Sunday 25 September 2016

ഭാവഹാവാദികൾ



അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം.   മഹാരാജാസ്‌ കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്‌.   ഗുപ്തൻനായർസാർ   ക്ളാസ്സു കത്തിച്ചുകയറുന്നു.   കഥ സൗഭദ്രികം ആണെന്നാണോർമ.   അതിലെവിടെയോ ഭാവഹാവങ്ങൾഎന്നൊരു വാക്കു വരുന്നു.   ഭാവംഎന്തെന്നറിയാം ഏകദേശം.   പക്ഷെ ഈ ഹാവം’?   ഞാൻ സാറിനോടു ചോദിച്ചു.   പ്രായമാകുമ്പോൾ തനിയെ മനസ്സിലാകുംഎന്ന്‌, പതിവില്ലാത്ത കള്ളഗൗരവത്തോടെ അദ്ദേഹം.   ക്ളാസ്സിലെ മുതിർന്ന പെൺകുട്ടികൾ ചിരിയോചിരി.   ഞാനിരുന്നു.   അല്ലാതെന്തുചെയ്യാൻ?


വാത്സല്യം, സ്നേഹം പ്രേമം, പ്രണയം, കാമം എന്നിവയെപ്പോലെ പുകപിടിച്ച വാക്കുകളാണ്‌ ഭാവം, രസം, വികാരം, അനുഭൂതി, അനുഭവം എന്നിവയൊക്കെ.   തമ്മിലെ വ്യത്യാസം എളുപ്പത്തിൽ വ്യക്തമാകില്ല.   പ്രായമെത്താതെ അർഥം തിരിയില്ല, പ്രായം കഴിഞ്ഞാലോ അർഥവും തലതിരിയും.  

ഭാവം അവസ്ഥയാണ്‌, സ്വഭാവമാണ്‌.  രസം അതിന്റെ ബാഹ്യസ്ഫുരണം.   ഷ്ഡ്ഭാവങ്ങളുണ്ട്‌.  നവരസങ്ങളുണ്ട്‌.   എന്നാൽ ഹാവം ഒന്നുമാത്രം.   അതു പെണ്ണുങ്ങളുടെ മാത്രമത്രെ.   അത്‌ വിലാസാദി ചേഷ്ടാവിശേഷമെന്ന്‌ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെയുടെ ശബ്ദതാരാവലിയിൽ.  ഹാവഭാവമെന്നും വെടുപ്പാക്കിപ്പറയാം.  


ആണും പെണ്ണുമില്ലാതെ ജീവിവർഗമില്ല; മനുഷ്യരാശിയില്ല.    ജീവിതത്തെ ആസ്വദിക്കുന്നതും ആഘോഷിക്കുന്നതും ആർഭാടമാക്കുന്നതും മനുഷ്യൻമാത്രം.   ആഹാരം, വികാരം, വിചാരം, വിഹാരം,  വൈകൃതം എന്നിവയിലൊക്കെ മനുഷ്യൻ വിലസൂന്നു.    അതിലാണുണ്ട്‌.  പെണ്ണുണ്ട്‌.  വേണംതാനും.   ഊരായാലതിൽ വീടുവേണം, ഒരു വീടായാലൊരാണു വേണം, ആണായാലൊരു പെണ്ണുവേണം .....എന്നു മലയാളത്തിൽ.   ആടിപ്പാടി വേലശെഞ്ചാ അലിപ്പിരുക്കാത്‌, അതിൽ ആണും പെണ്ണും ശേരാവിട്ടാൽ അഴകിരുക്കാത്‌...എന്നു തമിഴിൽ.   ആദിപാപത്തിനുപോലും ആണും പെണ്ണും വേണ്ടിവന്നില്ലേ.   ആണിനു ഭാവമൊത്താൽ പെണ്ണിനു ഹാവം.   പിന്നെ പിടിച്ചാൽ കിട്ടില്ല വിചാരവികാരാദികൾ; രസാനുഭൂതികളും.


ഇനി, ഹാവത്തിൽനിന്നുതന്നെയോ ഹവ്വയെന്ന പേരും?


എന്തുകൊണ്ടു സ്ത്രീകളിൽമാത്രം ഹാവം അവരോധിക്കപ്പെട്ടു?   വാത്സല്യവും സ്നേഹവും പ്രേമവും കാമവുമെല്ലാം വേണ്ടിടത്ത്‌ വേണ്ടപോലെ പ്രകാശിപ്പിക്കുവാൻ സ്ത്രീകൾക്കേ കഴിയൂ.   ആണ്‌ അസ്ഥാനത്താകുമ്പോൾ പെണ്ണ്‌ അസ്വസ്ഥയാകുന്നു.   പ്രകൃതിയുടെ പരംപൊരുളത്രേ അത്‌.   കാളിമുതൽ കണ്ണകിവരെ സാക്ഷി.


ഭരതന്റെ നാട്യശാസ്ത്രം തൊട്ടിങ്ങോട്ട്‌, രസഭാവങ്ങളെ നൂലിഴപിരിച്ചു പഠിച്ച പാരമ്പര്യമുണ്ട്‌ ഭാരതത്തിന്‌.   സ്ഥായീഭാവങ്ങളും സഞ്ചാരീഭാവങ്ങളും ആംഗികവും വാചികവുമായി പരിസ്ഫുരിപ്പിക്കുവാൻ ഇന്ത്യൻകലകൾക്കുള്ള കഴിവ്‌ അപാരമാണ്‌.   കൂത്തും കൂടിയാട്ടവും കഥകളിയും കഥക്കും ഭരതനാട്യവും കുച്ചിപ്പുഡിയും ഒഡിസ്സിയും ഉദാത്തമാക്കുന്നത്‌ രസാനുഭൂതിയുടെ രംഗലീലയെയാണ്‌.     എന്തിന്‌, അവയുടെ ഇങ്ങേത്തലയ്ക്കലെ മോഹിനിയാട്ടത്തെ വെല്ലുന്ന ലാസ്യനൃത്യം വേറെയേത്‌?  ഹാവഭാവങ്ങളുടെ സർഗാത്മകവും സാരാത്മകവും സൗന്ദര്യാത്മകവുമായ സാക്ഷാത്കരണം മറ്റെവിടെ?   കലാമണ്ഡലം ക്ഷേമവതിയെ ഇത്തരുണത്തിൽ ഓർമിക്കുന്നു.


എൺപതുകളിലാണ്‌.   ഒരു ഉത്തരേന്ത്യൻയാത്രയ്ക്കിടയിൽ തീവണ്ടി രേണുക്കൂട്ട്‌ എന്ന സ്റ്റേഷനിൽ നിൽക്കുന്നു.   വെളിയിൽ വേലിക്കുപുറത്ത്‌ ഒരു എറണാകുളം കാർ കണ്ട്‌ ഞാൻ ഇറങ്ങിനോക്കി.   ഒന്നുരണ്ടുപേരോട്‌ ഒരു യുവതി കയ്യും കലാശവുംകാട്ടി വർത്തമാനം തകർക്കുന്നു.   ആകപ്പാടെ ഒരു മിനി ഭരതനാട്യം.   പിറ്റേന്ന്‌, ഞാനെത്തിപ്പെട്ട ശക്തിനഗർ താപവൈദ്യുതനിലയത്തിന്റെ കോളനിയിൽ അതിഗംഭീരമായ ഒരു ഭരതനാട്യം പരിപാടി.   അതവരുടേതായിരുന്നു.   ഭാരതി ശിവജി.   നൃത്താംഗനകളെയും കഥകളിക്കാരെയും സംഗീതജ്ഞരെയും അധ്യാപകരെയും വൈദികൻമാരെയും വണ്ടിയോട്ടക്കാരെയും എല്ലാം അവരുടെ അംഗവിക്ഷേപങ്ങളിൽനിന്നും ഭാവവിശേഷങ്ങളിൽനിന്നും വേറിട്ടറിയാം.
    

വെള്ളിത്തിരയിൽ ഒരുപക്ഷെ ഹാവഭാവത്തിന്റെ  പൂർണപുഷ്ടി സ്മിത പാട്ടിൽ, ശാരദ, കാവ്യ മാധവൻ എന്നിവരുടെ അഭിനയത്തിലായിരിക്കും എന്നാണെന്റെ പക്ഷം.


ഭാവപൂരണത്തിനാവാം, ഭാവതീവ്രതയ്ക്കാവാം, ആളുകൾക്ക്‌ അംഗവിക്ഷേപങ്ങളുടെ അകമ്പടി.   കൈ-മെയ്‌ അനക്കാതെ പാടിത്തുടിക്കുന്ന യേശുദാസും, കൊത്തിയും കുത്തിയും പറിച്ചും പിടിച്ചും വെട്ടിയും വലിച്ചും തോണ്ടിയും ചുരന്നും ഊതിയും പറത്തിയും പാടിത്തകർക്കുന്ന ഭീംസേൻ ജോഷിയും രണ്ടു ധ്രുവങ്ങളിലാണ്‌ സംഗീതവേദികളിൽ.   അല്ലെങ്കിലും കർണാടകസംഗീതം ശാന്തസ്വരൂപവും ഉത്തരേന്ത്യൻസംഗീതം പ്രകടനപരവുമാണല്ലോ.   അംഗവിക്ഷേപങ്ങൾ അധികപ്പറ്റാകുമ്പോൾ അരോചകമാവുന്നു.  

ഭാവസ്ഫുരണത്തിനുപരി, അംഗവിക്ഷേപങ്ങൾ ചിലപ്പോൾ മാറാശ്ശീലങ്ങളായിപ്പോകുന്നു.   മാനറിസംഎന്ന്‌ ഇംഗ്ളീഷിൽ പറയുന്ന ശീലവൈകൃതങ്ങൾ ചിലർ പൊൻതൂവലായിക്കരുതി തലയിൽകുത്തി നടക്കുന്നതു കണ്ടിരിക്കും - നടൻമാർ, രാഷ്ട്രീയക്കാർ, ബുദ്ധിജീവികൾ, വഴിവാണിഭക്കാർ, ചട്ടമ്പികൾ.    ആത്മപ്രീണനമായോ ആത്മപ്രശംസയായോ ആത്മവിശ്വാസക്കുറവായോ മാത്രം അതിനെ കണ്ടാൽ മതി.   പൊന്നിൻകുടത്തിനു പൊട്ടുവേണ്ട; കുതിരയ്ക്കു കൊമ്പും വേണ്ട.   പൂമണത്തിനു പരസ്യം വേണ്ട.   പൂർണതയ്ക്കു പൂരകം വേണ്ട.

Monday 19 September 2016

പിണിയാളുകള്‍



കര്‍ണാടകവും തമിഴ്‌നാടുമായി കാവേരിവെള്ളത്തര്‍ക്കം. ഈ ആഴ്ച്ച (12 സെപ്റ്റംബര്‍ 2016) നടന്ന അക്രമസംഭവങ്ങളി സ്ഥാവരജംഗമവസ്തുക്കമാത്രമല്ല മാധ്യമപ്രവർത്തകയായ എന്റെ മകളും അവളുടെ ഛായാഗ്രാഹകനുംവരെ കര്‍ണാടകത്തിആക്രമിക്കപ്പെട്ടു. തൊട്ടുമുന്‍പുനല്‍കിയ കൂടിക്കാഴ്ച്ചയിൽ, സമരം സമധാനപരമായിരിക്കുമെന്ന്‌ മുഖ്യമന്ത്രി പതിവുമാതിരി കുറുപ്പിന്റെ ഉറപ്പുനല്‍കിയിരുന്നു. അതിനു തൊട്ടുപിറകെയാണ്‌ ഈ കാപാലികനൃത്തം. സംഗതി 'ലൈവ്‌' ആയിക്കണ്ട ഞങ്ങൾ ഒന്നുംചെയ്യാനാകാതെ തരിച്ചിരുന്നു. ഭാഗ്യവശാല്‍ അധികം പരിക്കുകളില്ലാതെ അവർ രക്ഷപ്പെട്ടു. സ്ഥിതി വളരെ ക്ഷോഭജനകമായിരുന്നിട്ടും ഒരു കുഞ്ഞിപ്പോലീസും സംഭവസ്ഥലത്തില്ലായിരുന്നു എന്നത്‌ ദുരൂഹമായിത്തുടരുന്നു.

ഉച്ചന്യായാലയം ഇടപെട്ട ഒരു പൊതുപ്രശ്നം.   അതു തെമ്മാടികളുടെ കയ്യില്‍കൊടുത്ത്‌ അടിച്ചുതീര്‍ക്കുവാന്‍ശ്രമിച്ച സര്‍ക്കാറിന്റെ ഔദ്ധത്യം സമ്മതിക്കണം. ചളിക്കുണ്ടിലെ സ്വന്തം നിലനില്‍പ്പിനായി രാഷ്ട്രീയക്കാര്‍ എതുവരെ താഴും എന്നതിന്‌ വേറൊരു ഉദാഹരണം വേണ്ട.

സമരം, ബന്ദ്‌, ഹര്‍ത്താൽ, പണിമുടക്ക്‌, സ്റ്റ്രൈക്ക്‌, രാസ്താ-രോക്കോ - പേരിലെന്തിരിക്കുന്നു? എല്ലാം ഒരു മാതിരി തരികിട പരിപാടി. ഒരു കാലത്ത്‌ ശക്തമായി, യുക്തമായി, വ്യക്തമായി ഉപയോഗിച്ചിരുന്ന സമരമുറകള്‍ ഇന്ന്‌ തന്‍കാര്യസിദ്ധിക്കായി ദുരുപയോഗം ചെയ്യപ്പെടുന്നു. പൊതുജനത്തെ, പ്രത്യേകിച്ചു ചെറുപ്പക്കാരെ പമ്പരവിഡ്ഢികളാക്കുന്നു കാട്ടുകള്ളന്‍മാര്‍. അവരെ സമരമുഖത്തിലേക്കിറക്കിവിട്ടിട്ട്‌ സുഖിക്കുന്നു രാഷ്ട്രീയപ്രഭുക്ക. ഏതെങ്കിലും ഒരു നേതാവിന്റെ വെള്ളക്കുപ്പായത്തിനുമേല്‍ ഒരിത്തിരി ചെളി വീണിട്ടുണ്ടോ ഇന്നോളം? അന്നത്തിനായി രാവും പകലും പണിയെടുക്കുന്ന നമ്മുടെ മക്കളുടെ വയറ്റിലല്ല സമരക്കാര്‍ ചവിട്ടേണ്ടിയിരുന്നത്‌. ആ ചവിട്ട്‌ രാഷ്ട്രീയക്കാരുടെ വളര്‍ന്നുവളര്‍ന്നുവരുന്ന കുടവയറില്‍വേണ്ടിയിരുന്നു.

ന്റെ സങ്കടം അതിലല്ല. യാതൊരു തത്ത്വദീക്ഷയുമില്ലാത്ത തടിയന്‍രാഷ്ട്രീയക്കാ പറയുന്നതു വിശ്വസിച്ച്‌, കൊടുക്കാനും കൊള്ളാനും കൊല്ലാനും ചാകാനും തയ്യാറാകുന്ന ആ ബുദ്ധിശൂന്യരുണ്ടല്ലോ, അവരെപ്രതിയാണ്‌ എന്റെ അനുതാപം.

വിമോചനസമരം കണ്ടും കേട്ടുമാണ്‌ ഞാ വളര്‍ന്നത്‌. ആരൊക്കെയോ എന്തൊക്കെയോ വിളിച്ചുപറയുകയും ആരോക്കെയോ എന്തൊക്കെയോ ചെയ്തുകൂട്ടുകയും ചെയ്തതായാണോര്‍മ. ജാഥ, ചൂരല്‍പ്രയോഗം, വെടിവയ്പ്പ്‌, മരണം, അനുശോചനം, കൊള്ളിവയ്പ്പ്‌, പന്തംകൊളുത്തിപ്രകടനം, കുത്തിയിരിപ്പുസത്യാഗ്രഹം, നിരാഹാരസത്യാഗ്രഹം, ജെയില്‍നിറയ്ക്ക - ഇതെല്ലാമായിരുന്നു അന്നത്തെ ബാലപാഠങ്ങള്‍.

കോളേജില്‍ ചേര്‍ന്നവര്‍ഷമാണ്‌ ആദ്യമായി സമരമുഖം നേര്‍ക്കുനേകാണുന്നത്‌. ഭക്ഷ്യക്ഷാമം കൊടുമ്പിരികൊണ്ടിരുന്ന കാലം. ബസ്സിറങ്ങിയത്‌ പൊരിഞ്ഞ ലാത്തിച്ചാര്‍ജിനു നടുവില്‍. ഓടി. നഗരത്തിന്റെ ഊടുവഴികൾ നന്നായറിയാമായിരുന്നതുകൊണ്ട്‌ എളുപ്പം ബസ്‌-സ്റ്റേഷനിലെത്തി, വീട്ടിലേക്കു തിരിച്ചുപോകാന്‍. അവിടെയും പോലീസ്‌. തിരിച്ചോടുമ്പോള്‍ മനസ്സി കരുതി, ഇനിയിതാവര്‍ത്തിക്കില്ലെന്ന്‌. ഒന്നുകില്‍ സമരം; അല്ലെങ്കില്‍ വീട്ടിലിരിപ്പ്‌. അതിനിടയ്ക്കുള്ള ചാഞ്ചാട്ടം നന്നല്ല.

പിന്നെക്കണ്ടത്‌ കാമ്പസ്‌-സമരങ്ങളാണ്‌. ലൊട്ടുലൊടുക്കുകാരണങ്ങള്‍ക്ക്‌ ക്ളാസ്സ്‌-ബഹിഷ്കരണവും മുദ്രാവാക്യം മുഴക്കലും പെണ്‍പിള്ളേരെ കാണിക്കാകുറെ കയ്യാങ്കളിയും ചോരയൊഴുക്കലും. കോളേജ്‌ വിട്ടാ തീരും സമരാവേശം. എങ്കിലും കക്ഷിരാഷ്ട്രീയമെന്തെന്നും എന്താകരുതെന്നും നേതാക്കളുടെ തനിസ്വരൂപമെന്തെന്നും വെളിവാക്കിത്തന്നു അത്തരം സമരങ്ങള്‍.

പലപല സമയങ്ങളിലായി ബന്ദെന്നും പിന്നെ ഹര്‍ത്താ എന്ന ചെല്ലപ്പേരിലും അറിയപ്പെട്ട സമരാഭാസത്തില്‍ അകപ്പെട്ട്‌ നടന്നും വലഞ്ഞും തളര്‍ന്നും,  പഠിക്കാനും പണിയെടുക്കാനും ചെന്നെത്താന്‍മാത്രം മണിക്കൂറുകനശിച്ചുപോയപ്പോള്‍ ഇവയ്ക്കെതിരെ കടുത്ത അവജ്ഞതന്നെ ഉടലെടുത്തു.

ഇന്ത്യന്‍സ്വാതന്ത്യ്രസമരം കഴിഞ്ഞശേഷം ഒരൊറ്റ സമരം കറപുരളാത്തതായുണ്ടോ? ഗോവയിലെ കൊങ്കണിസമരത്തില്‍ കുടുങ്ങി മൂന്നാലുദിവസം തീ തിന്നതു മറക്കാനാകുന്നില്ല. ഒരിക്കല്‍ അതിരാവിലെ നെടുമ്പാശ്ശേരിയിലിറങ്ങി അന്തിവരെ അനങ്ങാനാവാതെ ഇരിക്കേണ്ടിവന്നതും മറക്കാനാവില്ല. ബറോഡയില്‍ ഒരു രാത്രിമുഴുവന്‍ പോലീസ്‌-വലയത്തില്‍ റെയില്‍വേസ്റ്റേഷനികുത്തിയിരിക്കേണ്ടിവന്നതും.  മുല്ലപ്പെരിയാറായാലും കാവേരി ആയാലും മഹാദായി ആയാലും നര്‍മദ ആയാലും 'വെള്ളംകുടി'ക്കുന്നതു പാവം നാട്ടുകാ!

സഹനസമരം, സത്യാഗ്രഹം, ഗാന്ധിമാര്‍ഗം, വിപ്ളവം, വിമോചനം എന്നെല്ലാം വെള്ളപൂശി, രാഷ്ട്രീയക്കാരുടെ സ്വന്തം താത്പര്യങ്ങള്‍ - കച്ചവടം, പണിശാലകള്‍, കള്ളക്കടത്ത്‌, പണമിടപാട്‌ - സംരക്ഷിക്കാനല്ലേ ഇവയെല്ലാം? വെള്ളസേനകളും വാനരസേനകളും ചെമപ്പുസേനകളും പച്ചസേനകളും മഞ്ഞസേനകളും കറുപ്പുസേനകളും നമ്മുടെ താല്‍പര്യങ്ങളാണോ നോക്കിനടത്തുന്നത്‌? നിറഞ്ഞുനില്‍ക്കുന്ന യുവതയേയും പതഞ്ഞുനില്‍ക്കുന്ന നിരാശതയേയും പൊരിഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തേയും ചീഞ്ഞുനില്‍ക്കുന്ന സാമൂഹ്യസ്ഥിതിയേയും മുതലെടുക്കുന്നു ഈ ശവസേനകള്‍.

മന്ത്രവാദത്തിലും മറ്റും പിണിയാളുകളുണ്ട്‌; ദുര്‍മന്ത്രവാദിയുടെ ചൊല്‍പ്പടിക്കൊത്ത്‌ ആട്ടമാടുന്ന മന്ദബുദ്ധികള്‍. അത്തരം ആഭിചാരക്രിയകളില്‍നിന്ന് ഒട്ടും ഭിന്നമല്ല രാഷ്ട്രീയക്കാരുടെ കൈക്രിയകള്‍.

രാഷ്ട്രീയക്കാര്‍ അറിഞ്ഞുതുടങ്ങിയിരിക്കുന്നു അവരുടെ അവസാനം എത്തിയിരിക്കുന്നെന്ന്‌. അതുകൊണ്ടാണ്‌ ഇത്ര പരാക്രമം. അണയാറായവിളക്കിന്റെ പരാക്രമം. രാഷ്ട്രീയരാക്ഷസന്‍മാരേ, സൂക്ഷിക്കുക. നിങ്ങള്‍ക്കിനി തല്ലുകൊള്ളിപ്പട ഒട്ടുസൂത്രത്തില്‍കിട്ടുമെന്നാശിക്കേണ്ട. ചാക്കുകണക്കിനു കാശെടുത്തുകൊടുത്ത്‌ ക്വൊട്ടേഷന്‍ സംഘങ്ങളെത്തന്നെ നിയമിക്കേണ്ടിവരും. അവ ഇന്നോ നാളെയോ നിങ്ങളെത്തന്നെ തിരിച്ചും കൊത്തും!

ജനാധിപത്യത്തിന്റെയും പൌരസ്വാതന്ത്യ്രത്തിന്റെയും ആണിക്കല്ലു തന്നെയാണ്‌ പ്രതികരിക്കാനും പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമുള്ള അവകാശം. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്യ്രത്തില്‍ കൈകടത്തുമ്പോഴാണ്‌ ജനാധിപത്യവും പൌരസ്വാതന്ത്യ്രവും നോക്കുകുത്തികളാകുന്നത്‌. ഒരുപിടി ദുര്‍മന്ത്രവാദികളുടെയും അവരുടെ പിണിയാളുകളുടെയും മുന്‍പി നമ്മമൌനികളായിപ്പോകുന്നു.

മറിച്ചു ചിന്തിച്ചാല്‍ മൌനത്തേക്കാള്‍ വലിയ ചെറുത്തുനില്‍പ്പുണ്ടോ? നിസ്സഹകരണമുണ്ടോ? കള്ളരാഷ്ട്രീയക്കാര്‍ എന്തുപറഞ്ഞാലും പ്രതികരിക്കാതെ മൌനികളായിരുന്നാല്‍ നമുക്കവരെ തോല്‍പ്പിക്കാനാകും.

അവസാനം നാം പഴിക്കേണ്ടത്‌ നമ്മളെത്തന്നെ. കാരണം നാം തന്നെയാണ്‌ ഇപ്പറഞ്ഞ രാഷ്ട്രീയക്കോലങ്ങളെ സൃഷ്ടിച്ചുവിട്ടത്‌. നമ്മള്‍ തോറ്റുകൊടുക്കുമ്പോഅവര്‍ ജയിക്കുന്നു.

Sunday 11 September 2016

'മൊച്ചുവാ വജ്ജോപ്പ്‌'




1498-ല്‍ വാസ്കോ ദ ഗാമ കേരളത്തിലെത്തിയെങ്കിലും അല്‍ഫോണ്‍സോ ദി അല്‍ബുക്കര്‍ക്‌ ആണ്‌ ഗോവ പിടിച്ചെടുത്തത്‌ - 1510-ല്‍. പിടിച്ചടക്കുന്നതിണ്റ്റെ ഉദ്ദേശ്യം വളരെ വ്യക്തമായിരുന്നു, മതപ്രചാരണം തന്നെ. അതില്‍മാത്രമൊതുങ്ങാതെ മതപരിവര്‍ത്തനത്തിലും മതദ്രോഹത്തിലും മുഴുകി പോര്‍ത്തുഗീസ്‌ ഭരണാധികാരികള്‍.

പോര്‍ത്തുഗീസുകാരുടെ മതഭ്രാന്തിനു പരിധിയില്ലായിരുന്നു. അതിനുമുമ്പില്‍ മുട്ടുമടക്കേണ്ടിവന്നു ഒരു വിഭാഗം ഗോവക്കാര്‍ക്ക്‌. ചെറുത്തുനിന്ന മറ്റൊരു വിഭാഗത്തിന്‌ നാടുവിട്ടുപോകാതെ നിവൃത്തിയില്ലെന്നായി. പലായനം ചെയ്യേണ്ടിവന്നവരില്‍ നല്ലൊരു പങ്കും, എന്തുകൊണ്ടെന്നറിയില്ല, തെക്കോട്ടാണു പോയത്‌. ഒരുപക്ഷെ അതിനുള്ള കാരണങ്ങളിലൊന്ന്‌ ദക്ഷിണേന്ത്യന്‍നാടുകള്‍ പൊതുവെ സമാധാനപരമായിരുന്നതാകാം.

ആചാരാനുഷ്ഠാനങ്ങള്‍ കൂടുതല്‍ പാലിച്ചുപോന്നിരുന്ന ഉന്നതവര്‍ഗക്കാര്‍ക്കെതിരെയാണ്‌ പോര്‍ത്തുഗീസുകാരുടെ ഉപദ്രവം കൂടുതല്‍ ശക്തമായിരുന്നത്‌. കൃഷി, കന്നുവളര്‍ത്തല്‍, മീന്‍പിടുത്തം തുടങ്ങിയ ദേഹാധ്വാനത്തിലേര്‍പ്പെട്ടിരുന്ന ആദിവാസി-ജനവിഭാഗത്തിന്‌ ജാതിയും മതവും ആരാധനാക്രമങ്ങളും മറ്റും അത്ര കാര്യമായിരുന്നിരിക്കില്ല. ഓരോദിവസവും ജീവിച്ചുപോകാനുള്ള പെരുംപാടില്‍ ഇത്തരം ഉപരിവര്‍ഗച്ചിട്ടകളില്‍ അഭിരമിക്കാനുണ്ടോ അവര്‍ക്കു സമയവും സന്ദര്‍ഭവും സൌകര്യവും? ഗോവയില്‍ 'കുണ്‍ബി' (കേരളത്തിലെ 'കുഡുംബി') സമുദായത്തിണ്റ്റേതായിരുന്നത്രേ കൃഷിപ്പണിയും കടല്‍പ്പണിയും കുലത്തൊഴിലായി. ഒരു കാലത്ത്‌ രാജ്യഭരണംവരെ കയ്യാളിയിരുന്ന അവര്‍ അചിരേണ ചാതുര്‍വര്‍ണ്യത്തിണ്റ്റെ തിരത്തള്ളലില്‍ സമൂഹത്തിണ്റ്റെ അടിത്തട്ടിലേക്കു പിന്‍തള്ളപ്പെട്ടിരിക്കാം. 'കദംബ' രാജവംശത്തിണ്റ്റെ പേരില്‍നിന്നാണ്‌ 'കുഡുംബി' എന്ന വാക്കുതന്നെ വന്നതെന്ന അഭിപ്രായമുണ്ട്‌ ചരിത്രാന്വേഷകര്‍ക്ക്‌.

ഈ കുഡുംബി (കുന്‍ബി) സമുദായക്കാരാണത്രേ മതദ്രോഹമനുഭവിക്കേണ്ടിവന്ന സാരസ്വതരായ ഉപരിവര്‍ഗക്കാരെ കടല്‍മാര്‍ഗം കേരളത്തിലെത്തിച്ചത്‌. ആ പെരുംയാത്രയുടെ ഓര്‍മയ്ക്കായി കേരളത്തിലെ കുഡുംബികള്‍ക്ക്‌ 'വഞ്ചിയെടുപ്പ്‌' എന്നൊരു ആഘോഷമുണ്ട്‌. 'മൊച്ചുവാ വജ്ജോപ്പ്‌' എന്നുവിളിക്കുന്ന ആ ചരിത്രാനുകരണം തൃപ്പൂണിത്തുറയിലാണ്‌ വര്‍ഷാവര്‍ഷം അരങ്ങേറുന്നത്‌. (കേരളത്തിലെ കുഡുംബിസമുദായത്തിണ്റ്റെ സഹകരണത്തോടെ അതിനെപ്പറ്റിയൊരു ചെറുഡോക്യുമെണ്റ്ററിച്ചിത്രം, 'Boat Ahoy!' - 'മൊച്ചുവാ ഹേളു', പഠനത്തിനും ഗവേഷണത്തിനുമായി എണ്റ്റെ ശ്രീമതി കനക എന്‍. സ്വാമി ഒരുക്കിയിട്ടുണ്ട്‌. അടുത്തുതന്നെ കേരളത്തിലും ഗോവയിലും അതു പ്രദര്‍ശിപ്പിക്കപ്പെടും. ഗോവയിലെ കലാസാംസ്ക്കാരികപ്രവര്‍ത്തകരുടെ താത്പര്യപ്രകാരം ആ ഇംഗ്ളീഷ്‌-മലയാളം വാര്‍ത്താചിത്രത്തിണ്റ്റെ കൊങ്കണിരൂപവും തയ്യാറാകുന്നുണ്ട്‌. )

കുഡുംബികളുടെ സഹായത്തോടെ ഗോവയിലെ സാരസ്വതര്‍ കടല്‍മാര്‍ഗം കേരളത്തിലെത്തിച്ചേര്‍ന്നതിണ്റ്റെ സമുദ്രശാസ്ത്രപരമായൊരു പുന:സൃഷ്ടിക്കാണ്‌ ഞാന്‍ ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്‌.

ഗോവയില്‍ പോര്‍ത്തുഗീസുകാരുടെ മതദ്രോഹം മൂര്‍ദ്ധന്യത്തിലെത്തുന്നത്‌ പതിനാറാംനൂറ്റാണ്ടിണ്റ്റെ രണ്ടാംപകുതിയോടെയാണല്ലോ. ഏകദേശം ആ സമയത്തോടടുപ്പിച്ചാകണം പ്രാദേശികരുടെ പലായനത്തിനു പ്രാരംഭംകുറിച്ചിരിക്കുക. അതെത്രവര്‍ഷം തുടര്‍ന്നിരിക്കും എന്നു തീര്‍ത്തും പറയാന്‍ വയ്യ. കൈക്കണക്കിനായി ഒരു അന്‍പതുവര്‍ഷം എന്നനുമാനിക്കാം; അതില്‍ ഏതാണ്ടു പത്തുവര്‍ഷമായിരിക്കണം കടല്‍മാര്‍ഗമുള്ള കൂട്ടപ്രയാണത്തിണ്റ്റെ പരകോടി.

എന്തുകൊണ്ടു കടല്‍യാത്ര? കരമാര്‍ഗം ആപേക്ഷിച്ച്‌ ചെലവും അപകടവും ദൂരവും സമയവും കുറഞ്ഞതാണല്ലോ കടല്‍മാര്‍ഗം. പിന്നെ അധിനിവേശസേനയുടെ കണ്‍വെട്ടിക്കാനുമാകും. അത്യാവശ്യം വസ്തുവകകള്‍ കടത്താനുമാകും.

കടല്‍യാത്ര തുടങ്ങാന്‍ ആദ്യം വേണ്ടത്‌ സുരക്ഷിതമായ ഒരു തീരപ്രദേശമാണ്‌. തെക്കന്‍ഗോവയേക്കാള്‍ വടക്കന്‍ഗോവയിലായിരുന്നല്ലോ അധിനിവേശസേനയുടെ കോട്ടകൊത്തളങ്ങള്‍. അതിനാല്‍ പോര്‍ത്തുഗീസുകാരുടെ കണ്ണുവെട്ടിച്ചു വള്ളമിറക്കുവാന്‍പറ്റിയ സ്ഥലം തെക്കന്‍തീരമായിരുന്നിരിക്കണം. അതിനാല്‍കൂടിയായിരിക്കണം രക്ഷപ്പെട്ടോടുന്നവര്‍ ഗോവയ്ക്കു വടക്ക്‌ പലായനം ചെയ്യാതിരുന്നത്‌. സാമാന്യം നീണ്ടതും സഞ്ചാരയോഗ്യവും, അപായവും ആള്‍പാര്‍പ്പും കുറഞ്ഞതുമായ കാണക്കോണ-പ്രദേശമായിരുന്നിരിക്കണം വഞ്ചിയാത്രയുടെ തുടക്കസ്ഥാനം. അവിടമായിരുന്നല്ലോ ആദിവാസികളായ കുണ്‍ബിമാരുടെ മുഖ്യ ആവാസകേന്ദ്രവും.

ഇനി സമുദ്രയാനത്തിണ്റ്റെ കാര്യം. തീരപ്രകൃതിയും കടല്‍ത്തട്ടും കാറ്റും തിരയും ഒഴുക്കുമെല്ലാമാണ്‌ വള്ളങ്ങളുടെ വലിപ്പം, ആകൃതി എന്നിവയെ നിശ്ചയിക്കുന്നത്‌. ഗോവയിലെയും കേരളത്തിലെയും പരമ്പരാഗതവള്ളങ്ങള്‍ക്ക്‌ സാമ്യതയുണ്ട്‌, കാരണം ഈ രണ്ടുപ്രദേശങ്ങളിലെയും സമുദ്രലക്ഷണങ്ങള്‍ സമാനമാണ്‌. അന്ന്‌, ഇന്നു 'വഞ്ചിയെടു'പ്പുത്സവത്തില്‍ ഉപയോഗിക്കുന്നതരം വള്ളമായിരുന്നു എങ്കില്‍ പത്തോ പതിനഞ്ചോ പേരെ കയറ്റാവുന്നതരമായിരുന്നിരിക്കണം. ഇരുവശത്തും ഈരണ്ടു തുഴക്കാരും അമരത്തൊരു സ്രാങ്കും കുറഞ്ഞപക്ഷം ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ യാത്രക്കാരായി ഒരു പത്തുപേരെ കയറ്റാന്‍ പറ്റിയെന്നിരിക്കും. പോര്‍ത്തുഗീസുകാരുടെ കണ്ണില്‍പെടാന്‍മാത്രം വലിപ്പമുള്ള ഉരുക്കളോ പായ്ക്കപ്പലുകളോ കെട്ടുവള്ളങ്ങളോ ഉപയോഗിച്ചിരിക്കാനിടയില്ല. കൂടിവന്നാല്‍ ഒരു കൊച്ചു കപ്പല്‍പ്പായ വല്ലപ്പോഴും കെട്ടിപ്പൊക്കിയിരിക്കും.

വഴി നിശ്ചയിക്കലാണടുത്തത്‌. മണല്‍ത്തിട്ടകളും പാറക്കെട്ടുകളും നിറഞ്ഞ തീരപ്രദേശത്തേക്കാള്‍ പൊതുവെ തടസ്സമില്ലാത്ത പുറംകടല്‍ പ്രദേശമായിരിക്കും നല്ലൊരു നാവികന്‍ തിരഞ്ഞെടുക്കുക. എന്നാലോ ആഴക്കടലിലകപ്പെട്ടാല്‍ ദിക്കും ദിനവുമറിയാതെ നട്ടംതിരിയാനിടയുള്ളതിനാല്‍ കഷ്ടി തീരം കാണാന്‍ കഴിയുന്നത്ര ദൂരത്തേ യാത്രചെയ്തിട്ടുണ്ടാകൂ. മാത്രമല്ല പുറംകടലില്‍ വേലിയേറ്റ-ഇറക്കങ്ങളുടെ വെള്ളപ്പാച്ചിലും തീരപ്രദേശത്തെ അപേക്ഷിച്ചു കുറഞ്ഞിരിക്കും. പുറംകടലിലാണെങ്കിലും ഇടയ്ക്കിടെ കരയ്ക്കടുക്കുവാനുള്ള സൌകര്യങ്ങളും നോക്കേണ്ടതുണ്ടല്ലോ. അതിനായി, കൊങ്കണത്തിലെ കാര്‍വാറില്‍ തുടങ്ങി മലബാര്‍തീരത്തെ പലപല അഴിമുഖങ്ങളും കൊടുങ്ങല്ലൂർ, കൊച്ചി എന്നിവിടങ്ങളിലെ മുന്തിയ തുറമുഖങ്ങളും അവര്‍ ഇടത്താവളങ്ങളായി കരുതിയിരുന്നിരിക്കാം. ഒറ്റയടിക്കു പറന്നുചെല്ലാന്‍പറ്റിയ ദിക്കോ ദൂരമോ അല്ലായിരുന്നല്ലോ ആ കടല്‍യാത്രയില്‍. വെള്ളം, ഭക്ഷണം, സുരക്ഷിതത്വം, സഹകരണം എന്നിവയ്ക്കെല്ലാം കരമാര്‍ഗമോമറ്റോ ഒറ്റയ്ക്കും തെറ്റയ്ക്കും മുന്‍പേപോയവര്‍ സൌകര്യപ്പെടുത്തിയിട്ടുണ്ടാവാം.

ഏതു കാലത്തായിരിക്കും അവര്‍ യാത്ര പുറപ്പെട്ടിട്ടുണ്ടാവുക?

നമ്മുടെ നാടിണ്റ്റെ പടിഞ്ഞാറന്‍തീരം, കിഴക്കോട്ടല്‍പം ചരിവോടുകൂടി ഏകദേശം തെക്കുവടക്കായാണല്ലോ. ഇടവം മുതല്‍ ചിങ്ങം വരെ (ജൂണ്‍-മുതല്‍ സെപ്റ്റംബര്‍ വരെ) കാലവര്‍ഷക്കാറ്റ്‌ തെക്കുപടിഞ്ഞാറുനിന്നു വീശിയടിക്കുന്നു. തല്‍ഫലമായി അതിശക്തമായ തിരകളും പുറങ്കടലില്‍നിന്ന്‌ കരയോടടുക്കുന്നു. അക്കാലത്തെ കടലൊഴുക്ക്‌ വടക്കുനിന്ന്‌ തെക്കോട്ടായിരിക്കുമെങ്കിലും ദിവസേന രണ്ടുതവണയുണ്ടാകുന്ന വേലിയേറ്റ-ഇറക്കങ്ങള്‍ ആ ഒഴുക്കിനെ മറയ്ക്കാന്‍തക്കവണ്ണം ശക്തമാണ് കൊങ്കണ്‍-മലബാര്‍ തീരങ്ങളില്‍. അതിശക്തമായ മഴയുംകൂടിയാകുമ്പോള്‍ കാലവര്‍ഷക്കാലം കടല്‍യാത്രയ്ക്കു തീരെ യോജിച്ചതല്ല; പ്രത്യേകിച്ചും വടക്കുനിന്ന്‌ തെക്കോട്ടേക്കുള്ള വഞ്ചിയാത്രയ്ക്ക്‌. ചിങ്ങം കഴിഞ്ഞാല്‍ കടല്‍ തെളിയും. എന്നാലോ നവംബര്‍മാസമാകുമ്പോഴേക്കും കേരളതീരത്ത്‌ തുലാവര്‍ഷത്തിണ്റ്റെ വരവായി. തുടര്‍ന്നുള്ള വൃശ്ചികക്കാറ്റ്‌ പ്രസിദ്ധമാണല്ലോ. കൊങ്കണപ്രദേശങ്ങളില്‍ ഇതത്ര പ്രകടമല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ പശ്ചിമതീരത്തെയാകെ ഇളക്കിമറിച്ചുകൊണ്ടിരിക്കും. ശീതകാലത്തോടെ കാറ്റും കോളും നന്നായടങ്ങും. പക്ഷെ മഞ്ഞുമൂടിക്കെട്ടി കരയും കടലും ചക്രവാളവുമെല്ലാം പലപ്പോഴും കണ്ണില്‍പെടാതാകും; പ്രത്യേകിച്ച്‌ രാത്രികാലങ്ങളില്‍. തുടര്‍ന്നുള്ള ഏതാനും മാസങ്ങളില്‍ കടല്‍ തെളിയും. തെക്കന്‍യാത്രയ്ക്കു യോജിച്ച വടക്കന്‍കാറ്റ്‌ മെല്ലെ വീശുന്നുണ്ടാകും. കടല്‍പരപ്പ്‌ തികച്ചും ശാന്തമായിരിക്കും. പകലും രാത്രിയും മിതോഷ്ണമായിരിക്കും.
ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍, അനുകൂലമായ കാറ്റും അലോസരപ്പെടുത്താത്ത ഒഴുക്കും കുറഞ്ഞ തിരത്തള്ളലും തെളിഞ്ഞ ആകാശവും താങ്ങാവുന്ന ചൂടും പരവേശപ്പെടുത്താത്ത ഈര്‍പ്പവും കണക്കിലെടുത്താല്‍, കാലവര്‍ഷം കഴിഞ്ഞുള്ള സമയമായിരിക്കും ഉചിതം. മഞ്ഞുമൂടുമ്പോള്‍ കരയും ആകാശവും ചക്രവാളവുമെല്ലാം നോട്ടമെത്താത്തതിനാലും കേരളതീരത്തോടടുക്കുമ്പോള്‍ തുലാവര്‍ഷത്തിണ്റ്റെ അതിപ്രസരമുള്ളതിനാലും ശിശിരകാലവും വിട്ട്‌, പുതുവര്‍ഷം പുലര്‍ന്ന്‌ വേനല്‍പിടിക്കുംമുമ്പേയുള്ള രണ്ടുമൂന്നു മാസങ്ങളിലായിരുന്നിരിക്കണം അവരുടെ കടല്‍യാത്ര. ആ സമയത്താണ്‌ തെക്കോട്ടു നീങ്ങാന്‍ അത്യനുകൂലമായ വടക്കന്‍കാറ്റ്‌, മിതോഷ്ണം, തെളിഞ്ഞ രാപ്പകലുകള്‍. ഗോവയില്‍നിന്ന്‌ മകരം-കുംഭം-മാസങ്ങളില്‍ പുറപ്പെട്ട്‌ മീനമാസത്തോടെ കേരളത്തിലവര്‍ എത്തിയിരിക്കാനാണു സാധ്യത. കുഡുംബിസമുദായക്കാര്‍ക്ക്‌ മീനഭരണി വിശേഷപ്പെട്ടൊരു ആഘോഷമായതിനു നിമിത്തമിതാകാം.

ഏകദേശം ആയിരം കടല്‍-മൈല്‍ ദൂരമായിരുന്നു അവരുടെ മുന്‍പില്‍. ഒറ്റയടിക്കു തുഴഞ്ഞാല്‍ ഒരാഴ്ചയെങ്കിലും വേണം. അത്‌ അസാധ്യം. വഴിയില്‍ മൂന്നാലു സ്ഥലങ്ങളില്‍ വള്ളമടുപ്പിച്ച്‌ മൂന്നാലു ദിവസം വിശ്രമിച്ച്‌ വീണ്ടും തുഴഞ്ഞ്‌ ഒരു മുപ്പതു ദിവസമെങ്കിലും അവര്‍ യാത്രചെയ്തിരിക്കും എന്നാണെണ്റ്റെ അനുമാനം. മംഗലാപുരത്തും നീലേശ്വരത്തും കോഴിക്കോട്ടും കൊടുങ്ങല്ലൂരും വൈപ്പീനിലും കൊച്ചിയിലും തുറവൂരിലും ആലപ്പുഴയിലുമെല്ലാം അവര്‍ തുഴഞ്ഞെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്തുകൊണ്ടോ, ചേര്‍ത്തലയ്ക്കു തെക്ക്‌ അവരധികം പോയില്ലെന്നു കാണുന്നു. ഒരുപക്ഷെ തിരുവിതാംകൂറിലെ ഉഗ്രമായ രാജഭരണം പ്രതികൂലമായിരുന്നതാകാം. അതോ കൊച്ചിയില്‍ പ്രായേണ സുരക്ഷിതമായ സങ്കേതം കണ്ടെത്തിയതോടെ തുടര്‍ന്നുള്ള പ്രയാണം അവസാനിപ്പിച്ചതുമാകാം.

പത്തിരുപതിനായിരം ആളുകള്‍ അക്കാലങ്ങളില്‍ കടല്‍കടന്നതായിക്കാണുന്നു. അതിന്‌ ഒരായിരം വള്ളങ്ങള്‍ കടല്‍കീറിയിട്ടുണ്ടാകണം. കുഡുംബികളും അവര്‍ നയിച്ചുകൊണ്ടുവന്ന സാരസ്വതരുമായി ഇന്ന്‌ പത്തുലക്ഷത്തോളം കൊങ്കണിഭാഷക്കാര്‍ കേരളദേശത്തുണ്ടത്രേ.

കേരളക്കരയില്‍ കാലുകുത്തിയതോടെ സാരസ്വതരും കുന്‍ബികളും തമ്മിലുള്ള ജാതിവ്യത്യാസം വീണ്ടും തലപൊക്കിയതായാണറിവ്‌. സാരസ്വതര്‍ ഗൌഡ-സാരസ്വതരായും കുന്‍ബികള്‍ കുഡുംബികളായും വഴിപിരിഞ്ഞു. കടല്‍യാത്ര നിഷിദ്ധമായിരുന്നല്ലോ പണ്ടു ബ്രാഹ്മണര്‍ക്ക്‌. ആ കുറവു തീര്‍ക്കാനാകണം മത്സ്യാഹാരമുപേക്ഷിച്ച്‌ മറ്റു മലയാളബ്രാഹ്മണരുടെ കൂടെക്കൂടി ഗൌഡസാരസ്വതര്‍. കുഡുംബികളോ 'അര്‍ദ്ധബ്രാഹ്മണര്‍' എന്ന്‌ അവഹേളിക്കപ്പെട്ടും കേരളത്തില്‍ തുടര്‍ന്നു. ഒന്നിച്ചു നടത്തിയ കടല്‍യാത്ര, 'മച്ചുവാ വജ്ജോപ്പ്‌' എന്ന്‌ കുഡുംബികളുടെമാത്രം ഓര്‍മപ്പെരുന്നാളായി മാറി. ഇതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രം. മഹത്തായ ഈ കടല്‍യാത്ര ചരിത്രപരമായും പുരാതത്ത്വപരമായും വീണ്ടും വിലയിരുത്തപ്പെടും - പെടണം - എന്നാശിക്കുന്നു.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...