്ഥിതിമാറ്റത്തെയുംകുറിച്ചുള്ള പഠനം.

ചുറ്റും പൊന്തുന്ന കള്ളശാസ്ത്രത്തിരയെ അവരെങ്ങനെ അതിജീവിക്കുമോ ആവോ!

അടുത്തതവണ നാട്ടിൽചെന്നപ്പോൾ കൗതുകംതോന്നി ചുറ്റുവട്ടത്തെ ചെടികളുടെയും മരങ്ങളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും ഒരു ചെറുലിസ്റ്റുണ്ടാക്കി. അതും കൊച്ചുംനാളിലെ ഓർമകളുംചേർത്ത് ഒരു കൊച്ചുതാരതമ്യവും. വെറും കാൽനൂറ്റാണ്ടിന്നിടെ വന്നുപെട്ട മാറ്റങ്ങൾ ഭീകരമാണ്. ഉറക്കെ കരയാൻ തോന്നി: ''വീടെവിടെ മക്കളെ, കാടെവിടെ മക്കളെ?''

വത്സലയുടെ ''മേൽപ്പാലം'' വായിച്ചുകാണുമല്ലോ. ''അവൻ'' വരുന്നവഴി ഒന്നു വേറെ. അവന്റെ ചെരുപ്പിന്റെ വാറഴിക്കാനോ ആളുകളേറെ!

വേനൽക്കാലത്തൊരുച്ചയ്ക്ക് ഒരാസ്പത്രിയുടെ പുറത്തു കാത്തുനിൽക്കേണ്ടി വന്നു. അസഹ്യമായ ചൂടും വിയർപ്പും. ചുറ്റിയലഞ്ഞ് ഒടുവിൽ ഒരു മരക്കീഴിലെത്തി. അവിടെയോ വലിയൊരു ആൾകൂട്ടം. ഒന്നുമില്ല, എല്ലാവരും തണൽ തേടി. എത്രയും സ്വാഭാവികമായൊരു ''മൈഗ്രേഷൻ'' (സംപ്രവാസം)! ഒറ്റ ഒരു മരത്തിന് ഇത്രയും കഴിയുമെങ്കിൽ എന്താകും ഒരു കാടിനു കഴിയുക!

ഒരു സയൻസ് ക്ലാസ്സിൽ ഇലകളുടെ പ്രാധാന്യത്തെക്കുറിച്ചുപറയുമ്പോൾ ടീച്ചർ വാചാലയായി. ഇലകളുടെ വിന്യാസരീതികളെപ്പറ്റി ഒരുമുഴം പ്രസംഗിച്ചു. അവസാനം പറഞ്ഞുനിർത്തിയത് കശുമാവിന്റെ പ്രത്യേകതകളെപ്പറ്റി.

ഒരു പൊടിക്കൈ ഉപയോഗിച്ചാലോ? -- ടീച്ചർക്കു തോന്നി. അധ്യാപകവൃത്തിക്കിടയിൽ ഇതുവരെ ടീച്ചിംഗ്-എയ്ഡ് വിക്രിയകൾ ഉപയോഗിച്ചിട്ടില്ല. സർക്കാർ സ്‌ക്കൂളല്ലേ, അതൊന്നും വേണ്ടല്ലോ. എന്നുവച്ച് കാലം മാറുകയല്ലേ. പാർട്ടിക്കാരെല്ലാം പറയുന്നു, ''മാറ്റുവിൻ ചട്ടങ്ങളെ.....''

പലപല വിന്യാസങ്ങളുള്ള മരക്കൊമ്പുകളുടെ സാംപിൾ പിറ്റേന്നു ക്ലാസ്സിൽകൊണ്ടുവരാൻ ടീച്ചർ കുട്ടികളോടു കൽപിച്ചു.

പിറ്റേ ദിവസം ക്ലാസ്സുനിറയെ കശുമാവിൻകൊമ്പുകൾ.

സ്‌ക്കൂൾമുറ്റത്തെ കശുമാവ് മൊട്ട.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...