Saturday 6 January 2018

അഷ്ടാനുധാവൻ



ഒരുകാലത്ത് രണ്ടുകൈകൊണ്ടും ഹാര്‍മോണിയം വായിക്കുന്ന പെണ്ണുങ്ങള്‍ക്ക് വലിയ പ്രിയമായിരുന്നുവത്രെ കല്യാണമാര്‍ക്കറ്റില്‍. എന്റെയൊരു വല്യച്ഛന്‍ വല്യമ്മയെ വിവാഹംകഴിച്ചത് ഇക്കാരണത്താലായിരുന്നുവെന്നു കേട്ടിട്ടുണ്ട്.

അര്‍ജുനന് രണ്ടുകൈകൊണ്ടും അസ്ത്രപ്രയോഗം സാധ്യമായിരുന്നുവെന്നും കഥ. അത്തരത്തിലുള്ളവരെ ''സവ്യസാചി''യെന്നാണു ഗീര്‍വാണത്തില്‍ പറയുക.

ഇപ്പോഴത്തെ ''എക്‌സിക്കുട്ടന്മാ''രും സവ്യസാചികളായിരിക്കും. ഒരു കംപ്യൂട്ടര്‍ മേശപ്പുറത്ത്, മറ്റൊന്നു മടിയില്‍. ഒരേസമയം രണ്ടിലും പണിയുമായിരിക്കും. ഓരോ കൈകൊണ്ടും ഓരോ ജോലിയോ, അതോ രണ്ടുകൈകൊണ്ടും ഒരേ ജോലിയോ?

ഇത്തരത്തില്‍ ഞാന്‍ പറഞ്ഞത്, എന്റെ മേലധികാരി-സുഹൃത്തിനു ഒട്ടും രസിച്ചില്ല. ആയിടയ്ക്കുമാത്രം ''മാനേജ്മെന്റ്-പ്രണയം തുടങ്ങിയ അദ്ദേഹം, 'മള്‍ട്ടി-ടാസ്‌ക്കിംഗ്' (പലകാര്യപ്രവൃത്തി) ഒരു ബൈബിള്‍പോലെ ഉരുക്കഴിച്ചിരുന്നു. തന്റെ 'എന്‍ജിനീയറിംഗ്'-കീഴാളരോട്, ഒരേസമയം ആറു കാര്യങ്ങള്‍ ഒന്നിച്ചുചെയ്യണമെന്ന് ഇന്നും എന്നും എന്നെന്നും ഉപദേശിക്കുന്ന കാലവുമായിരുന്നു.

'എന്തിനാറുമാത്രം? എട്ടാക്കരുതേ?' , എന്റെ ചോദ്യം അദ്ദേഹത്തെ വീണ്ടും ചൊടിപ്പിച്ചു. ' പണ്ടത്തെ രാജാക്കന്മാര്‍ 'അഷ്ടാനുധാവന്‍'മാരായിരുന്നു -- ഒരേ സമയം എട്ടുജോലികള്‍ ചെയ്യുന്നവര്‍!'

ഞരമ്പില്‍ അല്‍പം രാജരക്തം അവകാശപ്പെടുന്ന അദ്ദേഹം ഇതുകൂടി കേട്ടപ്പോള്‍ വിഷയം മാറ്റി.

എന്നാല്‍ ഇക്കാലത്തെ പിള്ളേര്‍ മള്‍ട്ടി-ടാസ്‌ക്കിംഗില്‍ അഷ്ടാനുധാവൻമാരെയും കവച്ചുവയ്ക്കുമെന്നു ഞാന്‍ കണ്ടറിഞ്ഞതാണ്.

ബൈക്കില്‍ റോഡുനിറഞ്ഞ് ഒരു പയ്യന്‍:
ഒന്ന്: എഞ്ചിനണയ്ക്കാതെ ഒറ്റക്കാലൂന്നി നില്‍ക്കുന്നു.
രണ്ട്: പുറകില്‍ പെണ്ണുണ്ട്, അവളെയും ചാരിയാണ് മുന്‍സീറ്റില്‍ ഇരിപ്പ്.
മൂന്ന്: റോഡരികിലെ തട്ടുകടയില്‍നിന്ന് ഇടതുകൈനീട്ടി പൊതി വാങ്ങുന്നു.
നാല്: വായില്‍ ച്യൂയിങ് ഗം ചവയ്ക്കുന്നു.
അഞ്ച്: വലതുകയ്യിലെ മൊബൈല്‍ തന്റെയും പെണ്ണിന്റെയും കാതുകളോടുചേര്‍ത്തു വേറൊരാളോടു വര്‍ത്തമാനം.
ആറ്: അതിനിടെ കാല്‍കൊണ്ട് ബൈക്കിന്റെ സൈഡ്-സ്റ്റാന്റ് ഇടുന്നു.
ഏഴ്: പിന്നില്‍നിന്നു ഹോണടിച്ചു ശല്യപ്പെടുത്തുന്ന മറ്റു ഡ്രൈവര്‍മാരെ തെറിപറയുന്നു.
എട്ട്: അതോടൊപ്പം നിലത്തു തുപ്പുന്നു.
ഒന്‍പത്: ആ വഴി വന്ന മറ്റൊരു ചെത്തുപയ്യനു കൈ കാണിക്കുന്നു.
പത്ത്: അപ്പോള്‍ ചരിഞ്ഞ ബൈക്കിനെ ബാലന്‍സു ചെയ്യുന്നു.

അപ്പോള്‍ മണംപിടിച്ചു വാലാട്ടിവന്ന പട്ടിക്കിട്ടവന്‍കൊടുത്ത ഒരു തൊഴികൂടി ആയപ്പോള്‍ ടാസ്‌ക്-എണ്ണം പതിനൊന്ന്!

(ചിലരും ചിലതും, 2007)

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...