Monday 22 May 2017

`ടി`

ലോകത്തിൽ ഏറ്റവുമധികംപേർ ഉടുക്കുന്ന വസ്ത്രമേതെന്നാൽ അത്‌ `ടി` ഷർട്ടാണ്‌.    ഇംഗ്ളീഷിലെ `T` എന്ന അക്ഷരത്തിന്റെ രൂപത്തിൽ ഉടലും കയ്യും മാത്രമായുള്ള ആ സിംപിൾ കുപ്പായം.   ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ആരും ധരിക്കും; ഒരുമാതിരി എല്ലാ സന്ദർഭങ്ങളിലും.   ചൂടിന്‌ ഒറ്റവസ്ത്രമായി.    തണുപ്പാണെങ്കിൽ അകത്തുമാകാം.   പണിയെടുക്കാനും വിശ്രമിക്കാനും യാത്രചെയ്യാനും കളിക്കാനും കൂത്താടാനുമെല്ലാമാവാം.   വീട്ടിനകത്താവാം, പുറത്താവാം.   കുറഞ്ഞ വില.   കനത്ത ഉപയോഗം.   ഒരുക്കാനും ഉടുക്കാനും കൊടുക്കാനും കഴുകാനും കളയാനും എളുപ്പം.   നിത്യനൂതനം.    എല്ലാംകൊണ്ടും കുതിച്ചുയരുന്ന ലോകവ്യവസ്ഥിതിയിൽ കൂസലില്ലായ്മയുടെ പര്യായമായി `ടി`.

വസ്ത്രം ഒരു മറയാകുന്നുന്നു.   സ്ഥലകാലവ്യവസ്ഥകൾക്കൊത്ത രണ്ടാംതൊലിയാകുന്നു.   അതേസമയം നാം അണിയുന്ന വസ്ത്രം നമ്മുടെ അകത്തെ മനുഷ്യന്റെ ബഹിർസ്ഫുരണവുമല്ലേ എക്കാലത്തും?

നമ്മുടെ വസ്ത്രധാരണം എത്രകണ്ടു മാറി!   പണ്ടത്തെ `യൂണിസെക്സ്‌` ( എന്നുവച്ചാൽ ലിംഗവ്യത്യാസമില്ലാത്ത) `മുണ്ടും രണ്ടാമുണ്ടും` എന്നതിൽ തുടങ്ങിയതാണ്‌.   പിന്നീട്‌ പെണ്ണുങ്ങൾ സാരി തിരഞ്ഞെടുത്തപ്പോൾ ആണുങ്ങൾ ഷർട്ടെടുത്തിട്ടു.     ആണുങ്ങൾ പാന്റുടുത്തപ്പോൾ സ്ത്രീകളും, അൽപം വൈകിയെങ്കിലും, ചുരിദാറിലേക്കും പിന്നെ ലെഗ്‌-ഇന്നിലേക്കും ചേക്കേറി.   നഗരങ്ങളിൽ ആൺ-പെൺഭേദമില്ലാതെ ജീൻസും ടി-ഷർട്ടും മുക്കാലുറയും പ്രചരിച്ചു.   വീട്ടിലാണെങ്കിൽ ലുങ്കിയും നൈറ്റിയുമായി മാറി ആൺ-പെൺ വേഷങ്ങൾ.  വിശേഷാവസരങ്ങളിൽമാത്രം പൗരാണിക-വസ്ത്രങ്ങളും മോഡേൺ-ഡ്രെസ്സുകളും ഉപയോഗിക്കപ്പെട്ടു.

എന്റെ കോണകക്കാലം എനിക്കോർമയില്ല.   വള്ളിനിക്കറും അരക്കയ്യൻഷർട്ടുമായി തുടക്കം.   അതുമാറി അരയിൽമുറുക്കുന്ന അരക്കാലൻ- ട്രൗസറായപ്പോൾ ഇടയ്ക്കൊക്കെ ഒരു മുഴുക്കയ്യൻ ഷർട്ടെല്ലാം കിട്ടി (ഫാഷൻ എന്നതിനേക്കാളേറെ, വാങ്ങിയ തുണി പാഴാകാതിരിക്കാനായിരുന്നു മുഴുക്കയ്യ്‌ എന്നതു മനസ്സിലാക്കണം).   അത്‌ സ്കൂൾ കാലത്ത്‌.   അന്ന്‌ കായികപരിശീലകൻമാത്രമായിരുന്നു അധ്യാപകരിൽ കാലുറയിട്ടു വന്നിരുന്നത്‌.    കോളേജിൽ ചേർന്നപ്പോൾ ആദ്യവർഷം പോലും  ഞാൻ അരക്കാലൻ-ട്രൗസറിലായിരുന്നു.   അധികം വൈകാതെ നാട്ടുനടപ്പനുസരിച്ച്‌ മുണ്ടിലേക്കു മാറി.   ജഗന്നാഥൻഎന്നും `മല്ല്‌` എന്നും വിളിച്ചിരുന്ന, യഥാക്രമം താഴ്ന്നതും മുന്തിയതുമായ  തുണിത്തരങ്ങൾ വെട്ടി വക്കടിച്ചുണ്ടാക്കിയിരുന്ന ഒറ്റമുണ്ട്‌.   കരമുണ്ടും ഡബിൾ മുണ്ടും വലിയവർക്കുമാത്രം.   പട്ടണക്കുട്ടികൾമാത്രം കാലുറയിട്ടു ക്ളാസ്സിൽ വന്നു.   ഒരു മാതിരി അധ്യാപകരെല്ലാം മുണ്ടിലായിരുന്നു.   (അസ്സലിംഗ്ളീഷിൽ `ട്രൗസേർസ്‌`, `പാന്റ്സ്‌` എന്നൊക്കെയാണ്‌ എന്നു പറയേണ്ടതില്ലല്ലോ.)

ബിരുദാനന്തരപഠനകാലത്ത്‌, കടലിലെ പരിശീലനത്തിന്‌ കാലുറ നിർബന്ധമായിരുന്നു.   അങ്ങനെ ഞാൻ ആദ്യത്തെ കാലുറയിട്ടു.   ഞാനടക്കം, ക്ളാസ്സിൽ മുണ്ടുടുത്തു വരുമായിരുന്ന മൂന്നോ നാലോ വിദ്യാർഥികൾ മാത്രമേ അന്ന്‌ ഞങ്ങളുടെ സമുദ്രശാസ്ത്രവിഭാഗത്തിൽ ഉണ്ടായിരുന്നുള്ളൂ.   പിന്നെ ഒന്നുരണ്ട്‌ അധ്യാപകരും അഞ്ചാറ്‌ ഓഫീസ്‌-ഉദ്യോഗസ്ഥരും.

ജോലിക്കായി നാടുവിട്ടപ്പോഴാണ്‌ നിത്യേന പാശ്ചാത്യവസ്ത്രം വേണ്ടിവന്നത്‌.     പുറംരാജ്യങ്ങളിലും ചിലപ്പോൾ നമ്മുടെ നാട്ടിലും ചില ഔദ്യോഗികവേളകളിൽ വിദേശരീതിയിൽതന്നെ കെട്ടിയൊരുങ്ങേണ്ടിയും വന്നു.   തീർത്തും അനാവശ്യവും അസുഖകരവും അരോചകവുമായി തോന്നിയിരുന്നു ആ വസ്ത്രങ്ങളെനിക്ക്‌.

അങ്ങനെയിരിക്കുമ്പോഴാണ്‌ `ടി`ഷർട്ട്‌ - `ജീൻസ്‌`കാലുറ എന്നിവ വമ്പിച്ച പ്രചാരത്തിലാവുന്നത്‌.   അതൊരു സംഭവമായിരുന്നു.   ആദ്യം അരക്കളസവും മുഴുക്കളസവുമായിരുന്നു `ടി`-ഷർട്ടിനു കൂട്ടിനുണ്ടായിരുന്നത്‌.   ആ സ്ഥാനം, പിന്നീട്‌ മുക്കാൽകളസം (`ത്രീ-ഫോർത്ത്‌` എന്ന ഇടനിലക്കാരൻ) അടിച്ചുമാറ്റിക്കൊണ്ടുപോയി.   പണ്ട്‌ മുണ്ട്‌ എല്ലാവരുടെയും വസ്ത്രമായിരുന്നപോലെ ഇന്ന്‌ ടി ഷർട്ടും കുഞ്ഞിക്കളസവും എല്ലാവരുടേയുമായി.

അല്പം ചരിത്രം.   അമേരിക്കൻനാടുകളിൽ പത്തൊമ്പതാംനൂറ്റാണ്ടിലെ അടിവസ്ത്രമെന്നതിൽനിന്നും പണിവസ്ത്രമെന്നതിൽനിന്നും, ഒരു പൊതുവസ്ത്രമായി വളർന്നതാണു `ടി`.   ടി-ക്കും ഒരുപാടു രൂപഭേദങ്ങളും ഭാവഭേദങ്ങളും ഉണ്ടായിട്ടുണ്ട്‌, കാലാകാലങ്ങളിൽ - കൈനീളവും കൈവണ്ണവും കൂടിയും കുറഞ്ഞും; കീശയും കോളറും വന്നും പോയും; കഴുത്ത്‌ വട്ടമായും വർത്തുളമായും ചതുരമായും ത്രികോണമായും.   തുണിയുടെ തരവും മാറി, നെയ്ത്തിന്റെ വിധവും മാറി - തുന്നലിന്റെ വിധിയും.   വെറും തുണിയിൽ തുടങ്ങി നിറപ്പകിട്ടിലേക്കും ചിത്രപ്പണിയിലേക്കും ടി-ഷർട്ട്‌ ചെന്നെത്തി.   അക്ഷരങ്ങളും അക്കങ്ങളും വാക്യങ്ങളും വരകളും ടി-ഷർട്ടിൽ ഇടം നേടി - പരസ്യവും പ്രതിഷേധവും പരിഹാസവും പ്രചരണവും പ്രിയവും അപ്രിയവും എല്ലാം.   `പ്രകടനകല` എന്നതിനപ്പുറം, `ഉടുക്കാവുന്ന കല` എന്നു വരെ ടി-ഷർട്ട്‌ പ്രകീർത്തിക്കപ്പെട്ടു.   അവയുടെ മുൻപിലും പിൻപിലും എഴുതിക്കൂട്ടുന്ന വാക്കുകളും വരയ്ക്കപ്പെടുന്ന ചിത്രങ്ങളും ഞാൻ ശ്രദ്ധാപൂർവം നിരീക്ഷിക്കാറുണ്ട്‌ (ഈ വയസ്സുകാലത്തും വായ്നോട്ടത്തിനു  തട്ടുകിട്ടുമോ എന്തോ.   വളരെ രസകരമായിത്തോന്നിയവ, പക്ഷെ, ഇവിടെ എഴുതാൻ കൊള്ളില്ല).

സ്ക്രീൻ-പ്രിന്റിംഗും പ്രോസസ്സ്‌-പ്രിന്റിംഗും ഹീറ്റ്‌-ട്രാൻസ്ഫറും എല്ലാം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌, ടി-ഷർട്ടിനെ വർണാഭവും വാങ്മയവുമാക്കാൻ.   നമ്മുടെ `ബാന്ധ്നി` പാരമ്പര്യത്തിലെ `കെട്ടുകെട്ടി നിറംമുക്കൽ` പോലും ടി--ഷർട്ട്‌ നിർമാണത്തിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌.

ഉഷ്ണമേഖലയിലെ ദ്വീപസമൂഹങ്ങളിൽപെട്ട കരീബിയൻ-നാട്ടുകാർക്ക്‌ ടീ-ഷർട്ട്‌ ഒരാവശ്യവും അഭിനിവേശവും ആവേശവും ആണ്‌.   അവിടത്തെ താമസക്കാലത്ത്‌, എന്റെ അനവധി വരകൾ ഒരു സഹപ്രവർത്തകൻ തന്റെ സുഹൃത്തിനുവേണ്ടി കൊണ്ടുപോയി, ടി-ഷർട്ടിലെ ഡിസൈനാക്കാൻ.   അമേരിക്കക്കാരുടെ അക്രമപരവൂം ആഫ്രിക്കക്കാരുടെ അസ്തിത്വപരവുമായ ചിത്രീകരണങ്ങൾക്കിടയിൽ, ഭാരതീയരുടെ ആത്മപരമായ ആലേഖനങ്ങൾ അവരെ ആകർഷിച്ചതാവാം.

ടി-ഷർട്ടും, അതിന്റെ കൂടെ ജീൻസും ബെർമുദയും ത്രീഫോർത്തും, ആഗോളവസ്ത്രമായിക്കഴിഞ്ഞു.   ആബാലവൃദ്ധം, ആസേതുഹിമാചലം നമ്മളും അതേറ്റുവാങ്ങിയിട്ടുണ്ട്.   അസ്തിത്വവും ആത്മീയതയും ആശാസ്യതയും അസ്പൃശ്യതയും ഒന്നും അതിനെ പ്രതിരോധിച്ചില്ല.

ഇത്തരം ചില കാര്യങ്ങൾക്കെങ്കിലും `അമേരിക്ക` ഒരു ചീത്തവാക്കല്ല!

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...