Sunday 23 October 2016

ഗോമന്തക്

നാലുപതിറ്റാണ്ടുമുൻപ് ഗോവയിലെത്തിപ്പെട്ടപ്പോൾ പരിചയപ്പെട്ട പല വിചിത്രശബ്ദങ്ങളിലൊന്നായിരുന്നു ഗുമന്തക്, ഗുമന്തക്എന്നത് - ബസ്സ്റ്റാന്റുകളിൽ പത്രംവിൽക്കുന്ന പിള്ളേർ അൽപം വക്രിപ്പിച്ചു വിളിച്ചുപറയുന്ന, ‘ഗോമന്തക്എന്ന പ്രാദേശിക മറാഠി ദിനപ്പത്രത്തിന്റെ പേര്‌.   മറവിയിൽമറഞ്ഞ ആ വാക്ക് വീണ്ടും മനസ്സിൽ തലപൊക്കിയത്, ഗോവയിൽ ഞങ്ങളുടെ പ്രവാസി-മലയാള-സാഹിത്യ-കൂട്ടായ്മയിലെ കണക്കൂർ ആർ സുരേഷ് കുമാറിന്റെ ഗോമന്തകംഎന്ന നോവൽ കയ്യിലെടുത്തപ്പോഴാണ്‌.

അന്ന്, എഴുപതുകളിൽ, കേട്ട കഥകളും കണ്ട കാഴ്ചകളും വേറെ ആയിരുന്നു.   അന്ന് മലയാളികളുടെ പ്രയത്നം അതിജീവനത്തിനുവേണ്ടിയായിരുന്നു.   സ്വന്തം സത്വം അധികരിക്കാതെ, അന്യരോടും അനുഭവങ്ങളോടും ആവുന്നതും സമരസപ്പെട്ടുപോകാൻ അവർ നിർബന്ധിതരായി.   ഗൾഫിലെ കാണാക്കനികളോ മറ്റു നരകനഗരങ്ങളിലെ കാണാക്കിനാക്കളോ ഗോവയിലെ മലയാളികളുടെ സ്വൈരം കെടുത്തിയിരുന്നില്ല.   അതുകൊണ്ടാകാം ഒഴുക്കിനെതിരെ നീന്തേണ്ടിവന്നില്ല അവർക്ക്.   അതിനൊട്ടു മേലൊഴുക്കോ കീഴൊഴുക്കോ ഒന്നുമുണ്ടായിരുന്നുമില്ലല്ലോ ഗോവയിൽ.     
ഇന്നത്തെ ഗോവയിൽ കഥ വേറെ, കാര്യവും വേറെ.   സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങളിൽ നാട്ടുകാർപോലും കണ്ണഞ്ചിച്ചും കണ്ണുതള്ളിയും കണ്ണുരുട്ടിയും പോകുന്ന കാലം.   സാംസ്കാരികപൈതൃകം ഗൗരവമായെടുക്കുന്നതോടൊപ്പം അതിൽനിന്നു പുറംതള്ളപ്പെടുന്ന ഒരവസ്ഥയും ഗോവക്കാർക്കുണ്ടായി.   പുറംനാട്ടുകാരെ പുറംനാട്ടുകാരായി കണക്കാക്കി സ്വയം മാളത്തിലൊളിക്കുന്ന പ്രവണത ഈ നാട്ടുകാരും വിട്ടു.     സന്ധിയും സംഘർഷവുമില്ലാതെഇന്ന് ഇവിടത്തെ മലയാളികൾ സ്വതന്ത്രരാണ്‌, സ്വയംനിർമിതരാണ്‌, സന്തുഷ്ടരാണ്‌, സ്വാഭിമാനികളാണ്‌.   അതേസമയം എൽ ദൊരാദോ’ (El Dorado' - ‘സ്വർഗഭൂമി’) കിനാവുകണ്ടുവരുന്ന കുഞ്ഞൻമാർ കൊടുംകുറ്റങ്ങളിലും കൊടുംകഷ്ടതയിലും കുടുങ്ങുന്ന കാഴ്ചയും കുറവല്ല.  
കുറച്ചു മലയാളം പടങ്ങളിലും കുറെ ഹിന്ദി സിനിമകളിലും കുറെയേറെ പരസ്യചിത്രങ്ങളിലും നിന്ന് ഉരുത്തിരിയുന്ന ഗോവയല്ല യഥാർത്ഥ ഗോവ എന്നതു മനസ്സിലാക്കിയവർ ചുരുങ്ങും.   ഗോവയ്ക്കുള്ളിൽനിന്നും ഗോവയെക്കാണുമ്പോഴോ വെള്ളെഴുത്തും കാണും.   ഈ പരമാർഥങ്ങളുടെ വെള്ളിവെട്ടത്തിലാണ്‌ കണക്കൂരിന്റെ നോവൽ പ്രസക്തമാകുന്നത്.   അകന്നിരുന്ന്, എന്നാൽ അടുത്തറിഞ്ഞ് എഴുതുമ്പോഴേ ദൂരദൃഷ്ടിയും സൂക്ഷ്മദൃഷ്ടിയും കരഗതമാകൂ.
കഥ ഇത്രയേ ഉള്ളൂ.   നല്ലതും ചീത്തയുമല്ലാത്ത, അല്ലെങ്കിൽ നല്ലതും ചീത്തയുംവേണ്ടുവോളമുള്ള ഒരു ചെറുപ്പക്കാരൻ വേരുപിടിക്കാത്ത വീട്ടുജീവിതത്തെയും വേരുപടരാത്ത നാടൻജീവിതത്തെയും പുറകിലിട്ട് ഗോവയിലെത്തുന്നു.   ഇവിടെ കാത്തിരുന്നതോ കളിമണ്ണും കുഴമണ്ണും അലകടലും അടിയൊഴുക്കും.   സാമാന്യം ഭേദപ്പെട്ട തൊഴിൽ കണ്ടെത്തിയെങ്കിലും പൂർവകാലസ്മൃതികളും സ്മൃതിഭംഗങ്ങളും സ്മൃത്യാഭാസങ്ങളും തല്ലിത്തകർക്കുമ്പോൾ സ്ഥലകാലബോധം കൈവിട്ടുപോകുന്നു.   വെറും കുറെ മാസങ്ങളുടെ ഇടയളവിൽ, ഒരു പുരുഷായുസ്സിന്റേതുമാത്രമല്ല, പിന്നിട്ട പലപല നൂറ്റാണ്ടുകളിലെ മറ്റാരുടെയോ പാപപങ്കംപേറാൻ വിധിക്കപ്പെട്ട ഒരു ശപ്താത്മാവിന്റെ കഥയില്ലായ്മയാണിത്.   ഒരു ദുരന്തമാകേണ്ടിയിരുന്ന ജീവിതം ഒറ്റൊരു തൂവൽസ്പർശം കൊണ്ടുമാത്രം സ്ഥലകാലബോധം വീണ്ടെടുക്കുന്ന വിസ്മയം പിന്നെ നാം കാണുന്നു.      വിജ്ഞാനം വിഭ്രാന്തിയും വിഭ്രാന്തി വിജ്ഞാനവും പകരുന്ന അത്യപൂർവമായൊരു പ്രതിഭാസത്തെയാണ്‌ കണക്കൂർ ഇവിടെ കയ്യാളിയിരിക്കുന്നത്.   മനുഷ്യൻ എത്ര നല്ലവനും നല്ലവളുമാകാമെന്നും എത്ര ചീത്തയാകാമെന്നും ഒറ്റക്കണ്ണാടിയിൽ പ്രതിബിംബിപ്പിക്കുകയാണു സുരേഷ് ഈ നോവലിൽ.
ഗൾഫ്-മലയാളികളുടെ മോങ്ങിക്കരച്ചിലല്ല.   പാശ്ചാത്യമലയാളികളുടെ പരിഹാസച്ചിരിയില്ല.   മുംബൈ-മലയാളസാഹിത്യത്തിലെ ഋണവികാരങ്ങളോ ദില്ലി-മലയാളസാഹിത്യത്തിലെ ലഹരിബന്ധങ്ങളോ ബെംഗാളി-മലയാളസാഹിത്യത്തിലെ ബൌദ്ധികനാട്യങ്ങളോ തമിഴ്-മലയാളസാഹിത്യത്തിലെ കുട്ടിവൃത്തങ്ങളോ കേരളമലയാളസാഹിത്യത്തിലെ കക്ഷിരാഷ്ട്രീയങ്ങളോ അല്ല; ഇല്ല.   കൊങ്കൺമലയാളികളുടെ മിതത്വവും മൃദുത്വവും മാത്രം.   അങ്ങാടിനിറയ്ക്കുന്ന ബെന്യാമിന്റെ ആടുജീവിതത്തിൽനിന്നും അരങ്ങുനിറയ്ക്കുന്ന സി.വി. ബാലകൃഷ്ണന്റെ വീവ ഗോവയിൽനിന്നും അതിരുപൊളിക്കുന്ന ടി. ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയിൽനിന്നുമെല്ലാം അകന്ന്, യഥാക്രമം യഥോചിതം കപടനാട്യവും അബദ്ധജഡിലതയും മലീമസതയും ഒഴിവാക്കി, അറിയുന്നത് അറിയുമ്പോലെ അടുക്കും ചിട്ടയുമായി അവതരിപ്പിക്കുന്നു സുരേഷ്. 
ചരിത്രത്തിന്റെ കൃത്യതയോ ആഖ്യാതത്തിന്റെ ആധികാരികതയോ അളക്കാൻ ഞാനാളല്ല.   ഒന്നു പറയാം.   അകത്തിരുന്നാൽ അറിയാത്ത കാര്യങ്ങൾ പുറത്തിരിക്കുന്നവർ പറഞ്ഞാലേ അറിയൂ.   അറിഞ്ഞതറിയുന്നതിലല്ലല്ലോ, അറിയാത്തതറിയുന്നതിലല്ലേ അറിവിന്റെ നിറവ്.   ആ നിറവ് അത്യധികമുണ്ട് സുരേഷ് കുമാറിന്റെ ഈ കഥയിൽ.
ചരിത്രമുണ്ടോ ഇല്ലയോ, ശരിയോ തെറ്റോ, ഉള്ളതു വ്യക്തമായും ശക്തമായും ഇതിലുണ്ട്.   പിന്നെ ഇക്കഥയിലെ ഭ്രമാത്മകത.   കേന്ദ്രകഥാപാത്രത്തിന്റെ ബാലാനുഭവങ്ങളുടെ മാറാപ്പുകെട്ടും കൊള്ളാനും തള്ളാനും കഴിയാത്ത തൊഴിലിലെ മാനസികാവസ്ഥയും വികാരവിജൃംഭിതമായ പ്രായവും അകവും പുറവും പരീക്ഷിക്കുന്ന പരിത:സ്ഥിതിയും ഒട്ടേറെ ഭ്രമാത്മകത സൃഷ്ടിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ.

ഈ പുസ്തകം വാങ്ങിവായിച്ചുതീർന്നന്നാണ്‌ അതിന്‌ അത്യർഹമായൊരു പുരസ്കാരം കൈവന്നതെന്നറിയുന്നത്.  ആശ്ചര്യവും ആഹ്ളാദവും അഭിമാനവും അഹങ്കാരവും ഒന്നിച്ചനുഭവപ്പെടുന്ന അപൂർവം സന്ദർഭമായി ഇത്.   കണക്കൂർ ആർ. സുരേഷ്കുമാറിന്‌ അഭിനന്ദനങ്ങളും ആശംസകളും.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...