Sunday 29 November 2015

സേഫ്‌റ്റി ഫസ്റ്റ്‌!

ലോകത്തില്‍ ഏറ്റവും വിലകുറഞ്ഞ സാധനമേതെന്നറിയാമോ? ഇന്ത്യയിലെ ജീവന്‍! അത്രയ്ക്കു നിരുത്തരവാദപരമായിട്ടാണ്‌ നമ്മള്‍ നമ്മുടെയും സഹജീവികളുടെയും സുരക്ഷയെ കാണുന്നത്‌.

തകര്‍ന്ന റോഡുകള്‍ നോക്കൂ, തൂങ്ങുന്ന വയറുകള്‍ നോക്കൂ. വീടുകള്‍ നോക്കൂ, വീട്ടിലെ സാധനങ്ങള്‍ നോക്കൂ. ഫാക്റ്ററികള്‍ നോക്കൂ, അവിടത്തെ ചുറ്റുപാടുകള്‍ നോക്കൂ. വണ്ടികള്‍, യന്ത്രങ്ങള്‍, പാലങ്ങള്‍, പീടികകള്‍, ആസ്പത്രികള്‍. വിഷാഹാരം, കള്ളസാമാനം, അപകടമരുന്ന്, ദുര്‍മന്ത്രവാദം. തകര്‍ന്ന ഓടകള്‍, അടയ്ക്കാത്ത കിണര്‍ക്കുഴികള്‍, മറയ്ക്കാത്ത വൈദ്യുതിപ്പെട്ടികള്‍, തുറക്കാത്ത അത്യാഹിതവാതിലുകള്‍, ..... ജീവന്‌ ഇത്രമാത്രം വിലകല്‍പ്പിക്കാത്ത ഒരു ജനത വേറെയുണ്ടോ എന്നറിയില്ല.

വെറുതയല്ല യൂണിയന്‍ കാര്‍ബൈഡും എന്‍റോണും മോണ്‍സാണ്റ്റോവും എന്‍ഡോസള്‍ഫാനുമെല്ലാം ഇവിടെ മരണംവിതച്ചു നിരങ്ങുന്നത്‌. ദേശികളും മോശമെന്നല്ല. നമ്മുടെ പടക്കക്കമ്പനികളും സിമെണ്റ്റ്‌-ഫാക്റ്ററികളും മരുന്നുനിര്‍മാണശാലകളും തുണിമില്ലുകളും ഖനനസ്ഥലങ്ങളും ബസ്സുകളും ബോട്ടുകളും തീവണ്ടികളും വിമാനങ്ങളും..... ഇരുചക്രക്കാര്‍ സ്വമേധയാ ഹെല്‍മെറ്റ്‌ ധരിക്കില്ല. കാറോടിക്കുന്നവര്‍ സീറ്റ്‌-ബെല്‍റ്റ്‌ ഇടില്ല. വണ്ടിയോടിത്തുടങ്ങിയാല്‍ തുടങ്ങും മൊബൈല്‍-വര്‍ത്തമാനം. വണ്ടിയെടുക്കുന്നവരെല്ലാം വീരന്‍മാര്‍. ചക്രം തിരിക്കുന്നവര്‍ ചക്രവര്‍ത്തിമാര്‍. വഴിയെല്ലാം വാപ്പയുടേതല്ലേ, പിന്നെന്താ?

അധികമായിട്ടില്ല, നാട്ടിലെ തൊടിയില്‍ വൈദ്യുതക്കമ്പികള്‍ക്കു മുകളില്‍ വളര്‍ന്ന മരങ്ങള്‍ മുറിച്ചുനീക്കേണ്ടി വന്നു. പണിക്കായി ഏര്‍പ്പെടുത്തിയ ആളോട്‌ മരം മുറിക്കുന്ന നേരം വൈദ്യുതി വിച്ഛേദിക്കാനും കമ്പിമുറിയാതെ കാവല്‍നില്‍ക്കാനും നിര്‍ബന്ധമായി കെ.എസ്‌.ഇ.ബി.-ക്കാരെ വിളിക്കാന്‍ ഏല്‍പ്പിച്ചുമിരുന്നു. ആരും വന്നില്ല. ആരെയും വിളിച്ചിരുന്നില്ല. കൂറ്റന്‍കൊമ്പുകള്‍ കണ്ടമാനം വെട്ടിയിട്ടു. പലപ്പോഴും കമ്പികളില്‍നിന്നു തീപ്പൊരി പാറി. അയല്‍ക്കര്‍ ഒച്ചവച്ചു. ഒന്നുമായില്ല. കൂടെ ഒച്ചവച്ച എന്നോട്‌ 'ഒന്നുമായില്ലല്ലോ' എന്ന് അയാളുടെ സാന്ത്വനവും! ഒരായിരമോ രണ്ടായിരമോ ലാഭിക്കാന്‍വേണ്ടി കരാറുകാരന്‍കാട്ടിയ കാട്ടാളത്തം!

പഴയ വീടിണ്റ്റെ പഴകിയ കതകുകളും ജനാലകളും മാറ്റിവയ്ക്കേണ്ടി വന്നപ്പോള്‍ മുളകൊണ്ടെങ്കിലും ഭിത്തിക്കൊരു താങ്ങു കൊടുക്കാന്‍ വൈമുഖ്യം കാട്ടി കുട്ടിപ്പണിക്കാര്‍. "ഓ! ഒന്നുമാകില്ലെന്നേ...". ഇലക്ട്രീഷ്യനോ വൈദ്യുതി വിച്ഛേദിക്കാതെ 'ലൈവ്‌' ആയേ വയറിംഗ്‌ നടത്തൂ; അതാണ്‌ അതിണ്റ്റെ ഒരു സ്റ്റൈല്‍. "ഓ! ഒന്നുമാകില്ലെന്നേ...". എത്ര ഉയര്‍ന്ന കെട്ടിടങ്ങളില്‍ പണിയെടുക്കുന്നവര്‍പോലും നിവൃത്തിയുണ്ടെങ്കില്‍ 'ഹാര്‍ണസ്സ്‌' എന്ന സുരക്ഷാസംവിധാനം ഉപയോഗിക്കില്ല. "ഓ! ഒന്നുമാകില്ലെന്നേ...". പണിസ്ഥലത്തെ പൊടി എത്ര ശ്വസിച്ചാലും മൂക്കൊന്നു പൊതിഞ്ഞുകെട്ടില്ല. പെയിണ്റ്റും വാര്‍ണീഷുമെല്ലാം കൈകൊണ്ടേ ഇളക്കൂ. കെട്ടിടങ്ങള്‍ക്കടുത്തേ ചവറും മറ്റും വാരിക്കൂട്ടി തീയിട്ടുകത്തിക്കൂ.

മുംബൈ ഭീകരാക്രമണസമയത്തു കണ്ടതാണല്ലോ നാട്ടുകാരുടെ സുരക്ഷയുടെ കാര്യത്തില്‍ നാം എത്ര കുറച്ചുമാത്രം സജ്ജരായിരുന്നെന്ന്. മുംബൈ-പോലീസിലെ ഒരു 'പാണ്ഡു-ഹവല്‍ദാര്‍' വാതിലില്‍ വെറുമൊരു പ്ളാസ്റ്റിക്‌-കസേരയിട്ട്‌ ഭീകരണ്റ്റെ വഴിമുടക്കാന്‍ ശ്രമിക്കുന്നതു ടീവി-യില്‍ കണ്ടപ്പോള്‍ സഹതാപം തോന്നി. 'അങ്കവും കണ്ടു താളിയുമൊടിക്കാ'നെത്തിപ്പെട്ട മാധ്യമപ്പട എത്രമാത്രം സുരക്ഷാപ്രശ്നം സൃഷ്ടിച്ചെന്ന് അറിവുള്ളതാണല്ലോ.

നഗരങ്ങളിലെ മറ്റൊരു ശാപമാണ്‌ 'സ്റ്റ്രീറ്റ്‌-ക്രിക്കറ്റ്‌'. ഏതോ കുറെ തൊഴിലില്ലാപ്പട എന്നോ തുടങ്ങിവച്ച തലതെറിപ്പ്‌. വീട്ടുകാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി നാശംവിതയ്ക്കുന്ന ആ കളി തീക്കളിയാണെന്നുപദേശിച്ചാല്‍ തിരിച്ചുകിട്ടുന്നതു പച്ചത്തെറി. ബൈക്കുകള്‍കൊണ്ട്‌ 'റെയ്സിംഗ്‌', 'ജംപിംഗ്‌', 'വീലിംഗ്‌'-പോലുള്ള രാക്ഷസക്കളികളും പരക്കെയുണ്ടു പട്ടണങ്ങളില്‍.

പെട്രോള്‍ പമ്പില്‍ ടാങ്ക്‌ നിറയ്ക്കുന്നതു കണ്ടിട്ടുണ്ടോ? ഗാസുകാര്‍ കുറ്റികള്‍ കൈകാര്യം ചെയ്യുന്നതു കണ്ടിട്ടുണ്ടോ? പോര്‍ട്ടര്‍മാര്‍ പെട്ടികളെടുക്കുന്നതു കണ്ടിട്ടുണ്ടോ? ആഘോഷക്കാര്‍ പടക്കംപൊട്ടിക്കുന്നതു കണ്ടിട്ടുണ്ടോ? ബാക്കിയുള്ളവരുടെ കാര്യം പോകട്ടെ, സ്വന്തം സുരക്ഷയെങ്കിലും ഉറപ്പാക്കണ്ടേ ഈ മനുഷ്യജീവികള്‍ക്ക്‌? എന്തെങ്കിലും പറ്റിയാല്‍ നാളെ നിലവിളിച്ചലമുറയിട്ടിട്ടു കാര്യമില്ലല്ലോ.

എല്ലാവരും നിരുത്തരവാദികളാണെന്നല്ല വിവക്ഷ. നാരായണന്‍കുട്ടിയെന്ന നാട്ടിലെ ഇലക്ട്രീഷ്യന്‍ ഓരോ പോയിണ്റ്റും എന്തെന്നും എന്തിനെന്നും വിശദമായി ആലോചിച്ചുറപ്പിച്ചേ പണിചെയ്യൂ. ആദ്യത്തെ സ്വിച്ച്‌ വിളക്കിനുള്ളതായിരിക്കണം. സ്വിച്ചിട്ടാല്‍ വിളക്കിണ്റ്റെ വെളിച്ചം നേരെ കണ്ണിലടിക്കരുത്‌. എല്ലാ മുറികളിലും ഒരേ ക്രമത്തിലായിരിക്കണം സ്വിച്ചുകളുടെയും സോക്കറ്റുകളുടെയും റെഗുലേറ്ററുകളുടെയുമെല്ലാം ക്രമം. സോക്കറ്റുപയോഗിക്കുമ്പോള്‍ വയര്‍ സ്വിച്ചിനുമേല്‍ തൂങ്ങരുത്‌. പഴയ ഓടിട്ട വീടുകള്‍ക്ക്‌ പി.വി.സി.-പൈപ്പിനകത്തെ വയറിംഗാണ്‌ നല്ലത്‌; വെള്ളം കയറില്ല, എലി കടിക്കില്ല. 'എര്‍ത്തിംഗ്‌'-ണ്റ്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. വൈദ്യുതി വീട്ടിലെ വയറുകളില്‍ സമമായി വിതരണം ചെയ്യപ്പെടണം.....എന്നുപോകുന്നു ആശാണ്റ്റെ ആശയങ്ങള്‍. ഒരു സൌകര്യം പ്രമാണിച്ച്‌ ഒരു 3-പിന്‍ സോക്കറ്റ്‌ നിലത്തോടുതൊട്ടു വേണമെന്നു പറഞ്ഞപ്പോള്‍ നാരായണന്‍കുട്ടി വിലക്കി. വേണ്ട, പാടില്ല; കുട്ടികള്‍ വിരലിട്ടേക്കാം, ഈര്‍പ്പം പടര്‍ന്നു കയറാം. നിയമവും സമ്മതിക്കില്ല.

കുളിമുറിയില്‍ വെറുമൊരു വാഷ്‌-ബേസിന്‍ സ്ഥാപിക്കാന്‍ ചുമരില്‍ കോണ്‍ക്രീറ്റ്‌-പാളി ഉറപ്പിക്കണമെന്നു പറഞ്ഞ പണിക്കാരനോട്‌ എനിക്കു നീരസം തോന്നി. എന്നാല്‍ ആ വിദ്വാണ്റ്റെ വിശദീകരണം എനിക്കൊരറിവായി. എല്ലാവര്‍ക്കും വയസ്സായി വരികയാണ്‌. കുളിമുറിയില്‍ ഒന്നു കാല്‍ തെറ്റിയാല്‍ ആദ്യം പിടിക്കാന്‍ കൈപോകുക വാഷ്‌-ബേസിനിലായിരിക്കും. അതും കൂട്ടത്തില്‍ തകര്‍ന്നുവീണാലോ? അതുകൊണ്ട്‌ കുളിമുറിയിലെ സാധനങ്ങളെല്ലാം നല്ല ഉറപ്പിലായിരിക്കണം. അതുപോലെ ആദ്യം വാഷ്‌-ബേസിന്‍, പിന്നെ കുളിസ്ഥലം, പിന്നെ ശൌചസ്ഥലം എന്ന മുറയ്ക്കായിരിക്കണം കുളിമുറിയിലെ ചിട്ട.

കരയിലെ കരുതലുകള്‍ ഇത്രയാണെങ്കില്‍ കടലിലെ കാര്യങ്ങള്‍ എങ്ങിനെയാകണം? വള്ളത്തില്‍ കാല്‍തെറ്റി കടലില്‍ വീണിട്ടുണ്ട്‌. ബോട്ട്‌ മണ്‍തിട്ടയിലുറച്ചിട്ടുണ്ട്‌. കപ്പല്‍ പാറക്കെട്ടില്‍ തട്ടിയിട്ടുണ്ട്‌. കപ്പലില്‍ തീ പിടിച്ചിട്ടുണ്ട്‌. കപ്പലുകള്‍ കൂട്ടിയിടിച്ചിട്ടുണ്ട്‌. കോളില്‍പെട്ടു കഷ്ടപ്പെട്ടിട്ടുണ്ട്‌. കപ്പല്‍തട്ടിലെ ക്രെയിന്‍ ക്രമംവിട്ടുലഞ്ഞ്‌ ഭീകരനിമിഷങ്ങളുണ്ടായിട്ടുണ്ട്‌. ഇരുമ്പുകയറ്‍പൊട്ടി വിലപ്പെട്ട സാധനസാമഗ്രികള്‍ കടലില്‍ നഷ്ടപ്പെട്ടിട്ടുണ്ട്‌. കടലപകടങ്ങള്‍ എന്നെ കുഴക്കിയിട്ടുണ്ടേറെ.

എന്നിരുന്നാലും ലോകത്തിലൊരുപക്ഷെ ഏറ്റവും സുരക്ഷിതമായ യാത്രാവാഹനമായിരിക്കും കപ്പല്‍. കാല്‍നട രണ്ടു ബിന്ദുക്കളെ തൊട്ട്‌. ഇരുചക്രയാത്ര ഒരു വരെയെ തൊട്ട്‌. നാല്‍ച്ചക്രവണ്ടികള്‍ രണ്ടു വരകളെ തൊട്ട്‌. തീവണ്ടിയെ താങ്ങുന്നതു രണ്ടു പാളങ്ങള്‍ മാത്രം. വിമാനത്തെ താങ്ങുന്നത്‌ വെറും വായു. എന്നാലോ കപ്പലിനെ ചുറ്റും പൊതിഞ്ഞ്‌ കൈത്താങ്ങായി വെള്ളം സംരക്ഷിക്കുന്നു കടല്‍യാത്രയില്‍ കയര്‍, എണ്ണ, തീ, ആഹാരം, രോഗം എന്നിവയെ പ്രത്യേകം ശ്രദ്ധിക്കണം എന്നു മാത്രം. ഒരുതരത്തിലും അവയെ നിസ്സാരമാക്കി തള്ളില്ല വിവേകമുള്ള നാവികര്‍. അതുകൊണ്ടുകൂടിയാണ്‌ കടല്‍യാത്ര ഇത്ര സുരക്ഷിതമാകുന്നത്‌.

ഞാന്‍ പോയിക്കൊണ്ടിരുന്ന ഗവേഷണക്കപ്പലുകളിലെ കപ്പിത്താന്‍മാരെല്ലാം സുരക്ഷയുടെ കാര്യത്തില്‍ കടുകിട മാറാത്തവരായിരുന്നു. അതില്‍തന്നെ മലയാളിയായ ക്യാപ്റ്റന്‍ വര്‍മ, കടലിലെ ഓരോ പ്രവൃത്തിക്കും മുന്നേ "സേഫ്റ്റി ഫസ്റ്റ്‌!" എന്നു നിഷ്കരുണം ഓര്‍മിപ്പിക്കുമായിരുന്നു. തുറമുഖങ്ങളിലെ ചുമരുകളിലെല്ലാം കാണാവുന്ന ഒരു ബോര്‍ഡാണ്‌ 'സേഫ്റ്റി ഫസ്റ്റ്‌' എന്നത്‌. കപ്പലിണ്റ്റെ കാര്യത്തില്‍ അബദ്ധമെന്നൊന്നില്ല. കാരണം അതു താങ്ങാന്‍ പാങ്ങില്ല എന്നതുതന്നെ. ആദ്യം സുരക്ഷ, പിന്നെ സ്വരക്ഷ.

'സേഫ്റ്റി ഫസ്റ്റ്‌' - അതാണ്‌ കപ്പല്‍നിയമം.

Sunday 22 November 2015

നാടകാന്തം

ഗോവയില്‍ പ്രവാസി സാഹിത്യ കൂട്ടായ്മ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന നാടകക്കളരിയാണ്‌ ഈ ചിന്തകള്‍ക്കു തുടക്കമൊരുക്കിയത്‌.

ആദ്യമേ പറയട്ടെ, ഞാനൊരു നാടകക്കാരനല്ല. വായിച്ചിട്ടുള്ള (അല്ലെങ്കില്‍ കണ്ടിട്ടുള്ള) നാടകങ്ങളും വളരെ കുറവ്‌. എങ്കിലും മനസ്സിനെ കൊത്തിവലിക്കുന്ന എന്തോ ഒന്ന്‌ നാടകത്തിലുണ്ട്‌. ആ 'നാടകീയത' ആണ്‌ സാഹിത്യത്തിണ്റ്റെ ശൃംഗത്തിലേക്ക്‌ നാടകത്തെ ഉയര്‍ത്തുന്നത്‌. 'ധ്വനിരാത്മാ കാവ്യസ്യ' (പറയാതെ പറയുന്നതാണ്‌ കാവ്യത്തിണ്റ്റെ ആത്മാവ്‌) എന്നു പറയുന്ന അതേ ശ്വാസത്തില്‍തന്നെ നമ്മുടെ പൂര്‍വികര്‍ 'നാടകാന്തം കവിത്വം' (കവിത്വത്തിണ്റ്റെ അവസാനവാക്കാണ്‌ നാടകം) എന്നും നിര്‍ണയിച്ചു.

കേട്ടുകാണും, 'എല്ലാ ശാസ്ത്രങ്ങളും ഗണിതത്തോടടുക്കുന്നു, എല്ലാ കലകളും സംഗീതത്തോടടുക്കുന്നു' എന്ന്. സംഗീതത്തോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന സാഹിത്യശാഖ കാവ്യം. കാവ്യസിദ്ധിയുടെ പരകോടി നാടകം.

ദൃശ്യ-ശ്രാവ്യകലകളുടെ മേളനമാണ്‌ നാടകം. കാണാനുള്ളതുണ്ടതില്‍. കേള്‍ക്കാനുള്ളതുണ്ടതില്‍. അനുഭവിക്കാനുള്ളതുണ്ടതില്‍. കലകള്‍ ശ്രാവ്യ(ശബ്ദ)മായാണോ ദൃശ്യം(കാഴ്ച) ആയാണോ മനുഷ്യസംസ്ക്കാരത്തില്‍ ആദ്യം ഇടംനേടിയത്‌ എന്നു നിശ്ചയം പോര. അമ്മയുടെ താരാട്ടായിരിക്കാം ആദ്യത്തെ പാട്ട്‌. ഗുഹച്ചുവരുകളിലെ കോറലുകളാവാം ആദ്യത്തെ ചിത്രങ്ങള്‍. ശബ്ദം വളര്‍ന്നു സംഗീതമായി. കാഴ്ച വളര്‍ന്നു ചിത്രമായി. ശബ്ദവും ചിത്രവും സംഗമിച്ചപ്പോള്‍ എഴുത്തായി - വാമൊഴി വരമൊഴിയായി . വരമൊഴി വളര്‍ന്നു സാഹിത്യമായി. കലാസാഹിത്യരൂപങ്ങള്‍ പലതായി.

ഓരോ കലാരൂപത്തിനുമുണ്ട്‌ തനതായ കൈവഴികള്‍, കൈമുദ്രകള്‍, കാല്‍പ്പാടുകള്‍, കൈക്കണക്കുകള്‍, കെട്ടുവിശേഷങ്ങള്‍. ചുമരെഴുത്ത്‌, പാട്ട്‌, താളം എന്നിവയില്‍ തുടങ്ങി, ചിത്രംവര, ആലേഖനം, സംഗീതം, കഥപറച്ചില്‍, നൃത്തം എന്നിവയിലൂടെ വളര്‍ന്ന് വരയും വര്‍ണവും വാക്കും വരിയും രാഗവും താളവും മുദ്രയും ഭാവവും ചലനവും ശബ്ദവും വെളിച്ചവും ശില്‍പവും ആയി കലാസാഹിത്യങ്ങള്‍ പരന്നു പന്തലിച്ചു നില്‍ക്കുന്നു.

ഓരോന്നിനുമുണ്ട്‌ അതിണ്റ്റേതായ ഭാഷയും വ്യാകരണവും. ഒരു പാട്ടില്‍ പറയുന്നതു ഒരു കഥയില്‍ പറയാന്‍ പറ്റിയെന്നുവരില്ല. ഒരു ചലച്ചിത്രത്തില്‍ കാട്ടുന്നത്‌ ഒരു ചിത്രത്തില്‍ വരയാന്‍ കഴിഞ്ഞെന്നുവരില്ല. കവിത വെറും പാട്ടല്ല. പാവക്കൂത്തല്ല നിഴല്‍ക്കൂത്ത്‌. ഫോട്ടോ കാര്‍ട്ടൂണ്‍ ആവണമെന്നില്ല. മിമിക്രി ഒന്ന് വെണ്റ്റ്രിലോക്വിസം വേറൊന്ന്. കഥാകാലക്ഷേപമല്ല കഥാപ്രസംഗം. കൂത്തല്ല കൂടിയാട്ടം. കഥകളിയല്ല ഓട്ടന്‍തുള്ളല്‍. പുള്ളുവന്‍പാട്ടല്ല പാഠകം. റേഡിയോനാടകമല്ല സ്റ്റേജ്‌-നാടകം. പാട്ടുകച്ചേരിയല്ലല്ലോ പോപ്‌-ഷോ. ഖാവാലിയല്ലല്ലോ ബാവുളി. ഓരൊന്നിനും തനതായ സത്ത്വവും സ്വത്വവും ഉണ്ട്‌; വേറിട്ട കര്‍മവും ക്രിയയും. എന്നാല്‍ നാടകത്തില്‍ ഒരുമാതിരി എല്ലാ കലാസാഹിത്യരൂപങ്ങളും സമ്മേളിക്കുന്നു. "യഥാനദി തഥാ സര്‍വേസമുദ്രേ" എന്നപോലെ. രംഗസജ്ജീകരണം ചിത്രശില്‍പങ്ങളുടെ അനുരണനം. കഥയും കവിതയും സംഭാഷണം. അംഗവിക്ഷേപവും ഭാവപ്രകടനവും അഭിനയം. ശബ്ദവും സംഗീതവും പശ്ചാത്തലം.

കൂടിയാട്ടവും കഥകളിയും നാടകത്തിണ്റ്റെ ആദിരൂപങ്ങള്‍. കൂത്ത്‌ കൂടിയാട്ടത്തിണ്റ്റെ കാര്‍ട്ടൂണ്‍. അവയുടെയെല്ലാം സാംസ്ക്കാരികവും സാമൂഹികവും സാത്വികവും സാങ്കേതികവുമായ സംജ്ഞയും സാര്‍ഥകതയും സാംഗത്യമെല്ലാം സ്വായത്തമാക്കി, നാടകമെന്ന സാഹിത്യശാഖ.

ഏറ്റവും വിഷമംപിടിച്ച കലാരൂപമാണു നാടകം. ഒരാളെക്കൊണ്ടാവില്ല. ഒത്തൊരുമിച്ചേ ഒന്നവതരിപ്പിക്കാനാകൂ. ഓരോരുത്തരും ഒന്നൊന്നായ്‌ പയറ്റണം. ഒടുവില്‍ ഒന്നാവണം. ഒരു നിമിഷം മുന്‍പോ ഒരു നിമിഷം പിന്‍പോ പാടില്ല. ആയാല്‍ തെറ്റി. ഒരു വാക്കോ ഒരു നോക്കോ ഒരു നീക്കമോ പിഴയ്ക്കാന്‍ പാടില്ല. ആയാല്‍ തെറ്റി. റേഡിയോനാടകത്തില്‍ ശബ്ദം മാത്രം മതി. സിനിമയില്‍ വെളിച്ചവും ശബ്ദവും; അവ വീണ്ടും വീണ്ടും തിരുത്തിയാല്‍ മതി. നാടകം തത്സമയമാണ്‌. ഉടന്തടി. അതിനു റീ-റെക്കോറ്‍ഡിംഗ്‌ ഇല്ല. റീ-ടേക്കില്ല. നോണ്‍-ലീനിയര്‍ എഡിറ്റിംഗ്‌ ഇല്ല. സൂം ഇല്ല; ക്ളോസ്‌-അപ്‌ ഇല്ല. അബദ്ധത്തിലാകാന്‍ അധികം വേണ്ട. റിഹേഴ്സല്‍ കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു. അരങ്ങില്‍ തന്നെ ആദ്യവസാനം. അരങ്ങില്‍തന്നെ ആസ്വാദനം. കാണികളെ കാണാം. കൊള്ളാമെങ്കില്‍ കരള്‍നിറയെ കൊള്ളാം. കൊള്ളില്ലെങ്കില്‍ കല്ലെറിഞ്ഞാല്‍ കൊള്ളാം.

കഥയിലെഴുതാം, ഒരാള്‍ സന്ധ്യക്ക്‌ ഇവിടെനിന്ന് അവിടെ വരെ നടന്നുപോയെന്ന്. സിനിമയില്‍ അതുകാണിക്കാം - സന്ധ്യയെയും ചുറ്റുപാടിനെയും അയാളെയും അയാളുടെ നടപ്പിനെയുമെല്ലാം. നാടകത്തിലോ ഇതെല്ലാം ധ്വനിപ്പിക്കണം. അതും ഒരു നിര്‍ദ്ദിഷ്ടസമയത്ത്‌, നിര്‍ദ്ദിഷ്ടസ്ഥലത്ത്‌. അതു പകലാവാം രാത്രിയാവാം. അതു നാട്ടിലാവാം മേട്ടിലാവാം. ഒരു നൂറു ചതുരശ്ര അടിയിലൊതുക്കണം സന്ധ്യയെയും ചുറ്റുപാടിനെയും ആളെയും നടപ്പിനെയും എല്ലാം.

പകരംവയ്ക്കാന്‍ വേറൊന്നില്ലാത്തൊരു സിനിമാപ്പാട്ടുണ്ട്‌ മലയാളത്തില്‍: "കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.....അഭിനന്ദനം, നിനക്കഭിനന്ദനം". നമ്മെ സര്‍ഗഭാവനയുടെയും സംഗീതസാന്ദ്രതയുടെയും സാമൂഹ്യസത്യത്തിണ്റ്റെയും ഉത്തുംഗതയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുപോകുന്ന ആ വരികളില്‍, "വ്യാസനോ കാളിദാസനോ അതു ഭാസനോ ഷെല്ലിയോ ഷേക്‌സ്പിയറോ..." എന്നൊരു പരാമര്‍ശമുണ്ട്‌. ഇവരഞ്ചില്‍ മൂന്നുപേരും നാടകാചാര്യന്‍മാര്‍ കൂടിയായിരുന്നു എന്നത്‌ യാദൃച്ഛികമാകാന്‍ വഴിയില്ല. നാടകാന്തം കവിത്വം.

ഒരു കൊച്ചു നാടകക്കഥകൂടിപ്പറഞ്ഞ്‌ അവസാനിപ്പിക്കാം. അതൊരു നൃത്തസംഗീത നാടകം. അവസാനിക്കുന്നത്‌ ഭാരതാംബയുടെ ഒരു നിശ്ചലദൃശ്യത്തോടികൂടി. റിഹേഴ്സലെല്ലാം പലവട്ടം ഭംഗിയായി നടന്നിരുന്നു. ദൃശ്യം അരങ്ങേറുന്നതിനു തൊട്ടുമുന്‍പാണ്‌ ഹെഡ്‌-മാസ്റ്റര്‍ക്കൊരു സംശയം, ഭാരതമാതാവിനു രണ്ടു കൈകള്‍ മതിയോ, നാലല്ലേ ഉചിതം? സംവിധായകനായ മലയാളം മാഷും അങ്കലാപ്പിലായി. ചിന്തിക്കാന്‍ സമയവുമില്ല. എന്തുംവരട്ടെയെന്നു കരുതി സംവിധായകന്‍തന്നെ ഭാരതാംബയ്ക്കു പിന്നില്‍ ഒളിഞ്ഞിരുന്നു രണ്ടു കൈകള്‍ പരത്തി നീട്ടി. അതിലൊരു കയ്യില്‍ വാച്ചുണ്ടായിരുന്നു.

Sunday 15 November 2015

'ഊട്രുണ്ടെങ്കിലേ യങ്ങ്ളുക്കുള്ളൂ'

മഴകഴിഞ്ഞു മഞ്ഞുകാലം വരവായി. നാട്ടിലെങ്ങും ഇനി സമ്മേളനങ്ങളായി. 

വെറും രാഷ്ട്രീയസമ്മേളനങ്ങളല്ല. 'അതുക്കും മേലെ'യുള്ള ബുദ്ധിജീവിസമ്മേളനങ്ങള്‍: ചര്‍ച്ചകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ശില്‍പശാലകള്‍. ശാസ്ത്രം, സാഹിത്യം, സാമൂഹ്യം, ചരിത്രം, പുരാണം, കച്ചവടം, പരസ്യം, ചലച്ചിത്രം, മാധ്യമം, ആര്യം, ദ്രാവിഡം, ദളിതം, ദൈവികം, എന്നിങ്ങനെ കാക്കത്തൊള്ളായിരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുണ്ടല്ലോ മനുഷ്യരാശിക്ക്‌. മതം, തീവ്രവാദം, സ്ത്രീവിഷയം, അരികുജീവിതം, ആടുജീവിതം, മാടുജീവിതം, ലോക സമധാനം, അധിനിവേശം, അന്യഗ്രഹപ്രവേശം എന്നിവയെല്ലാം അടക്കിപ്പിടിച്ചിരിക്കുകയല്ലേ മാനവരാശി. 

പാശ്ചാത്യരാജ്യങ്ങളിലാണെങ്കില്‍ വസന്തകാലമാണു പഥ്യം. ഇന്ത്യയില്‍ മഞ്ഞുകാലവും. ഇന്ത്യയില്‍തന്നെ ഗോവയാണ്‌ സമ്മേളനങ്ങള്‍ക്കു പ്രിയം. രാജസ്ഥാനും ദില്ലിയും കേരളവുമെല്ലാം കസറുന്നുണ്ട്‌ കോണ്‍ഫറന്‍സുകള്‍ക്ക്‌. ഒന്നുകഴിഞ്ഞാല്‍ മറ്റൊന്ന്‌; ഒരിടം വിട്ടാല്‍ വേറൊന്ന്‌. ഇംഗ്ളീഷില്‍ 'പാര്‍ട്ടി അനിമല്‍' എന്നൊരു വാക്കുണ്ട്‌ (വി.കെ.എന്‍.-മലയാളത്തില്‍ 'അറുതെണ്ടി'). അതുപോലെയാണ്‌ വിഷയ-വിദഗ്ദ്ധന്‍മാര്‍, 'സബ്ജക്റ്റ്‌-എക്സ്പര്‍ട്ടു'മാര്‍ ('വിഷയലമ്പടന്‍മാര്‍' എന്നു വി.കെ.എന്‍.-ഭാഷ്യം). അവര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും നീങ്ങുന്നു, നിരങ്ങുന്നു, ഇവിടത്തെ പരിപാടികഴിഞ്ഞാല്‍ ഉടന്‍ മറ്റൊരിടത്തേക്ക്‌. അവരില്‍തന്നെ സ്വല്‍പം മുന്തിയ വര്‍ഗം ഭൂലോകതെണ്ടികളായിരിക്കും - ഇന്നു പാരീസില്‍, നാലുനാള്‍ കഴിഞ്ഞാല്‍ സാന്‍ഫ്രാന്‍സിസ്കോവില്‍, സീസണാവുമ്പോള്‍ ദുബായില്‍, കേപ്പ്‌ ടൌണില്‍, ഗോവയില്‍, സിഡ്നിയില്‍..... മീറ്റിംഗ്‌ കഴിഞ്ഞിട്ടൊരു നേരമുണ്ടാകില്ല പാവങ്ങള്‍ക്ക്‌. 

രസമതല്ല. ഇവറ്റകളൊന്നും സ്വന്തം കാശുചെലവാക്കിയല്ല ഇപ്പറഞ്ഞ കോണ്‍ഫറന്‍സുകളായ കോണ്‍ഫറന്‍സുകളിലൊക്കെ കൊത്തിനടക്കുന്നത്‌. ദിവസക്കൂലിയും (ഡി.എ) യാത്രക്കൂലിയും (ടി.എ.) കണക്കിനു കിട്ടും; കിട്ടിയില്ലെങ്കില്‍ ചോദിച്ചു മേടിക്കും. ഇതാണ്‌ പ്രാഥമിക'ഡേറ്റ' ('ദത്തം' എന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌). ഇതുവച്ചുള്ള കളികള്‍ക്ക്‌ നോക്കുകൂലി വേറെയും തരപ്പെടുത്തും. അവിടത്തെ തണുപ്പു താങ്ങാനാവാതെ (വീടു ചൂടാക്കാനുള്ള ചെലവും), ഇവിടത്തെ മഞ്ഞുകാലത്ത്‌ വിരുന്നുവരും സമ്മേളനങ്ങള്‍ക്കായി പാശ്ചാത്യശാസ്ത്രജ്ഞരും സാഹിത്യകാരന്‍മാരും അധ്യാപകരും അര്‍ധ-വിദഗ്ദ്ധരും ('പോസ്റ്റ്‌-ഡോക്ടറല്‍' എന്ന പണിയില്ലാപരിഷകള്‍). കൂടെ അവരുടെ സഹശയനക്കാരും ('കമ്പാനിയന്‍' എന്നു ചെല്ലപ്പേര്‌). അവിടെ 'വര്‍ക്കിംഗ്‌ ഹോളിഡേ'; ഇവിടെ 'പെയ്ഡ്‌ ഹോളിഡേ'. മീറ്റിംഗായ മീറ്റിംഗെല്ലാം നിരങ്ങി വീട്ടുകാരെയും നാട്ടുകാരെയും കണ്ടുമടങ്ങാന്‍ നല്ലൊരവസരം മറുനാടന്‍-ഭാരതീയ-ശിങ്കങ്ങള്‍ക്കും. 

ഇങ്ങനെ സെമിനാറുകളില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്തുകിട്ടാന്‍ അപേക്ഷ അയക്കണംപോലും. ആവശ്യപ്പെട്ടാലേ ക്ഷണിക്കപ്പെടുകയുള്ളൂ എന്നത്‌ ഒരു പുതിയ അറിവായിരുന്നു. കാലം കുറെ കഴിയുമ്പോള്‍, 'തെണ്ടിപ്പാസ്സ്‌' സ്ഥിരീകരിക്കപ്പെടുമ്പോള്‍ പിന്നെ മുറതെറ്റാതെ ക്ഷണം വന്നുകൊണ്ടിരിക്കുമത്രേ. കൂട്ടത്തില്‍, നാട്ടില്‍ കുറെ സമ്മേളനങ്ങള്‍നടത്താനൂള്ള ചുമതലയും ലഭിക്കും. 

ആവശ്യപ്പെട്ടാലേ ക്ഷണിക്കപ്പെടുകയുള്ളൂ എന്നത്‌ ഒരു പുതിയ അറിവായിരുന്നു. കാലം കുറെ കഴിയുമ്പോള്‍, 'തെണ്ടിപ്പാസ്സ്‌' സ്ഥിരീകരിക്കപ്പെടുമ്പോള്‍ പിന്നെ മുറതെറ്റാതെ ക്ഷണം വന്നുകൊണ്ടിരിക്കുമത്രേ. കൂട്ടത്തില്‍, നാട്ടില്‍ കുറെ സമ്മേളനങ്ങള്‍നടത്താനൂള്ള ചുമതലയും ലഭിക്കും. സെമിനാറുകള്‍ക്ക്‌ ആദ്യം വേണ്ടത്‌ പറ്റിയ ഒരു വിഷയം കണ്ടെത്തലാണ്‌. മിക്കവാറും വെള്ളക്കാരുടെ ഒരു ഇണ്ടാസുണ്ടാകും പിന്നില്‍. അതു തരംപോലെ നാടിനുചേര്‍ന്നതാക്കാന്‍ നാടന്‍വിരുതന്‍മാരുമുണ്ടാകും. പിന്നെ വേണ്ടതു സ്പൊണ്‍സര്‍മാരാണ്‌. വെള്ളക്കാര്‍ അങ്ങനെയൊന്നും കാശു കൈവിട്ടു കളിക്കില്ല. കാശുതരുന്നെങ്കില്‍ അതിണ്റ്റെ കൂടെ കയറുമുണ്ടാകും. ഇന്നതു ചര്‍ച്ച ചെയ്യണം, ഇന്നിടത്തു ചര്‍ച്ച ചെയ്യണം, ഇന്നാരു ചര്‍ച്ച ചെയ്യണം, ഇന്നതുപോലെ ചര്‍ച്ച ചെയ്യണം എന്നെല്ലാം കണ്ടീഷന്‍സ്‌ അപ്പ്ളൈ. കവാത്തുമറന്ന് നമ്മള്‍ കടുകിട മാറാതെ കാര്യമേല്‍ക്കും. 

പിന്നെയൊരു ഉത്രാടപ്പാച്ചിലാണ്‌ സമ്മേളനം നടത്താന്‍ തരപ്പെടുത്തുന്ന സ്ഥാപനത്തില്‍. ഉപദേശക സമിതി, പണമിടപാടു സമിതി, പ്രോഗ്രാം സമിതി, വരവേല്‍പ്പു സമിതി, നടത്തിപ്പു സമിതി, പ്രസിദ്ധീകരണ സമിതി, ആഹാര സമിതി, വാഹന സമിതി, ഉല്ലാസ സമിതി, സാംസ്കാരിക സമിതി എന്നിങ്ങനെ ജീവനുള്ളവരെയും ഇല്ലാത്തവരെയും കോട്ടിട്ടവരെയും മീശവച്ചവരെയും വെറുക്കപ്പെടേണ്ടവരെയും അല്ലാത്തവരെയും നികൃഷ്ടജീവികളെയും പരമാത്മാക്കളെയും ആറാട്ടുമുണ്ടന്‍മാരെയുമെല്ലാം സ്വരുക്കൂട്ടും. അമ്പുകൊള്ളാത്തവരുണ്ടാകില്ല കുരുക്കളില്‍. പിന്നെ കുരുക്കള്‍പൊട്ടി ചോരയൊലിക്കും സമ്മേളനം തീരുമ്പോഴേക്കും. 

ഉപദേശകസമിതിയില്‍ കൈ നനയ്ക്കാതെ മീന്‍പിടിക്കുന്നവരായിരിക്കും. അവര്‍ക്ക്‌ വേദിയില്‍ ബഹുമാന്യസ്ഥാനവും ഉറപ്പാണ്‌. കുറെ വലിയ കാര്യങ്ങള്‍ വലിയവായില്‍ വാരിവിതറണം. കാണേണ്ടവര്‍ വന്നുകണ്ടും കാണേണ്ടവരെ പോയിക്കണ്ടും സമയം തീരും. മുഴുസമയം ചടങ്ങുകളില്‍ ഉണ്ടാകണമെന്നുമില്ല; കാരണം വേറെയും പല ഇടങ്ങളില്‍, തിരുപ്പതിയിലെപ്പോലെ വേറെ തലകളും കൊയ്യേണ്ടതുണ്ടല്ലോ. പരിപാടികള്‍ക്കു പണംകണ്ടെത്താന്‍ പ്രത്യേകപരിചയമുള്ളവരുണ്ടാകും. പരസ്യവും (രഹസ്യവും) ആയി സ്മരണികയെന്നോ പ്രൊസീഡിംഗ്സ്‌ എന്നോ പുസ്തകമെന്നോ പുരസ്കാരമെന്നോ മറ്റും പറഞ്ഞ്‌ കാശുപിഴിയാം പ്രായോജകരില്‍നിന്ന് (പ്രയോജനം കിട്ടുന്നവര്‍ പ്രായോജകര്‍). വര്‍ക്കിങ്ങ്‌-ലഞ്ച്‌ വിപുലമായില്ലെങ്കിലും ഡിന്നര്‍പാര്‍ട്ടി ഗംഭീരമാക്കണം. അതിനു പ്രായോജകര്‍ കാശുമായി ക്യൂ-നില്‍ക്കും. പ്രസിദ്ധീകരണശാലകള്‍, ഉപകരണങ്ങളുണ്ടാക്കുന്നവര്‍, മരുന്നുകമ്പനികള്‍, കമ്പ്യൂട്ടര്‍കമ്പനികള്‍ എന്നിങ്ങനെ നിര നീണ്ടതായിരിക്കും. 

പങ്കെടുക്കുന്നവര്‍ അവതരിപ്പിക്കാന്‍പോകുന്ന പ്രബന്ധങ്ങളുടെ സംക്ഷേപസാരം ('ആബ്സ്റ്റ്രാക്റ്റ്‌') ശേഖരിക്കലാണ്‌ അടുത്ത പടി. പ്രബന്ധമെഴുതുന്നതിനുമുന്‍പ്‌ സംക്ഷേപമെഴുതുന്നതെങ്ങിനെ എന്നത്‌ നാല്‍പതുവര്‍ഷത്തെ ഗവേഷണജീവിതത്തില്‍നിന്നുപോലും എനിക്കു പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരേസമയം എട്ടും പത്തും സാരാംശം കൈവശംവച്ചു കശക്കിനടക്കുന്നവരെ എനിക്കറിയാം. ഒരേ സംക്ഷേപം പലപല സെമിനാറുകള്‍ക്കായി അയച്ചുകൊടുക്കുന്നവരെയും എനിക്കറിയാം. 

കൂട്ടത്തില്‍ 'പോസ്റ്റര്‍ സെഷന്‍' എന്നൊന്നുണ്ട്‌ - പോസ്റ്ററുണ്ടാക്കി പ്രദര്‍ശിപ്പിക്കല്‍. ഇത്‌ താരതമ്യേന ജൂനിയര്‍മാര്‍ക്കു സംവരണംചെയ്തു വച്ചിട്ടുള്ള സംഭവമാണ്‌. 

ഏറ്റവും ഉയര്‍ന്നത്‌ മുഖ്യപ്രസംഗമാണ്‌. അത്‌ ജൂനിയര്‍മാര്‍ ആരെങ്കിലും എഴുതിക്കൊടുക്കുന്നതാകും എന്നതു വേറെ കാര്യം. എങ്കിലോ അതു കിട്ടിയശേഷം അച്ചടി തുടങ്ങാമെന്നു പ്രസിദ്ധീകരണ സമിതി കരുതിയാല്‍ തെറ്റി. പലപ്പോഴും പകരക്കാര്‍ എഴുതിച്ചേര്‍ക്കുന്നതാണു വഴക്കം. 

പരിപാടിസമിതിയുടെ തലവേദന പൂജ്യരെ എങ്ങിനെ പൂജിക്കണം എന്നതിലാണ്‌. മിക്കപ്പോഴും വട്ടപ്പൂജ്യക്കാരെയും പൂജ്യരാക്കണം. അധ്യക്ഷപദംകൊടുത്ത്‌ സംഗതി സബൂത്താക്കാം. എന്നാലും ചിലപ്പോള്‍ സംഗതി പാളും. വഴിതെറ്റി വല്ല വാഴ്ത്തപ്പെടേണ്ടവരോ വാഴ്ത്തപ്പെടാത്തവരോ വന്നുപെട്ടാലോ. 

സമയക്രമമാണ്‌ സമ്മേളനങ്ങളുടെ ക്രമസമാധാനപ്രശ്നം. ഏതെങ്കിലും ഒരു സെമിനാര്‍ സമയത്തിനു തുടങ്ങി സമയത്തിനു തീര്‍ത്തതായറിവുണ്ടോ? ഇഷ്ടദൈവങ്ങള്‍ ഇഷ്ടപ്രജകള്‍ക്കു യഥേഷ്ടം സമയമനുവദിച്ചുകൊണ്ടായിരിക്കും പ്രസംഗപരിപാടി മുന്നോട്ടുപോവുക. അവസാനക്കാര്‍ക്ക്‌ രണ്ടോ മൂന്നോ മിനിറ്റില്‍ കാര്യംപറഞ്ഞു തണ്ടുതപ്പേണ്ടിവരും. വൈകിയവേളയിലും തീരാഞ്ഞാല്‍ പ്രബന്ധം അവതരിപ്പിച്ചതായി സങ്കല്‍പ്പിക്കാമെന്നു പ്രസ്താവിക്കുന്ന കീഴ്വഴക്കവുമുണ്ട്‌. എന്താല്ലേ. 

ആളുകൂടുന്ന പൊതുപരിപാടിക്കിടെ ആളെക്കിട്ടാനിടയില്ലാത്ത സ്വകാര്യപരിപാടികള്‍ കുത്തിത്തിരുകുന്നതും ഒരു കലയാണ്‌ പല ബുദ്ധിജീവിസമ്മേളനങ്ങളിലും. ഒരു അവാര്‍ഡു കിട്ടിയ ആളെ അനുമോദിക്കലോ പെന്‍ഷന്‍പറ്റുന്നൊരാളെ ആദരിക്കലോ ഒക്കെയായിരിക്കും അജണ്ട. നാട്ടുവെളിച്ചത്തില്‍ നേരാംവണ്ണം നടത്തിയാല്‍ നാലാളുകൂടില്ല. ഇതാണെങ്കില്‍ ചുളുവില്‍ സദസ്സുണ്ടാക്കി കയ്യടി ചോദിച്ചു വാങ്ങാം. കാപ്പിക്കും ചായക്കും അധികച്ചെലവുമില്ല. പുത്തിയുണ്ടല്ലേ. 

ഓണത്തിനിടെ പുട്ടുകച്ചവടം മറ്റൊരു കൌശലമാണ്‌. മിക്കവാറും വല്യേമ്മാന്‍മാരുടെ ചെറുബാല്യക്കാരുടെ വില്‍പ്പന-പ്രദര്‍ശനങ്ങള്‍ സമ്മേളനവേദിക്കരികില്‍ സംഘടിപ്പിക്കും - പുസ്തകമാകാം, പുരാസ്തുവാകാം, പടമാകാം, ഫോട്ടോവാകാം, പരസ്യമാകാം. "പോനാലൊരു പൊട്ടപ്പാക്ക്‌; ആനാലൊരു അടയ്ക്കാമരം" എന്നു യുക്തി. 

വരവേല്‍പ്പും എതിരേല്‍പ്പും മുടിഞ്ഞ പണിയാണ്‌. വി.ഐ.പി.-അല്ലാത്ത ആരുണ്ടീയുലകത്തില്‍? വന്നിറങ്ങുമ്പോള്‍ കാറുണ്ടാകണം എന്നു മാത്രമല്ല, അതു തനിക്കായിമാത്രം വേണം എന്നതാണു നാട്ടുനീതി. ഇതിനെല്ലാമിടയില്‍, സമ്മേളനത്തിനുവരുന്ന ചില്ലറകളും ചില്വാനങ്ങളും ചിതറിനടക്കും ചുറ്റുവട്ടത്തെല്ലാം, അനാഥപ്രേതങ്ങള്‍പോലെ, കഴുത്തില്‍ കെട്ടിത്തൂക്കിയൊരു കാറ്‍ഡുമായി. 

സമ്മേളനത്തിണ്റ്റെ പ്രധാനഘടകമാണ്‌ കാഴ്ച്ചകാണലും കലാപരിപാടിയും. കഴുകന്‍മാരുടെ കണ്ണ്‌ ഇതില്‍മാത്രമായിരിക്കും. "കാഴ്ചകാണല്‍പരിപാടിയില്ലാത്ത തണ്റ്റെ കോണ്‍ഫറന്‍സ്‌ എന്തു കോണ്‍ഫറന്‍സ്‌?" എന്ന് എന്നോടു തട്ടിക്കയറിയവരുണ്ട്‌. 'മേതാസ്‌' അല്ല, സത്യം തന്നെ! 

സെമിനാറിനുള്ളിലും നേരമ്പോക്കുകള്‍ പലവകയുണ്ടാകും. ഇഷ്ടമല്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം, മനോരഞ്ജിതം രഞ്ജിതമായാല്‍ ചാണകക്കുന്തിയും ചമ്മന്തി, കാര്‍ന്നോര്‍ക്ക്‌ അടുപ്പിലും ആകാം, നാലു തല ചേര്‍ന്നാലും നാലു മുല ചേരില്ല, തനിക്കു താനും പെരയ്ക്കു തൂണും, മണ്ണുംചാരിനിന്നവന്‍ പെണ്ണുംകൊണ്ടുപോയി, കയ്യാലപ്പുറത്തെ കടുക്‌ ഇത്യാദി പഴഞ്ചൊല്‍മാലകളൊക്കെ പരമാര്‍ഥാമാകുന്നതു കാണാം പ്രബന്ധാവതരണം പുരോഗമിക്കുമ്പോള്‍. അറിവുള്ളവന്‍ തുറന്നുകാട്ടും. അറിവില്ലാത്തവന്‍ പൊക്കിക്കാട്ടും. അറിയേണ്ടാത്തവന്‍ കണ്ണടയ്ക്കും. ചോദ്യത്തിനുത്തരം അറിയുമെങ്കില്‍ പൊള്ളച്ചിരിയും അറിയില്ലെങ്കില്‍ ഇളിഭ്യച്ചിരിയും അതുമല്ലെങ്കില്‍ കൊലച്ചിരിയും. ഒട്ടും മുഷിയില്ല. 

പ്രോഗ്രാം തുടങ്ങുമ്പോള്‍ കൃത്യസമയത്തിനു തിരക്കിട്ടു വരുന്നവരെ സൂക്ഷിക്കുക. അധികം വൈകാതെ അവര്‍ സ്ഥലം വിടുന്നുണ്ടാകും. പിന്നെ പൊങ്ങുന്നത്‌ ഊണ്‍സമയത്തിനു തൊട്ടുമുന്‍പാകും, അല്ലെങ്കില്‍ ചായക്കുമുന്‍പ്‌. ആരായാലും വിഷയമെന്തായാലും പ്രബന്ധാവതാരകനെ ഇടയ്ക്കുവച്ചു നിര്‍ത്തിച്ച്‌ ആ സമയത്തൊരു സംശയംതീര്‍ക്കലുണ്ടാകും. അതുവരെ മുങ്ങിയിരുന്ന കാര്യം ഇരുചെവി അറിഞ്ഞിട്ടില്ല; അമ്പട ഞാനേ. 

പ്രധാനകാര്യം വിട്ടു. ആഹാരം. സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ആരുംതന്നെ ഇന്നത്തെക്കാലത്ത്‌ പട്ടിണിക്കാരായില്ല. എന്നാലും ആഹാരത്തിണ്റ്റെ കാര്യത്തില്‍ ഒരുതരം ആവേശമാണ്‌ ഭാരവാഹികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും. ക്യൂവും കൂപ്പണും കുത്തിക്കയറ്റവും കൂടെക്കയറ്റവും കൂട്ടുകൂടലും കൂടെയിരിക്കലും എല്ലാമായി കശപിശ. മുന്നറിയിപ്പൊന്നുമില്ലാതെ സിമ്പോസിയം ഊണിനുമുന്‍പ്‌ തീര്‍ത്തു കതകടച്ചത്‌ ദില്ലിയിലൊരിക്കല്‍, ആഹാരച്ചെലവു ലാഭിക്കാന്‍. ഇവിടെ ഒരു മീറ്റിംഗിന്‌ ഉച്ചയൂണിനും അവിടെ ഒരു മീറ്റിംഗിണ്റ്റെ അത്താഴവിരുന്നിനും ഒരേ വിഭവങ്ങള്‍ മൌറീഷ്യസ്സിലൊരിക്കല്‍, കരാറുകാരന്‍ ഒന്നായതിനാല്‍. വിശിഷ്ടവിഭവങ്ങള്‍ പൊതിഞ്ഞെടുപ്പിച്ച്‌ ഉച്ചതിരിഞ്ഞതും വിമാനത്തില്‍കയറി വീട്ടിലേക്കുതിരിച്ച വി.ഐ.പി. സാങ്കല്‍പികമല്ല. 

സമ്മേളനസദ്യകളില്‍ ആദ്യദിവസത്തെ വിളമ്പല്‍ നഷ്ടത്തിലായിരിക്കും, രണ്ടാംദിവസംതൊട്ട്‌ നഷ്ടം കുറയും, അവസാനനാളുകളില്‍ വന്‍ലാഭമായിരിക്കും. ഇതു പറഞ്ഞത്‌ മാലോകരുടെ മനസ്സറിയാവുന്ന മലയാളിയായൊരു കുശിനിക്കരാറുകാരന്‍. 

ഒരിക്കല്‍ ഞാനും എണ്റ്റെ മേധാവിയുംകൂടി ഒരു പരീക്ഷണം നടത്തിനോക്കി. ഒരു കൊച്ചു മീറ്റിംഗ്‌. ഒന്നര ദിവസം കവിയില്ല. കൈകാര്യംചെയ്യാന്‍ അതിപ്രധാനമായൊരു വിഷയം. ഗോവയില്‍, ആരും ബന്ധുമിത്രപുത്രകളത്രാദികളോടുകൂടി വരാനിഷ്ടപ്പെടാത്ത മഴക്കാലത്തായിരിക്കും ചര്‍ച്ച. യാത്രാച്ചെലവോ ദിവസച്ചെലവോ ഒന്നും ഉണ്ടാകില്ല, എല്ലാം സ്വന്തം ഓഫീസില്‍നിന്നു കണ്ടെത്തിക്കൊള്ളണം. താമസത്തിനു സ്വന്തമായിത്തന്നെ സൌകര്യങ്ങള്‍ ചെയ്തുകൊള്ളണം. ആഹാരം സ്ഥാപനത്തിണ്റ്റെ ഭോജനശാലയില്‍ ഒരുക്കിയിരിക്കും. കൃത്യമായ അജണ്ട സമയത്തിനകത്തു ചെയ്തുതീര്‍ക്കണം. നൂറുപേരെ വിളിച്ചു. മുപ്പതുപേര്‍ മറുപടി തന്നു. പത്തുപേര്‍ വന്നു. എല്ലാം ഗൌരവപൂര്‍വം കാര്യത്തെ സമീപിക്കുന്നവര്‍. ഒന്നരദിവസംകൊണ്ട്‌ ഒരു വൈജ്ഞാനികരേഖ പുസ്തകരൂപത്തില്‍ മെനയാനായി (അതു പ്രസിദ്ധപ്പെടുത്താന്‍ കഴിയാതെ വന്നതു വേറെ കഥ). വിദേശങ്ങളില്‍ നടത്തുന്ന പല സീരിയസ്‌ കോണ്‍ഫറന്‍സുകളും ഇത്തരത്തിലാണ്‌. മുടക്കിയ പണം മുതലാക്കിയേ മീറ്റിംഗ്‌ പിരിയൂ. വേണെങ്കില്‍ ചക്ക വേരേലും. 

മറിച്ച്‌, ചെല്ലും ചെലവുംകൊടുത്തു സംഘടിപ്പിക്കുന്ന മറ്റു വിദ്വല്‍സദസ്സുകളുടെയും മുറജപങ്ങളുടെയും മാമാങ്കങ്ങളുടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന അളവുകോല്‍ എന്തെന്നല്ലേ - കോണ്‍ഫറന്‍സ്‌-ബാഗ്‌, കഴുത്തില്‍തൂക്കുന്ന കാര്‍ഡിണ്റ്റെ ചന്തം, സമ്മാനപ്പൊതി, ഉല്ലാസയാത്രകള്‍, ആഹാരം! 

ഇതെല്ലാം കണ്ടു തഴമ്പിച്ചിട്ടാവണം 'പാത്രചരിതം' തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയത്‌, "ഊട്രുണ്ടെങ്കിലേ യങ്ങ്‌ളുക്കുള്ളൂ" എന്ന്. നേര്‍ഭാഷയില്‍, 'സദ്യയുണ്ടെങ്കിലേ ഞങ്ങള്‍ക്കുമുള്ളൂ' എന്നര്‍ഥം. സദ്യയൂട്ടില്ലാത്തതിനാല്‍ കുറെ എമ്പ്രാന്തിരിമാര്‍ മറ്റു പലര്‍ക്കുമൊപ്പം ഏതോ വിദ്വല്‍സദസ്സില്‍നിന്ന് ഇറങ്ങിപ്പോയ കഥയാണത്രേ. എത്ര കൊലകൊമ്പന്‍സമ്മേളനമായാലും ഊട്ടുണ്ടെങ്കിലേ പങ്കെടുക്കുവാന്‍ തങ്ങള്‍ക്കു താല്‍പര്യമുള്ളൂ എന്ന്. അല്ലെങ്കിലും കൊലകൊമ്പന്‍സമ്മേളനം എന്നാല്‍ത്തന്നെ അര്‍ഥം കൊലകൊമ്പന്‍ സദ്യ എന്നല്ലേ. 

എന്നാല്‍ ഈ വരി വെറും കളിയാക്കല്‍മാത്രമല്ലെന്ന്, 'നല്ല മലയാളം' എന്ന ഫേസ്ബുക്ക്‌-ഗ്രൂപ്പിലെ നിറസാന്നിധ്യമായ വിശ്വപ്രഭയും കൂട്ടരും പറഞ്ഞുതന്നു. സദ്യയൂട്ടുണ്ടെങ്കിലേ എത്ര പണ്ഡിതനായാലും തര്‍ക്കാദികാര്യങ്ങളില്‍ താത്‌പര്യമുണ്ടാകൂ എന്നൊരര്‍ഥം. ഉണ്ണാന്‍ കോപ്പുണ്ടെങ്കിലേ വ്യാകരണം തുടങ്ങിയ ശാസ്ത്രങ്ങള്‍ പഠിക്കാനും കഴിയൂ എന്നു രണ്ടാമതൊരര്‍ഥം. മൂന്നാമതായി ഇതിലൊരു സംസ്കൃതവ്യാകരണസൂത്രം ഒളിഞ്ഞിരിക്കുന്നത്രേ. (ദ്രാവിഡത്തില്‍ ഊട്‌, ഋ, രേഫങ്ങള്‍ എന്നീ പ്രത്യയാന്തങ്ങളിലേ യ ങ്‌ - ലു ക്‌ പ്രയോഗങ്ങള്‍ ശോഭിക്കൂ എന്നതാണത്രേ കുഞ്ചന്‍ നമ്പ്യാരുടെ ഉക്തിയുടെ പൊരുള്‍). ഡാര്‍വിനും ഡാവിന്‍സിക്കുമൊപ്പം ധിഷണാശാലിയായിരുന്നു നമ്മുടെ കുഞ്ചന്‍! നമ്മള്‍ വെറും ഉണ്ണാമന്‍മാര്‍!

Monday 9 November 2015

"ചായ ചായ, കാപ്പി കാപ്പി"

രണ്ടുവയസ്സായപ്പോഴേക്കും എണ്റ്റെ കൊച്ചുമകന്‌ ട്രെയിന്‍-യാത്രയെന്നാല്‍ 'ചായ ചായ, കാപ്പി കാപ്പി' എന്നാണ്‌. എനിക്കു തീവണ്ടിയാത്രയെന്നാല്‍ മൂത്രനാറ്റം ഓര്‍മവരും. എണ്റ്റെ ഭാര്യക്കോ വണ്ടിയെന്നാല്‍ ഒടുക്കത്തെ പുറംവേദന. ഓരോരുത്തര്‍ക്കും ഓര്‍മിക്കാന്‍ ഓരോന്ന്, അല്ലേ.

ഒരു തീവണ്ടിയില്‍ എത്രായിരം ആളുകള്‍. എത്രായിരം ജീവിതങ്ങള്‍. എത്രായിരം കഥകള്‍. എത്രായിരം ഓര്‍മകള്‍!

കരയുന്നു, ചിലര്‍ ചിരിക്കുന്നു. സുഖിക്കുന്നു, ചിലര്‍ മരിക്കുന്നു. ഉള്ളവനെയും ഇല്ലാത്തവനെയും ഒരേ എഞ്ചിന്‍ വലിക്കുന്നു. ചിലര്‍ ഇറങ്ങുന്നു. ചിലര്‍ കയറുന്നു. തണ്ടുവാളം കൂട്ടിമുട്ടാതെ നീണ്ടുനിവര്‍ന്നു കിടക്കുന്നു. ചിലര്‍ക്ക്‌ ആദ്യയാത്ര. ചിലര്‍ക്ക്‌ അന്ത്യയാത്ര. യാത്രാവേളയില്‍ ബന്ധങ്ങളുടെ ചുരുള്‍ നിവരുന്നു. യാത്ര കഴിയുമ്പോള്‍ ബന്ധനം വീണ്ടും ചുരുങ്ങുന്നു.

കുറെ പിണക്കങ്ങള്‍. കുറെ ഇണക്കങ്ങള്‍. ചിലര്‍ക്കു കണ്ടുമുട്ടല്‍. ചിലര്‍ക്കു വേര്‍പിരിയല്‍. മനുഷ്യനെ അറിയാന്‍ തീവണ്ടിയാത്ര പോലൊന്നില്ല.

പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്‌, തീവണ്ടിയോട്ടുന്നവരുടെ മനോരാജ്യത്തെപ്പറ്റി. കൂട്ടിന്‌ കടുത്ത ഏകാന്തത. ചുറ്റും യന്ത്രരാക്ഷസണ്റ്റെ ഒടുങ്ങാത്ത അലര്‍ച്ച. പിന്നില്‍ കാലചക്രങ്ങളുടെ ഏകതാനതാളം. മുന്നില്‍ നെടുനീളെ പാളങ്ങള്‍. പകല്‍ പരന്നൊരു പരവതാനി. രാത്രിയോ ഇരുട്ടിനെ കീറിമുറിച്ചൊരു വെളിച്ചക്കുന്തവും. ഇരുട്ടിനെ നോക്കി, ചക്രവാളത്തെ നോക്കി, ശൂന്യതയെ നോക്കി, രാവും പകലും. മഞ്ഞെന്നില്ല, മഴയെന്നില്ല, വെയിലെന്നില്ല ഈ പരക്കംപാച്ചിലിന്‌. ഒന്നുറങ്ങിയാല്‍, മനസ്സൊന്നു പതറിയാല്‍ - എത്ര പേരാണ്‌ തന്നെ വിശ്വസിച്ചു മുന്നിലെന്തെന്നറിയാതെ, അല്ലലെന്തെന്നറിയാതെ യത്രചെയ്യുന്നത്‌! ഏതു നിമിഷത്തിലും ഏതു വളവിലും ഏതു കയറ്റിറക്കത്തിലും, എന്തിന്‌ വെറും വെളിമ്പ്രദേശത്തുപോലും അപകടം പതിയിരിക്കാം. അതു തടയാനോ തടുക്കാനോ മുടക്കാനോ മടക്കാനോ കഴിയാത്ത ലോക്കോ പൈലറ്റ്‌. വരുന്നതു വരുന്നിടത്ത്‌. അറിയാത്തതിലേക്കുള്ള അറിഞ്ഞുകൊണ്ടുള്ള പ്രയാണം. ആ മനസ്സില്‍ വേറൊന്നുമുണ്ടാവാന്‍ ഇടയില്ല. അനന്തത, ആദിമധ്യാന്തങ്ങളുടെ അവിരാമമായ ആവര്‍ത്തനവിരസത. യാത്ര മുഴുവന്‍ തികഞ്ഞ ധ്യാനം. യാത്ര കഴിഞ്ഞാല്‍ തിരതള്ളുന്ന സായൂജ്യം.

വണ്ടിപ്പിറകിലെ കാവലാളുടെ മനോഗതിയോ? വട്ടംകൂടിയ ശൂന്യതയ്ക്കുമാത്രം കൂട്ടായി പുറംനോക്കിയിരിക്കണം വണ്ടി ലക്ഷ്യസ്ഥാനത്തു സുരക്ഷിതമായി ചെന്നെത്തുന്നതുവരെ. വഴിക്കുണ്ടാകുന്ന ഏതു സംഭവത്തിനും ഉത്തരവാദി ഗാര്‍ഡ്‌. മുന്നിലെന്തന്നറിയാതെ പിന്നിലെന്തെന്നറിയുന്ന പരകായപ്രയത്നം. അഗാധതയില്‍ അടിയൊഴുക്കുസൂക്ഷിക്കുന്ന അലയാഴിയുടെ ആത്മസമര്‍പ്പണം. ഏകാന്തതയുടെ മൌനഗാനത്തിന്‌ ചാക്രികസംഗീതം, ഏകതാളം.

പച്ചയ്ക്കും ചെമപ്പിനുമിടയില്‍ ലോഹജന്തുക്കളെ തെളിക്കുന്നവര്‍, തളയ്ക്കുന്നവര്‍ വണ്ടിയുടെ അങ്ങേത്തലയ്ക്കും ഇങ്ങേത്തലയ്ക്കും ഉള്ള ഈ ഒറ്റയാന്‍മാര്‍. നടുക്കോ, തിക്കിയും തിരക്കിയും ആള്‍ക്കൂട്ടം അവരുടെ അദൃശ്യകരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു വിരാജിക്കുന്നു.

അത്തരമൊരു ദീര്‍ഘയാത്രയിലാണ്‌ വണ്ടി സാമാന്യം വലിയൊരു സ്റ്റേഷനില്‍ നിര്‍ത്തിയത്‌. സമയം സായന്തനത്തോടടുക്കുന്നു. ചുറ്റും സ്വച്ഛഭാരതം; കുടുംബശ്രീയും. അടിക്കലും വാരലും കഴുകലും തുടയ്ക്കലും തകൃതിയില്‍. അവരുടെ വരയെണ്ണാനും വരിയെണ്ണാനും വരവായി വയര്‍ലെസ്സുമായി വയറുള്ള വിദ്വാന്‍മാര്‍. വയറ്റുപിഴപ്പല്ലേ; വിമര്‍ശിക്കരുത്‌. വണ്ടിനിര്‍ത്തിയാലും കാഴ്ച; വണ്ടിവിട്ടാലും കാഴ്ച. വഴിയാത്രയിലെപ്പോഴും കൌതുകക്കാഴ്ച തന്നെ.

നിനച്ചിരിക്കാതെയാണ്‌ തീവണ്ടിയാപ്പീസിനപ്പുറത്തെ കെട്ടുകൂടാരങ്ങള്‍ കണ്ണില്‍പെട്ടത്‌. പ്ളാസ്റ്റിക്കും തുണിയും താര്‍പ്പായയും കമ്പില്‍കൊരുത്തു കെട്ടിയുണ്ടാക്കിയ കൊച്ചുകൊച്ചു കുടിലുകള്‍. പത്തിരുപതെണ്ണം കാണും. പണിക്കാരല്ല, കാരണം ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളും വൃദ്ധന്‍മാരും എല്ലാം ആ നാലുമണി സമയത്തുണ്ട്‌. നാടോടികളല്ല, കാരണം ചട്ടിയും കലവും കുട്ടയും കുടവും അടുപ്പും കട്ടിലും കിടക്കയും തുണിയും സൈക്കിളും എല്ലാമായി സാമാന്യം ഭേദപ്പെട്ട സാധനസാമഗ്രികള്‍ അവര്‍ ശേഖരിച്ചിട്ടുണ്ട്‌. അത്താഴം ഒരുക്കാനുള്ള പുറപ്പാടിലാണ്‌ സ്ത്രീകള്‍. വയസ്സായവര്‍ വെയില്‍കാഞ്ഞുറങ്ങുന്നു. സ്ത്രീകള്‍ അടുപ്പിലെ പുകയൂതുന്നു. ചെറുപ്പക്കാര്‍ ബീഡിവലിച്ചു തള്ളുന്നു. വണ്ടിയില്‍ നിറയ്ക്കാന്‍ വെള്ളക്കുഴല്‍ തുറന്നപ്പോഴേക്കും കുറെ സ്ത്രീകള്‍ കുടങ്ങളുമായെത്തി. നിറകുടങ്ങള്‍ ചുമന്ന് വരമ്പു ചാടി പാളങ്ങള്‍ താണ്ടി പാവം പെണ്ണുങ്ങള്‍ തിരിച്ചെത്തി. അപ്പോഴേയ്ക്കും ഒരു ചെറുബാല്യക്കാരന്‍ മൊന്തമുക്കി വെള്ളമെടുത്തു മോന്ത കഴുകുന്നു. ഒരു വൃദ്ധന്‍ കൈകാട്ടിയപ്പോള്‍ പെണ്ണൊരുത്തി കോപ്പയില്‍ വെള്ളമെടുത്തു കൊണ്ടുപോയിക്കൊടുക്കുന്നു. കല്ലെറിഞ്ഞു കളിച്ച കുറെ പിള്ളേറ്‍ അമ്മമാരുടെ തല്ലു വാങ്ങുന്നു. രണ്ടു പെണ്‍കുട്ടികള്‍ ലോട്ടയില്‍ വെള്ളം നിറച്ച്‌ പിറകിലെ പൊന്തക്കാട്ടില്‍ മറയുന്നു. ഒരു പയ്യന്‍ ലുങ്കിമാറ്റി മുണ്ടൂടുത്ത്‌ ഷര്‍ട്ടുമാറി മുഖംതുടച്ച്‌ മുടിചീകി വാച്ചുംകെട്ടി പുറത്തേക്കിറങ്ങുന്നു. തൃപ്തിവരാതെ തിരിച്ചുചെന്ന് ഒരിക്കല്‍കൂടി മരത്തില്‍ ആണിതറച്ചുറപ്പിച്ച കണ്ണാടിച്ചീന്തില്‍ മുഖംനോക്കി മിനുക്കുന്നു. ഒന്നുരണ്ടഴകികള്‍ പുത്തന്‍ചേലയുടുത്ത്‌ ചുണ്ടു ചെമപ്പിച്ച്‌ മുടിയൊതുക്കി പൂചൂടി പയ്യണ്റ്റൊപ്പം പട്ടണത്തേക്ക്‌.

വണ്ടിക്കകത്തെ സുരക്ഷിതത്വത്തില്‍ വണ്ടിപ്പുറത്തെ ജീവിതം കാണാന്‍ എന്തുരസം, അല്ലേ? അകലത്തില്‍നിന്നും ഉയരത്തില്‍നിന്നും എല്ലാം ചെറുതായിക്കാണില്ലേ, സുന്ദരമായിക്കാണില്ലേ. 'ഗോഡ്‌ ഓഫ്‌ സ്മോള്‍ തിംഗ്സ്‌' അവതരിക്കുന്നതങ്ങിനെയല്ലേ. പട്ടിണിയും പരിവട്ടവും പ്രശ്നങ്ങളും പരാതികളും അകന്നുനില്‍ക്കുന്നവന്‍ അറിയണമെന്നില്ലല്ലോ. ആദികവിയും അന്തിക്രിസ്തുവും ആകസ്മികമല്ലെന്നുണ്ടോ?

ഉള്ളവനും ഇല്ലാത്തവനും എന്നു രണ്ടു ക്ളാസ്സുകളിലൊതുങ്ങിയിരുന്ന ജനങ്ങളെ ഇന്നിപ്പോള്‍ ഫസ്റ്റ്‌-ക്ളാസ്സിലും ടൂ-ടിയറിലും ത്രീ-ടിയറിലും സ്ളീപ്പറിലും ചെയര്‍-കാറിലും സിറ്റിംഗിലും മെയിലിലും എക്സ്പ്രസ്സിലും ശതാബ്ദിയിലും രാജധാനിയിലും തുരന്തോവിലും ഗരീബ്‌-രഥിലും പാസ്സഞ്ചറിലും മെമു-വിലും ഡെമു-വിലും സബര്‍ബനിലും മെറ്റ്രോ-വിലുമായി അടക്കംചെയ്ത്‌ അടയാളപ്പെടുത്തിയിരിക്കുന്നു. ഇനിയല്ലേ ശുഭയാത്ര!

മുക്കാല്‍മണിക്കൂറെങ്കിലും ആയിക്കാണണം ഞാന്‍ വണ്ടിവിട്ട്‌ വഴിവിട്ട്‌ മനോരാജ്യത്തില്‍ കുടുങ്ങിയിട്ട്‌. വണ്ടി നീങ്ങിത്തുടങ്ങിയതോടെ, 'ചായ ചായ, കാപ്പി കാപ്പി'..... പരിസരമുണര്‍ന്നു. ഞാനും.

Sunday 1 November 2015

കുറിയ മനുഷ്യനും വലിയ ലോകവും

കഴിഞ്ഞവര്‍ഷം (൨൦൧൪) നവരാത്രി സമയത്ത്‌ ഒരു സംഘം ചെറുപ്പക്കാര്‍ തൃപ്പൂണിത്തുറ തെക്കുംഭാഗത്തെത്തുന്നു. പാവംകുളങ്ങര പ്രദേശത്തെ ഒരു പഴയ 'എക്സ്ട്രാ-ഓര്‍ഡിനറി' അധ്യാപകനെ അന്വേഷിച്ചാണ്‌. ഒരു വീട്ടുപടിക്കല്‍ നല്ല പ്രായമുള്ള ഒരു കുറിയ മനുഷ്യന്‍ ആരോടോ കുശലംചൊല്ലി നില്‍ക്കുന്നു. തിരക്കിയപ്പോള്‍ മറുപടി: "എക്സ്ട്രാ-ഓര്‍ഡിനറി ആയ അധ്യാപകനെപ്പറ്റി അറിവില്ല. പക്ഷെ എക്സ്ട്രീംലി-ഓര്‍ഡിനറി ആയ ഒരു അധ്യാപകനുണ്ട്‌. അതു ഞാനാണ്‌. "

'എക്സ്ട്രീംലി-എക്സ്ട്രാ-ഓര്‍ഡിനറി' ആയ ആ അധ്യാപകനെപ്പറ്റി ഒരു ഡോക്യുമെണ്റ്ററി ഉണ്ടാക്കലായിരുന്നു വന്നവരുടെ ഉദ്ദേശം. ശ്രീ ടി. എ. അരവിന്ദാക്ഷന്‍ മാസ്റ്റര്‍: ഇരുപതാം നൂറ്റാണ്ടിണ്റ്റെ പകുതിയില്‍ തുടങ്ങി അവസാനമെത്തിയപ്പോഴേക്കും അവസാനിപ്പിച്ച ഔപചാരികാധ്യാപനം, ഇന്നും അനൌപചാരികമായി തുടരുന്നു. ഒച്ചയില്ലാതെ, ബഹളമില്ലാതെ, പരസ്യമില്ലാതെ, പരസഹായമില്ലാതെ.

രണ്ടുമൂന്നു തലമുറകളെ മലയാളവും അതിനേക്കാള്‍ കൂടുതല്‍ ജീവിതവും പഠിപ്പിച്ച ഗുരുവര്യന്‍. കേരളത്തിണ്റ്റെ വടക്കും തെക്കും പണിയെടുത്തിട്ടുണ്ടെങ്കിലും മുക്കാല്‍പങ്കും തൃപ്പൂണിത്തുറയിലെ സ്കൂളുകളിലായിരുന്നു. പ്രിയഭാര്യയും അധ്യാപികയായിരുന്നു. ഒരു ഔദ്യോഗിക-സംഘടനയുടെയും അംഗമല്ലാതിരുന്നിട്ടുപോലും, ഒട്ടുമിക്ക സംഘടനകളും സംഘാടകരും ഒന്നുപോലെ ബഹുമാനിക്കുകയും അഭിപ്രായവും ഉപദേശവും തേടിയെത്തുകയും ചെയ്യുന്നു. ലോകമെമ്പാടും ശിഷ്യസമ്പത്ത്‌. സൌകര്യമൊക്കുമ്പോള്‍ ഒരൊറ്റൊരാള്‍വിടാതെ മാസ്റ്ററെ വന്നുകാണും; മുന്നില്‍ വീണ്ടും കൊച്ചുവിദ്യാര്‍ഥികളാവും. അതറിഞ്ഞവരായിരുന്നു ഡോക്യുമെണ്റ്ററി ചെയ്യാന്‍ അരവിന്ദാക്ഷന്‍മാസ്റ്ററുടെ അനുവാദത്തിനായി പാവംകുളങ്ങരെ വന്ന് അപേക്ഷിച്ചത്‌. ഉടന്‍ മാസ്റ്ററുടെ മറുപടി: അപേക്ഷയാണെങ്കില്‍ അതു നിരസിക്കും; ആവശ്യമാണെകില്‍ അനുവദിക്കും. കാരണം അപേക്ഷ അപേക്ഷിക്കുന്നവണ്റ്റെ കീഴടങ്ങലാണ്‌, അനുവദിക്കുന്നവണ്റ്റെ മേലാളത്തവും. നിരസിക്കുന്തോറും നിരസിക്കുന്നവണ്റ്റെ മേല്‍ക്കോയ്മ കൂടും. എന്നാലോ ആവശ്യം ആരുടെയും ആത്മാര്‍ഥമാണ്‌, സ്വാഭാവികമാണ്‌. അതനുവദിക്കുമ്പോള്‍ അനുവദിക്കുന്നവന്‍ ആവശ്യക്കാരണ്റ്റെ നിലയിലേക്കുയരുന്നു; നിരസിച്ചാല്‍ ആവശ്യക്കാരണ്റ്റെ നിലയില്‍നിന്നു താഴുന്നു. അതുകൊണ്ട്‌, അപേക്ഷയാണെങ്കില്‍ നിരസിക്കുന്നു; ആവശ്യമാണെങ്കില്‍ അനുവദിക്കുന്നു - സമ്മതത്തോടെ, സന്തോഷത്തോടെ!

അതാണ്‌ കൊല്ലിമുട്ടത്ത്‌ അരവിന്ദാക്ഷന്‍മാസ്റ്റര്‍. അഞ്ചടിയോടെത്തുന്ന ഉയരം. ഒരു ഇല്ലിച്ചില്ലയുടെ വണ്ണം. വെള്ളജുബ്ബയും ഒറ്റമുണ്ടും. കാലം ൧൯൬൫. അന്നേ സമൃദ്ധമായ നര - 'തലയുണ്ടെങ്കിലേ മുടിയുണ്ടാകൂ, മുടിയുണ്ടെങ്കിലേ നരയ്ക്കൂ' എന്നു ഭാവം. ഞങ്ങള്‍ പത്താംക്ളാസ്സ്‌ വിദ്യാര്‍ഥികള്‍. പിള്ളേരല്ലേ, മണിയടിച്ചാല്‍ ബെഞ്ചില്‍നിന്നൊരു ചാട്ടമാണ്‌ പുറത്തേക്കിറങ്ങാന്‍. അറ്റത്തുള്ളവര്‍ മാറിത്തരുന്നതുവരെ നില്‍ക്കാനുള്ള ക്ഷമയൊന്നുമില്ലല്ലോ ഇടയ്ക്കിരിക്കുന്നവര്‍ക്ക്‌. ഞങ്ങള്‍ തലകുനിച്ച്‌ ഡെസ്ക്കിനടിയിലൂടെ നൂണിറങ്ങും. അങ്ങനെ ഒരു ദിവസം തല കുമ്പിട്ട്‌ അപ്പുറത്തു പൊന്തിച്ചപ്പോള്‍ കണ്ടത്‌ അരവിന്ദാക്ഷന്‍സാറിനെ. അദ്ദേഹം ഞങ്ങളെ തടഞ്ഞുനിര്‍ത്തി. "അരുത്‌; ഒരിക്കലും അരുത്‌. ഒരിക്കലും തല താഴ്ത്തരുത്‌. മാന്യമായ രീതിയില്‍ തല ഉയര്‍ത്തിവച്ച്‌ പതുക്കെ എഴുന്നേറ്റുപോകൂ. ഇന്ന് ഈ ചെറിയൊരു കാര്യത്തിനു തല കുനിച്ച നിങ്ങള്‍ നാളെ വലിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ എന്തുമാത്രം തല കുനിക്കും? അതു പാടില്ല, ഒരിക്കലും. " ഞാനതു വീണ്ടും ഓര്‍ത്തു, അന്‍പതു വര്‍ഷങ്ങള്‍ക്കുശേഷം ൨൦൧൫-ലും!

എട്ടാംക്ളാസ്സിലും പത്താംക്ളാസ്സിലും എണ്റ്റെ മലയാളം അധ്യാപകനായിരുന്നു. അരവിന്ദാക്ഷന്‍മാസ്റ്റര്‍. എന്നെ 'അ, ആ, ഇ, ഈ, .....' മലയാളം പഠിപ്പിച്ചത്‌, ഒന്നാംക്ളാസ്സില്‍, എണ്റ്റെ ഏറ്റവും പ്രിയപ്പെട്ട വിലാസിനിടീച്ചറായിരുന്നു; സാഹിത്യം പഠിപ്പിച്ചതോ, കോളേജില്‍, പ്രൊഫ. സി. എല്‍. ആണ്റ്റണി, എസ്‌. ഗുപ്തന്‍നായര്‍, എം. ലീലാവതി, എം. കെ. സാനു, ആനന്ദക്കുട്ടന്‍, ഓ. കെ. വാസുദേവപ്പണിക്കര്‍, കുഞ്ഞികൃഷ്ണമേനോന്‍, എം. അച്യുതന്‍, ഭാരതി, എം. എം. മാണി, അലക്സ്‌ ബേസില്‍ തുടങ്ങിയ മഹാപ്രതിഭകളും. എന്നിരുന്നാലും എന്നെ മലയാളം 'എന്തെ'ന്നു പഠിപ്പിച്ചത്‌ അരവിന്ദാക്ഷന്‍സാറാണ്‌; അതോടൊപ്പം ജീവിതം എന്തെന്നും, എങ്ങിനെ ആവണമെന്നും. മലയാളം അദ്ദേഹത്തിന്‌ ഒരു മീഡിയം മാത്രം; ജീവിതത്തിണ്റ്റെ മാധ്യമം.

എന്‍. സി .സി.-യുടെ കാലത്തിനു മുന്‍പാണ്‌; അന്ന് എ. സി. സി. ആയിരുന്നു. അതുകൂടാതെ എന്‍. ഡി. എസ്‌. എന്നൊരു പരിപാടിയുണ്ടായിരുന്നു സ്കൂളുകളില്‍ - 'നാഷണല്‍ ഡിസിപ്ളിന്‍ സ്കീം'. ഒരു മിലിട്ടറിക്കാരനായിരിക്കും അതു നടത്തുക. മലയാളിയെങ്കിലും ഉത്തരേന്ത്യന്‍-സസ്ംക്കാരം പഠിപ്പിക്കലായിരുന്നു തൊഴില്‍. ക്ളാസ്സ്‌ നടക്കുമ്പോള്‍ വരാന്തയില്‍കൂടി കാലുറയിട്ട്‌ അങ്ങോട്ടുമിങ്ങോട്ടും ഷൂസുമുരച്ചൊരു നടപ്പുണ്ട്‌, ക്ളാസ്സിനകത്തെ വികൃതിക്കാരെ പിടികൂടാന്‍. എന്തെങ്കിലും പിഴ കണ്ടാല്‍ കനത്ത ശിക്ഷ ഉറപ്പ്‌. പ്രധാനാധ്യാപകന്‍പോലും പകച്ചുപോയ സന്ദര്‍ഭങ്ങളുണ്ടായിരുന്നു. പിന്നെ സാധാരണ അധ്യാപകന്‍മാരുടെ കാര്യം പറയാനുണ്ടോ. അമിതമായ 'വടക്കന്‍'-വീരഗാഥകളും പട്ടാളച്ചിട്ടയും ഹിന്ദിക്കൊഴുപ്പും കാരണം (അത്‌ 'ഹിന്ദി വേണ്ട' സമരകാലവുമായിരുന്നു) ഞങ്ങളെല്ലാം വെറുത്തൊരു പാര്‍ട്ടിയായിരുന്നു ആ എന്‍.ഡി.എസ്‌.-അധ്യാപകന്‍. അയാള്‍ ക്ളാസ്സിനുപുറത്തെത്തിയാല്‍ ഞങ്ങളുടെ ശ്രദ്ധ പതറും; അകത്തെത്തിയാല്‍ ചിതറും. ഇതറിഞ്ഞ അരവിന്ദാക്ഷന്‍മാസ്റ്റര്‍ ഒരു ദിവസം, പതിവില്ലാത്തപടി കുറച്ചുറക്കെത്തന്നെ ഞങ്ങളോടു സംയമനം പാലിക്കാന്‍ ഉപദേശിച്ചു (അതെ, 'സംയമനം' എന്ന വാക്കു തന്നെയാണ്‌ സാര്‍ ഉപയോഗിച്ചത്‌. അതാണ്‌ അദ്ദേഹത്തിണ്റ്റെ രീതി; അര്‍ഥംകൊണ്ട്‌ വാക്കു പഠിപ്പിക്കും). "എന്‍.ഡി.എസ്‌.-അധ്യാപകന്‍ അദ്ദേഹത്തിണ്റ്റെ ജോലി ചെയ്യുന്നു; നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ. അദ്ദേഹത്തിണ്റ്റെ ജോലി നിങ്ങളെ നോക്കല്‍; അതിനദ്ദേഹത്തിനു കൂലി കിട്ടുന്നുണ്ട്‌. പക്ഷെ നിങ്ങളുടെ ജോലി അദ്ദേഹത്തെ നോക്കലല്ല. നിങ്ങള്‍ക്കൊട്ടു കൂലിയുമില്ല. കൂലിക്കുവേണ്ടി അദ്ദേഹം ചെയ്യുന്നത്‌, കൂലിയില്ലാത്ത നിങ്ങള്‍ ചെയ്യുന്നതു വിഡ്ഢിത്തം...". ഇതു കേട്ടതും കൂലിപ്പട്ടാളം സ്ഥലം വിട്ടു. പിന്നെ ഞങ്ങളെ വര്‍ഷാവസാനംവരെ മിലിട്ടറി ഉപദ്രവിച്ചുമില്ല.

പിന്നീടെപ്പോഴോ ഒരിക്കല്‍ ഒരു വന്‍വിദ്യാര്‍ഥിസമരകാലത്ത്‌ സ്കൂളില്‍ പോലീസ്‌ കയറാന്‍ ഇടയായത്രേ. ലാത്തിയേന്തിയ പോലീസുകാരുടെ മുന്‍പിലേക്കു ചാടിയിറങ്ങി മാസ്റ്റര്‍, തണ്റ്റെ ഒരൊറ്റ കുഞ്ഞിനെയും തല്ലിപ്പോകരുതെന്ന ആക്രോശത്തോടെ. പോലീസ്‌തലവന്‍ സാറിണ്റ്റെ പൂര്‍വവിദ്യാര്‍ഥിയായിരുന്നു. അയാള്‍ ഭവ്യതയോടെ മാസ്റ്ററോടപേക്ഷിച്ചു, തണ്റ്റെ ചുമതല നിറവേറ്റാന്‍ തന്നെ അനുവദിക്കണമെന്ന്. "ഇതാണോ ഞാന്‍ പഠിപ്പിച്ച ചുമതലാബോധം?" - സാര്‍ അലറി. "എണ്റ്റെ കുട്ടികളുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. പുറമെനിന്നു വന്നവരെ കൈകാര്യംചെയ്ത്‌ ഒതുക്കിക്കോളൂ, അതിനു നിങ്ങള്‍ക്കു ധൈര്യവും ശക്തിയും ഉണ്ടെങ്കില്‍. എന്നാല്‍ എണ്റ്റെ കുഞ്ഞുങ്ങളുടെ ഒരു രോമംപോലും തൊട്ടുപോകരുത്‌. എന്നെക്കൊന്നിട്ടേ നിങ്ങള്‍ക്കതിനാകൂ." പോലീസ്‌ മടങ്ങി. അതാണ്‌ അരവിന്ദാക്ഷന്‍മാസ്റ്റര്‍.

അറുപതുകളില്‍ സര്‍ക്കാര്‍ സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസം എന്നൊന്ന് വിശ്വസിക്കാമോ? ആരു ലീവെടുത്താലും ആ ക്ളാസ്സുകളില്‍ പകരം വരിക, സ്വമേധയാ, അരവിന്ദാക്ഷന്‍മാസ്റ്ററായിരിക്കും. അതിനൊരു ചെല്ലപ്പേരും അദ്ദേഹം വച്ചിരുന്നു; 'ഗര്‍ഭശ്രീമാന്‍' (പ്രസവാവധിയില്‍ പോകുന്നവരുടെ ഒഴിവു നികത്താന്‍ വിധിക്കപ്പട്ടവര്‍). അപ്പോള്‍ മലയാളമല്ല പഠിപ്പിക്കുക; ബാക്കിയെന്തും! പ്രത്യേകിച്ചും ജീവിതകാര്യങ്ങള്‍. ശാസ്ത്രവും സംസ്ക്കാരവും സാഹിത്യവും സംഗീതവും സാമൂഹ്യവും രാഷ്ട്രീയവും എല്ലാം വിഷയമായി വരും. യാതൊരു സങ്കോചവുമില്ലാതെ സ്ത്രീ-പുരുഷബന്ധങ്ങള്‍ ഞങ്ങളെ പറഞ്ഞുമനസ്സിലാക്കിത്തന്നതു സാറാണ്‌. അതൊന്നും അന്നത്തെ സിലബസ്സുമല്ല, നാട്ടുനടപ്പുമല്ല. സ്വന്തം രീതിയില്‍, ഒരധ്യാപകനെന്ന നിലയില്‍, ഒരുപക്ഷെ അതില്‍നിന്നെത്രയോ ഉയര്‍ന്ന് ഒരു തലമുറയെ ഉത്തിഷ്ഠവും ജാഗ്രത്തും ആക്കിയെടുക്കാന്‍ പാടുപെട്ടു ആ ഗുരുനാഥന്‍.

ആണ്‍പള്ളിക്കൂടത്തില്‍ എണ്റ്റെ അധ്യാപകനാകുന്നതിനുമുന്‍പ്‌, പെണ്‍പള്ളിക്കൂടത്തില്‍ എണ്റ്റെ ചേച്ചിയുടെ അധ്യാപകനായിരുന്നു ശ്രീ അരവിന്ദാക്ഷന്‍മാസ്റ്റര്‍. സര്‍ക്കാര്‍-സ്ക്കൂളുകളായിട്ടുപോലും വരേണ്യരും കീഴാളരും തമ്മില്‍ അലിഖിതവിവേചനങ്ങള്‍ നിലനിന്നിരുന്ന കാലം; കൂടെ മേല്‍ത്തട്ടുകാരെ അല്‍പം അമിതമായി അപമാനിക്കുന്ന പ്രവണതയില്ലാതിരുന്നുമില്ല. . എന്നാല്‍ ക്ളാസ്സിലെ ഒരു കുട്ടിക്കുപോലും ഒരു തരത്തിലുമുള്ള മന:പ്രയാസമില്ലാതെ കൂടെപ്പിറന്നവര്‍പോലെ സഹവസിക്കുവാന്‍തക്ക സാംസ്കാരികോന്നമനത്തിനു നിദാനമായി ഈ അധ്യാപകന്‍. കഴിവുള്ളവരുടെ കഴിവുകളെ താങ്ങിയും കഴിവുകുറഞ്ഞവരുടെ കഴിവുകളുയര്‍ത്തിയും അരവിന്ദാക്ഷന്‍മാസ്റ്റര്‍ ചെയ്ത സാമൂഹ്യസേവനം മഹത്തരമാണ്‌. സമുദായത്തില്‍ ആണായാലും പെണ്ണായാലും സമത്വം, സ്വാതന്ത്ര്യ, സാഹോദര്യം എന്നീ മൂലമൂല്യങ്ങള്‍ക്കു മാറ്റമില്ല എന്ന് ഞങ്ങള്‍ അന്നേ തിരിച്ചറിഞ്ഞു. "ഉണ്ടോ ഗുണം കൊള്‍വിനതൊന്നുമാത്രം, ഉത്പത്തിയും വംശവുമാരുകണ്ടു...." എന്ന കവിതാശകലം മാസ്റ്റര്‍ ചൊല്ലിത്തന്നതാണ്‌.

അധ്യാപകരെ വെറും ദിവസക്കൂലിക്കാരെപ്പോലെ കരുതിയിരുന്ന കാലത്താണ്‌ മാസ്റ്റര്‍ തണ്റ്റെ ഔദ്യോഗികജീവിതം തുടങ്ങുന്നത്‌. പില്‍ക്കാലത്ത്‌, അധ്യാപകരുടെ ദരിദ്രജീവിതത്തിനും അപമാനഭാരത്തിനും ഒരറുതിയുണ്ടാക്കിയത്‌ പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായതോടെയാണത്രേ. മാസ്റ്റര്‍ അതെന്നും ഓര്‍ക്കും. അധ്യാപകരുടെ സ്വാഭിമാനം കാത്തുരക്ഷിച്ച മുണ്ടശ്ശേരിയെ പക്ഷെ ഇന്നെല്ലാവരും മറന്നല്ലോ.

വളരെ വര്‍ഷങ്ങള്‍ക്കുശേഷം സാറിനെ കാണാന്‍ എണ്റ്റെ സ്നേഹിതന്‍ ശ്രീ സുബ്രഹ്മണ്യനും കൂടെയുണ്ടായിരുന്നു. ഈ നൂറ്റാണ്ടില്‍ ഗോവയില്‍ താമസിക്കുന്ന എന്നെയും നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌ ഗോവയില്‍നിന്നു പലായനംചെയ്തവരുടെ പിന്‍ഗാമിയായ സുബ്രഹ്മണ്യനെയും ഒന്നിച്ചുകണ്ടപ്പോള്‍ മാഷിണ്റ്റെ കൌതുകമുണര്‍ന്നു. "കക്ക്യാ തൂം ഗയാം ഗെല്ലോവെ, പുത്താന്‍ മമ്മാ ദെക്കിലോവെ" ('കാക്കേ, നീ ഗോവയില്‍ പോയിരുന്നോ, മോണ്റ്റെ മാമനെ കണ്ടിരുന്നോ') എന്ന വളരെ സരളമായ ഒരു 'കുഡുംബി-കൊങ്കണി' താരാട്ടുപാടി ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്‌ മാസ്റ്റര്‍ ഞങ്ങളെ സ്വീകരിച്ചത്‌. ദിവസവും സ്വഭാഷയില്‍ ഒരു വരിയെങ്കിലും എഴുതാന്‍പറ്റാത്ത ഉദ്യോഗമാണെങ്കില്‍ അതുപേക്ഷിക്കുന്നതാണു ഭേദം എന്നാണു മാസ്റ്റര്‍ പറയുക. ആ കുറിയ മനുഷ്യന്‌ കുറിയ വാചകങ്ങളാണു പഥ്യം. എണ്റ്റെ കുഞ്ഞെഴുത്തുകള്‍ പിന്നീടു കുറിപ്പായും കുറുങ്കവിതയായും കരിഹാസമായും കാച്ചിക്കുറുകിയത്‌ അദ്ദേഹത്തിണ്റ്റെ ശിക്ഷണമാണ്‌. അതാണെണ്റ്റെ ശക്തിയെന്നും അതൊരു ശൈലിയാക്കണമെന്നും അന്നേ അദ്ദേഹം ശഠിച്ചിരുന്നു. കുറുക്കിയെഴുത്തെന്ന എണ്റ്റെ ആ ചിട്ട ഇന്നു തെറ്റിച്ചു ഞാന്‍!
കുരുത്തക്കേടാവില്ലെന്നു വിശ്വസിക്കുന്നു.

കൊച്ചുകുട്ടികള്‍ക്ക്‌ വലിയവരുടെ ചെരിപ്പിടാന്‍ കൌതുകമാണല്ലോ. വലിയ ചെരിപ്പുകള്‍ കൊടുത്താല്‍ അതിനനുസരിച്ച്‌ അവര്‍ വളരും എന്നറിഞ്ഞാവണം അദ്ദേഹം ഞങ്ങളെ വലിയ കാര്യങ്ങളും വലിയ പുസ്തകങ്ങളും പരിചയപ്പെടുത്തിയത്‌. വെറും പതിനഞ്ചുവയസ്സുകാരെ ഉള്ളൂരിണ്റ്റെ 'കേരളസാഹിത്യചരിത്രം' പോലുള്ള ഗ്രന്ഥങ്ങള്‍ വായിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞല്ലോ. കോളേജിലേക്കു കയറുംമുന്‍പേ ലോകവിവരം നല്‍കി വിശ്വപൌരന്‍മാരാക്കാന്‍ ശ്രമപ്പെട്ടല്ലോ.

പ്രസാദാത്മകവും പ്രതീക്ഷാത്മകവും പ്രചോദനാത്മകവുമാണ്‌ മാസ്റ്ററുടെ പ്രപഞ്ചം. സന്തോഷിക്കുമ്പോഴും സന്തപിക്കുമ്പോഴും ആ കണ്ണില്‍ ഒരു തിളക്കമുണ്ട്‌. വിദ്യാര്‍ഥികളെ വിശ്വമാനവികതയിലേക്കു നയിക്കുന്ന വെള്ളിവെളിച്ചം. അരവിന്ദാക്ഷന്‍ എന്ന പേരുതന്നെ ഒരു പ്രതീകം. മാസ്റ്ററുടെ ചുറ്റും എപ്പോഴും 'പദാ'രവിന്ദം വിരിയുന്നു. സാത്വികയുടെ സഹസ്രദളങ്ങള്‍.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...