Monday 8 May 2017

'കരയുന്നൂ, പുഴ ചിരിക്കുന്നൂ.....'


കുഞ്ഞുന്നാളിലേ സ്കൂളിൽ പഠിപ്പിച്ചിട്ടുള്ളതാണ്‌ നദികൾക്കു കുറുകെ അണക്കെട്ടുകൾ നിർമിക്കുന്നതിന്റെ പ്രയോജനങ്ങൾ:   ഒന്ന്‌, വെള്ളപ്പൊക്കം തടയാം.   രണ്ട്‌, ജലസേചനം സാധിക്കാം.   മൂന്ന്‌, വൈദ്യുതി ഉത്പാദിപ്പിക്കാം.   (നാലാമതൊന്നിനെപ്പറ്റി ആരും ഒന്നും അന്നും ഇന്നും പുറത്തു പറയാറില്ലല്ലോ).   ഭാരതം സ്വതന്ത്രമായതിനുപിന്നാലെ അണക്കെട്ടുകളുണ്ടാക്കാനുണ്ടായിരുന്ന ആക്കം പിന്നീടെപ്പോഴോ ലേശം മങ്ങി.   പ്രത്യേകിച്ച്‌ വൈദ്യുതിനിർമാണത്തിൽ.   ഭാവിയിലെ പാരിസ്ഥിതികാഘാതങ്ങളെപ്പറ്റിയുള്ള പേടിയേക്കാൾ, പുത്തൻ താപ-ആണവ-പാരമ്പര്യേതര-സാങ്കേതികവിദ്യകളുടെ കമ്പോളപ്രസരം ജലവൈദ്യുതപദ്ധതികൾക്കു ഒട്ടൊക്കെ തടയിട്ടു.

താത്കാലികവും ദൂരവ്യാപകവും മൂർത്തവും അമൂർത്തവുമായ അപായം അശേഷം കുറഞ്ഞതും സാമ്പത്തികവും സാമൂഹികവുമായി തികച്ചും ആദായകരവുമാണ്‌ ജലവൈദ്യുതപദ്ധതികൾ.   താപനിലയങ്ങളുടെ പലവിധ പാരിസ്ഥിതികാഘാതവും ആണവനിലയങ്ങളുടെ അപാരമായ അപായസാധ്യതയും അവയ്ക്കില്ല.   എങ്കിലും നദികളുടെയും നദീമുഖങ്ങളുടെയും  പുഴകളുടെയും അരുവികളുടെയും ചോലകളുടെയും വെള്ളച്ചാട്ടങ്ങളുടെയുമൊക്കെ ദുരുപയോഗങ്ങളുമായി കൂടിച്ചേരുമ്പോൾ തടയണകളുടെ ഉദ്ദേശ്യലക്ഷ്യം പാളിപ്പോകുന്നു.

ഞാൻ പലപ്പോഴും ഉദ്ധരിക്കാറുള്ള ഒന്നാണ്‌, `മലയുടെ ധർമം നിൽപ്പും പുഴയുടെ ധർമം ഒഴുക്കും` ആണെന്നത്‌.   മലയിളകിയാൽ, ഇളക്കിയാൽ, തീർന്നൂ മനുഷ്യവാസത്തിന്റെ കാര്യം.   പുഴ നിന്നാൽ തീർന്നൂ മനുഷ്യജീവന്റെ തന്നെ കാര്യം.

നദീതടസംസ്ക്കാരം എന്നതിനെപ്പറ്റിപ്പറയുമല്ലോ.   മനുഷ്യൻ മൃഗമെന്നതിൽനിന്നും കാട്ടാളനെന്നതിൽനിന്നും  കരകയറിയത്‌ കൃഷിക്കു  കലപ്പയെടുത്തപ്പോഴാണ്‌.   പുഴകളൊഴുക്കിയ, പുഴകളൊരുക്കിയ, പോഷണങ്ങളുപയോഗിച്ച്‌ കൃഷിയിലൂടെ  മണ്ണിനെ പൊന്നാക്കി മാറ്റിയത്‌ മനുഷ്യചരിത്രത്തിലെ വൻവഴിത്തിരിവായിരുന്നു.   ഒറ്റയാൻ സമൂഹമായതും സമൂഹം സമ്പത്തായതും സമ്പത്ത്‌ സംസ്ക്കാരമായതും സംസ്ക്കാരം സാർവലൗകികമായതും നീർത്തടങ്ങളുടെ മടിത്തട്ടിലായിരുന്നു.

ഹെർമൻ ഹെസ്സ്‌-ന്റെ `സിദ്ധാർഥ` എന്നൊരു മഹത്തായ നോവലുണ്ട്‌ (അതൊരു സിനിമയായപ്പോൾ അതിലും നന്നായി).   അതിൽ സിദ്ധാർഥൻ നദി പഠിപ്പിച്ച പാഠത്തെക്കുറിച്ചു പറയുന്നുണ്ട്‌:  `മടുപ്പില്ലാതെ  കാത്തിരിക്കാൻ പഠിച്ചുവിശപ്പൊതുക്കി കുത്തിയിരിക്കാൻ പഠിച്ചു; മനസ്സടക്കി ചിന്തിക്കാൻ പഠിച്ചു`. ("I can wait, I can fast, I can think.")   നദികൾ നമ്മുടെ നാഡികളാണുപോൽ.   `നിളാദേവി നിത്യം നമസ്തെ` എന്ന്‌ നമ്മുടെ പൂർവികരും പ്രണമിച്ചു.

`മലകൾ പുഴകൾ ഭൂമിക്കുകിട്ടിയ സ്ത്രീധനങ്ങൾ...` എന്നും `പെരിയാറേ, പെരിയാറേ, പർവതനിരയുടെ പനിനീരേ...` എന്നും `പൂന്തേനരുവീ, പൊൻമുടിപ്പുഴയുടെ അനുജത്തീ...` എന്നും `ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകി...` എന്നും `സ്വർണ്ണപ്പൂഞ്ചോല, ചോലയിൽ, വർണ്ണത്തിരമാല...` എന്നും `ഒരു മലയുടെ താഴ്‌വരയിൽ, ഒരു കാട്ടാറിൻ കരയിൽ, താമസിക്കാൻ മോഹമെനിക്കൊരു താപസനെപ്പോലെ...` എന്നുമെല്ലാം നമ്മളും പാടിത്തിമിർത്തു.

എന്നിട്ടും പുഴകളെ നമ്മൾ കലക്കിയെടുത്തു.   കാടൊടുക്കി മഴയകറ്റി.   മരംവെട്ടി മണ്ണൊലിപ്പിച്ചു.   പുഴക്കടവുകളിൽ ചതിക്കുഴി തോണ്ടി.   മണ്ണെടുത്ത്‌ മരണക്കെണിയൊരുക്കി.   ഓരുവെള്ളത്തിൽ ഉപ്പായി.   നീരൊഴുക്ക്‌ നിർജീവമായി.   പനിനീർ പാഷാണമായി.

നമ്മുടെ പുഴകൾ ഇപ്പോൾ ചിരിക്കുന്നോ കരയുന്നോ?

പുഴയെക്കാത്ത്‌ കടൽ ക്ഷീണിച്ചു. കടൽത്തീരങ്ങൾ ശോഷിച്ചു.   `യഥാ നദി തഥാ സർവേ സമുദ്രേ...` എന്നവസാനിക്കുന്ന ഒരു ഗീതാവാക്യമുണ്ട്‌ - എല്ലാ നദികളും അവസാനം സമുദ്രത്തിലെത്തിച്ചേരുന്നു.   മറ്റൊരു ഭാഷ്യമാക്കിയാലും അതു ശരിയാണ്‌: `പുഴകളെപ്പോലെ കടൽ` ('Like the Rivers, like the Sea').   `യഥാ ബീജം തഥാങ്കുരം` എന്നുണ്ടല്ലോ.

നാലാംക്ളാസ്സിൽ, കേരളത്തിലെ എല്ലാ ആറുകളുടെയും പേരുകൾ കാണാപ്പാഠം പഠിക്കണമായിരുന്നു: `.....മീനച്ചിലാറ്‌ നെയ്യാറ്‌` എന്നവസാനിക്കുന്ന ഒരു പട്ടികപ്പാട്ടായി.   ഇന്നങ്ങനെയൊന്നുണ്ടോ ആവോ.   ഭാരതപ്പുഴയെന്നാൽ, ആ നിലാവും ആ കുളിർകാറ്റും ആ പളുങ്കുകൽപ്പടവുകളും ഓടിയെത്തും ഓർമകളിൽ!    ഏതായാലും അന്നത്തെ ഭാരതപ്പുഴയല്ല ഇന്നത്തെ ഭാരതപ്പുഴ എന്നറിയാം.   കൂലംകുത്തിമറിഞ്ഞിരുന്ന  അന്നത്തെ നിളയെവിടെ, കുലംകുത്തി കുത്തുപാളയെടുത്ത ഇന്നത്തെ നിളയെവിടെ!  വെള്ളമടിച്ചു പൂസായി തെരുവോരങ്ങളിൽ പാമ്പായിക്കിടക്കുന്നവരെയാണ്‌ ഇന്നു ഭാരതപ്പുഴ കാണുമ്പോൾ ഞാൻ ഓർക്കുക.   ഈറനായ നദിയുടെ മാറിൽ, ഈ വിടർന്ന നീർക്കുമിളകളിൽ, വേർപെടുന്ന വേദനയോ വേറിടുന്ന നിർവൃതിയോ?...”
 
ഭാരതപ്പുഴമാത്രം എന്താണിങ്ങനെ?   അതിനു വടക്കും തെക്കുമുള്ള ആറുകളെല്ലാം വിഷവാഹിനികളായാലും വിരൽവണ്ണത്തിലായിട്ടില്ല.   സകലമാന ബുദ്ധിജീവികളും കവികളും കവയത്രികളും സാമൂഹ്യസേവക്കാരും രാഷ്ട്രീയരാക്ഷസൻമാരുമെല്ലാം ഒഴുക്കുന്ന കണ്ണീർ മതിയല്ലോ ഭാരതപ്പുഴയിൽ തണ്ണീർ നിറയ്ക്കാൻ!   എവിടെയോ എന്തോ കുഴപ്പമുണ്ട്‌.   വെള്ളത്തിന്റെ നിർവചനം മലയാളിക്കു മാറിപ്പോയതാവാം.

ഏതു നീർച്ചാലുകണ്ടാലും ഞാനൊന്നു മൂളിപ്പോകും: `ഒന്നു ചിരിക്കൂ, ഒരിക്കൽകൂടി!` - അതൊരു നിറകൺചിരി ആയാലും മതിയായിരുന്നു.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...