Sunday 30 October 2016

തെളിഞ്ഞൂ പ്രേമയമുന വീണ്ടും ....


മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസ സന്ധ്യകളേ, കാർമുകിലാടകൾ തോരയിടാൻവരും കാലത്തിൻ കന്യകളേ...എന്നൊരു മനോഹരഗാനമുണ്ട്.   ഒരു വരിപോലും പാടാൻകഴിവില്ലാത്ത ഞാൻപോലും ഒരിക്കൽ അതു മൂളിപ്പോയി.   അതൊരു മധുമാസമായിരുന്നു; ത്രിസന്ധ്യ ആയിരുന്നു.   അച്ഛനെ കിടത്തിയിരുന്ന ആസ്പത്രിക്കും തൊട്ടടുത്ത കോളേജിനും അകലത്തെ വീടിനുമിടയിൽ, ജീവിതംതന്നെ ഒരു ത്രികോണമത്സരമായിത്തീർന്ന കാലമായിരുന്നു.   ആസ്പത്രിയുടെ മരുന്നുവാസനയും കൊച്ചിക്കായലിന്റെ ജൈവഗന്ധവും കോളേജ്-അങ്കണത്തിലെ വാകപ്പൂമണവും ഇളംകാറ്റിൽ.    ഒരുദിവസം തീർന്നപ്പോൾ മറുദിവസം പുലരുന്നതിനെക്കുറിച്ചുള്ള വേവലാതി മനസ്സിൽ.   ‘...പടുപാട്ടൊന്നു പാടാത്ത കഴുതയില്ല,’ എന്നു കുമാരനാശാൻ എന്നെപ്പറ്റിയാണ്‌ പണ്ടേ കുറിച്ചിട്ടത്.


എത്ര വിഷമഘട്ടമാണെങ്കിലും നല്ല പാട്ടുകൾ കൂട്ടിനെത്തുന്നു.   അതിനു നമ്മൾ പാടണമെന്നില്ല.   പകരം പാട്ടു നമ്മളെ പരിലാളിച്ചുകൊള്ളും.   സംഗീതം വിളിച്ചാൽ വരണമെന്നില്ല.   വന്നാലോ വിട്ടുമാറുകയുമില്ല.


പ്രേമമായിരിക്കും ഒരുപക്ഷെ എറ്റവുമധികം ഗാനങ്ങൾക്കു പ്രചോദനം.   രാഗം അനുരാഗത്തിന്‌ അവിഭാജ്യം.   പാടാത്ത വീണയും പാടും, പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ; പാടാത്ത മാനസ വീണയും പാടുംഎന്നു പാടിയിട്ടുള്ളതു നിത്യസത്യം.   കണ്ണനും യമുനയും രാധയും അനുരാഗത്തിന്റെ നിത്യവസന്തം.   ഗീതഗോവിന്ദംഎന്ന അഷ്ടപദിയേക്കാൾ മികച്ച മറ്റൊരു പ്രേമഗീതമുണ്ടോ?


പാശ്ചാത്യസംസ്ക്കാരത്തിന്റെ നീക്കിവയ്പ്പായി സെറിനാദ്’ (Serenade) എന്നൊരു സംഗീതവിശേഷമുണ്ടായിരുന്നു ഗോവയിൽ.   പരോക്ഷമായ പ്രേമാഭ്യർഥനയാണ്‌ പലപ്പോഴും സെറിനാദ്.   മാൺഡോ’ (Mando) എന്ന സംഗീതധാരയിലും പ്രേമം ഒരു നിറസാന്നിധ്യമാണ്‌.


സ്വരം, രാഗം, സാഹിത്യം - ഇവയുടെ ആ മുക്കൂട്ടുമുന്നണിയുണ്ടല്ലോ, അതിനേറ്റവും സാംഗത്യമേറുന്നത് പ്രേമപരവശതയിലാണ്‌.   അല്ലെങ്കിലും തികച്ചുമൊരു മധുരനൊമ്പരമാണല്ലോ പ്രേമം.   പണ്ടെന്നോ അല്ലിയാമ്പൽ കടവിലെ അരയ്ക്കു വെള്ളത്തിൽകൊതുമ്പുവള്ളം ഒന്നായ് തുഴഞ്ഞത് ഒരിക്കലും മറക്കില്ലാരും.   കൊഴിഞ്ഞപീലികൾ പെറുക്കിയെടുത്തും കൂടുകൂട്ടും ഹൃദയം, വിരിഞ്ഞ പൂവിലും വീണപൂവിലും വിരുന്നൊരുക്കും ഹൃദയം’.


ഒരൊറ്റമതമുണ്ടുലകിന്നുയരാൻ പ്രേമമതൊന്നല്ലോ, പരക്കെ നമ്മെ പാലമൃതൂട്ടും പാർവണ ശശിബിംബംഎന്നു പാടിയത് ഉള്ളൂർ.   ഓമൽപ്പിച്ചിച്ചെടിലത മരുല്ലോളിതാ വർഷബിന്ദു സ്തോമക്ളിന്നാ പുതുമലർ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോൾ‘, പ്രേമക്രോധക്ഷുഭിതയായ കാമുകിയുടെ ബാഷ്പധാരാഭിസിക്തമായ മന്ദസ്മിത സുമുഖമാണ്‌ ഓർത്തുപോകുന്നത് വിപ്രലംഭത്തിൽ വലിയകോയിത്തമ്പുരാൻ.   തെളിഞ്ഞൂ പ്രേമയമുനവീണ്ടും, കഴിഞ്ഞൂ ബാഷ്പമേഘവർഷം, വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ...എന്നുതന്നെയല്ലേ നവയുഗപ്രണയിക്കും പറയാനുള്ളത്?


ഇവിടെ കാറ്റിനു സുഗന്ധം, ഇതിലേ പോയൊരു വസന്തംഎന്നു തിട്ടപ്പെടുത്തി തേടിയെത്തുന്ന കാമുകൻ കാണുന്നത്, ’ശരറാന്തൽ തിരിതാഴ്ത്തി പകലിൻ കുടിലിൽ‘, മൂവന്തിപ്പെണ്ണ്‌ ഉറങ്ങാൻകിടക്കുന്നതാണ്‌.   എന്നും പതിനാറു വയസ്സാണ്‌, അവൾക്കേതു നേരവും കനവാണ്‌എന്നാണവനുടെ സങ്കൽപം.   ഹർഷബാഷ്പം തൂകി, വർഷപഞ്ചമി വന്നൂ; ഇന്ദുമുഖീ ഇന്നു രാവിൽ എന്തുചെയ്വൂ നീഎന്ന് ആധിപിടിക്കുന്ന കാമുകൻ.   നിൻമണിയറയിലെ നിർമലശയ്യയിലെ നീലനീരാളമായ് ഞാൻ മാറിയെങ്കിൽ, ചന്ദനമണമൂറും നിൻദേഹമലർവല്ലി അങ്ങിനെ എൻമാറിൽ പടരുമല്ലോഎന്നാശിക്കുന്ന അനുരാഗി.  


എന്നാലോ തെളിവാർന്നൊഴുകുന്നനുരാഗനദിക്കു വിഘ്നംഒഴിയാവതില്ലെന്നു കുമാരനാശാൻ.   പഴകിയ തരുവല്ലി മാറ്റിടാം, പുഴയൊഴുകും വഴി വേറെയാക്കിടാം, കഴിയുമിവ മനസ്വിതൻമനസ്സൊഴിവതശക്യമൊരാളിലൂന്നിയാൽഎന്നും.   ചമത മുറിക്കും കൈവിരലുകളാൽ ഹൃദയതമ്പുരുമീട്ടാനും, പ്രണവം ചൊല്ലും ചുണ്ടുകളാൽപ്രണയഗാനം പാടാനും കാമുകിമാർക്കു കഴിയും.   സംശയം വേണ്ട.   ഗോപുര മുകളിൽ വാസന്തചന്ദ്രൻ ഗോരോചനക്കുറി വരയ്ക്കുമ്പോൾ, ‘ഇണയുടെ കണ്ണിൽ കൊമ്പുകളാൽ പ്രിയൻ ഇളനീർകുഴമ്പെഴുതിക്കുമെന്നും അവർക്കറിയാം.  


പിന്നെന്താ!   ആയിരം പാദസരങ്ങൾകിലുക്കി, പുഴ പിന്നെയുമൊഴുകുമെന്ന് ആശിക്കാം.


എങ്കിലോ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപത്തെ ഓർത്തോർത്ത്‌ കാമുകൻ അസ്വസ്ഥനാകുന്നു.   അംഗം തുംഗസ്തനഭരനതം പുൽകുവാനോ നനാവിൽ പോരാപുണ്യ പ്രസരംഎന്നു സങ്കടപ്പെടുന്നു; ‘നിന്നെക്കൊണ്ടെന്നഭിമതമെനക്കെയ്തലാമെന്റ്രിരുന്തേൻ, നിദ്രേ ഭദ്രേ ത്വമപി വിധുനാ ദുർലഭാ വല്ലഭേവഎന്നു നിരാശപ്പെടുന്നു.   സദാസമയവും പദാംഗുഷ്ഠേന ഭൂപൃഷ്ഠം ലിഖന്തീനിന്ന അവളാണു കൺമുൻപിൽ.   എത്രസന്ധ്യകൾ ചാലിച്ചു ചാർത്തി ഇത്രയും അരുണിമഅവളുടെ കവിളിൽ!   എത്ര സമുദ്രകൃതന്തം ചാർത്തി ഇത്രയും നീലിമഅവളുടെ കണ്ണിൽ!  അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി അറപ്പുര വാതിലിൽഅവൾ കാത്തിരിക്കുമോ എന്നവനു നിശ്ചയംപോര.   കുങ്കുമപങ്കകളങ്കിത ദേഹാ തുംഗപയോധരകമ്പിതഹാരാഎന്ന നിലയിൽ എഴുതാൻവൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരുനായികയെക്കാണാൻ വൈകി അവന്‌.   നിൻമന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി വിടർന്നേനേ...എന്നാണവനുടെ അനുമാനം.    ഒരുപുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ...എന്നാണവനുടെ ശപഥം.




കാലം ചെല്ലുമ്പോൾ അവർ അന്യോന്യം തിരിച്ചറിയുന്നു, ’മാംസതൽപ്പങ്ങളിൽ ഫണം വിരിച്ചാടും മദമായിരുന്നില്ല നിൻപ്രണയം; അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം അനുഭൂതിയായിരുന്നൂഎന്ന സത്യം.   ശുഭം.

1 comment:

DKM said...

When I saw your post about love lyrics, I felt like sending you my view of love -- both as erotic love and transcendent love (if there is such a thing).

മനോജീയം (published in Kavanakumudi)

ഡി. കെ. എം. കർത്താ

1. രതിമനോജീയം *1

എത്ര കണ്ടാലും തീരാതെ പോരാതെ
നിന്നെ നോക്കിജ്ജ്വലിപ്പു ഞാൻ മോഹിനി!
എന്റെ കണ്ണിലെത്തീയിൽ നീയിന്ധനം,
എന്റെ ചുണ്ടിലെച്ചൂടിൽ നീ ചുംബനം,
എന്റെ നാഡിയിൽ നീ ദ്രുതകന്പനം.
എത്രയേറെപ്പുണർന്നു മുകർന്നാലും
തീരെയെൻ കൊതി മാറാതെ, യാറാതെ
നിന്നെത്തേടുമെൻ ചുണ്ടിൽ നീ തേൻകണം,
എന്റെ മൂക്കിൽ നീ കസ്തൂരിമാദകം,
എന്റെ കാതിൽ നീ സീൽകൃതിരഞ്ജനം,
എന്റെ ത്വക്കിൽ നീ നിർവൃതിമജ്ജനം,
എന്റെ മജ്ജയിൽ നീ സോമബൈന്ദവം. *2

2. പ്രീതിമനോജീയം

എത്ര ചേർന്നാലും പോരാതെ, തീരാതെ,
നിന്നെയുൾക്കൊണ്ടുണർന്നു ഞാൻ ഗേഹിനി!
എന്റെ വാഴ് വിലെത്തീയിൽ നീ ചന്ദനം,
എന്റെ നെഞ്ചിലെ നോവിൽ നീ സാന്ത്വനം,
എന്റെയുള്ളിലെച്ചിന്തിൽ നീ ഷഡ് ജമം.
എത്ര പെയ്താലും തോരാത്ത, തീരാത്ത
നിൻ കനിവിൻ നനവിൽ ഞാനങ് കുരം,
എന്റെ വേരിനു നീ നിത്യജീവനം,
എന്റെ ശാഖയിൽ നീയേ കിസലയം,
എന്നിലകളിൽ നീയേ ഹരിതകം,
എന്റെ പൂക്കളിൽ നീ മധുസൌരഭം,
നിൻ കനികളിൽ ഞാൻ ബീജസൗഭഗം.
-----------------------------------------------

*1 രതിയും പ്രീതിയും -- കാമദേവന്റെ രണ്ടു പത്നിമാർ.
*2 പീയൂഷവൃഷ്ടിം വർഷന്തി / ബൈന്ദവീ പരമാ കലാ (തന്ത്രാലോകം 3/676 -- അഭിനവഗുപ്തൻ)

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...