Friday 5 January 2018

വിശ്വാസം വരും വഴി



പലരും ചോദിക്കാറുണ്ട് കപ്പൽയാത്ര ഏറ്റവും അപകടകരമല്ലേ എന്ന്. അല്ല.

നമ്മൾ നടക്കുമ്പോൾ ഒരു സമയം ഒരുകാലേ നിലത്തുകുത്തുന്നുള്ളൂ. ഒരു സമയം ഒരു ബിന്ദു. അതാണു കാൽനട. എപ്പോൾ വേണമെങ്കിലും അടിതെറ്റാം. തെറ്റാറുമുണ്ട്. എങ്കിലും എവിടെയും ചെന്നുകേറാം.

സൈക്കിളോട്ടം ഒരു വരയിലൂടെയാണ്. വീതികുറഞ്ഞ രണ്ടുചക്രങ്ങൾ നിലത്തു ബാലൻസുചെയ്യണം. ഒരു സമയം രണ്ടു ബിന്ദുക്കൾ നിലത്തു തൊടും. സ്‌കൂട്ടർ, ബൈക്ക് ഇത്യാദികൾക്കും അതുതന്നെ. ഒരുമാതിരിപ്പെട്ട വഴികളിലെല്ലാം ഓടിച്ചുകേറ്റാം.

കാർ, ബസ് തുടങ്ങിയവ നാലുബിന്ദുക്കൾകൊണ്ട് രണ്ടുവര വരയ്ക്കുന്നു. റോട്ടിലേ ഓടൂ. ബാലൻസ് വേണ്ട, ചറ്റുംനോക്കി ഓടിച്ചാൽ മതി. അൽപം വഴി തെറ്റുകയുമാവാം.

തീവണ്ടിക്കാണെങ്കിൽ ചക്രമേറെയുണ്ടെങ്കിലും പാളം രണ്ടേയുള്ളൂ. വരച്ചവഴിക്കു പൊയ്‌ക്കൊള്ളണം, അത്രതന്നെൽ

ഇവയുടെയെല്ലാം ഓട്ടം ഒരു പ്രതലത്തിലാണ്. ഇവയ്‌ക്കെല്ലാം ഉറച്ച ഒരു നിലം താങ്ങായുണ്ട്.

കപ്പലിന് അതില്ല, ശരിയാണ്. പക്ഷെ അടിയും വശങ്ങളുമെല്ലാം താങ്ങാൻ വെള്ളമുണ്ട്. കടലിന്റെ കൈക്കുമ്പിളിലാണ് കപ്പലെപ്പോഴും. കാൽനടയുടെ ബിന്ദുവിൽനിന്ന്, ഇരുചക്രവാഹനങ്ങളുടെ ഏകമാനതയിലൂടെ, നാൽചക്രവാഹനങ്ങളുടെ ദ്വിമാനതയുംകടന്ന് ത്രിമാനതയുടെ സംരക്ഷയിലാണ് കപ്പലെപ്പോഴും.

അപ്പോൾ വിമാനമോ? ഒരുപടികൂടി കടന്ന്, അടിയും വശങ്ങളുംമാത്രമല്ല മുകൾകൂടി വായുവിന്റെ വലയത്തിലല്ലേ വിമാനം? ആയിരിക്കാം. പക്ഷെ കാറ്റൊന്നു പോയാൽപോരേ കഥകഴിയാൻൽ വെള്ളത്തിന്റെ താങ്ങല്ലല്ലോ വായുവിന്റേത്. അറിയുമോ പൊക്കത്തിൽനിന്നുള്ള വീഴ്ച?

അപ്പോൾ കരവാഹനങ്ങളേക്കാളും ആകാശവാഹനങ്ങളേക്കാളും സുരക്ഷിതമാണ് കടൽവാഹനം. വിശ്വാസം വരുന്നില്ലേ?

സൈക്കിളോടിക്കുന്നവന് നേരേകേറി വിമാനമോടിക്കാൻ പറ്റില്ല. വിമാനമോടിക്കുന്നവണ് സൈക്കിളറിയണമെന്നുമില്ല.

കൊച്ചിക്കും തിരുവനന്തപുരത്തിനുമിടയ്ക്കുള്ള വിരസയാത്രയിൽ ഞങ്ങളിങ്ങനെ പൊരിഞ്ഞുതർക്കിക്കുക പതിവായിരുന്നു. കാരണം ഞങ്ങളുടെ സ്ഥിരം ടാക്‌സിഡ്രൈവർ സ്വബോധത്തിലായിരിക്കില്ല ഒരിക്കലും. ഇടയ്ക്കിടയ്ക്കു കണ്ണടയും. അടച്ചപോലെ തുറക്കും. കാറോടിക്കൊണ്ടേയിരിക്കും. അതിനിടയ്ക്കയാളെ ഉഷാറാക്കാനാണ് ഞങ്ങളുടെ കലാപരിപാടികൾ.

കാറുപോകും. കൂടെ ഞങ്ങളും. തിരിച്ചും വരും. ഒരു പോറലുപോലുമില്ലാതെ.

ഇതു കുറെക്കാലം തുടർന്നപ്പോൾ കൂട്ടത്തിൽ ഇളയവനായ ഞാൻ ഇതിന്റെ പൊരുളറിയാൻ ഡ്രൈവറുടെ കൂടെക്കൂടി അടുത്ത യാത്രയിൽ. വഴിയിലെ വരുംകാലവിപത്തുകൾ മുൻകൂട്ടിപ്പറഞ്ഞുപറഞ്ഞു എന്റെ വിഡ്ഢിത്തം സഹിക്കവയ്യാതായപ്പോൾ അയാൾ ഇടംകണ്ണിട്ടെന്നെ നോക്കി. എന്നിട്ടൊരു ചോദ്യം. ''എന്നെ വിശ്വാസമില്ലേ?''

ഇല്ലെന്നു തന്നെ ഞാൻ പറഞ്ഞു.

''മോന് ആരെയാ വിശ്വാസം?''

ഞാനൊന്നും പറഞ്ഞില്ല.

''പോട്ടെ. എനിക്ക് എന്റെ വണ്ടിയിൽ വിശ്വാസം. എന്റെ വണ്ടിക്ക് എന്നെ വിശ്വാസം. ഞങ്ങൾക്ക് റോട്ടിൽ വിശ്വാസം. അതുപോരേ?''

ആശാൻ തുടർന്നു. ''നിങ്ങളേയ്, നിങ്ങളൊറ്റയ്ക്കു നടക്കാനിറങ്ങുമ്പോ ആരെയാ വിശ്വാസം? കാറിലെ നാലുപേർക്കു ഒരു ഡ്രൈവറെ വിശ്വാസം. ബസ്സിലെ നൂറുപേർക്കും ഒരു ഡ്രൈവറെ വിശ്വാസം, ട്രെയിനിലെ ആയിരംപേർക്കും ഒരു ഡ്രൈവറെ വിശ്വാസം. സൈക്കിളിനു രണ്ടുചക്രം വിശ്വാസം. കാറിനു നാലുചക്രം വിശ്വാസം. ട്രെയിനിനു നൂറുചക്രം വിശ്വാസം. ആ ചക്രങ്ങൾക്കു രണ്ടേരണ്ടു പാളത്തിൽ വിശ്വാസം. പാളത്തിനു ഭൂമിയിൽ വിശ്വാസം. കപ്പലിനു കടലിൽ വിശ്വാസം. വിമാനത്തിനു വായുവിൽ വിശ്വാസം. എല്ലാം വിശ്വാസത്തിനുപുറത്താണു മോനേ. മോനിപ്പോൾ ചെറുപ്പമല്ലേ. നോക്കിക്കോ, എല്ലാം വഴിയേ വരും.''

ഖന ർഭ ൺമനമറമണമ ജേമടറ
ർൂമ
രണജെമടറ' പടമവാഭസൂട
ണമനമറമണമ' ണവൂഭൂനര


No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...