Tuesday 17 November 2009

കവികൾക്കൊപ്പം ഒരു നിമിഷം.

ഗദ്യം പദ്യമായി പരിണമിക്കുമ്പോൾ പരിണയിക്കുന്നതാണ്‌ കവിത എന്നാണ്‌ എന്റെ ബോധ്യം. സാമ്പ്രദായികരുടെ നിർവ്വചനങ്ങൾ എനിക്കത്ര പിടിയില്ല. പുത്തൻകൂറ്റുകാരുടെ വരിമുറിച്ച ഗദ്യം അല്ലെങ്കിൽ വരിയുടച്ച പദ്യം അത്ര പഥ്യവുമല്ല. ഗദ്യമല്ല കവിത. പദ്യവുമല്ല കവിത. ചെടിയല്ലല്ലോ പൂവ്‌. പൂവല്ലല്ലോ സുഗന്ധം.

പദ്യം ഛായാഗ്രഹണമാണെങ്കിൽ കവിത ചിത്രരചനയാണ്‌. പൂവിനു സൗന്ദര്യമാണ്‌; സുഗന്ധമാണ്‌.

കവിത എഴുതുന്നവർക്കും ചിത്രം വരയ്ക്കുന്നവർക്കും വാചകമടി കുറവായി കണ്ടിട്ടുണ്ട്‌. 'മിതം ച സാരം'. മറിച്ചാണെങ്കിൽ കവിതയില്ല. ചിത്രം വിചിത്രവുമാവില്ല. അതുകൊണ്ടായിരിക്കും.

അതിനാൽത്തന്നെയാവണം രാഷ്ട്രീയക്കാരും മാനേജ്മെന്റുകാരും കച്ചവടക്കാരും, കവിതയിലും ലളിതകലകളിലും അങ്ങനെയങ്ങു പയറ്റിക്കാണാത്തത്‌!

**********

ഗദ്യമെഴുതാനുള്ള മടിയും പദ്യമെഴുതാനുള്ള പ്രയാസവും, പറയാനെന്തോ ഒന്നും അതുപറയാനൊരു തിടുക്കവും ഉണ്ടായിരുന്ന കാലത്താണ്‌ ഞാൻ ഒന്നുരണ്ടു സാധനങ്ങൾ പടച്ചുവിട്ടത്‌. ആദ്യത്തേത്‌ (അന്നു പത്തുപന്ത്രണ്ടു വയസ്സുകാണും) ഒരു നക്കാപ്പിച്ച അനുകരണമായിരുന്നു, 'പൊളിഞ്ഞ ഫൗണ്ടൻ പേന'. 'പൊളിഞ്ഞ കാളവണ്ടി' എന്നോ മറ്റോ പേരിൽ പഠിക്കാനുണ്ടായിരുന്ന ഒരു പദ്യത്തിന്റെ. അന്ന് ദുർലഭമായിരുന്ന, അന്നത്തെ എന്റെ ദൗർബല്യമായിരുന്ന ഫൗണ്ടൻപേനയുടെ മൂടി പൊട്ടിയതിലുള്ള 'അസ്തിത്വദു:ഖ'മായിരുന്നു സംഗതി. നാണംകൊണ്ട്‌ ആരെയും കാണിച്ചില്ല. കാണിക്കാൻ കൊള്ളാവുന്നതുമായിരുന്നില്ല. തലക്കെട്ടുമാത്രമേ ഇന്നോർമയിലുള്ളൂ.

രണ്ടുമൂന്നുവർഷംകഴിഞ്ഞാണ്‌ അടുത്ത സൃഷ്ടി. അതിന്റെ തലക്കെട്ടോർമയില്ല. ആദ്യ വരി ഇതായിരുന്നു:

'ക്ഷോണിയാകുന്നൊരു പെൺകൊടിയാളുടെ
വേണിയിൽചാർത്തിയ ചെംപുഷ്പം പോലവെ.....'

എന്നമട്ടിൽ അസ്സലൊരു രായസം.

ശുഷ്കകൗമാരം പിന്നെ കാര്യമായ ക്ഷുദ്രജീവികളെയൊന്നും സൃഷ്ടിച്ചില്ല. ക്ഷുഭിതയൗവനമായപ്പോഴാണ്‌ അവൻ (അവൾ) വീണ്ടും വരുന്നത്‌. ഇക്കുറി കാണാനും കേൾക്കാനും ആളെക്കിട്ടി.

കവിതയുടെ പേര്‌ 'ലയനം'. ബിരുദത്തിനും ബിരുദാനന്തരത്തിനുമിടയിലെ അലസവേളയിൽ, 'കേരള സാഹിത്യ സമിതി'യുടെ കോഴിക്കോട്ടെ സമ്മേളനത്തിന്റെ (1971 മെയ്‌ മാസം) കവിയരങ്ങിലേക്ക്‌ ഒരെണ്ണം വച്ചങ്ങുകാച്ചി. വന്നൂ ഒരു കത്തും കൂടെ വണ്ടിക്കൂലിക്കു കാശും. ആദ്യമായാണ്‌ തനിയെ കൊച്ചിയിൽനിന്നു കോഴിക്കോട്ടേക്കു യാത്ര. 'ഇംപീരിയ'ലിൽ എത്തിച്ചേരാനായിരുന്നു നിർദ്ദേശം. ഉച്ചതിരിഞ്ഞിട്ടുണ്ടാവും. എത്തിയപാടെ ആരോ ഒരു മുറിക്കകത്തിരുത്തി. ഒരുപാടാളുകൾ. നടുക്ക്‌ ചായക്കോപ്പയുമുയർത്തി ഒരു മുത്തച്ഛൻ. "ഇതാണു ജീവൻ. ഇതിലെല്ലാമുണ്ട്‌. ഊർജ്ജം. സൗന്ദര്യം. ജീവിതം". അത്‌ സാക്ഷാൽ പി. കുഞ്ഞിരാമൻനായർ!

ബീച്ചിനടുത്തൊരു പഴയ ബംഗ്ലാവിൽ, ഞങ്ങൾ കുറെ 'യുവകവി'കൾക്ക്‌ കുറച്ചുകൂടി കാശുംതന്ന് താമസിക്കാൻ സ്ഥലവുമൊരുക്കി സമിതിവളണ്ടിയർ വിട പറഞ്ഞു. കൂടെത്താമസിച്ചവരിൽ രണ്ടുപേരുകൾമാത്രം മനസ്സിലുണ്ട്‌, 'അക്വ' മണ്ണൂശ്ശേരി, സി. ആർ. പരമേശ്വരൻ. രാത്രി ഞങ്ങൾ കടപ്പുറത്തുപോയിരുന്നു വർത്തമാനം പറഞ്ഞു.

പിറ്റേന്നാണ്‌ ടൗൺഹാളിൽ പരിപാടി. പെട്ടെന്നൊരു ബഹളം. എൻ. എൻ. പിള്ളയുടെ വരവായിരുന്നു. ക്യാമറക്കാരെല്ലാം ചുറ്റുംകൂടി. ഷർട്ടുപൊക്കി മുഖം തുടച്ച്‌ എൻ. എൻ. പിള്ള നാടകീയമായിത്തന്നെ പോസുചെയ്തുകൊടുത്തു.

ഞാൻ സ്റ്റേജിൽകേറുമ്പോൾ മുൻവരിയിൽ എ. പി. പി. നമ്പൂതിരി, കുഞ്ഞുണ്ണിമാഷ്‌, എൻ. പി. മുഹമ്മദ്‌, എന്നീ കുറച്ചുപേരെമാത്രമേ മുഖപരിചയമായുണ്ടായിരുന്നുള്ളൂ. എം. ടി. യും ഉണ്ടായിരുന്നോ എന്ന് ചെറിയൊരു സംശയം.

ഞാനങ്ങോട്ടു തുടങ്ങി:

"മധുരം കിനിയും
മലരുകൾ വിരിയും;
മലരിൻ മാദക
പരിമളമുതിരും.
വെൺതിങ്കൾക്കൊടി-
യണയുമ്പോഴും
മൽസഖി, നീയെ-
ന്നരികത്താവും....."

അന്നും ഇല്ല ഇന്നും ഇല്ല എനിക്കു പാടാൻ കഴിവ്‌. ഒരു അവതാളത്തിൽ ഏകതാനത്തിൽ ഞാനവസാനിപ്പിച്ചു:

".....എൻപ്രിയ തീർത്ത
മഴക്കാറിൽ പുതു
മഴവില്ലിനിയും
വിടരുകയാവാം;
പഴകിയ വീണ-
ക്കമ്പികളിൽ നവ-
രാഗവിശേഷം
വിരിയുകയാവാം."

ആളുകൾ കയ്യടിച്ചെന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

ആദ്യമായാണ്‌ ഒരു കവിയരങ്ങു കാണുന്നത്‌. കുറച്ചേറെപ്പേരുടെ കവിതകളും പ്രസംഗങ്ങളും വിശേഷാനുഭവങ്ങളായി. അതിലൊന്നായിരുന്നു വൈലോപ്പിള്ളിയുടേത്‌; തെളിനീരുപോലൊരു തൂവൽസ്പർശം. അച്ചിൽനിരത്തിയ കവിതകളേക്കാൾ മാസ്മരികത വാമൊഴിക്കവിതകൾക്കാണെന്ന് അന്നു തിരിച്ചറിഞ്ഞു.

ഇടവേളയിൽ എൻ. എൻ. കക്കാടിന്റെ മുമ്പിൽപെട്ടു. "താളമറിഞ്ഞവനേ താളം തെറ്റിക്കാനാവൂ", കക്കാട്‌ ഉപദേശിച്ചു. "ഇതുപോലെ ഇനിയുംകുറെ എഴുതിയിട്ടുമതി, മറുകണ്ടം ചാടൽ."

കക്കാട്‌ എനിക്കെന്നും പ്രിയപ്പെട്ട കവിയാവുകയായിരുന്നു.

കുട്ടികളുടെയും മുതിർന്നവരുടെയും തിരക്കിൽ കുഞ്ഞുണ്ണി കാണാമറയത്ത്‌.

നാട്ടിലെ ബദ്ധപ്പാടുകാരണം കോഴിക്കോട്ട്‌ അധികം നിൽക്കാതെ ഉടൻ മടങ്ങേണ്ടി വന്നു. പോരാൻനേരം, 'വാലത്ത്‌' ആണൊ 'കോറാത്ത്‌' ആണോ 'നാറാത്ത്‌' ആണോ എന്നു നിശ്ചയമില്ല, വിലാസം എഴുതിത്തന്നു പറഞ്ഞു ബന്ധപ്പെടണമെന്ന്. എന്തുകൊണ്ടോ അതുണ്ടായില്ല.

അതിനുശേഷം ഒരു പത്തുവർഷം കവിത തലയ്ക്കുപിടിച്ചുനിന്നു.

അക്കാലത്തെഴുതിയ ഒരു കവിതയാണ്‌ ('സംഗമം') ഇന്നും എനിക്കിഷ്ടം:

"മാദകത്തുടുപ്പാർന്ന ദിങ്മുഖം നുകർന്നപ്പോൾ
മോഹാന്ധൻ സൂര്യൻ രാവിൻ കാളിമയോർത്തേയില്ല
...........................................................................................................................
...........................................................................................................................
ആട്ടവും പാട്ടും, പിന്നെ തേങ്ങലും കരച്ചിലും;
ആഴികൾതാണ്ടാൻ വീണ്ടും നീന്തലും പറക്കലും."

**********

കണ്ടാൽ കവിയെന്നോ ഭിഷഗ്വരനെന്നോ തോന്നാത്ത ഡോ. ഭികാജി ഘാണേകർ ഗോവയിൽവച്ച്‌ തന്റെ കുറെ കൊങ്കണിക്കവിതകൾ എനിക്കു പറഞ്ഞുതന്നു. അവയിൽ ആറെണ്ണം, എറണാകുളത്ത്‌ ജോൺ പോൾ നോക്കിനടത്തിവന്നിരുന്ന 'ഫോക്കസ്‌' മാസികയിൽ (1975) 'കൊങ്ങിണിപ്പൂക്കൾ' എന്ന പേരിൽ ഞാൻ പ്രസിദ്ധപ്പെടുത്തി. അതായിരിക്കുമോ കൊങ്കണിസാഹിത്യത്തിന്റെ മലയാളത്തിലെ ആദ്യത്തെ പരിഭാഷ?

തൃപ്പൂണിത്തുറ സംസ്കൃതകോളേജിനടുത്തുവച്ചാണ്‌ വിഷ്ണുനാരായണൻ നമ്പൂതിരിയെ കാണുന്നത്‌. അന്നദ്ദേഹം അവിടെ അധ്യാപകനായിരുന്നു. വെള്ളിമേഘംപോലെ, വെള്ളിക്കോൽപോലെ, വെള്ളിൽപക്ഷിയെപ്പോലെ ഒരു ശാന്തസ്വരൂപം. വജ്രായുധം വാക്കിലും വരിയിലും മാത്രം. വിഷ്ണുനാരായണൻ നമ്പൂതിരി ജടായുവിന്റെ കഥ ഗ്രീക്ക്സാഹിത്യത്തിൽനിന്നുപകർന്നാടിയത്‌ ഇന്നും നിറഞ്ഞുനിൽക്കുന്നു മനസ്സിൽ.

എന്റെ പിന്നൊരു ഇരുപതുവർഷം തികഞ്ഞ മരവിപ്പിൽ. 'റൈറ്റേഴ്സ്‌-ബ്ലോക്ക്‌' ഒന്നുമല്ല; ജീവിതം വഴിമാറി ഒഴുകുകയായിരുന്നു.

**********

വളരെ മുതിർന്നതിനുശേഷമാണ്‌ സച്ചിദാനന്ദനെ കാണുന്നത്‌, അദ്ദേഹം കവിതയിലും ഞാൻ വയസ്സിലും. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പ്രവർത്തനങ്ങൾക്കായി പലതവണ ഗോവയിലെത്തുമായിരുന്നു സച്ചിദാനന്ദൻ. അദ്ദേഹത്തിന്റെ ഇരിഞ്ഞാലക്കുടയിലെ ചില ശിഷ്യന്മാരുടെയുംകൂടെ ഒരു ചായസമയമേ ചിലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അവർ അദ്ദേഹത്തിലെ അധ്യാപകനെ ആദരിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കവിത്വത്തെ ആസ്വദിച്ചു. വിവർത്തനത്തിൽ ചോരുന്നതെന്തോ അതിന്റെ ഓട്ട അടയ്ക്കൂന്നതിനെക്കുറിച്ചു തുടങ്ങിവച്ച ചർച്ച പക്ഷെ അവസാനിച്ചില്ല. ശക്തമായ വടക്കനന്തരീക്ഷത്തിലും മലയാളത്തിൽ കവിതചൊല്ലി അദ്ദേഹം സദസ്സിനെ കോരിത്തരിപ്പിച്ചു; ഇംഗ്ലീഷിലും അത്‌ ശക്തമായിത്തന്നെ അവതരിപ്പിച്ച്‌ ആത്മാവിലേക്കാഴ്‌ന്നിറങ്ങി.

ആ സമാഗമം കവിതയുടെ കുരുന്നിലകൾ വീണ്ടും പൊടിപ്പിച്ചു എന്നിൽ.

കുഞ്ഞുണ്ണിമാഷാണ്‌ പഴമയിലും പുതുമനിർത്തി, പുതുമയിലും പഴമനിർത്തി തലമുറക്കവികളുടെ തല മുറിച്ചത്‌. കഥാസാഹിത്യത്തിൽ വി.കെ.എൻ. എന്നപോലെ.

കുഞ്ഞുണ്ണി മരിച്ചപ്പോൾ ഒരു കുറുംകവിത ഞാനുമെഴുതിപ്പോയി:

"ഉള്ളതുരുപ്പടിയാക്കണം
എണ്ണംകൊണ്ടെന്തു വണ്ണം?
വണ്ണത്തിനല്ലേ ദണ്ണം?"
(കുഞ്ഞുണ്ണിയപ്പം / കുഴിയെണ്ണാത്ത കുഞ്ഞുണ്ണിക്ക്‌. 'ഗൾഫ്മലയാളം', മാർച്ച്‌ 2007).

**********

ഗദ്യമായാലും പദ്യമായാലും,

'ഒരുമിച്ചുപാടുവാൻ കഴിയാത്തൊരീണത്തിൽ
പതിവായി ഞാനെന്തോ പറഞ്ഞുവച്ചു.
പറയാതെ പറയുന്ന പരിഭവമോ, മുഖം
മറയ്ക്കാനൊരിത്തിരി മറുപടിയോ?'

എന്ന ചിന്തയിൽ അന്തിക്കു കുന്തിച്ചിരിക്കുന്നു ഞാനിന്ന്, അര നൂറ്റാണ്ടിനിപ്പുറം 2009-ൽ!


[Published in the fortnightly Web Magazine nattupacha.com, 1 Nov 2009]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...