Friday 5 January 2018

ഇനിയൊരു ജന്മംകൂടി



ഹൈസ്‌ക്കൂള്‍ക്ലാസ്സുകളിലൊന്നിലാണ് ഉള്ളൂരിന്റെ ഈ വരികള്‍ പഠിക്കുന്നത്:

' പരിചരണോദ്യതര്‍ പലജീവികള്‍തന്‍
പരിത:സ്ഥിതിമൂലം
പദേപദേ നാം പ്രമുദിതര്‍ കാണ്‍മൂ
ഭവാബ്ധി ഗോഷ്പദമായ്'

ഇതോര്‍ത്തുവയ്ക്കുന്നവര്‍ ഒരിക്കലും ആത്മഹത്യക്കൊരുമ്പെടില്ലെന്ന് അന്നത്തെ മലയാളംഅധ്യാപകന്‍ പറഞ്ഞത് ഇന്നും മനസ്സിലുണ്ട്.

ഒട്ടുമിക്കവര്‍ക്കും ജീവിതം പട്ടുമെത്തയൊന്നുമല്ല. എങ്കിലും പ്രകൃതിയും പരിസരവും പലരും പലതും നല്‍കുന്ന കൊച്ചുകൊച്ചുസന്തോഷങ്ങള്‍ ജീവിതത്തെ സുന്ദരമാക്കുന്നു; അതു കാണാനുള്ള അകക്കണ്ണുണ്ടായാല്‍.

പണ്ട് ന്‍പമകപനന്ന െഖവരപഐആല്‍ വായിച്ചതാണ്. വിമാനം തകര്‍ന്ന് ഒരാള്‍മാത്രം ജീവനോടെ ഒരു മലമ്പ്രദേശത്തു വീഴുന്നു. നിരാശനായി വരണ്ട പാറക്കെട്ടുകളില്‍ മുട്ടിലിഴഞ്ഞു നീങ്ങുമ്പോള്‍ കാണുന്നു, അതാ പൊട്ടിവിരിഞ്ഞു നില്‍ക്കുന്ന ഒരു ചെറുപുഷ്പം. ആരോരും കാണാനില്ലെങ്കിലും ആര്‍ക്കും ആവശ്യമില്ലെങ്കിലും ആ പൂവിന്റെ സൗന്ദര്യത്തിന്റെ ദിവ്യത്വവും ജീവിക്കാനുള്ള ത്വരയും അയാളെ ഗ്രസിക്കുന്നു. അതിന്റെ പ്രചോദനത്തില്‍ ദിവസങ്ങള്‍പിന്നിട്ട് അയാള്‍ രക്ഷപ്പെടുന്നതാണു കഥ.

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ചായ്‌വില്‍, കൊങ്കണ്‍പ്രദേശത്ത് നിരത്തുകള്‍ കേറിയും ഇറങ്ങിയുമാണ്, ഇടതും വലതും തിരിഞ്ഞാണ്. വണ്ടിയില്‍പോകുമ്പോള്‍ പത്തെണ്ണുന്നതിനുമുമ്പേ ഒരു കേറ്റം, ഒരിറക്കം. അല്ലെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ ഒരു വന്‍മടക്ക്. പാണ്ടുപിടിച്ച മലഞ്ചെരിവും പുല്ലുമാത്രം കിളിര്‍ക്കുന്ന താഴ്‌വരയും. വിജനം. വിരൂപം. ഒരിക്കല്‍ അങ്ങിനെയൊരു പ്രദേശത്താണ് ഒരു സ്വകാര്യബസ് ഞങ്ങളെ കൊടുംരാത്രിയില്‍ തള്ളിവിട്ടത്. ബസ്സു കേടാണെന്നുപോലും (നുണ)പറയാതെ ജീവനക്കാര്‍ മുങ്ങി. കള്ളക്കടത്തോ കള്ളോട്ടമോ, എന്തോ.

എന്തോ തട്ടലും മുട്ടലുമെല്ലാം ആദ്യം കേട്ടിരുന്നു. അതിരാവിലെ കണ്ണുതുറക്കുമ്പോഴുണ്ട് വാഹനം ഒരു മലയിടുക്കില്‍ ഓരം ചേര്‍ന്നു കിടക്കുന്നു. ദൂരെ പെരുവഴിയില്‍കൂടി മറ്റുവണ്ടികള്‍പോകുന്ന ഇരമ്പല്‍ കേള്‍ക്കാനുണ്ട്. വേറൊരു മാര്‍ഗവുമില്ലാതെ പെട്ടിയുംതാങ്ങി ഞങ്ങള്‍ യാത്രക്കാര്‍ കുന്നുകയറാന്‍ തുടങ്ങി. എങ്ങനെയെങ്കിലും കൂടണയണമല്ലോ. ദേഷ്യവും നിരാശയും ക്ഷീണവുമെല്ലാംകൂടി കുഴഞ്ഞുമറിയുമ്പോഴാണ് അതു കാണുന്നത്. പാറക്കെട്ടിലെ ഒരു വിടവിലൂടെ തെളിനീര്‍. ആരോ വളച്ചു കുത്തിയിരിക്കുന്നു അതിന്ററ്റത്ത് ഒരില. അതിലൂടെ വെള്ളം ഒഴുകിവരുന്നു ഒരു പൈപ്പിലൂടെ എന്നപോലെ. ഞങ്ങള്‍ വായും മുഖവും കഴുകി നോക്കിയത് പുത്തന്‍ ഉണര്‍വോടെ ഒരു പുത്തന്‍ ലോകത്തെയാണ്. ശരീരവും മനസ്സും ഒന്നുപോലെ തളര്‍ത്തിവിട്ടു ഒരുകൂട്ടര്‍; അവയെ നിമിഷംകൊണ്ടു പുനരുജ്ജീവിപ്പിച്ചു ഏതോ ഒരു അജ്ഞാതമനുഷ്യന്‍.

പിന്‍വര്‍ഷങ്ങളില്‍ ആ നീരൊഴുക്കും പച്ചിലപ്പൈപ്പും ഞാന്‍ പല തവണ പല സമയങ്ങളില്‍ പോയിനോക്കി. അപ്പോള്‍പൊട്ടിച്ചുകുത്തിയപോലെ ഇല. അതിലൂടെ ആരെയോകാത്ത് നീരൊഴുക്ക്. ആ പുണ്യജീവിയെ മാത്രം കണ്ടെത്താനായില്ല.


പണിസ്ഥലത്ത് അത്ര നല്ലതല്ലാത്ത കാലം. ഉന്നതസ്ഥാനീയര്‍ എല്ലാവരുമായി കൊമ്പുകോര്‍ക്കുന്ന കാലം. സഹപ്രവര്‍ത്തകര്‍ക്ക് സഹായകമാകുന്ന എന്റെ ചില്ലറപദ്ധതികള്‍പോലും ഞാന്‍തുടങ്ങിവച്ചെന്ന കാരണത്താല്‍മാത്രം മുച്ചൂടും മുടിക്കപ്പെടുന്ന കാലം. നാളെമുതല്‍ തിരിച്ചു പണിസ്ഥലത്തേക്കില്ല എന്നുറപ്പിച്ച്, വൈകുന്നേരം വണ്ടിയില്‍കയറി താക്കോല്‍തിരിക്കുമ്പോഴുണ്ട് മുന്‍ചില്ലില്‍ ഒരു ചെംപനിനീര്‍പ്പൂ കുത്തിനിര്‍ത്തിയിരിക്കുന്നു. ആ നിമിഷം ഞാന്‍ തീരുമാനം മാറ്റി. എന്നെ മനസ്സിലാക്കാനും മനസ്സില്‍കൊണ്ടുനടക്കാനും ഒരാളെങ്കിലുമുണ്ടെങ്കില്‍ അയാള്‍ക്കുവേണ്ടിയെങ്കിലും ഞാന്‍ എന്റെ കര്‍മം മുടക്കിക്കൂടാ. അരുത്. അരുത്.

പിന്നീടൊരിക്കല്‍ എനിക്ക് വളരെ ഗൗരവമേറിയ ഒരു ശസ്ര്തക്രിയനടക്കുമ്പോള്‍, ഞാന്‍ ആരാധനക്കാരനൊന്നുമല്ലെന്ന് പരക്കെ അറിയാമെങ്കിലും അടുത്തൊരു ദേവാലയത്തില്‍ ആരോ അജ്ഞാതനായിത്തന്നെ അഞ്ജലിയര്‍പ്പിച്ചത്രേ. അന്നും ഇന്നും അതെനിക്കൊരു കടംകഥ. ഒരു കൊച്ചു കഥ. ഒരു കൊച്ചു കടം.


അത്യാവശ്യമായ ഒരു ഔദ്യോഗിക-വിദേശയാത്രക്കുള്ള വിസയ്ക്കുവേണ്ടി എംബസിയില്‍ ചെല്ലുമ്പോഴുണ്ട് അവിടെ പതിവില്ലാത്ത കുഴപ്പങ്ങള്‍. കാവല്‍ക്കാര്‍ പടിവാതില്‍കൂടി കടത്തിവിടുന്നില്ല. നൂറുകണക്കിനു ജനങ്ങള്‍. രണ്ടുദിവസമായി നീണ്ടുനില്‍ക്കുന്ന ക്യൂ. എനിക്കാണെങ്കില്‍ ആ രാത്രിയില്‍തന്നെ വിമാനത്തില്‍ കയറുകയും വേണം. എംബസിയുടെ അകത്തു കടന്നുകിട്ടിയാല്‍ ഒരുനിമിഷത്തെ പണിയേ ഉള്ളൂ. പക്ഷെ അതിനു കഴിയണ്ടേ. കാവല്‍ക്കാരനോട് ഇതുവിളിച്ചുപറയുമ്പോള്‍ കേട്ടുനിന്നിരുന്ന ഒരു പയ്യന്‍ മൊബൈല്‍ഫോണ്‍ പുറത്തെടുത്ത് ഡയല്‍ചെയ്തുപറഞ്ഞു: ''ഈ സ്ര്തീയോടു സംസാരിക്കൂ''. അവര്‍തന്നെയായിരുന്നു എംബസിക്കകത്ത് ഞാന്‍ കാണേണ്ടിയിരുന്ന ആള്‍. അതേഫോണില്‍ അവര്‍ കാവല്‍ക്കാരനെവിളിച്ച് എന്നെമാത്രം കയറ്റിവിടാന്‍ പറഞ്ഞു. മറ്റുള്ളവരുടെ വന്‍പ്രതിഷേധങ്ങള്‍ക്കിടയില്‍ ഞാന്‍ അകത്തു കയറുമ്പോള്‍ ആ നല്ല പയ്യന്റെ പേരുപോലും ചോദിക്കാന്‍ തരപ്പെട്ടില്ല.

കൊല്‍ക്കത്തയില്‍വച്ചാണ്. അന്ന് കല്‍ക്കട്ട. കപ്പലിലും പിന്നെ തുറമുഖത്തുമുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം ഒരു മാസത്തോളം അവിടെ തങ്ങിപ്പോയി. മഴക്കാലവും. ആകാശം ഒന്നു കണ്ണുപിഴിഞ്ഞാല്‍ പിന്നെ നിരത്തെല്ലാം കണ്ണീര്‍ക്കടലാണ്. സാക്ഷാല്‍ ഗംഗ മുട്ടുവരെ വന്നു മുത്തം വയ്ക്കും. കാലത്തു നഗരത്തില്‍പോയപ്പോള്‍ ഒന്നുമില്ലായിരുന്നു; തിരിച്ചുവരുമ്പോഴേക്കും പൊരിഞ്ഞ മഴ. ട്രാമെല്ലാം നിര്‍ത്തി. ബസ്സുകള്‍ വഴിമാറിയോടുന്നു. ടാക്‌സികള്‍ പണിമുടക്കുന്നു. ആകപ്പാടെ എനിക്കറിയാവുന്നത് വാസസ്ഥലത്തിന്റെ പേരുമാത്രം. ഒരു ചെറുപ്പക്കാരനോട് അന്വേഷിച്ചപ്പോള്‍ അയാള്‍ ബസ്സില്‍ കൂടെക്കയറാന്‍ പറഞ്ഞു. ബസ്സിനകത്തും പുറത്തും വന്‍തിരക്ക്. ബസ്സിന്റെ പിന്നിലെ കോണിയില്‍പോലും ആളുകള്‍. തൂക്കുസഞ്ചിയും കട്ടിക്കണ്ണടയുമുള്ള ആ ചെറുപ്പക്കാരന്‍ എന്നെ അകത്തേക്കുതള്ളിവിട്ടു കൂടെക്കയറി. അയാള്‍ക്കുകൂടി ടിക്കറ്റെടുക്കാന്‍ സ്ഥലമന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, താന്‍ ടിക്കറ്റെടുക്കാറില്ലെന്ന്. പോരാത്തതിനു കണ്ടക്റ്റര്‍ ബസ്സിനുപുറത്തെ കോണിയിലാണെന്നും. എവിടെയോ ഇറക്കി, നടന്നും നീന്തിയും അയാളെന്നെ താമസസ്ഥലത്തെത്തിച്ചു. നന്ദിയെങ്കിലും പറയുംമുന്‍പേ, തനിക്കുപോകേണ്ടതു നേരെ എതിര്‍ദിശയിലാണെന്നും ഇനിയും വൈകുന്നതിനുമുമ്പ് വീടണയണമെന്നും പറഞ്ഞ് അയാള്‍ തിരക്കിട്ടു തിരിഞ്ഞുംനടന്നു. ആരോ ഒരാള്‍ല്‍

ഉത്തരകര്‍ണാടകത്തിനും ദക്ഷിണകര്‍ണാടകത്തിനുമിടയില്‍, തീരദേശത്തിലൂടെ ഒരു നെടുങ്കന്‍പാതയുണ്ട്. എട്ടുപത്തുനാഴിക നീളത്തില്‍, തിരശ്ചീനമായൊരു നേര്‍ രേഖയില്‍. രാത്രിയിലെ ബസ്‌യാത്രയാണ്. ആളുകളെല്ലാം ഉറങ്ങി. വണ്ടി അസാധാരണമായ വേഗത്തില്‍. പൂര്‍ണചന്ദ്രപ്രകാശം ചുറ്റും പതഞ്ഞുപൊങ്ങുന്നു. വെള്ളിക്കൊലുസുപോലെ ചക്രവാളംമുട്ടെ റോഡ്. ഞാന്‍ ഡ്രൈവറുടെ കാബിനില്‍ ചെന്നു നിന്നു. എന്നെ ഇടംകണ്ണിട്ടുനോക്കി പുഞ്ചിരിച്ച് അയാള്‍ വണ്ടിയുടെ എല്ലാവിളക്കുകളും കെടുത്തിത്തന്നു. പിന്നെയൊരു പത്തുനിമിഷം പാല്‍ക്കടലില്‍ പൂമീന്‍പോലൊരുപോക്ക്. അന്ന് അയാളുടെ മുഖത്തുകണ്ട സായൂജ്യം ഇന്നുമെനിക്ക് കോരിത്തരിപ്പുണ്ടാക്കുന്നു. വെറും ഒരാള്‍ല്‍

കാറ്റിന്റെ ഒരു കുണുക്കം. തിരയുടെ ഒരു തിരനോട്ടം. നിലാവിന്റെ ഒരു നിഴലാട്ടം. പൂവിന്റെ ഒരു പുഞ്ചിരി. തേനിന്റെ ഇത്തിരി മധുരം. കിളിയുടെ ഒരു കളിക്കൊഞ്ചല്‍. കാര്‍മേഘത്തിന്റെ കസവുകിന്നരി. അമ്മയുടെ ഒരു നിശ്വാസം. അച്ഛന്റെ ഒരു മൂളല്‍. ഗുരുനാഥന്റെ ഒരു വാക്ക്. പ്രിയതമയുടെ ഒരു കണ്ണിറുക്കല്‍. കുഞ്ഞിന്റെ ഒരു കിന്നാരം. സുഹൃത്തിന്റെ ഒരു തര്‍ജനം. അപരിചിതന്റെ ഒരു ചെറിയ ദൗത്യം. മതി. ഒറ്റനിമിഷത്തില്‍ കരകാണാക്കടല്‍പോലും വെറും പശുക്കുളമ്പിന്റെ വലിപ്പത്തിലേക്കു ചുരുങ്ങുന്നു. പദേ പദേ നാം പ്രമുദിതര്‍ കാണ്‍മൂ ഭവാബ്ധി ഗോഷ്പദമായ്..........

ഉറക്കെ പാടാന്‍ തോന്നുന്നു: ''ഈ മനോഹരതീരത്തിലൊരുനാള്‍ ഇനിയൊരു ജന്മംകൂടി............''


No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...